ഞങ്ങളുടെ വീടായിരുന്നു
എത്ര ചെറിയൊരു വാക്ക് തർക്കത്തിൽ
അതയാളുടെ മാത്രം വീടായി?
ഞങ്ങളുടെ മക്കളായിരുന്നു
കൊച്ചു കുരുത്തക്കേടുകളിൽ
എത്രപെട്ടെന്നാണ്
അവരെന്റെ മാത്രം മക്കളായത്?
ഞങ്ങളുടെ ബന്ധുക്കളായിരുന്നു
പലതിന്റെയും കണക്കെടുപ്പിൽ
അത് “എല്ലാം തികഞ്ഞ എന്റെ കുടുംബവും
“ഒന്നുമല്ലാത്ത നിന്റെ കുടുംബവുമായി മാറിയത്
എത്ര വേഗമാണ്…
കുറ്റപ്പെടുത്തലുകളിലും പഴിചാരലുകളിലും
ചേർത്തെഴുതാൻ ആവാത്ത വിധം
ഞങ്ങൾ നിരന്തരം പിരിച്ചെഴുതപ്പെട്ടുകൊണ്ടേയിരുന്നു…