ചിറകുകൾ ഉണ്ടായിരുന്നെങ്കിലും പറക്കാൻ മറന്നു
മറ്റുള്ളവരുടെ സ്വപ്നങ്ങളൊക്കെ
അടയിരുന്നു വിരിയിക്കാനും അവരൊക്കെ
ഉയരേ പറക്കുന്നതും ആകാശം കീഴടക്കുന്നതും
എന്റെ വിജയമായി കണ്ട് ആഘോഷിക്കാനും
സന്തോഷിക്കാനും
ഞാൻ മുൻപിലായിരുന്നു
എന്റെ ചിറകുകൾ അവരെയൊക്കെ പൊതിഞ്ഞു പിടിക്കുവാനും
സംരക്ഷിക്കുവാനും മാത്രം ഉള്ളതാണെന്ന് ഞാൻ സ്വയമേവ കരുതിപോന്നു.
കാലം പോകെ ചിറകടിച്ചു പറന്നവരൊക്കെ എന്റെ നേർക്ക് പല്ലിളിച്ചു.
കഴിവില്ലാത്തവൾ എന്ന
ഒരൊറ്റ പേരിലേക്ക് ഞാൻ ചുരുങ്ങി
ഉപയോഗിക്കാതെ ഒതുക്കി വെച്ച ചിറകുകൾ വിടർത്താൻ ശ്രമിച്ചെങ്കിലും
ഞാൻ നിലം പതിച്ചു
പറക്കാൻ ഒരു
ആകാശത്തുണ്ടുപോലും
എനിക്കായി ആരും ഒരുക്കിയില്ല
കാലിൽ ഞാൻ സ്വയമിട്ട
കുരുക്കൊന്ന് അഴിച്ച
നിമിഷം മുതൽ
എന്റെ ആകാശം ഞാൻ സ്വയം തീർത്തു
ആദ്യം തത്തി തടഞ്ഞെങ്കിലും ഞാനിപ്പോൾ ഉയരെയാണ്
എന്റെ സ്വപ്നങ്ങളുടെ നെറുകയിൽ…