ക്ലാസ്സ് ടീച്ചർ രാവിലെ കലങ്ങിയ കണ്ണുകളോടെ വരുന്നത് കണ്ട് കുട്ടികൾ മൊത്തത്തിൽ അന്ധാളിച്ചു. ഒന്നും മിണ്ടാതെ കസേരയിൽ കൈ കൊടുത്ത് ഇരുന്ന ടീച്ചറിനെ കുട്ടികൾ എന്ത് പറ്റി മിസ്സ് എന്ന് ചോദിച്ച് പൊതിഞ്ഞു.
ക്ലാസിലെ എല്ലാവർക്കും ഇഷ്ടമുള്ള, ടീച്ചർമാരും കുട്ടികളും സ്നേഹത്തോടെ കണ്ടിരുന്ന അവരുടെ കൂട്ടുകാരിക്ക് സംഭവിച്ച അപകടത്തെ പറ്റി ടീച്ചർ പറഞ്ഞു…അവളുടെ അമ്മയും അച്ഛനും കൊല്ലപ്പെട്ടു, അവൾ ശരീരമാസകലം മുറിവേറ്റ് ബോധം നഷ്ടപ്പെട്ട് ക്രിട്ടിക്കൽ കെയറിൽ കിടക്കുന്നു. കൂട്ട നിലവിളിയും പ്രാർത്ഥനയും ഉയർന്നു. കരഞ്ഞ് തളർന്ന ചിലർ അവളെ പോയി കാണാൻ തുനിഞ്ഞു.
ടീച്ചർ സംയമനം പാലിച്ച് എല്ലാ കുട്ടികളെയും ചേർത്ത് കൊണ്ട് പറഞ്ഞു. ഇനി അവൾക്ക് ആരുമില്ല. പക്ഷേ ഇന്ന് മുതൽ നമ്മൾ ഓരോരുത്തരും അവളോടൊപ്പം ഉണ്ടാകും. അവളുടെ അമ്മയും സഹോദരങ്ങളും ഇനി നമ്മളാണ്. അവളെ ജീവിതത്തിൽ ഒറ്റപ്പെടാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
അടുത്ത ദിവസം കുട്ടികൾ ഓരോരുത്തരായി അവൾക്ക് വേണ്ടി വീടുകളിൽ നിന്നും ഓരോ സാധനങ്ങൾ കരുതിയിരുന്നു. സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനങ്ങൾ കൊടുത്ത കുഞ്ഞ് മനസ്സുകളുടെ നന്മ കണ്ട് ടീച്ചർക്ക് കണ്ണീടക്കാനായില്ല..
“മിസ്സ് വിഷമിക്കണ്ട, മിസ്സിൻ്റെ മനസ്സിൻ്റെ അത്രയൊന്നും വരില്ല ഞങ്ങളുടെ ഈ പൊതികളുടെ വില. നമ്മുടെ കൂട്ടുകാരിയെ നമ്മൾ മടക്കി കൊണ്ട് വന്നിരിക്കും”
കൂട്ടായ്മയുടെ കരുത്തിൽ ജീവിതം തിരിച്ച് പിടിക്കാൻ നിയോഗിക്കപ്പെട്ട ആ കുട്ടിക്ക് വയനാട് എന്നല്ലാതെ എന്ത് പേരിടാൻ പറ്റും
1 Comment
👍🏻👍🏻