ഭാര്യവീടെന്ന് കേൾക്കുമ്പോൾ തന്നെ ശിവേട്ടന് ദേഷ്യം വരും. എനിക്കൊപ്പം ഒരു രാത്രി അവിടെ താമസിക്കാമെന്ന് പറഞ്ഞാൽ ദേഷ്യം കൊണ്ട് മുഖം ചുമക്കും.” നിൻ്റെയൊരു വീടും വീട്ടുകാരും, “ഥൂ… ” കാർക്കിച്ചു തുപ്പൽ അകമ്പടി സേവിക്കും.
ശിവേട്ടൻ്റെ ചീത്ത കൂട്ടുകെട്ടും കള്ളുകുടീം വേണ്ടെന്നു വയ്ക്കാൻ അച്ഛൻ ഉപദേശിച്ചപ്പൊഴാണ് പിണക്കം തുടങ്ങിയത്. എൻ്റെ ആഭരണങ്ങളൊക്കെ വിറ്റുതുലയ്ക്കാൻ തുടങ്ങിയപ്പോൾ അമ്മ സ്നേഹസ്വരത്തിൽ വിലക്കിയതും ഇഷ്ടപ്പെട്ടില്ല. ജോലി ദിവസത്തേക്കാൾ കൂടുതൽ അവധിയെടുത്തപ്പോൾ ഉള്ള ജോലിയും പോയിക്കിട്ടി. വാടക കൊടുക്കേണ്ടല്ലോ, വീട്ടിൽ വന്ന് താമസിക്കൂന്ന് അച്ഛൻ പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും ഇപ്പോൾ ഭാര്യവീട് പിടിച്ചൂന്ന് തോന്നണ് ണ്ട്. ചീത്ത കൂട്ടുകെട്ടൊക്കെ മാറി, നല്ല കുട്ടിയായിട്ടുണ്ട്. പുതിയ ജോലീം, ശമ്പളോം. സമാധാനം തിരിച്ചു കിട്ടിയതുകൊണ്ടാകാം, എന്നോട് സ്നേഹേം കൂടിയത്.
ഒരു രഹസ്യം പറയാം. ആരോടും പറയേണ്ടട്ടോ, ഇപ്പോഴ് ഞങ്ങടെ ഹണീ മൂണാണ്. രണ്ടാമത്തേത്. അതും ഭാര്യവീട്ടില്‍ വച്ച്.
ഡോക്ടർ വീനസ്