യാത്രകൾ എന്നുമൊരുഹരമാണ്. പുതിയ പുതിയ സ്ഥലങ്ങൾ കണ്ട് പുതുമയുള്ള കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ ആരാണിഷ്ടപ്പെടാത്തത്? വിരസമായ ജീവിതത്തിൽ ഉന്മേഷം നിറയ്ക്കുന്ന ഇത്തരം യാത്രകളാണ് ഏറ്റവും വലിയ സന്തോഷം. പുതുമകൾ തേടിയുള്ള സഞ്ചാരമാണ് ഓരോ യാത്രയും. ആ യാത്രകളെ മനോഹരമാക്കുന്നത് നമ്മുടെ മനസ്സും ചിന്തകളും സാഹചര്യങ്ങളുമാണ്.
സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോയ എസ്കർഷൻകളാണ് ആദ്യം യാത്രകളോടടുപ്പിച്ചത് പല ചട്ടക്കൂടുകൾക്കുള്ളിലായിരുന്നെങ്കിലും അന്നത്തെ മധുരിക്കുന്ന ഓർമ്മകൾ എന്നും പ്രചോദനമായിരുന്നു.
പിന്നീട് ഒരു സൗഹൃദക്കൂട്ടായ്മയിലെത്തിയപ്പോൾ യാത്രയെ പ്രണയിക്കുന്ന ഒരു കൂട്ടം ആളുകളുടെയിടയിലായി. എല്ലാ വർഷവും പൂജാവധിക്കാലത്ത് രണ്ടോമൂന്നോ ദിവസത്തെ ഒത്തൊരുമിച്ചുള്ളയാത്രകൾ നൽകുന്ന ആനന്ദം അനുഭവിച്ചു തന്നെയറിയണം. കേരളത്തിനകത്തും പുറത്തുമുള്ള പ്രകൃതി രമണീയമായ എത്രയെത്ര സ്ഥലങ്ങളാണ് സന്ദർശിക്കാൻ കഴിഞ്ഞത്. ഒരു വർഷത്തെ വിരസത പാടേ കഴുകിക്കളഞ്ഞ് മനസ്സും ശരീരവും ഊർജസ്വലമാക്കുന്ന ചാർജറുകളാണ് ഈ യാത്രകൾ.
വിദേശത്തേക്കൊന്നു യാത്ര പോയാലോ എന്നു ചിന്തിച്ചു തുടങ്ങിട്ട് അധികകാലമായില്ല. അങ്ങനെ ഒരു ടൂർ ഗ്രൂപ്പുമായി ചേർന്നു നടത്തിയ സിംഗപ്പൂർ – മലേഷ്യ, ബാലി ട്രിപ്പുകൾ മനം നിറയ്ക്കുന്നവ തന്നെയായിരുന്നു. ഒരുപാട്നല്ലസുഹൃത്തുക്കളേയുംകിട്ടി.
എന്നാൽ ഈ യാത്രകളൊന്നുമല്ല എന്നെ ആനന്ദസാഗരത്തിലാറാടിച്ചതെന്ന് പറയാതെ വയ്യ.ഭൂമിയിലെ സ്വർഗ്ഗമെന്നറിയപ്പെടുന്ന കാഷ്മീരിലേക്കൊരു യാത്ര എന്നുമൊരു സ്വപ്നമായിരുന്നു. ഇൻ്റർനെറ്റില്ലാതെ, പത്രമാധ്യമങ്ങളില്ലാതെ ,ലോകത്തു നടക്കുന്നതൊന്നുമറിയാതെ, കണ്ണും മനവും കുളിർപ്പിക്കുന്ന കാഴ്ചകളിലൂടെ ഒരു സഞ്ചാരം.
അങ്ങനെ 2023 മാർച്ച് ആദ്യം ഒരു ടൂർ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോൾ മാർച്ച് 31 നു പുറപ്പെടുന്ന കാഷ്മീർ ട്രിപ്പിനു കുറച്ചു സീറ്റുകൾ ഒഴിവുണ്ടെന്നറിഞ്ഞു. അപ്പോൾത്തന്നെ ബുക്കു ചെയ്തു. പിന്നീടുള്ള ദിവസങ്ങൾ യാത്രയുടെ ഒരുക്കങ്ങളുടെ ഉത്സാഹത്തിലായിരുന്നു. തണുപ്പിൽ അവശ്യം വേണ്ട ജായ്ക്കറ്റുകളൊക്കെ വാങ്ങി.
മാർച്ച് 31 നു രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നു ഡൽഹിയിലേക്ക്, അവിടെ നിന്ന് ശ്രീനഗറിലേക്ക്. വൈകുന്നേരമായപ്പോൾ ഞങ്ങൾ സ്വപ്നഭൂമിയിലെത്തി.
പിന്നീടുള്ള യാത്രകൾക്കായി ബസ് ഏർപ്പെടുത്തിയിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ Meadow of flowers (പൂക്കളുടെ താഴ്‌വര)എന്നറിയപ്പെടുന്നഗുൽമാർഗിലേക്കു പുറപ്പെട്ടു. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീർ 21 വ്യത്യസ്ത തരം പൂച്ചെടികൾ ഇവിടെ നിന്നു കണ്ടെത്തി തൻ്റെ പൂന്തോട്ടത്തിലെത്തിച്ചു എന്നാണ് പറയപ്പെടുന്നത്. വെള്ളപ്പൂക്കൾ നിറഞ്ഞ ആപ്പിൾ തോട്ടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ഏറ്റവും ആസ്വാദ്യകരമായിരുന്നു. ഈ തോട്ടങ്ങളെല്ലാം ചുവന്നുതുടുത്ത ആപ്പിളുകൾ കൊണ്ടു നിറയണമെങ്കിൽ മാസങ്ങൾ കഴിയണം. വഴിയിൽ ഒരാപ്പിൾ തോട്ടത്തിലിറങ്ങി ഞങ്ങൾ ഫോട്ടോകളെടുത്തു. ആപ്പിൾ ജ്യൂസു കുടിച്ചു. ആപ്പിൾ കൊണ്ടുള്ള പലതരം വിഭവങ്ങൾ വില്പനയ്ക്കുണ്ട്. ആപ്പിൾജാമും അച്ചാറും വാങ്ങി യാത്ര തുടർന്നു.
വലിയ ബൂട്ടുകളും ജായ്ക്കറ്റുകളും വാടകയ്ക്കു നൽകുന്ന ചെറിയ കടകളാണ് വഴിയിലെങ്ങും. കൈവശമുള്ള ജായ്ക്കറ്റുകളും സോക്സുമൊന്നും തണുപ്പിൽ നിന്നു രക്ഷിയ്ക്കില്ലെന്നറിഞ്ഞതോടെ ഞങ്ങളും അവയെല്ലാം വാടകയ്ക്കു വാങ്ങി.
വർഷത്തിൽ 12 മാസവും മഞ്ഞുള്ള സ്ഥലമാണ് ഗുൽമാർഗ് . ഉത്തരേന്ത്യയിലെ കൊടുംചൂടിൽനിന്നു രക്ഷനേടാൻ ബ്രിട്ടീഷുകാർ ഇവിടമാണ് തെരഞ്ഞെടുത്തിരുന്നത്. ഗൊണ്ടോള കേബിൾകാറാണ് ഇവിടത്തെ പ്രധാന ആകർഷണം. ഗൊണ്ടോള റൈഡിനുള്ള ക്യൂവിൽ മണിക്കൂറുകളോളം നിന്നെങ്കിലും, ഏഷ്യയിലെ ഏറ്റവും വലിയ കേബിൾ കാർ യാത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു. മഞ്ഞു മഴയിലൂടെ ഞങ്ങൾ മഞ്ഞിലേക്കിറങ്ങി. എവിടെ നോക്കിയാലും തൂമഞ്ഞുപാളികളും ഇല കൊഴിഞ്ഞ മരങ്ങളും മാത്രം. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങിയ മഞ്ഞുമലകൾക്കിടയിൽ നിന്നപ്പോൾ സ്വർഗ്ഗത്തിലെത്തിയ അനുഭൂതിയാണുണ്ടായത്. പല തവണ മഞ്ഞിൽ തെന്നിവീണെങ്കിലും ആരും അതൊന്നും വകവെച്ചതേയില്ല. ചെറുപ്പക്കാരും കുട്ടികളും മഞ്ഞിലെ സ്ക്കേറ്റിംഗിനും സ്ലെഡ്ജിംഗിനും പോയപ്പോൾ ഞങ്ങൾ മഞ്ഞു വാരിക്കളിച്ചുംഫോട്ടോകളെടുത്തും ഓരോ നിമിഷവും ആവോളം ആസ്വദിച്ചു.
ആട്ടിടയന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പെഹൽഗാമിലേക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. ആട്ടിൻപറ്റങ്ങൾ വരിവരിയായി നടന്നുനീങ്ങുന്നത് മനോഹരമായ കാഴ്ചയായിരുന്നു. കുങ്കുമപ്പാടങ്ങളുടേയും മഞ്ഞപ്പൂക്കൾ നിറഞ്ഞ കടുകു പാടങ്ങളുടേയും വില്ലോ മരങ്ങളുടേയും(ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്നത് ഈ മരത്തിൻ്റെ തടി കൊണ്ടാണ്)നടുവിലൂടെയുള്ള യാത്ര ആസ്വാദ്യകരമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ.
വഴിയിൽ അമർനാഥ് യാത്രയുടെ ബേസിക് ക്യാമ്പ് കണ്ടു. അവിടെ നിന്നാണത്രേ അമർനാഥിലേക്കുള്ള കാൽനട യാത്ര ആരംഭിക്കുന്നത്. പോണി റൈഡ് എന്ന കുതിര സവാരിയ്ക്കായി കുതിരകളെ പലയിടത്തും നിർത്തിയിരുന്നു. ഞങ്ങളാരും അതിനൊരുമ്പെട്ടില്ല. ഒരു പോയിൻ്റിലെത്തിയപ്പോൾ കാറുകളിലായി യാത്ര. ഹിമാലയൻ മലനിരകളിൽ പറ്റിപ്പിടിച്ചിരിക്കുന്നൊരു നാട പോലെ വീതി കുറഞ്ഞ റോഡ് .ഒരു വശത്ത് ഉയർന്ന മലനിരകൾ,മറുവശത്ത് ആഴമേറിയ കൊക്കകൾ. ജീവൻ കൈയിലെടുത്തു വെച്ചു നടത്തിയ യാത്രയുടെ നടുക്കം, വശങ്ങളിലെ മനോഹര കാഴ്ചകളിൽ അലിഞ്ഞു പോയി.
<!–more–> ചന്ദൻ വാരിയിലെ മനം മയക്കുന്ന മഞ്ഞു മലകൾ വീണ്ടും ഞങ്ങളുടെ മനസ്സും ശരീരവുംകുളിർപ്പിച്ചു. ഞങ്ങൾക്കു വേണ്ടിയെന്ന പോലെ പെയ്ത മഞ്ഞുമഴയിൽ നനഞ്ഞ് അവിടമാകെ ചുറ്റിക്കറങ്ങിയ ശേഷം ബെത്താബ് വാലിയിലേക്കു യാത്ര തിരിച്ചു. പല ഹിന്ദി സിനിമകളുടെയും ഷൂട്ടിംഗ് നടന്ന ആ മനോഹര താഴ്‌വരയും ഞങ്ങളുടെ ഹൃദയം കവർന്നു.
കാഷ്മീർ സിറ്റി ടൂറായിരുന്നു മൂന്നാം ദിവസം. അതിരാവിലെ തന്നെ ദാൽ തടാകത്തിനരികിലുള്ള ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലേക്കാണു പോയത്. ഓട്ടോയിൽ ക്ഷേത്രത്തിലെ പടിക്കെട്ടുകൾക്കുതാഴെയെത്തി. മുന്നൂറിലധികം പടികൾ കയറി ക്ഷേത്രത്തിൻ്റെ നെറുകയിലെത്തി. മുട്ടുവേദനയും ക്ഷീണവുമൊന്നും ആരേയും അലട്ടിയതേയില്ല. മനസ്സിൽ ആഗ്രഹമുണ്ടെങ്കിൽ ഒന്നുംവിലങ്ങുതടിയാവില്ലല്ലോ.അങ്ങുതാഴെയുള്ളദാൽതടാകവുംചുറ്റുമുള്ള കാഴ്ചകളും നയന മനോഹരങ്ങളായിരുന്നെന്ന് പറയേണ്ട ആവശ്യമേയില്ല.
കാഷ്മീരിൻ്റെ കിരീടത്തിലെ തിളങ്ങുന്ന രത്നമെന്നറിയപ്പെടുന്ന ദാൽ തടാകക്കരയിലേക്കാണ് ഞങ്ങളെത്തിയത്. ഒരു പാട് സിനിമകൾക്കു ലൊക്കേഷനായിരുന്ന ദാൽ തടാകവും ശിക്കാരറൈഡും ഞങ്ങളെ മറ്റൊരു സ്വപ്നലോകത്തെത്തിച്ചു. ശ്രീ. എം.ടിയുടെ ‘മഞ്ഞ്’ ആദ്യമായി വായിച്ച കൗമാരക്കാരിയുടെ മനസ്സായിരുന്നു അപ്പോഴെനിക്ക്. കാത്തിരിപ്പിൻ്റെ തടവുകാരായിരുന്ന വിമലയും ബുദ്ദുവുമെല്ലാം ഒരു നിമിഷം മനസ്സിലൂടെ മിന്നിമറഞ്ഞു.
ഞങ്ങൾ തടാകത്തിലൂടെ നീങ്ങുമ്പോൾ മറ്റു വള്ളങ്ങളിൽ കുങ്കുമപ്പൂവ്, സുറുമ,ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ വിൽക്കാനായി പലരും ചുററും കൂടി. Floating market ആണ് അവരുടെ ജീവിത മാർഗം. വിലപേശി കുറച്ചു കുങ്കുമപ്പൂവ് വാങ്ങി. അപ്പോഴാണ് പരമ്പരാഗത കാഷ്മീരി വസ്ത്രങ്ങളും ആഭരണങ്ങളും ക്യാമറയുമായി ഒരു വള്ളക്കാരൻ വന്നത്. ഞങ്ങളെ അണിയിച്ചൊരുക്കി വള്ളത്തിൻ്റെ പടിയിലിരുത്തി ഫോട്ടോയെടുത്തു തന്നു.ഇതൊക്കെപിന്നീടാഗ്രഹിച്ചാൽസാധിക്കില്ലല്ലോ.വെള്ളത്തിനുമുകളിലുള്ള കടകൾക്കിടയിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങൾ കരയിലെത്തി.
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത വർണ്ണ പ്രപഞ്ചത്തിലേക്കായിരുന്നു പിന്നീടു പോയത്. സബർവാൻ മലനിരകളുടെ താഴെ ഏകദേശം 33 ഹെക്ടറിൽ പലവർണ്ണങ്ങളിലുള്ള ട്യൂലിപ് പൂക്കൾ കൊണ്ട് കണ്ണുകൾക്കു വിസ്മയം തീർക്കുന്ന ഇന്ദിരാ ഗാന്ധി ട്യൂലിപ് ഗാർഡൻ, കാഷ്മീരിൻ്റെ സ്വർഗീയ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഒരത്ഭുത ലോകമാണ്. ശരിക്കും ഒരു സ്വർഗലോകത്തേക്കു തന്നെയാണ് ഞങ്ങളെത്തിയത്. ഞങ്ങളെ സ്വീകരിക്കാനായി പലവർണത്തിലുള്ള പരവതാനി വിരിച്ച പോലെ, ചുവപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച്,വൈലറ്റ്, പിങ്ക് നിറങ്ങളിലുള്ള ട്യൂലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് എത്ര മനോഹരമായ കാഴ്ചയായിരുന്നെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.
മുഗൾഗാർഡനിലേക്കാണ് പിന്നീടെത്തിയത്. ഷാലിമാർ ഗാർഡൻ , നിഷാന്ത് ഗാർഡൻ എന്നീ ഉദ്യാനങ്ങൾ ചേർന്ന മനോഹരമായ ഈ പൂന്തോട്ടം നിർമ്മിച്ചത് മുഗൾ ഭരണകാലത്താണ്. പല തരത്തിലുള്ള ചെടികളും പൂക്കളും നിറഞ്ഞ ഈ ഉദ്യാനവും വളരെ ആസ്വദിച്ചു.
ചാറ്റൽ മഴ വക വെയ്ക്കാതെ ഞങ്ങൾ’ കാവ’കുടിക്കാൻ പോയി. ബദാമുംകുങ്കുമപ്പൂവുമൊക്കെച്ചേർന്ന ചൂടുകാവ ഞങ്ങളുടെ തണുപ്പും കുളിരുമെല്ലാം ആവിയാക്കി.
അവിടെ നിന്നും ഹസ്രത്ത് മാൽ പള്ളിയിലേക്കാണു പോയത്. പ്രവാചകൻ്റെ മുടി സൂക്ഷിച്ചിരിക്കുന്ന പള്ളിയാണത്. കാഴ്ചകൾ കണ്ട് ചുറ്റിക്കറങ്ങിയഞങ്ങൾക്ക് കണ്ണിനിമ്പമായി പ്രാവിൻ പറ്റങ്ങളുമെത്തി.
മൂന്നു ദിവസത്തെ നയനമനോഹരമായ കാഴ്ചകളും അനുഭവങ്ങളും മനസ്സിൽ സൂക്ഷിച്ചു കൊണ്ട് പിറ്റേന്നു രാവിലെ സ്വപ്നഭൂമിയിൽ നിന്നു തിരികെ യാത്ര തുടങ്ങി. കൊടും തണുപ്പിൽ പട്ടാളക്കാരുടെ വക ചെക്കിംഗ് കഴിഞ്ഞ് ശ്രീനഗർ Airport ലേക്ക്. തുടർന്ന് ഡൽഹിയിലെത്തി. വൈകുന്നേരം നാട്ടിൽ തിരിച്ചെത്തി.
എല്ലാ സഞ്ചാരികൾക്കും മനസ്സിൽ ഒരു പറുദീസയുണ്ടാവും. കൈയെത്തുംദൂരത്തെന്നപോലെ കൊതിപ്പിച്ച് മിന്നിമറയുന്ന ഒന്ന്. കാഷ്മീർ എനിക്കങ്ങനെയായിരുന്നു.
എല്ലാ സ്ഥലങ്ങളും കാണാൻ കഴിഞ്ഞിട്ടില്ല.കണ്ടവ മനോഹരമെങ്കിൽ കാണാത്തവ അതിമനോഹരങ്ങൾ തന്നെയാവും. ചിത്രങ്ങളും സിനിമകളും വർണ്ണനകളും ഒന്നിനും തികയില്ല കാഷ്മീരിൻ്റെ മാസ്മരിക സൗന്ദര്യം കാണണം…… അനുഭവിച്ചറിയണം.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


3 Comments
ആഹാ…. മനോഹരം ട്ടോ
സുമ ചേച്ചി സൂപ്പർ 👌👌
കശ്മീർ പോയി കണ്ട ഒരു ഫീൽ 👌🥰❤️..
പോകാൻ ബാക്കി വെച്ച സ്ഥലങ്ങളിൽ ഒന്ന് കശ്മീർ ആണ്..
കാശ്മീർ valley യുടെ സൗന്ദര്യം ഒപ്പിയെടുത്ത എഴുത്ത്..👏❤️