വിശാഖപട്ടണത്തെ കൈലാസഗിരി ഓർമ്മകൾ..
സ്വന്തം നാടായ കേരളത്തേ പോലെ തന്നെ ഏറ്റവും കൂടുതൽ സ്നഹിച്ചത് ആന്ധ്രയിലെ വിശാഖപട്ടണമായിരുന്നു.
ഏട്ടന്റെ ജോലി വിശാഖപട്ടണം hpcl ൽ ആയിരുന്നതിനാൽ വർഷങ്ങളോളം അവിടെ താമസിച്ചുള്ള ഓർമ്മകൾ..
ആന്ധ്രയിൽ വീണ്ടും ഒരു മഴക്കാലം ഇപ്പോൾ ചാറിത്തുടങ്ങുന്നു.
ഗംഗാവരം ബീച്ചും RK ബീച്ച് എന്നാ ഋഷികൊണ്ട ബീച്ചും അണ്ണാവുരം ടെമ്പിളും .ബോറോകേവെസ്സും.
സിംഹാചലം ടെമ്പിളും നൽകുന്ന ഓർമ്മകളെക്കാൾ
മഴ മനസില്‍ പെയ്യിക്കുന്നത് കൈലാസഗിരി…യാത്രയുടെ .
ഓർമ്മകളാണ്.
വിശാഖപട്ടണത്തേ കൈലാസഗിരിയിലേക്ക്
ആദ്യമായി പോയത് ഏട്ടന്റെ കൂടെ 2001ൽ മൂന്നു വയസുള്ള ചെറിയ മോനെയും കൂട്ടി ബൈക്കിലായിരുന്നു അന്ന് യാത്ര.
വളഞ്ഞു പുളഞ്ഞു പോകുന്ന
ഹെയർപിൻ വളവുകൾ അവസാനിക്കുന്നത് കുന്നിന്റെ മുകളിൽ ഉള്ള കൈലാസഗിരിയിലാണ്..
ഇതുപോലൊരു മഴ വെമ്പി നില്‍ക്കുന്ന ഒരു സായാഹ്നം ഇങ്ങനെ ഒരു മഴക്കാലത്ത് കൈലാസഗിരിയിലേക്കു പോയതോര്‍ക്കുന്നു.
കേറി ചെല്ലുമ്പോൾ ആദ്യം കാണുത് ശിവനെയും ഭൂതഗണങ്ങളെയും ചെമ്പിന്റ ശില്പത്തിൽ കൊത്തിയ കവാടമാണ്..
കേറിച്ചെല്ലും തോറും വിസ്മയം കൊള്ളുന്ന കാഴ്ചകൾ നിറങ്ങൾ പൂത്തു നിറഞ്ഞ പുല്ല് പാകിയ ഗാർഡൻ..
ആകാശത്തേക്കുയർന്നു വലിയ ഗോളം പോലെ ഡോപ്പളർ വെത്തർ റഡാർ സ്റ്റേഷൻ.
ശിവനും പാര്‍വതിയും ഒന്നിച്ചിരിക്കുന്ന ഭ്രമിപ്പിക്കുന്ന കൈലാസഗിരി.
ബംഗാള്‍ ഉള്‍ക്കടലില്‍ തിരയടിക്കുന്ന ശബ്ദം കേട്ട് കൈലാസഗിരിയുടെ മുകളിൽ നിന്ന് നോക്കിയാൽ അധികം ദൂരെയല്ലാതെ വിശാഖപട്ടണത്തിനു മുകളില്‍ മഴ പെയ്യുന്നത് കാണാം..
പരമശിവന്‍റെ പുത്രനായ വിശാഖന്‍റെ നഗരം….വിശാഖപട്ടണം.
കിഴക്കന്‍ തീരത്തിന്‍റെ രത്നം എന്നറിയപ്പെടുന്ന സ്ഥലം. വിശാഖപട്ടണത്തെ പിക്നിക് സ്പോട്ടായ കൈലാസഗിരിയുടെ മുകളില്‍ നിന്ന്. കാതില്‍ കടലിന്‍റെ ഇരമ്പം. ദൂരെ ഒരു കപ്പല്‍ തീരമടുക്കുമ്പോള്‍ മാത്രം മനസിലാകും, കാഴ്ചയുടെ തുടക്കത്തില്‍ നിന്നു കപ്പലിന്‍റെ വെളിച്ചം വരെ കടലാണ്.
വിശാഖപട്ടണം എന്ന തുറമുഖനഗരത്തെ ആന്ധ്രയിലെ രണ്ടാമത്തെ വലിയ പട്ടണത്തിന്‍റെ പാരുഷ്യങ്ങളില്‍, ഒരിക്കലും കൈലാസഗിരി പോലൊരു, കാഴ്ചയുടെ സംഗമസ്ഥാനം പ്രതീക്ഷിച്ചതുമില്ല.
താമസസ്ഥലമായ ഗജുവാക്കയിൽ നിന്ന് വിശാഖപട്ടണത്തിന്‍റെ നഗരവന്യതയിലൂടെ നാല്പാത്തിയെഴു മിനിറ്റ് യാത്ര ചെയ്താല്‍ കൈലാസിഗിരിയിലെത്താം.. രാമകൃഷ്ണബീച്ചില്‍ നിന്നു ഗോപാലപട്ടണത്തിൽ കൂടി ഭീംലിപട്ടണത്തിലേക്കുള്ള വഴിയിലാണു കൈലാസഗിരി.
നഗരത്തിന്‍റെയും കടലിന്‍റെയും മലനിരകളുടെയും കാഴ്ച നല്‍കുന്ന സംഗമസ്ഥാനം. മലനിരകളിലെ റോഡ് വഴിയോ, ടോയ് ട്രെയിന്‍ വഴിയോ കൈലാസഗിരിയുടെ മുകളിലെത്താം. നാട്ടുകാരും മറുനാട്ടുകാരുമായി ഒരുപാടുപേരുണ്ടിവിടെ. ഒരിക്കലും മടുക്കില്ല ഇവിടെനിന്നുള്ള കാഴ്ച.
വിശാലാക്ഷി നഗര്‍, പിന്നെ എം വി പി കോളനി, അപ്പുറം വാങ്കോച്ചിപാലം. കാഴ്ചയ്ക്കു തിരിച്ചറിയാനാകാത്ത കോളനികൾ..
കടല്‍ക്കാറ്റു തഴുകിയിറങ്ങുന്ന മലനിരകളാണു ചുറ്റും. മലകള്‍ക്കു തെലുങ്കില്‍ കൊണ്ട.എന്ന് പറയും
തൊട്ട്ലാക്കൊണ്ടാ, ബവിക്കൊണ്ടാ, പവുരലക്കൊണ്ടാ…പേരിൽ ഉള്ള മലകൾ.
മുകളില്‍ നിന്നു നോക്കുമ്പോള്‍, കടല്‍ത്തിരകള്‍ അനുസരണയോടെ വന്നു തിരികെ മടങ്ങുന്നു. വേലിയേറ്റങ്ങളുടെ വീരഭാവമില്ല. കൃത്യമായ ഇടവേളകളില്‍ വരുന്നു, അടുത്തിതിനായി വഴിമാറുന്നു.
താഴെ ഉറുമ്പുകളെ പോലെ വാഹനങ്ങള്‍. വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനായി, കൈലാസിഗിരിയലെ നടവഴികളിലൂടെ നടക്കാനായി ഒരുപാടുപേരുണ്ടിവിടെ. സിമന്‍റ് ബഞ്ചുകളിലിരുന്ന് കടലിന്‍റെ സൗന്ദര്യം നുകരുന്ന ഏകാന്ത ആസ്വാദകര്‍, സുരക്ഷിതവഴിയില്‍ നടക്കാനിറങ്ങിയ പ്രായമേറിയവര്‍, സ്ഥിരംപാതകളില്‍ നിന്നു മാറി, സ്വസ്ഥസങ്കേതത്തിന്‍റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന പ്രണയജോടികള്‍.
മൂന്നറ്റമ്പത് ഏക്കറില്‍ മരങ്ങള്‍ നിറഞ്ഞ മല. പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യഭംഗിയല്ലാതെ, മനുഷ്യന്‍റെ ധാരാളം കൂട്ടിച്ചേര്‍ക്കലുകളുണ്ട് ഇവിടെ. ഏച്ചുകെട്ടല്‍ അല്ലാത്തതിനാല്‍, കൈലാസഗിരിയുടെ തനിമയോടു ചേര്‍ന്നു നില്‍ക്കുന്നു.
ഫ്ളോറല്‍ ക്ലോക്ക്, സെവന്‍ വണ്ടേഴ്സ് ഒഫ് വൈസാഗ്, റോഡ് ട്രെയ്ന്‍, ടെലിസ്കോപ്പിക് പൊയ്ന്‍റ്. കടലിലേക്കു ഫെയ്സ് ചെയ്തു നില്‍ക്കുന്ന ഒരിടം, കപ്പലിന്‍റെ മുനമ്പു പോലെ, പേരു ടൈറ്റാനിക് വ്യൂ പോയ്ന്‍റ്.
സമുദ്രത്തെ പശ്ചാത്തലമാക്കി, ജാക്കും റോസുമായി നിന്നു ചിത്രമെടുക്കാന്‍ മത്സരിക്കുന്ന പ്രണയജോടികൾ നിരവധി. പൂന്തോട്ടവും സ്വസ്ഥമായി വിശ്രമിക്കാനുള്ള താവളങ്ങളും ഇവിടെയുണ്ട്. കൈലാസഗിരി ചുറ്റിക്കാണാന്‍ ഒരു ട്രെയിനുമുണ്ട്. തീവണ്ടിയുടെ സുതാര്യമായ ഗ്ലാസിലൂടെ കടലിന്‍റെയും നഗരത്തിന്‍റെയും പുതിയ കാഴ്ചകള്‍
മലനിരയിലെ ഒരു വ്യൂ പൊയ്ന്‍റില്‍ നിന്നു നോക്കിയാല്‍, അങ്ങു ദൂരെ വെട്ടിയൊതുക്കിയ പോലൊയൊരു കുന്ന്. അറിയപ്പെടുന്നത് തൊട്ട്ലു കൊണ്ടാ.. ബുദ്ധസംസ്കാരം നിറഞ്ഞു നിന്ന കലിംഗാ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു അവിടം..
വാക്കുകളില്‍ വിവരിക്കാനാകാത്ത ഒരു അനുഭൂതിയായി കൈലാസഗിരി മാറുകയാണ്. സായാഹ്നമണയുന്നു. സന്ധ്യയുടെ ചുവന്ന പ്രകാശം പശ്ചാത്തലമായ ആകാശത്തിനു മുന്നില്‍ ശിവപാര്‍വതി രൂപം. ഭക്തിയുടെ കൈലാസമുടിയിലെത്തിയ അനുഭവം.
കടലിന്‍റെ ഇരമ്പമുണ്ട്. കാഴ്ചകളില്‍ അല്‍പ്പം മുന്‍പു മിന്നിമാഞ്ഞ നഗരത്തെരുവുകളുണ്ട്. എങ്കിലും കൈലാസഗിരിയുടെ കാഴ്ച ശിവപാര്‍വതി രൂപമാണ്. ഏകദേശം നാല്‍പ്പതടി ഉയരം. പിന്നീടു കൈലാസിഗിരി മനസില്‍ തെളിയുമ്പോള്‍ ആദ്യം വിരിയും, ഈ ശിവപാര്‍വതി ശില്‍പ്പം.
ശില്‍പ്പത്തിനപ്പുറം സൂര്യന്‍ മറയുന്നു. നിയോണ്‍ബള്‍ബുകളുടെ മാസ്മരപ്രഭ പ്രകാശമാനമായ പട്ടണത്തിന്‍റെ സാന്നിധ്യം വിളിച്ചോതുന്നു.തിരക്കിന്‍റെ ആടകള്‍ അഴിച്ചുവച്ച് ഒരു പട്ടണം ആലസ്യത്തിലേക്കമരുകയാണ്
സന്ധ്യയുടെ അവസാനവെട്ടവും രാത്രിക്കു വഴിമാറുമ്പോള്‍ കൈലാസഗിരിയുടെ ഉയരങ്ങളില്‍ നിന്നൊരു നഗരക്കാഴ്ച..
നഗരരാവിന്‍റെ വരവേൽപ്പിനായി അറിയാവഴികളില്‍ പ്രകാശത്തിന്‍റെ വസന്തം വിരിയുന്നു. വന്ന വഴിയിലെ പരിചിതവെളിച്ചത്തെ വെറുതെ ഓര്‍ത്തു, തിരിച്ചറിയാനാകുന്നില്ല.
തിരക്കിന്‍റെ കൈലാസഗിരിയുടെ ഉയരങ്ങളില്‍ നിന്നു വിശാഖപട്ടണത്തിന്‍റെ തിരക്കിലേക്കു തിരിച്ചു ഇറങ്ങി ബീച്ച് റോഡിലൂടെ. യാത്ര പറയുമ്പോള്‍ വീണ്ടും തിരിച്ചു വിളിക്കുന്നുണ്ട് കൈലാസഗിരി.
ഒരു കാഴ്ചക്കുകൂടി തിരിഞ്ഞു നോക്കി, ദൂരെ ഉയർന്നു കാണുന്ന പ്രതിമകളിൽ ശിവന്‍റെ കണ്ണുകളില്‍ പതിവു കുസൃതിയുണ്ട്, പാര്‍വതിക്കും അതേ ഭാവം…
Uma S Narayanan


4 Comments
കൈലാസഗിരിയുടെ സൗന്ദര്യവും ചരിത്രവും മനോഹരമായ വിവരണങ്ങളിൽ കണ്ടു.
നല്ല രചന 👌
💜
നന്നായിട്ട് എഴുതി.. പോയിട്ടുണ്ട്.
ആ ഓർമ്മകൾ മനസ്സിലേക്ക് വന്നൂ 😍
ഹൃദ്യമായ വിവരണം🌹👍
നല്ല അവതരണം❤️🌷👌