ചെറിയ ഒരു വിവരണം
***************************
മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലിത്തണ്ടെടുത്തു ഞാന്‍ ഈ അക്ഷരങ്ങള്‍ കുറിക്കുന്നു.
എന്റെ നാടിന്റെ ഓര്‍മ്മകള്‍ക്ക് ഞാനിന്ന് ചിറകുകൊടുക്കുകയാണ്.
പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സുഖകരമായ ഒരു നൊമ്പരം..
പടിയിറങ്ങുന്നത് ഇന്നലെകളിലൂടെ
മിഴികളില്‍ നിറകതിരുമായി കഴിഞ്ഞുപോകുന്ന കാലവും..
അതിവേഗം കടന്നു പോകുന്നു
പച്ചപുതച്ച വയലേലകളും നാട്ടുവഴികളും അമ്പലവും കാവുമൊക്കെയുള്ള എന്റെ നാടിന്റെ സുവര്‍ണ്ണതീരത്തിലേയ്ക്ക് ഞാന്‍ അക്ഷരങ്ങൾ കൊണ്ടു തല ചായ്ക്കുകയാണ്..
“ദൂരെ ദൂരെയാ മാമലയ്ക്കു കീഴെ പച്ചപ്പട്ടണിഞ്ഞു പൊൻപുലരിയിൽ
അമ്പലമണി മുഴങ്ങും അമ്പലവും ആലോലം തെന്നലിൽ ഓളങ്ങളായൊഴുകി
പൊന്നാമ്പൽ വിരിയുമമ്പലകുളവും
എൻ മനതാരിൽ വിളങ്ങും ഒരു
കൊച്ചുഗ്രാമമുണ്ട്, എന്റെ സുന്ദരഗ്രാമം കൊയ്ത്തുപാട്ടിന്റെ താളമുയരുന്ന,ചേറിന്റെ മണമണിഞ്ഞ മഞ്ഞണിഞ്ഞ ഒരു ഗ്രാമം,എന്റെ
സുന്ദരഗ്രാമം “
ചെറിയ ഒരു കവിത എഴുതി നോക്കി എന്റെ നാടിനെ പറ്റി..
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് അടുത്ത് പെരുമ നിറഞ്ഞ പെരുമയുടെ
ഊരായ പെരുമുടിയൂര്‍ ദേശം ആണ് എന്‍റെ നാട്.
നിളയൊഴുകുന്ന പട്ടാമ്പി പട്ടണത്തിൽ നിന്നും കുറച്ചു ഉള്ളിലേക്ക് പരന്നു കിടക്കുന്ന പെരുമുടിയൂർ ദേശം ദേശത്തു ഓരോ പേരിൽ അറിയപ്പെടുന്ന ചെറിയ ചെറിയ ഗ്രാമങ്ങൾ
പട്ടാമ്പി ഗവണ്മെന്റ് കോളേജ് സ്ഥാപകനായ നീലകണ്ഠശർമ്മയുടെ നാടായ പെരുമുടിയൂർ…
ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടി കുത്തി വാണകാലത്ത് ദേവഭാഷയായ സംസ്കൃതം ജാതിമതലിംഗഭേദമില്ലാതെ എല്ലാവരേയും പഠിപ്പിക്കാൻ തയ്യാറായി ഒരാൾ മുന്നോട്ട് വന്ന നീലകണ്ഠശർമ്മ.
സ്വന്തം ഇല്ലത്തിന്റെ പത്തായപ്പുരയായിരുന്നു ആദ്യ വിദ്യാലയം. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പെട്ട പെരുമുടിയൂർ ദേശത്ത് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മയായിരുന്നു ആ മഹത്തായ നവോത്ഥാന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
സാരസ്വതോദ്യോതിനി’ എന്ന് പേരിട്ട ആ സംസ്കൃത പഠന കളരി വളർന്ന് പന്തലിച്ച് ഇന്നത്തെ പട്ടാമ്പി സംസ്കൃത കോളേജ് ആയി മാറി
പെരുമുടിയൂരിലെ പ്രശസ്തമായ ഈഹാപുരേശ്വരി ക്ഷേത്രം
സംസ്‌കൃതപണ്ഡിതന്‍ പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ പരദേവതയാണ്.
പെരുമുടിയൂരിലെ ദേശത്തെ
ഇനിയെന്റെ ഗ്രാമത്തിലേക്ക് കടക്കാം
പെരുമുടിയൂർ എത്തുവാൻ വഴികൾ ഏറെയുണ്ട് അതിലൊന്നു പള്ളിപ്പുറം റോഡിൽ ഉള്ള പുതിയ ഗേറ്റ് അതിലെ പോയാൽ റെയിൽവേ ഗേറ്റ് മുറിച്ചു കടന്നു പെരുമുടിയൂർ ആയി അവിടെ ആണ് തെക്കേക്കളം എന്ന പ്രശസ്തമായ എരിഞ്ഞുപുരാൻ ശിവക്ഷേത്രവും വായനശാലയും, കൊട്ടാരം lp സ്കൂളും അതിലെ തറ റോഡിൽ കൂടെ പോയാൽ പ്രശസ്തമായ പെരുമുടിയൂർ ഓറിയന്റൽ ഗവണ്മെന്റ് സ്കൂളിൽ എത്തും..
പിന്നെ ഉള്ളത് നിളയൊഴുകും പട്ടാമ്പി പട്ടണത്തിന്റെ വിരിമാറിലൂടെ റയിൽവേസ്റ്റേഷനും ഗവണ്മെന്റ് ഹോസ്പിറ്റലിനും അടുത്തുകൂടി റോഡാണ് .
ഈ റോഡ് ഇന്ന് mes ഇന്റർനാഷണൽ സ്കൂളിലേക്കു കൂടിയാണ് അവിടെ നിന്നു കുറച്ചു പോയ പച്ചപുതച്ച വയലേലകളുടെ
നടുവിൽ റോഡ് മുറിച്ചു ഒഴുകുന്ന ഒരു കൈത്തോട് നടുവിൽ ഒരു ചെറിയ പാലം വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞു കാറ്റു കൊള്ളാൻ ഇരിക്കുന്ന ഒരു പാലം ടാർ ഇട്ട റോഡ് കഴിഞ്ഞു എന്റെ ആലിക്കപറമ്പ് എന്ന ഗ്രാമമായി അഗ്‌നിഷ്ടോമ സോമയാഗം നടന്ന യാഗഭൂമി….
അവിടെ ഒരു. എൽ. പി. സ്കൂൾ ഉണ്ട് ഞാൻ നാലു വരെ പഠിച്ച നവതി ആഘോഷിച്ച എന്റെ വിദ്യാലയം..
കുറച്ചു ഉള്ളിൽ കൂടെ പോയാൽ
ചെറിയ പീടികകളും വിശാലമായ വലിയ അമ്പലക്കുളം കാണാം റോഡിൽ വലിയൊരു ആലും
കുളത്തിൽ അങ്ങിങ്ങു മൊട്ടിട്ടു വിരിഞ്ഞ ആമ്പൽ പൂക്കളും കുളത്തിന് അപ്പുറം പെരുമുടിയൂർ ശിവന്റെ അമ്പലം.
.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം ഗ്രാമത്തിന്റ ഐശ്വര്യം ഹൃദയതുടിപ്പ്
അമ്പലത്തിന്റെ മുന്നിൽ വിശാലമായ വയൽ അവിടെ ആയിരുന്നു പെരുമുടിയൂരിന്റെ യശസ്സ് വാനോളം ഉയത്തിയ സോമയാഗവും ദേശപനയും അയ്യപ്പൻ തീയ്യാട്ടും നടന്നിരുന്നത്..
2016ഏപ്രിൽ 6 മുതൽ 15 കൂടി 10 ദിവസങ്ങളിലായി പെരുമുടിയൂർ ശിവക്ഷേത്രത്തിനടുത്തു പത്ത് നാൾ നടന്ന അഗ്നിഷ്ടോമ സോമയാഗത്തിൽ പങ്കു ചേരാനും കമ്മറ്റിയിൽ സന്നതാപ്രവർത്തകയായി ഒരംഗമാകാനും ഈ ഉള്ളവൾക്കു അന്ന് കഴിഞ്ഞു
15-Apr-2016 · യാഗാഗ്നി സമർപ്പണം കാണാൻ പതിനായിരകണക്കിന് ആളുകളാണ് അന്നു പെരുമുടിയൂർ തടിച്ചു കൂടിയത്
പറയുവാനേറെ ഉണ്ട്
കാഴ്ചകളും ഒരുപാട് ഉണ്ട് വിശാലമായ
വയലേലകള്‍ക്കതിര്‍ത്തിയായ്
ചിറയോടു ചേര്‍ന്നൊരു വരമ്പുകൾ
വിശാലമായ പാടത്തിന് അക്കരെ കുന്നുകൾ ശിവന്റെ അമ്പലമുറ്റത്തെ അരയാലും ആലിന്‍ ചുവട്ടിലെ അമ്പലത്തിൽ കേറാനുള്ള വെട്ടുകല്ലിൽ പടുത്ത സ്‌റ്റേപ്പുകൾ കേറിയാൽ വിശാലമായ അമ്പലമുറ്റം
അമ്പലമുറ്റത്തു വൃശ്ചികത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന പാല അതിന്റ നറുമണം ഗ്രാമം മുഴുവനും രാത്രികാലങ്ങളിൽ പരന്നൊഴുകി നടക്കും
ആ നറുമണത്തിൽ അലിഞ്ഞു അമ്പലമുറ്റത്തു നടക്കുന്ന വൃശ്ചിക മാസത്തിൽ സ്വാമിമാരുടെ അഖണ്ഡനാമം
പാലയുടെ അരികിൽ വിഷുക്കാലത്തിൽ പൂത്തു മുറ്റം നിറയെ മഞ്ഞപട്ടു വിരിക്കുന്ന കൊന്ന കണ്ണിനു കുളിരായി നിറഞ്ഞു പൂക്കുന്ന കൊന്നപൂക്കൾ.
ശിവരാത്രികളിൽ ദീപങ്ങളുടെ വർണ്ണപ്രഭ ചാർത്തി ലക്ഷദീപം തെളിയുന്ന അമ്പലമുറ്റം.ആഘോഷതിമർപ്പിൽ ദീപങ്ങൾ കൊളുത്തുന്ന ഗ്രാമവാസികൾ
വൈകുന്നേരങ്ങളിൽ അമ്പലത്തിൽ കിട്ടുന്ന നെയ്പായസം പ്രസാദം..
ഗ്രാമത്തിൽ നിന്നും കുറച്ചു അകലെ കാവ് ദേശത്തിന്റ തട്ടകത്തമ്മ വാണരുളുന്ന മുത്തശ്ശിയാർകാവ് .
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നഎത്തും എന്ന വിശ്വാസത്തിൽ ഞങ്ങളുടെ അമ്മ തട്ടകത്തമ്മയായ.
മുത്തശ്ശ്യരാമ്മ
പെരുമുടിയൂരിന്റെ തട്ടകത്തമ്മയാണ് മുത്തശ്ശിയാർക്കാവ്.പണ്ട് കാലത്തെ നാട്ടുരാജ്യമായിരുന്ന നെടുങ്ങനാട് പിന്നീട് വള്ളുവനാടിനൊപ്പം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവ് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്
ദുർഗദേവിയെ ‘മുത്തശ്ശി’ രൂപത്തിൽ ആണ് ഇവിടെ ആരാധിക്കുന്നത്. പഴയ രണ്ട് നായർ കുടുംബങ്ങളുടെ പോരാട്ടത്തിന്റ അന്ത്യത്തിൽ അവരെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭഗവതി മുത്തശ്ശി രൂപത്തിൽ വന്നു എന്നാണ് ഐതിഹ്യം.
യുദ്ധം അവസാനിപ്പിച്ച ശേഷം ഇരുകുടുംബങ്ങളും അതത് പ്രദേശത്ത് ഭഗവതിയെ മുത്തശ്ശി രൂപത്തിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തെക്ക് ,വടക്ക് മുത്തശ്ശിയാർകാവുകൾ ഉണ്ടായത്..എന്നും ഐതിഹ്യം.
പൂരങ്ങൾ കൊണ്ടു തട്ടകത്തിൽ ആഘോഷതിമർപ്പുണർത്തുന്ന മുത്തശ്ശിയാർ കാവ് തിറയും പൂതനും കാളവേലയും പഞ്ചാരി മേളവും പഞ്ചവാദ്യങ്ങളും തലമേന്തിയ തരുണികളും പൂക്കാവടികളും ആടുന്ന കാഴ്ചകളും കാണേണ്ട കാഴ്ച തന്നെ ആണ്.
മകരചൊവ്വയിൽ ദിനത്തിൽ ആയിരങ്ങൾ അർപ്പിക്കുന്ന ആഘോഷതിമിർപ്പാർന്ന ദേവി ശരണമന്ത്രധ്വനിയിൽ
പൊങ്കാല നിവേദിക്കുന്ന ചടങ്ങ് പറഞ്ഞു അറിയിക്കാൻ പറ്റാത്ത വല്ലാത്ത അനൂഭൂതിയാണ് ..
ദേശത്തിന്റെ തട്ടകത്തമ്മയുടെ നടയിൽ അമ്മയെ സേവിക്കുന്ന മാതൃസമിതിയിൽ അംഗമായി അമ്മയുടെ ദാസിയാകുവാനുള്ള അവസരവും അമ്മ എനിക്കു തന്നത്തിൽ എന്റെ ഈ ജന്മം സായൂജ്യമായി..
ഗ്രാമത്തിന്റ യശ്ശസ് എക്കാലവും ഉയർത്തിയ സോമയാഗവും അയ്യപ്പൻ തീയാട്ടും ദേശപാനയും നടന്ന ഗ്രാമമാണ് എന്റെ ആലിക്കാപറമ്പുഗ്രാമം പറഞ്ഞുവല്ലോ .വർഷം തോറും ദേശവിളക്കും നടത്തുന്ന എന്‍റെ ഗ്രാമത്തിന്‍റെ ചിത്രംവരയ്ക്കുവാന്‍ മിഴിവാര്‍ന്ന നിറക്കൂട്ടു കളൊരുക്കിയിരിക്കുന്നു.
വയലേലകള്‍ക്കപ്പുറം കേരവൃക്ഷങ്ങളും പാടത്തിന്റെ കരയിൽ നാട്ടിൽ ആകെ
അന്നുമിന്നുമുള്ള ഉള്ള ഒരു ഇല്ലവും ഉണ്ട്
കൊയ്തൊഴിഞ്ഞ പടത്തിൽ കാലികള്‍ മേയുന്നു ഒഴിവുദിനങ്ങളിൽ പാടത്ത് കളിക്കുന്ന കുട്ടികൾ ഞാറു നടാൻ പാടത്തിറങ്ങുന്ന മണ്ണിന്‍റെ മക്കളും സ്വന്തം, എന്‍റെ നാടിന്റെ ഗ്രാമത്തിന്‍റെ സ്വന്തം.
ഗ്രാമത്തിന്‍റെ മാറിലൂടൊഴുകുന്നവഴികളിലൂടെ അലസമായൊന്നു നടക്കുവാന്‍ കുട്ടികാലത്തെ ഓർമ്മകളിൽ മകരകൊയ്ത്തിലെ
കറ്റകള്‍ മുറ്റത്ത് മെതിച്ച്, പൊലിയളന്നു
പുത്തന്‍ നെല്ലിന്‍റെ ഗന്ധം നുകര്‍ന്ന്
ആ വൈക്കോല്‍ കൂനയില്‍ ചാരിനിൽക്കുവാൻ ഗര്‍വ്വ്
കാണിക്കുവാന്‍ കൊയ്തൊഴിഞ്ഞ പാടത്തുകൂടി നടക്കുവാൻ ചൂണ്ടയില്‍ കൊരുത്തോരിരയുമായി
കൈത്തോടിന്‍റെ കരയിലിരിക്കുവാന്‍
തെന്നലിലൊഴുകുന്ന നാടന്‍ പാട്ടിന്‍റെ ശീലുകള്‍ക്കൊപ്പം താളം പിടിക്കുവാന്‍
കുഞ്ഞായി തീരുവാൻ കഴിയാതെ വിതുമ്പുന്നു ഇന്ന് ഞാന്‍.
വര്‍ണ്ണ പ്രപഞ്ചമൊരുക്കി അങ്ങകലെ
മറയുന്ന സൂര്യനെ നിര്‍ന്നിമേഷനായി
നോക്കി നില്‍ക്കവേ എന്റെ നാടിന്റെ ഓരോ കാഴ്ച്ചകളുടെ സന്തോഷത്തിന്റെ അലകളുയര്‍ത്തുമ്പോളൾ മനസ്സിൽ കുളിരൊഴുകുന്നു
കോൺക്രീറ്റ് മന്ദിരങ്ങൾക്ക് നടുവിലും ഭംഗി പോകാത്ത പാടവും കുളവും ആലും ചിറയും കൊയ്ത്തും ഞാറു നടലും ഇപ്പോഴും പഴയപോലെ മാറ്റമില്ലാത്ത ഗ്രാമം
എന്റെ നാടിന്റെ
ഓര്‍മ്മകള്‍ക്ക് ഇനിയും ഞാൻ വേണ്ടി തിരയുകയാണ് ഓര്‍മ്മകളുമായി വീണ്ടും ഒരു എഴുത്തിലൂടെ തിരിച്ചു വരാം എന്ന് പ്രതീക്ഷയോടെ.. എന്റെ നാടിന്റെ ഓർമ്മകൾ..
ഉമ എസ് നാരായണൻ
#എന്റെനാട്

