പദ്മിനി കഥ പറഞ്ഞു നിർത്തുമ്പോൾ ആദർശ് ആകെ ആശയക്കുഴപ്പത്തിലായി.ഇതെന്ത് സ്ത്രീയാണ്.? ടിം റോബിൻസൺ നിയമപരമായി അവരുടെ ഭർത്താവല്ല, അമ്മയെ ബോധ്യപ്പെടുത്താനായി കഴുത്തിൽ മംഗല്യസൂത്രം അണിഞ്ഞിട്ടുണ്ട്.അയാളിപ്പോഴും അവരുടെ ബിസിനസ് പാർട്ട്ണർ ആണെന്ന്,അവരു തമ്മിൽ ഇപ്പോഴും ബന്ധം നിലനിർത്തുന്നു.ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ അയാൾ കൂടെ കൂടെ ഭാരതത്തിൽ വന്ന് പോകുന്നുണ്ട്.അച്ഛന് മകളെ അറിയാം ,മകൾക്ക് സ്വന്തം അച്ഛൻ ആരെന്ന് അറിയാൻ അവകാശമില്ലേ.
പദ്മിനി ചോദിച്ചു.
“നീ എൻ്റെ കഥയ്ക്ക് എന്ത് പേര് നൽകും.? ഒരു വേശ്യയുടെ കഥയെന്നോ.”
ഒരു കൂസലുമില്ലാതെ തൻ്റെ മറുചോദ്യം പ്രതീക്ഷിച്ച് മേശയുടെ എതിർവശത്തിരിക്കുന്ന പദ്മിനിയുടെ മുഖത്തേയ്ക്കവൻ നോക്കി.
” മുറിവേറ്റ ഫീനിക്സ് പക്ഷിയെന്ന്….സംഭവിച്ചതൊന്നും ഒന്നും മനപൂർവ്വമല്ലല്ലോ.ആ നരകത്തീയിൽ നിന്നും ഈ സ്വർഗത്തിലേയ്ക്ക് കുതിച്ചുയർന്നില്ലേ,ഒരു ഫീനിക്സ് പക്ഷിയെ പോലെ.അതല്ലേ ജയം,അത് തെളിയിച്ചില്ലേ.കാമാത്തിപുരയിൽ പെട്ട് പോയ എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു മടങ്ങി വരവ് ലഭിച്ച് കാണും.സമ്പാദ്യത്തിൻ്റെ ഒരു പങ്ക് ഇപ്പോഴും അവരുടെ ഉന്നമനത്തിനായി മാറ്റി വയ്ക്കുന്നുണ്ടല്ലോ.അതല്ലേ മാതൃക.അതല്ലേ കരുത്ത്.”
“ഒക്കെ ശരി തന്നെ.ഒന്നും മനപൂർവ്വമല്ല.പിന്നെ ഞാനിതെന്തിന് അവളിൽ നിന്നും ഇതൊക്കെ മറച്ചു വച്ചെന്നാണോ ആദർശിൻ്റെ സംശയം.ഒരമ്മയും അവരുടെ സുഖകരമല്ലാത്ത ഒരു ചരിത്രവും മക്കളോട് വെളിപ്പെടുത്താൻ ആഗ്രഹിക്കില്ല.അവളെന്നെ വെറുത്താലോ എന്ന പേടി.ഒരിക്കൽ, ലീലാ ബഹൻ മരിച്ച ആ രാത്രിയിൽ,വളരെയധികം ദുഃഖിതയായ ഞാൻ എൻ്റെ കുഞ്ഞ് പെണ്ണിന്റെ കൈപിടിച്ച് അവരെ അവസാനമായി ഒന്ന് കാണാൻ റാണി ഘറിൽ പോയി.ഞാൻ ചെയ്ത ആദ്യത്തെ അബദ്ധം.ആ കാഴ്ചകൾ അവളുടെ കുഞ്ഞു മനസ്സിൽ പതിഞ്ഞിരുന്നു.അവൾ വലുതായപ്പോൾ ആ ഓർമ്മകളെ പിന്തുടർന്ന് കാമാത്തിപുരയിൽ പോയി.അമ്മയുടെ ചരിത്രത്തിൻ്റെയൊരു ഏട് അവൾ കണ്ടെത്തിയിരുന്നു.അവളുടെ ബിയോണ്ട് ദ സ്ട്രീറ്റ്സ് ക്യാംമ്പയിൻ്റെ ആരംഭം അവിടെ നിന്നായിരുന്നു.”
“പക്ഷേ അച്ഛനാരെന്നറിയാനുള്ള മകളുടെ അവകാശം,അത് മറച്ചു വയ്ച്ചില്ലേ..”
“അവളുടെ അച്ഛൻ മറ്റൊരു കുടുംബത്തിൻ്റെ നാഥനായിരുന്നു.അവളുടെ സ്വന്തം അച്ഛനാണെന്നറിയില്ലെങ്കിലും ടിമ്മിനെ അവൾക്കറിയാം,എൻ്റെ മാനേജിംഗ് പാർട്ണർ ആയിട്ട്.അവർ നല്ല സുഹൃത്തുക്കളുമാണ്.മൂന്ന് മാസം കഴിഞ്ഞ് അവൾ പഠിക്കാൻ പോകുന്നത് ടിമ്മിൻ്റെ നാട്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ ആണ്.അവളുടെ അവിടത്തെ ലോക്കൽ ഗാർഡിയൻ അദ്ദേഹമാണ്.”
“ഇനി അതവൾ അറിഞ്ഞാൽ,അവളതെങ്ങനെ സ്വീകരിക്കും എന്നല്ലേ. ടിം റോബിൻസൺ വിവാഹിതനും ഒരു മകനും കൂടി ഉണ്ടെന്ന വാർത്ത അവളെങ്ങനെ സ്വീകരിക്കും.”
പദ്മിനിയിൽ നിന്നൊരു നെടുവീർപ്പുയർന്നു.
“എൻ്റെ മകൾ ഒരു സാധാരണ പെൺകുട്ടിയല്ല.അവൾക്ക് എന്നെ മനസ്സിലാകും.ആദ്യം അവൾക്കെന്നോട് ദേഷ്യവും വെറുപ്പും തോന്നുമായിരിക്കും .ചിലപ്പോൾ അവളെന്നോട് പൊട്ടിത്തെറിക്കും,കുറെ നാൾ മിണ്ടാതെയിരിക്കും.
എന്നാലും എൻ്റെ മാനസികാവസ്ഥ… അതവൾ മനസ്സിലാക്കും.”
ആദർശ് ഇൻ്റർവ്യൂ അവസാനിപ്പിച്ചു ആ വീട്ടിൽ നിന്നും മടങ്ങുമ്പോൾ രൂപാലിയെ അവിടെയെങ്ങും കണ്ടില്ല.ആ ഒരു സാഹചര്യത്തിൽ , മാനസികാവസ്ഥയിൽ അവനവളെ അന്വേഷിച്ചതുമില്ല.നേരെ സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങി, പദ്മിനിയുടെ സംഭാഷണങ്ങൾ പ്രസിദ്ധീകരിക്കാനുള്ള എഴുത്താണ് ഇനി വേണ്ടത്.ഒരാഴ്ച കൊണ്ട് അവസാനിപ്പിച്ചാൽ പെട്ടെന്ന് നാട്ടിൽ പോയി അമ്മയെ കാണാം.
അമ്മയെ കാണാനുള്ള തൻ്റെ ആഗ്രഹം പോലെ, രൂപാലിക്കും കാണില്ലേ അച്ഛനാരെന്നറിയാനും ,അദ്ദേഹത്തെ നേരിട്ട് കാണാനുമുള്ള ആഗ്രഹം.അവനവൾക്കൊരു മെസേജയച്ചു.
” മീറ്റ് മി അറ്റ് ബ്ലെസ്ഡ് ബീൻ ടുമാറോ അറ്റ് ടെൻ മോണിംഗ്.”
മറുപടി ലഭിച്ചില്ല.അവൾക്കെന്ത് പറ്റി കാണും.അവളുടെ മാനസികാവസ്ഥ എന്താകും.പാവം കുട്ടി.അവൻ രാത്രിയിൽ പദ്മിനിയെ വിളിച്ചു.
“ആൻ്റി, രണ്ട് ദിവസത്തിനുള്ളിൽ എൻ്റെ പ്രോജക്ട് തീരും.സഹകരണത്തിന് നന്ദി.ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു .അമ്മയെ കാണാൻ കൊതിയാകുന്നു.നമ്മുടെ ശരികൾ മറ്റുള്ളവർക്ക് മനസ്സിലാകുമോ?മറ്റുള്ളവരെ അത് എത്രമാത്രം വേദനിപ്പിക്കുന്നു എന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു.”
“നന്നായി ആ തീരുമാനം മോനേ, പോയി വരൂ.ശരിയാണ് ചില തീരുമാനങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരെ വളരെ വേദനിപ്പിക്കും.”
അവർ സങ്കടം കൊണ്ട് ഒരു മാത്ര സംസാരം നിർത്തി.
“അവൾ എല്ലാം കേട്ടു.അവളെന്നോട് മിണ്ടുന്നില്ല, മുറിയിൽ നിന്നും പുറത്തിറങ്ങുന്നില്ല.എന്നായാലും എല്ലാം അവൾ അറിയേണ്ടതാണ്.ആദർശ്,നിനക്ക് മാത്രമേ എൻ്റെ മകളെ ആശ്വസിപ്പിക്കാൻ കഴിയൂ.അവൾക്ക് നിന്നെ അത്ര വിശ്വാസമാണ് .”
ആ രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.രാത്രി മുഴുവൻ റിക്കോർഡറിൽ പതിഞ്ഞ പദ്മിനിയുടെ ശബ്ദത്തിൻ്റെ സാരാംശം ലാപ്ടോപ്പിൽ ടൈപ്പ് ചെയ്തു.നേരം വെളുത്തപ്പോഴാണ് ഒന്ന് മയങ്ങിയത്.ഉണർന്നപ്പോൾ ഒൻപതര കഴിഞ്ഞു.തയാറായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പത്ത്, ട്രാഫിക്ക് തരണം ചെയ്ത് കഫേയിലെത്തി, ബൈക്ക് പാർക്കിംഗിൽ വച്ചു കഫേയിലേയ്ക്ക് നടന്നു.
അന്നിരുന്ന അതേ ടേബിളിലേയ്ക്ക് കണ്ണ് പോയി.അവളവിടെയില്ല .നിരാശ തോന്നി.ആർക്കു വേണ്ടിയാണോ,ആരെ കാണാനാണോ ഓടിയെത്തിയത് , കാണാൻ കൊതി തോന്നുന്ന ആ രൂപം അവിടെയില്ല.
അവന് നിരാശ തോന്നി.ഒരിക്കലും അവളെ കുറ്റപ്പെടുത്താൻ കഴിയില്ല.അവളെ പോലെയൊരു പെൺകുട്ടി അങ്ങനെ തളരാൻ പാടില്ല.അവൻ മുന്നിൽ കണ്ട മേശയുടെ അരികിൽ ഇരുന്നു.ഒരു ബർഗറും കോഫിയും ഓർഡർ ചെയ്തു.കോഫി ഊതി ഊതി കുടിച്ച് കൊണ്ടിരുന്നപ്പോൾ തോളത്തൊരു കൈ പതിഞ്ഞു.മാർദ്ദവമുള്ള ആ കൈത്തലങ്ങൾ അവൻ്റെ കവിളിൽ ഉരുമ്മി.വൈദ്യുതാഘാതമേറ്റ പോലെ,എന്നാൽ സുഖമുള്ള ഒരു തരിപ്പ് ദേഹമാസകലം വ്യാപിച്ചു.ആരാണെന്ന് പോലും നോക്കാതെ ആ കൈത്തലങ്ങളിൽ അവൻ അമർത്തി ചുംബിച്ചു.അവനറിയാമായിരുന്നു അതാരാണെന്ന്.
അതൊരു പൊതു സ്ഥലമാണെന്ന് പോലും ഓർക്കാതെ ചെയ്ത ആ പ്രവർത്തിയിൽ അവന് ഒട്ടും നാണം തോന്നിയതുമില്ല.അവൻ്റെ തൊട്ടടുത്ത കസേരയിൽ അവളിരുന്നു.അവനവളെ നോക്കി, പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കിയിരിക്കുന്ന രൂപാലി.കരഞ്ഞത് കൊണ്ടോ ഉറങ്ങാത്തത് കൊണ്ടോ തടിച്ച് വീർത്ത കൺപോളകൾ.അവനെ ഏൽപ്പിച്ച ജോലി അവൻ ഭംഗിയായി ചെയ്തു.അവൾക്കറിയേണ്ടിരുന്ന ഉത്തരം കണ്ട് പിടിച്ചു കൊടുത്തു.ഇനി ഗുഡ് ബൈ പറഞ്ഞ് പിരിയാൻ നേരമായി.രണ്ട് പേർക്കും അത് വേദനാജനകമാണ്.പരസ്പരം നോക്കാതിരിക്കാൻ രണ്ട് പേരും ശ്രമിച്ചു.
കഫേയിൽ തിരക്ക് കൂടി വന്നു.അവൻ കഴിച്ച് കഴിഞ്ഞപ്പോൾ അവൾക്ക് ഓർഡർ ചെയ്ത ബർഗർ വന്നതേയുള്ളൂ.ബിൽ കൊടുത്ത് പുറത്തിറങ്ങുമ്പോഴും അവർ പരസ്പരം ഒന്നും മിണ്ടിയില്ല.
“രൂപാലി എങ്ങോട്ടാണ്? തിരക്കില്ലെങ്കിൽ എൻ്റെ കൂടെ വരാമോ, എനിക്ക് തന്നോട് സംസാരിക്കണം.”
“എനിക്ക് തിരക്കില്ല.എൻ്റെ അമ്മയുടെ ചരിത്രം അറിഞ്ഞ് എന്നോട് വെറുപ്പ് തോന്നുന്നില്ലേ ആദർശ്.”
“എന്തിന്, ഞാൻ നിന്നെയാണ് ഇഷ്ടപ്പെടുന്നത്.നിൻ്റെ അമ്മയേയല്ല.എനിക്ക് സംസാരിക്കണം എൻ്റെ ഫ്ലാറ്റിലേക്ക് പോകാം.വാ കയറ്.”
അവളവൻ്റെ ബൈക്കിന്റെ പുറകിൽ കയറി.അവളോട് ഇരിക്കാൻ പറഞ്ഞിട്ട് അവൻ അടുക്കളയിലേക്ക് പോയി.ജ്യൂസും എടുത്ത് മടങ്ങി വന്നപ്പോഴേക്കും കടലിനെ അഭിമുഖീകരിക്കുന്ന ബാൽക്കണിയുടെ വാതിൽ അവൾ തുറന്ന് കഴിഞ്ഞിരുന്നു.അവനടുത്ത് എത്തിയപ്പോഴും അവൾ കടലിന്റെ അനന്തതയിലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു.കൺകോണുകളിൽ അപ്പോഴും കണ്ണുനീർ മണി തുളുമ്പി നിന്നിരുന്നു.
“നിന്നെ ഞാനിത്ര ഇഷ്ടപ്പെടാൻ കാരണം നിന്റെ ബോൾഡ്നെസ് ആണ്. കണ്ണീർ നിൻ്റെ മുഖത്ത് ശോഭിയ്ക്കില്ല.”
കയ്യിലിരുന്ന ഗ്ലാസ്സുകൾ ടീപ്പോയിൽ വച്ചിട്ട് അവനവളുടെ കണ്ണുകൾ തുടച്ചു.രണ്ടു കയ്യും കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി.അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി.അവൾ തേങ്ങാൻ തുടങ്ങി.തേങ്ങലിനിടയിലും അവളുടെ ചുണ്ടുകൾ തൻ്റെ നഗ്നമായ നെഞ്ചിൽ അമരുന്നത് അവനറിഞ്ഞു.അതവനെ കോരിത്തരിപ്പിച്ചു.
“എനിക്കാരുമില്ല.മമ്മി പോലും….”
അവനവളുടെ വാ കൈ കൊണ്ട് പൊത്തി.
അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു.
“ഒരു സിംഗിൾ മദർ എന്ന നിലയിൽ അവരെല്ലാം മറച്ചു വച്ചു.അതിലെന്താ തെറ്റ്? ഒന്നാലോചിച്ചാൽ അവരെക്കാൾ നിർഭാഗ്യവതിയായൊരു സ്ത്രീയുണ്ടോ.?അമ്പത് വയസ്സിനിടയിൽ എന്തൊക്കെ അനുഭവിച്ചു.”
“അത് ശരിയാണ്.എൻ്റെ കയ്യിലും തെറ്റുണ്ട്.ഞാനമ്മയോട് ഒരിക്കലും ഒന്നും നേരിട്ട് ചോദിച്ചിട്ടില്ല.ചോദിച്ചെങ്കിൽ,വാശി പിടിച്ചിരുന്നുവെങ്കിൽ എനിക്ക് ഉത്തരം നേരത്തെ കിട്ടിയേനെ എന്ന് തോന്നുന്നു.വിധി ആദർശിനെ എൻ്റെ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാനാകും ശ്രമിച്ചത്. ഇതൊക്കെ ഞാനറിയാൻ വൈകിയത്,നമ്മളെ കണ്ട് മുട്ടിക്കാനുള്ള പ്രപഞ്ച തീരുമാനം മൂലമാകും.”
അവളവനിലേയ്ക്ക് ചേർന്നു നിന്നു.
“നിനക്ക് നിന്റെ അച്ഛനെ കാണണമെന്ന് തോന്നുന്നില്ലേ.? “
“പിന്നെ , എനിക്ക് അച്ഛാ എന്ന് വിളിക്കണം.അടുത്ത മാസം രൂപാലി ഡിസൈൻസിൻ്റെ വാർഷികമാണ്.അന്ന് വരും,അത് വരെ കാത്തിരിക്കുക വയ്യ.അച്ഛനെ മാത്രമല്ല നിന്നെയും എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ കൊതി തോന്നുന്നു ആദർശ്.”
പിന്നീട് അവൾ മൗനം പാലിച്ചു.അവളുടെ കൂടെ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങൾ അവന് വളരെ സന്തോഷകരമായി തോന്നി.
“ഞാൻ അടുത്താഴ്ച അമ്മയെ കാണാൻ നാട്ടിലേക്ക് പോകുന്നു, വർഷങ്ങൾക്കു ശേഷം…..നിന്നെ അത്രയും ദിവസം കാണാതിരിക്കാൻ വയ്യ,നീ എൻ്റെ കൂടെ വരുന്നോ, കേരളത്തിലേയ്ക്ക്.അമ്മ കാണട്ടെ ഞാനിഷ്ടപ്പെടുന്ന പെൺകുട്ടിയെ.പദ്മിനി ആൻ്റിയോട് ഞാൻ സമ്മതം ചോദിക്കാം.നിനക്കിപ്പോൾ ഒരു മാറ്റം വേണമെന്ന് തോന്നുന്നില്ലേ.”
അവൾ തലയാട്ടി.അവൾക്ക് സമ്മതമായിരുന്നു.
ഒരാഴ്ച കൊണ്ട് ജോലി തീർത്ത് സുധീർ ബാബുവിനെ പോയി കണ്ടു.പദ്മിനിയുടെ ജീവിത കഥ കേട്ട്,അവരുടെ കൗമാരത്തിലെ കാമുകനായ സുധീറിന്റെ കണ്ണ് നിറഞ്ഞു.രണ്ടാഴ്ചത്തെ ലീവുമെടുത്ത് ആദർശ് നാട്ടിലേയ്ക്ക് പോകാനുള്ള തയാറെടുപ്പ് നടത്തി.
മുംബൈ എയർപോർട്ടിൽ അവൻ രൂപാലിയേയും കാത്ത് നിന്നു.ഒരു വെളുത്ത ഹോണ്ടാ സിറ്റിയിൽ പദ്മിനിയുടെ കൂടെ രൂപാലി വന്നിറങ്ങി.
“ഇവളെ ഞാൻ ആദർശിനെ ഏൽപ്പിക്കുന്നു.ഞാനവളെ ഇത്രയും ദിവസം പിരിഞ്ഞു നിന്നിട്ടില്ല. രണ്ട് പേരും സന്തോഷത്തോടെ പോയി വരൂ.
ആദർശിനെ ആലിംഗനം ചെയ്തു കൊണ്ട് പദ്മിനി പറഞ്ഞു.
“ആൻ്റിയെ കാണാൻ നാളെ ഒരാൾ വരും.ഒരു കൂടിക്കാഴ്ച്ചയ്ക്ക്….”
“ഇനിയും…ഇനി എന്തറിയാനാണ്.”
“ഇത് വ്യക്തിപരമായ ഒരു കൂടിക്കാഴ്ച.വരുന്നത് ഞങ്ങളുടെ ബോസ് സുധീർ ബാബു.ആളെ ആൻ്റിക്കറിയാം,നാരായണൻ ചാച്ചയുടെ മകൻ സുധീർ.”
“നിങ്ങളുടെ ബോസ്.?”
പദ്മിനിയുടെ മുഖത്ത് ആശങ്ക നിഴലിച്ചു.
(തുടരും……)
✍️✍️✍️നിഷ പിള്ള
Koottaksharangal

