വരവുചെലവുകൾ തൻ കണക്കുകൾ
കൃത്യമായ്,
സന്തുലനം ചെയ്തു മുന്നോട്ട് പോകുകിൽ
ധനത്തിനു ക്ഷാമം നേരിടുകില്ല ചിലപ്പോൾ,
അപ്രതീക്ഷിതമാം വഴിത്തിരിവുകൾ നൽകി
ജീവിതം പരീക്ഷിച്ചിടാതിരുന്നാൽ.
പണത്തിൻ കണക്കു തുലനം ചെയ്യുന്നത് പോൽ,
സരളമല്ല സ്നേഹത്തിൻ കൊടുക്കൽ വാങ്ങലുകൾ,
ഏറെ സ്നേഹം പകർന്നു കൊടുത്താലും
ചിലപ്പോൾ, അവഗണന മാത്രം തിരികെ ലഭിച്ചിടും.
ആത്മാർഥതയോടെ ചെയ്യും കർമ്മങ്ങൾ
തെറ്റിദ്ധരിച്ചു പഴിച്ചിടും ലോകം.
കണക്കു വെച്ചിടാം പണത്തിനു,
പക്ഷേ,അളക്കാൻ കഴിയില്ല മനുഷ്യമനസ്സിനെ.
