നവതിയാഘോഷിച്ചി-
ട്ടധികനാളായില്ല
അതിനുള്ളിലെത്തിയീ
ആശുപത്രി കിടക്കയിൽ!
ഇനിയധിക നാളില്ല
എന്നു ഞാൻ ചൊല്ലീലെ,
എന്തെ എൻ മക്കളെ
കൊണ്ടിട്ടതെന്നെയീ
കോച്ചും തണുപ്പത്ത്?
കമ്പിളിയില്ലാതെയാവില്ല മക്കളേ,
വിറച്ചു കിടക്കുവാൻ
ഇന്നീ കിടക്കയിൽ
ശോഷിച്ച കയ്യുകൾ
കുത്തുന്ന നോവിനാൽ
നീറിപ്പുകയുകയാണെൻ്റെ
മക്കളേ….
എല്ലാം മതിയാക്കി
പോകാനൊരുങ്ങുമ്പോൾ
കുഴലുകൾ കുത്തിയിറക്കിയെൻ
ശ്വാസത്തെ ഭലമായി
പിടിച്ചു നിർത്തുകയാണിവർ
എൻ്റെ ശരീരം മുഴുവനും ബന്ധിച്ച്
ഒന്നനങ്ങാൻപോലുമാകാതയ്യോ
ഉള്ളിൽ പൊട്ടി കരയുകയാണ് ഞാൻ
എന്തിനെന്നെ ഈ
അവസാന കാലത്ത്
ഈ നരകത്തിൽ
കൊണ്ടിട്ടു മക്കളെ?
ഒന്നു മാത്രമേ ആഗ്രഹമിന്നുള്ളൂ
വീട്ടിലെൻ്റെയാ
സ്വന്തം കിടക്കയിൽ
ശുദ്ധവായു ശ്വസിച്ചു കിടന്നിട്ട്
മെല്ലെ ഈ കണ്ണടഞ്ഞങ്ങു പോകണം
പണമെത്ര വേണമോ
എണ്ണിക്കൊടുത്തിട്ട്
എത്രയും വേഗം
ഈ നരകത്തിൽ നിന്നും
കൊണ്ടുപോകാനായി
നോക്കെൻ്റെ മക്കളേ…
