“എല്ലാ സംഭവങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. “
“എന്താണ് അമ്മ ഇങ്ങനെ പറയുന്നത്?. “
ഉറക്കത്തിൽ പുലമ്പി കൊണ്ടിരുന്ന അമ്മയുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ദേവി ചോദിച്ചു.
“ഞാൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചപ്പോൾ ഒരു സ്ത്രീ എൻ്റെയടുത്ത് വന്ന് പറഞ്ഞു, പുണ്യാളന് ഒരു അപേക്ഷ കൊണ്ടിടൂ, നിങ്ങളുടെ പ്രാർത്ഥന ഉടൻ നിറവേറപ്പെടുമെന്ന്. “
” ആ സംഭവത്തിന് ആരോണിൻ്റെ മരണവുമായി എന്ത് ബന്ധമാണുള്ളത്. “
“ഉണ്ട്, ബന്ധമുണ്ട്, അതല്ലേ കൃത്യസമയത്ത് ആ പയ്യനിവിടെ വന്ന് ആരോണിനെ ഇല്ലാതാക്കിയത്. “
“അത് നീൽ ആണെന്നല്ലേ അമ്മ പറഞ്ഞത്, ഞങ്ങളുടെ സുഹൃത്താണയാൾ. “
“നീൽ എന്തിനാണ് എനിക്ക് സംരക്ഷണം തന്നത്. അയാൾ എന്റെ മുറിക്കു കാവൽ നിന്നത് എന്തിനാണ് ? എന്നെ ഉപദ്രവിച്ചപ്പോൾ അയാളെന്തിനാണ് ആരോണിനെ കൊന്നത്. നിങ്ങൾ അയാളോട് എന്നെ സംരക്ഷിക്കാൻ ഏല്പിച്ചിരുന്നോ?ഇല്ലല്ലോ. നിങ്ങളാരും പറയാതെ അയാൾ എന്തിനാണ് ആ കർമ്മം ഏറ്റെടുത്തത്. “
“ഒരു പക്ഷെ കൊല്ലാൻ വന്നത് ആകില്ല. അബദ്ധം സംഭവിച്ചത് ആകും. ഞങ്ങളെ അപകടങ്ങളിൽ നിന്നും പലപ്പോഴും നീൽ സംരക്ഷിച്ചിട്ടുണ്ട്. “
“അതൊക്കെ നിങ്ങളുടെ ആവശ്യപ്രകാരമല്ലേ. ഇതിപ്പോൾ അങ്ങനെയല്ല. എന്റെ മനസ്സ് പറയുന്നു എന്റെ പ്രാർത്ഥന, എന്റെ അപേക്ഷ, അതൊക്കെ ദൈവം കേട്ടു. അവൻ കൃത്യ സമയത്ത് മാലാഖയെ പോലെ ഓടി വന്നു എന്നെ സംരക്ഷിച്ചു. ഞാൻ ചെയ്യേണ്ടിയിരുന്നത് അവൻ ചെയ്തു. ഞാൻ ആഗ്രഹിച്ചത് വളരെ എളുപ്പത്തിൽ നടന്നു. “
“അതൊന്നും എനിക്കറിയാൻ പാടില്ല. അമ്മ ഇനി ഇതാരോടും പറയേണ്ട. പപ്പാ പോലും ഇതൊന്നും അറിയാൻ പാടില്ല. നീൽ ഇപ്പോൾ ഈ രാജ്യം വിട്ടിട്ടുണ്ടാകും. അവനും ഭാര്യയും കുടുംബവും ഉണ്ട്. എല്ലാവരേയും വിധിയാണ് ഇവിടെ ഒന്നിപ്പിച്ചത്. “
“എല്ലാം സംഭവിച്ചു കഴിഞ്ഞു വിധിയെ പഴിക്കുന്നതെന്തിനാണ്. ദേവി, ഞാനും നീയും ഈ ജീവിതത്തിൽ കുറെയേറെ അനുഭവിച്ചു കഴിഞ്ഞു. ഇനിയെങ്കിലും നമുക്ക് സ്വസ്ഥമായൊരു ജീവിതമുണ്ടാകുമോ?”
“ഉണ്ടാകും തീർച്ചയായുമൊരു നല്ല ജീവിതമുണ്ടാകും. “
“നമുക്ക് ഇന്ന് തന്നെ വീട്ടിലേക്ക് പോകണം, മാത്യു കൂടി ഇല്ലാത്തതല്ലേ, ആരോണിന്റെ മരണാന്തര ചടങ്ങുകൾ വളരെ കേമമാക്കണം. ആർക്കും ഒരു സംശയത്തിനും ഇടവരാതെ വളരെ ഗംഭീരമായി ഞാൻ നടത്തും. എന്റെ മാനസിക പ്രശ്നത്തിന് കാരണം ആരോണിനോടുള്ള പുത്ര വാത്സല്യം കൂടിയത് കൊണ്ടാണെന്നല്ലേ ഡോക്ടർ പറഞ്ഞത്. അത് അങ്ങനെ തന്നെ ആകണം, പോലീസിൻ്റേയും നാട്ടുകാരുടേയും മനസ്സിൽ. നീ പോയി ഡോക്ടറെ നോക്ക്. “
“നേരമൊന്നു വെളുക്കട്ടെ അമ്മേ, നമുക്ക് അങ്ങനെ ചെയ്യാം. ആർക്കും ഒരു സംശയത്തിനും ഇട വരുത്താതെ…. “
“നീ നിന്റെ ടീച്ചറമ്മയോടു ഒന്ന് ഇവിടെ വരാൻ പറയണം. എനിക്ക് അവരോടു സംസാരിച്ചാൽ കുറച്ചു ആശ്വാസം ഉണ്ടാകും. കുറച്ചു നാൾ അവരോടൊപ്പം ആശ്രമത്തിൽ കഴിഞ്ഞാൽ എൻ്റെ മനസൊക്കെ ഒന്ന് നേരെയാകും. “
“എത്ര നാൾ ആശ്രമത്തിൽ കഴിയാൻ?”
“ചിലപ്പോൾ മാത്യു മടങ്ങി വരുന്നത് വരെ, ചിലപ്പോൾ ജീവിതകാലം മുഴുവൻ അവിടെ തങ്ങും. ഞാൻ അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നുന്നു. “
“അപ്പോൾ ഞങ്ങൾ? ഞാൻ, എന്റെ മോൾ, ഞങ്ങൾക്ക് പിന്നെ ആരുണ്ട്. “
“നിനക്കിപ്പോൾ ഒരു കുടുംബമുണ്ട്. ഭർത്താവുണ്ട്, മകളുണ്ട്. ആവശ്യത്തിൽ അധികം സ്വത്തുക്കളുണ്ട്. നല്ലൊരു ജോലിയുണ്ട്. പ്രത്യക്ഷത്തിലുള്ള ശത്രുക്കളൊക്കെ ഇല്ലാതായി. ചിലപ്പോൾ എന്റെ മനസ്സ് മാറാം, ഞാൻ മടങ്ങി വരാം, അല്ലെങ്കിൽ ഏക മകനെ നഷ്ടപ്പെട്ട്, ഉള്ളിൽ കരഞ്ഞു കൊണ്ട് കഴിയുന്ന യമുന ടീച്ചറെ പോലെ… ഞാനും. “
“അപ്പോൾ പപ്പാ? അമ്മയ്ക്ക് വേണ്ടി സ്വന്തം ജീവിതമെല്ലാം മാറ്റി വച്ചത് അല്ലേ, രണ്ടു ആണ്മക്കളെയും പപ്പയ്ക്ക് നഷ്ടപ്പെട്ടില്ലേ. ഇപ്പോൾ എനിക്ക് വേണ്ടി ജയിലുമായി. “
“പപ്പയ്ക്ക് നീയില്ലേ. പണ്ട് മാത്യു പറയുമായിരുന്നു. ദേവിയെ പോലൊരു മകളെ കൂടി നീ എനിക്ക് വേണ്ടി പ്രസവിച്ചു തരുമോയെന്ന്?. പണ്ടേ ഗർഭാശയം നഷ്ടപെട്ട ഞാൻ എങ്ങനെയാണ്. എനിക്കിനി ഈ ജന്മം പറ്റില്ലായെന്നു പറഞ്ഞപ്പോൾ, സാരമില്ല ദേവി എന്റെ മകൾ തന്നെയാണെന്നാണ് പറഞ്ഞത്. “
ആശുപത്രിയിൽ നിന്നിറങ്ങിയ, മുരുകദാസ് വെട്രിവേൽ തന്റെ കാർ സ്റ്റാർട്ടാക്കി. അയാൾക്ക് ആശ്വാസം തോന്നി. ആരോണിന്റെ മാനേജർ പദവി തനിക്കെന്നും പ്രശ്നങ്ങൾ നല്കിയിട്ടേയുള്ളു. സാമ്പത്തിക ലാഭത്തിനു വേണ്ടി അയാൾ നൽകുന്ന എല്ലാ ജോലികളും വിസമ്മതം പോലും പ്രകടിപ്പിക്കാതെ ചെയ്തിട്ടേയുള്ളു. എല്ലാ പ്രശ്നങ്ങൾക്കും ആരോണിന്റെ കയ്യിൽ പരിഹാരമുണ്ടായിരുന്നു. പണവും, അധികാരമുള്ള ആളുകളും അയാളുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു.
ഗേറ്റു കടന്നു കാർ പുറത്തിറക്കുമ്പോൾ തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നൊരു ആശങ്ക മുരുകദാസിനുണ്ടായി. വലത്തോട്ട് തിരിയേണ്ടതിനു പകരം അയാൾ തന്റെ കാർ ഇടത്തേക്ക് വളച്ചെടുത്തു. പെട്ടെന്നാണ് ഇൻസ്പെക്ടർ പറഞ്ഞ കാര്യം ഓർമ്മ വന്നു. ഇപ്പോൾ താമസിക്കുന്ന അതെ ലോഡ്ജിൽ തന്നെ തങ്ങുക. ഈ കാറുമെടുത്തു പോലീസിൻ്റെ കണ്ണ് വെട്ടിയ്ക്കുക അത്ര എളുപ്പമല്ല. അയാൾ ആ പ്ലാൻ വേണ്ടെന്നു വച്ചു. നേരെ ലോഡ്ജിലേക്ക് തിരികെ പോയി.
റൂമിൽ കയറി, ജനാലയിലൂടെ പുറത്തേക്കു നോക്കി, ലോകത്തെ വീക്ഷിച്ചു. സംശയാസ്പദമായി ഒന്നും കാണാനില്ല. പുറമെ എല്ലാം ശാന്തം. ഒന്ന് കുളിക്കണം, നല്ല പോലെ ഭക്ഷണം കഴിക്കണം, ഇനി ഇവിടെ തുടരാൻ കഴിയില്ല. നീണ്ട ഒരു യാത്ര വേണ്ടി വരും. അതിനു മുൻപ് മുകളിൽ നിന്നും നിർദ്ദേശങ്ങൾ വാങ്ങണം. മുറിയിലെ ലൈറ്റുകൾ തെളിച്ചു. ബാത്ത് ടബ്ബിൽ കിടന്നു നീണ്ട ഒരു കുളി കഴിച്ചു, ഇനി വിശപ്പടക്കാൻ വിഭവ സമൃദ്ധമായ ആഹാരം കൂടി വേണം.
റിസപ്ഷനിലേയ്ക്ക് വിളിച്ചു. നാലു പൊറോട്ട, ഒരു ബീഫ് ഫ്രൈ, ഒരു ചില്ലി ചിക്കൻ എന്നിവ ഓർഡർ ചെയ്തു. ബാഗ് തുറന്നു വോഡ്കയും ഗ്ലാസും പുറത്ത് എടുത്തു. ആഹാരം വരുന്നത് വരെ ടി വിയും കണ്ടു വോഡ്കയും സിപ് ചെയ്ത് കട്ടിലിൽ ഇരുന്നു. ടി വി യിൽ ആരോണിന്റെ മരണ വാർത്തയാണ് കാണിക്കുന്നത്. അവനെ ആര് കൊന്നു എന്ന ഉത്തരം മാത്രം ചാനലിനില്ല. കഴുത്തിലൂടെ പാഞ്ഞു പോയ അതീവ മൂർച്ചയുള്ള ആയുധം പിന്നീട് കട്ടിലിനു അടിയിൽ നിന്നും കിട്ടി. അതെ ആശുപത്രിയിൽ നിന്നും നേരത്തെ നഷ്ടപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു സർജിക്കൽ ബ്ലേഡ്. അതിലാകട്ടെ പുതിയ ഫിംഗർ പ്രിന്റ്സ് ഒന്നും പതിഞ്ഞിട്ടുമില്ല. അതായത് കൊലപാതകി വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് വന്നിരുന്നത്.
ചാനൽ ജഡ്ജിമാർ കേസ് അന്വേഷണം നടത്തുന്നു. അവർ പ്രതികളെ കണ്ടെത്താനുള്ള ശ്രമം. കണ്ടെത്തിയാൽ അപ്പോൾ തന്നെ തൂക്കി കൊല്ലുന്ന രീതിയിലാണ് ഒരു മാധ്യമ ജഡ്ജിനിയുടെ രോദനം.
“ആരാകും ആരോൺ സാറിനെ കൊന്നത്. “
മുരുകദാസ് സ്വയം ചോദിച്ചു.
ഡോറിലെ ബെല്ല് ശബ്ദിച്ചു. ഭക്ഷണം വന്നതാകും. മുരുകദാസ് എഴുന്നേറ്റു വാതിൽ തുറന്നു. ട്രേയിൽ ഭക്ഷണവുമായി വന്ന റൂം ബോയ് അകത്തേയ്ക്കു കടന്നു ടീപ്പോയിൽ ഭക്ഷണം നിരത്തി. ടിപ്പ് വാങ്ങി അയാൾ തിരികെ പോയപ്പോൾ മുരുകദാസ് വാതിൽ ചേർത്തടച്ചു, ലോക്ക് ചെയ്തു. തറയിൽ നിന്നും കാലിൽ തടഞ്ഞ പേപ്പർ കുറിപ്പ് അയാൾ കയ്യിലെടുത്തു.
” മീറ്റ് മി അറ്റ് താജ് ഹെറിറ്റേജ്. അർജന്റ് ബി കെയർഫുൾ. “
ഇത് ആര് കൊണ്ടിട്ടതാകും. ഉടനെ ഇവിടെ നിന്നും ഇറങ്ങണം. പിറകിലെ മതിൽ ചാടി പോകേണ്ടി വരും. മുറിയിലെ ലൈറ്റ് കെടുത്താതെ ഇറങ്ങണം. പിന്തുടർന്നവർക്കു ഒരു സംശയവും കൊടുക്കാൻ ഇടയാകരുത്. അയാൾ കുറെ പ്ലാനുകൾ മനസ്സിൽ തയാറാക്കി.
അയാൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി. തൻ്റെ ചെറിയ ബാഗിൽ അയാൾ സാധനങ്ങൾ കുത്തി നിറച്ചു. ബാഗുമായി പുറത്ത് പോകുന്നത് ആപത്താണ് ആരെങ്കിലും കാണും, ഹോട്ടലുകാർക്ക് സംശയം തോന്നും. അയാൾ ബാഗ് തോളിൽ തൂക്കി. പോക്കറ്റിൽ തോക്ക് തിരുകി വച്ചു. വാതിൽ തുറന്ന് നാലുപാടും നോക്കി. അടുത്തെങ്ങും ആരുമില്ല. ഒന്നാം നില വരെ അയാൾ പടിക്കെട്ടുകൾ ചവിട്ടി ഇറങ്ങി. അപരിചിതരായ പുതിയ താമസക്കാരെയാണ് കൂടുതൽ കണ്ടത്.
നേരത്തെ പരിചയപ്പെട്ട ഒരു റൂം ബോയിയെ കണ്ടു. പെട്ടെന്ന് ഒരു ഉപായം തോന്നി. ഒരു നൂറ് രൂപയും ബാഗും കാറിൻ്റെ താക്കോലും നൽകി.
“നീ ഈ ബാഗ് ആരും കാണാതെ കാറിൻ്റെ ഡിക്കിയിൽ വയ്ക്കൂ. “
“സാർ വെക്കേറ്റ് ചെയ്തോ. “
“ഇല്ലടാ ഒരാഴ്ച കൂടി കാണും. ഇവിടെ കുറച്ച് ജോലി കൂടി ബാക്കിയുണ്ട്, അതിനിടയിൽ ഒരു വള്ളിക്കെട്ട്. “
അവൻ തിരികെ വരുന്നത് വരെ മുരുകദാസ് ഒളിച്ച് നിന്നു. അവൻ മടങ്ങി വന്ന് താക്കോൽ നീട്ടി.
“എനിക്ക് ഇവിടെ നിന്നും ആരും കാണാതെ പുറത്തു കടക്കണം. എന്നെ പൊക്കാൻ ഒരു ടീം റോഡിലുണ്ട്. “
പോക്കറ്റിൽ നിന്നും നൂറിൻ്റെ രണ്ട് നോട്ടുകൾ നീട്ടി. അവൻ ഒന്ന് പകച്ച് നോക്കി. നിന്നയിടത്ത് നിന്നും അവൻ അനങ്ങിയില്ല. രണ്ട് നോട്ടുകൾ കൂടി എടുത്തു.
അവൻ മുരുകദാസിൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
“വേഗം വാ. സാറിന് ചാടാൻ പറ്റുമോ?. “
അവൻ വരാന്തയുടെ അങ്ങേ അറ്റത്തുള്ള റൂമിൽ കയറി.
“ഇവിടെ ഒരു ഫയർ എക്സിറ്റ് ഉണ്ട്. ഇത് വഴി ചാടിയാൽ ഹോട്ടലിൻ്റെ പിറകിൽ എത്താം. “
മുരുകദാസ് അവന് നേരെ കൈനീട്ടി.
“മടങ്ങി വരുമ്പോൾ നിന്നെ പ്രത്യേകം ഞാൻ കാണുന്നുണ്ട്. “
അയാൾ ചാടാനായി വിൻഡോ തുറന്നു.
“നിൽക്ക് നിൽക്ക്…. ഞാൻ താഴെ പോയി ആരെങ്കിലും ഉണ്ടോയെന്ന് നോക്കി സിഗ്നൽ തരാം. അല്ലെങ്കിൽ എൻ്റെ പണി പോകും. “
അവൻ റൂമിൻ്റെ ഡോർ വലിച്ചടച്ചും കൊണ്ട് താഴേക്ക് പടികളിറങ്ങി.
അവൻ പോയിട്ട് പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. അയാൾക്ക് ക്ഷമ കെട്ടു. ചൂടും ഇരുട്ടും നിറഞ്ഞ മുറിയിലെ ആവിപുഴുക്കം സഹിക്കാൻ വയ്യ.
“അവനെവിടെ പോയി. “
താഴെ നിന്നും ചെറിയൊരു ശബ്ദം കേട്ടു. ഒരു ചെറിയ കൂവൽ മാതിരി നേരിയ ശബ്ദം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആ ശബ്ദം ആവർത്തിച്ചു. തനിക്ക് താഴേക്ക് ചാടാനുള്ള സമയമായി എന്നയാൾ ഊഹിച്ചു.
എന്താണ് തൊട്ട് മുന്നിൽ കാത്തിരിക്കുന്നതെന്ന് അറിയില്ല. എന്തായാലും നേരിട്ടേ പറ്റൂ. ഒട്ടും വൈകിയില്ല, അയാൾ താഴേക്ക് ചാടി.
നിലത്ത് വീണു. തപ്പി തടഞ്ഞ് എഴുന്നേറ്റു. ആരോ അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
“സാറേ മുൻവശത്ത് ഒരു പോലീസ് ജീപ്പ് കിടക്കുന്നു. രക്ഷപെടണേൽ ഈ മതിൽ ചാടി പോകണം. പിടിച്ചാൽ എൻ്റെ പേര് പറയരുത്. വെറും അഞ്ഞൂറ് രൂപയാണ് ഞാൻ വാങ്ങിയത്. “
അവൻ അയാളുടെ ഷർട്ടിലെ പൊടി തട്ടി കൊടുത്തു.
” സാറിനി വേഗം പൊയ്ക്കോ. “
അയാൾ അവൻ കാട്ടി കൊടുത്ത പാറക്കല്ലിൽ ചവിട്ടി മതിലിന് മുകളിൽ കയറി.
“ഇവിടെ ക്യാമറ ഇല്ല. ഞങ്ങൾ സ്ഥിരം ആളുകളെ കൊണ്ട് വരുന്ന വഴിയാണ്. “
“പെണ്ണുങ്ങൾ??”
അവൻ അതേയെന്ന് തലയാട്ടി.
“മുതലാളി അറിഞ്ഞുള്ള സെറ്റപ്പാണ് സർ. “
അവൻ്റെ സഹായത്തോടെ മതിൽ ചാടി. ഭാഗ്യത്തിന് വീഴാതെ റോഡിലിറങ്ങാൻ കഴിഞ്ഞു. ഒന്നും അറിയാത്ത പോലെ റോഡിലൂടെ നടന്ന് അയാൾ ആൾക്കൂട്ടത്തിൽ കലർന്നു.
താജ് ഹെറിറ്റേജിൽ പോകണം. അടുത്ത നിർദ്ദേശം അവിടെ നിന്നും ലഭിക്കണം.
ഒരു ഊബർ ടാക്സി വിളിച്ചു. ഹോട്ടലിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ. ഒട്ടും സുരക്ഷിതമല്ലാത്തത് കൊണ്ട് ടാക്സി തന്നെ ശരണം.
ഹോട്ടലിൻ്റെ ലോബിയിൽ ഇരിക്കുമ്പോൾ റൂം നമ്പർ എന്തായിരിക്കുമെന്ന് ആലോചിച്ചു. റിസപ്ഷനിൽ തിരക്കിയാൽ ഒരു പക്ഷേ റൂം നമ്പർ അറിയാൻ കഴിയും. ഒരു പക്ഷേ കള്ള പേരിലാണ് അവിടെ താമസിക്കുന്നതെങ്കിൽ.. എന്ത് ചെയ്യും. ?”
ആ പേപ്പർ പോക്കറ്റിൽ നിന്നും എടുത്തു നോക്കി. അതിൽ “അർജൻ്റ് ബി കെയർഫുൾ” എന്നത് ചുവന്ന മഷി കൊണ്ട് അടിവരയിട്ടിരിക്കുന്നു.
“UBC”
ഏയ് അങ്ങനെ ആയിരിക്കില്ല.
“A B C”
ഒന്നാമത്തെ അക്ഷരം, രണ്ടാമത്തെ അക്ഷരം, മൂന്നാമത്തെ അക്ഷരം.
“ഇനി റൂം നമ്പർ 123 ആകുമോ?”
ആരോൺ സാറ് പലതരത്തിലുള്ള കോഡിംഗ് പഠിപ്പിച്ചിട്ടുണ്ട്. സോഫയിൽ നിന്നും എഴുന്നേറ്റു റിസപ്ഷനിലേക്ക് നടന്നു
“റൂം നമ്പർ 123, ഒരു വിസിറ്റർ ഉണ്ട്. “
“സർ വെയിറ്റ് ചെയ്യൂ. ഞങ്ങൾ ഒന്ന് വിളിച്ചു റൂമിൽ നിന്നും അനുവാദം വാങ്ങട്ടെ. സാറിൻ്റെ പേരെന്താണ്. “
“വെട്രിവേൽ മുരുകൻ. “
“മാഡം ചെല്ലാൻ ആവശ്യപ്പെട്ടു. “
ഫോൺ വിളിച്ച് പെർമിഷൻ വാങ്ങിയ ശേഷം മുരുകദാസിനെ അവർ മുകളിലേക്ക് കടത്തി വിട്ടു.
അയാൾ മുറിയുടെ മുന്നിൽ ആശങ്കയോടെ നിന്നു. ക്യാമറയിൽ നിന്നും മുഖം മറച്ചു. അയാൾ ഢോർ ബെല്ലടിച്ചു.
രണ്ട് മിനിട്ടിൽ വാതിൽ തുറന്നു. ഒരു സ്ത്രീ വാതിൽ തുറന്നു മുരുകദാസിനെ വലിച്ചകത്തേയ്ക്കിട്ടു.
മുരുകദാസ് അവരെ അടിമുടി നോക്കി. ഒരിയ്ക്കലേ നേരിട്ട് കണ്ടിട്ടുള്ളൂ. ശബ്ദം വളരെ പരിചിതമാണ്. എല്ലാ നിർദ്ദേശങ്ങളും ഫോൺ വഴിയാണ് നൽകുന്നത്.
അയാൾ ഒരു നിമിഷം അവരെ നോക്കി ഇരുന്നു പോയി. സ്വർണ്ണ നിറത്തിലുള്ള ശരീരത്തോട് യോജിക്കുന്ന, നിറം മാറ്റിയ മുടിയിഴകൾ സുന്ദരമായ മുഖത്തേക്ക് വീണ് കിടക്കുന്നു. മുട്ടു വരെയെത്തുന്ന നേരിയ വെളുത്ത ഫ്രോക്ക്. അതിൻ്റെ ഇറങ്ങിയ കഴുത്തിലൂടെ വ്യക്തമാക്കുന്ന ക്ലീവേജ്. അത് കണ്ടപ്പോൾ തനിക്ക് ഒരു വീർപ്പ് മുട്ടലുണ്ടാകുന്നതറിഞ്ഞ് മുരുകദാസ് ചാടി എഴുന്നേറ്റു.
“ഇരിക്കൂ വെട്രിവേൽ. “
അവരുടെ ചുവന്ന ചുണ്ടുകൾ പിറുപിറുത്തു. മുല്ലപ്പൂ പോലെയുള്ള പല്ലുകൾ കാട്ടി അവർ ചിരിച്ചു.
തൻ്റെ നനുത്ത കരങ്ങൾ കൊണ്ട് അവർ അയാളെ സോഫയിൽ ഇരുത്തി. അയാൾ വിയർത്തൊഴുകുന്നത് കണ്ടവർ ഏ സിയുടെ തണുപ്പ് കൂട്ടി. അവരുടെ മാസ്മരിക ഗന്ധം മുറിയിൽ നിറഞ്ഞു. അയാൾക്ക് വീണ്ടും ശ്വാസം മുട്ടി.
(തുടരും…. )
✍️✍️നിഷ പിള്ള

