“ശ്യാമ, എന്താ ചിന്തിക്കുന്നത്? വീണ്ടും ഒരു വിവാഹ പരീക്ഷണം ആവശ്യമുണ്ടോ എന്നാണോ?”
”അതെ”, എന്നവൾ തലയാട്ടി.
പതിയെ ചിരിച്ചിട്ടയാൾ ദൂരെ മേഘക്കുഞ്ഞുങ്ങൾ മത്സരിച്ച് കുന്നിറങ്ങുന്നതു നോക്കി നിശ്ശബ്ദനായിരുന്നു. റിസോർട്ടിൻ്റെ നിമ്നോന്നതങ്ങളിൽ എവിടെയോ നിന്ന് മൂന്ന് ജോഡി കണ്ണുകൾ തങ്ങളുടെ ഓരോ നീക്കവും സ്കാൻ ചെയ്യുന്നുണ്ടാവും എന്നോർത്തവൾ അസ്വസ്ഥയായി.. ഇതും ശരിയായില്ലെങ്കിൽ, മോഹനേട്ടനും ബാലുവും മുഷിയുമെന്നുറപ്പാണ്. ഷൈലേച്ചി ഒന്നും പറയില്ല. നീരസമുണ്ടാകും. ചാടിയെഴുന്നേറ്റ് ചെന്ന് അവരോടെല്ലാം “എനിക്കൊരുത്തനേം കെട്ടണ്ടാ. ആവശ്യത്തിലേറെ പണവും നല്ല ആരോഗ്യവുമുണ്ട്. എനിക്കിഷ്ടമുള്ളതു പോലെ ജീവിച്ചോളാം “എന്നു വിളിച്ചു പറയാൻ മനസ്സു വെമ്പി.
“ശ്യാമയ്ക്ക് സന്തോഷം തരുന്നതെന്താണ്?
അഞ്ചു മിനിറ്റെങ്കിലും പിന്നിട്ട കൂടിക്കാഴ്ചയിൽ ആദ്യമായി ആ കണ്ണുകളിലേക്കവളെ ഉയർത്തി ദേവൻ്റെ ചോദ്യം. !
” അഡ്വെഞ്ചർ ”
“ഒരു സെക്കൻ്റ് മാര്യേജ് തീരെ ആഗ്രഹിക്കുന്നില്ല അല്ലേ?”
ഭർത്താവും മരിച്ച് 43-ാം വയസ്സിൽ നിൽക്കുന്ന ഒരുവൾക്ക് സാഹസികതയാണിഷ്ടം എന്ന് അംഗീകരിക്കാൻ മിക്ക പുരുഷന്മാർക്കും ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കൾ കൊണ്ടു വന്ന ആലോചനകളിൽ, ആരുമിന്നോളം തൻ്റെ സന്തോഷം തിരഞ്ഞിട്ടില്ലെന്ന ഓർമ്മയിൽ, അവൾ അയാളെ നോക്കി മെല്ലെ ചിരിച്ചു.
“സത്യമാണ് പറഞ്ഞത്. സാഹസികതയാണെനിക്കിഷ്ടം. ദേവനെ ഒഴിവാക്കാൻ വേണ്ടി വെറുതെ പറഞ്ഞതല്ല ”
” Interesting ! വിശദമായി പറയൂ. ” ചിരിയോടയാൾ മുന്നോട്ടാഞ്ഞിരുന്നു.
” മനസ്സു കൊതിച്ചതൊന്നും 43 വയസ്സു വരെ ചെയ്യാനാകാത്ത ഒരുവൾ! മറ്റൊരു tag line ഉം ഇല്ല. ”
ഇനി ദേവനെക്കുറിച്ചറിയട്ടെ. widower, MNC കൾ സേവനം കാത്ത് നിൽക്കുന്ന കൺസൾട്ടൻറ്. ഇത്രേ ബാലു പറഞ്ഞുള്ളു.
“ഇതൊന്നുമല്ല ശ്യാമ അറിയേണ്ടത്. ആദ്യ വിവാഹത്തിൽ, എന്നെത്തന്നെ തോൽപ്പിച്ചു കളഞ്ഞവനാണ്. രണ്ടു മക്കളെ വളർത്തുന്ന ഭാരമൊഴികെ ഭാര്യക്കായി ഒന്നും നൽകാത്തവൻ ! നല്ലൊരു പുഞ്ചിരി പോലും !”
തെല്ലൊരാത്മ നിന്ദയോടയാൾ ദൂരേക്ക് നോക്കിയിരുന്നു.
“ഞാനെൻ്റെ കരിയറിനു പിന്നാലെ പാഞ്ഞു. കേതകി എനിക്കും മക്കൾക്കും വേണ്ടി വലഞ്ഞു ”
“കേതകി നല്ല പേര് ”
“ങും, വഡോദരക്കാരി, ഗെയ്ക് വാദ് “
ഗയ്ക് വാദ്? രാജകുമാരി?
“ങാ, അവിടത്തെ മോശമല്ലാത്ത ഒരു രാജകുടുംബത്തിലെ അംഗമാണ് ”
” എവിടുന്നു കിട്ടി ആളെ ?പറയൂ…”
ഉത്സാഹത്തോടവൾ അവൻ്റ കണ്ണുകളിൽ നോട്ടം ഉറപ്പിച്ചു.
കാൺപൂർ ഐ ഐ ടി യിൽ തൻ്റെ സഹപാഠിയായിരുന്ന രാജകുമാരൻ, രഞ്ജിത് റാവു ഗെയ്ക്വാദിനൊപ്പം അവധിക്കാലം ചെലവഴിക്കാൻ. അവരുടെ കൊട്ടാരത്തിൽ പോയതും എന്തോ കണ്ടിട്ട്, അല്ലെങ്കിൽ ഒന്നും കാണാതെ കേതകി തന്നെക്കയറി അന്ധമായി പ്രണയിച്ചതും, പട വെട്ടി സ്വന്തമാക്കിയതും അയാൾ ചുരുക്കി പറഞ്ഞു.
പിന്നീടുള്ളവ പറയാൻ ലജ്ജയുണ്ട്. ബറോഡയിൽ രാജകീയ പ്രൗഢിയിൽ ജീവിച്ചിരുന്ന കേതകി തനിക്കൊപ്പം പല രാജ്യങ്ങളിലേക്ക് ജീവിതം മാറ്റി. ആവശ്യങ്ങളോ പരാതികളോ ഇല്ല. ഇരട്ടക്കുട്ടികളായ നീരവും, മാധവും വളരുന്നതൊന്നും താൻ അനുഭവിച്ചറിഞ്ഞിട്ടേയില്ല.
കേതകിക്ക് ലിവർ സിറോസിസ് പിടിപെടുമ്പോൾ മക്കൾ രണ്ടാളും കോളേജിൽ എത്തിയിട്ടേ ഉള്ളൂ. ഔദ്യോഗിക യാത്രയിലായിരുന്ന താൻ മടങ്ങിയെത്തുമ്പോഴേക്കും അവളുടെ ബാബയും ആയിയും ഇളയ സഹോദരൻ, സിയാറാമും വീട്ടിലുണ്ട്. കേതകിയെ യു. എസിൽ ചികിത്സക്ക് കൊണ്ടുപോകാൻ രണ്ടു ദിവസം ബാക്കി. മക്കൾ രണ്ടും വഡോദരക്കു പോയിക്കഴിഞ്ഞു. സുഖമില്ല എന്നതിനപ്പുറം യാതൊരു അപ്ഡേറ്റ്സും അവൾ തന്നിരുന്നില്ല. താൻ അന്വേഷിച്ചിരുന്നില്ല എന്നും പറയാം. സ്വന്തം വീട്ടിൽ എത്ര മാത്രം അന്യനാണെന്ന് അന്നാണറിഞ്ഞത്. ഒന്നും ചോദിക്കാനാവാത്ത അവസ്ഥ! യാത്ര കഴിഞ്ഞെത്തുമ്പോൾ പരിഭ്രമിച്ച് ഓടി നടന്നു തൻ്റെ ഹിതങ്ങൾ മണത്തറിഞ്ഞ് നടപ്പാക്കുന്ന കേതകി, കസേരയിൽ പുഞ്ചിരിയോടെ ഉറച്ചിരിക്കുന്നു, പഴയ കേതകി രാജെ ഗെയ്ക്വാദായി! തൻ്റെ കൈ പിടിച്ച ശേഷം അവളൊരു രാജകുമാരിയാണെന്നു ആദ്യമായി തോന്നിയത് അന്നാണ്. ആ പുഞ്ചിരിയും, രോഗത്തോടു പോലുമുള്ള കൂസലില്ലായ്മയും താനിന്നോളം നൽകിയ അവഗണനക്കുള്ള മറുപടി ആണെന്നോർത്തപ്പോൾ തകർന്നു പോയി. സിയാറാം മാത്രം എന്തൊക്കെയോ മനസ്സിലാക്കിയ മട്ടിൽ നേരിയൊരു പുച്ഛമോ, അകൽച്ചയോ പാലിച്ചു. അവളുടെ ബാബയും ആയിയും തന്നെ ആശ്വസിപ്പിച്ചും മകളെ പൊന്നു പോലെ നോക്കുന്നതിന് നന്ദി പറഞ്ഞും ധർമ്മ സങ്കടത്തിലാക്കി. കൂടെ ചെല്ലാൻ താൻ തയ്യാറായെങ്കിലും ജോലികൾ നടക്കട്ടെ, പതിയെ വന്നാൽ മതി എന്ന് ബാബ പറഞ്ഞപ്പോൾ, അവർക്കിടയിലേക്ക് നൂണ്ടു കയറാനുള്ള വഴിയറിയാതെ കുഴങ്ങി.
എയർ പോർട്ടിൽ നിന്നു മടങ്ങുമ്പോൾ, കേതകി തന്നിലേക്കിനി മടങ്ങില്ല എന്നു തിരിച്ചറിഞ്ഞിരുന്നു.
“മക്കൾ?”
“മിടുക്കരായിരിക്കുന്നു. വളരെ പെട്ടന്ന് അവർ രാജകീയ ജീവിതം ശീലിച്ചു.
കേതകി പോയിട്ടിപ്പോൾ രണ്ടു വർഷമാകുന്നു. അവസാനം കാണാൻ ചെന്നപ്പോൾ, അവളൊരു പുസ്തകം തന്നിട്ടു പറഞ്ഞു.
just move on Dev … ! പഴയൊരു Best Seller ആണ് – ‘Who moved my cheese ?’
“ശ്യാമ അത് വായിച്ചിട്ടുണ്ടോ?”
“സ്പെൻസർ ജോൺസണിൻ്റെ എലിക്കഥയല്ലേ? പണ്ട് വായിച്ചതാണ്. എല്ലാ സുഖാനുഭവങ്ങളും തടസ്സമില്ലാതെ കിട്ടിക്കൊണ്ടിരിക്കുമെന്ന് ധരിക്കുകയും, ഭംഗപ്പെടുമ്പോൾ അസ്വസ്ഥരാകുകയും പുതിയവ തേടിപ്പിടിക്കാൻ മടിക്കുകയും ചെയ്യുന്ന മനുഷ്യ സ്വഭാവത്തെക്കുറിച്ചല്ലേ? ”
“ അതെ. കേതകി അതാണ് പറയാനാഗ്രഹിച്ചത്. അവൾ വഴിയുള്ള സുഖാനുഭവങ്ങൾ അവസാനിച്ചു. മുന്നോട്ടു പോകൂ എന്ന്. അത്തവണ മാത്രമാണ് അവൾ, ഞങ്ങൾ മാത്രമായിരിക്കുമ്പോഴും ഇഷ്ടത്തോടെ പെരുമാറിയത്. എൻ്റെ കാലു പിടിത്തവും, മാപ്പിരക്കലും അവഗണിച്ചെങ്കിലും, മൂന്നു വർഷത്തെ ഏകാന്ത ജീവിതം അവശനാക്കിയതു കണ്ടുള്ള വിഷമമാകാം, അവളെ മയപ്പെടുത്തിയത്. അവളുടെ നാളുകൾ എണ്ണപ്പെട്ടു എന്ന തോന്നൽ കൊണ്ടുമാകാം. “
” ദേവനെങ്ങനെയാണ് കേതകിയോടും മക്കളോടും ഇത്ര ക്രൂരനാകാൻ കഴിഞ്ഞത്?”
“അഹങ്കരിച്ചു പോയി, അതാണു സത്യം. ദാരിദ്ര്യം, മറ്റുള്ളവരെ ആശ്രയിച്ച ജീവിതം, അമ്മയുടെ നിസ്സഹായത, പിതൃത്വത്തെ കുറിച്ചുള്ള അടക്കം പറച്ചിലുകൾ, ഇതിനെയെല്ലാം കവച്ചു വെച്ച പഠന മികവ്, പ്രീമിയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ നേരിട്ട അപകർഷത, അതിനിടയിൽ എങ്ങനെയോ റഞ്ജിത് റാം ഗയ്ക്വാദിനു തോന്നിയ ചങ്ങാത്തം, സ്വപ്നം പോലെ കയ്യിൽ വന്നു വീണ കേതകി, അതോടെ വന്ന പ്രൗഢി, സ്വപ്നം കാണാനാകാത്ത സുഖസൗകര്യങ്ങൾ, വലിയ ജോലി, കുടുംബത്തിനായി ഒന്നും സമ്പാദിച്ചു കൊടുക്കണ്ട എന്ന അവസ്ഥ, എല്ലാം കൂടി ഈ ചെറിയ മനുഷ്യനെ സ്വാർത്ഥനും, ഉന്മത്തനുമാക്കിക്കളഞ്ഞു. അവൾ വിട്ടുപോയപ്പോഴാണ് എല്ലാം ബോധ്യമായത്. ”
“ശ്യാമയുടെ partner ഇതു പോലെ ആയിരുന്നോ?”
“ഇതിലും മോശമായിരുന്നു. ബാല്യത്തിൽ ട്രോമക്കൊന്നും സാധ്യതയില്ലാത്ത ഭദ്രമായ കുടുംബത്തിൽ നിന്നായിരുന്നു. പക്ഷേ, സ്വാർത്ഥത, മദ്യപാനം, ഔദ്ധത്യം, കലയോടും സാഹിത്യത്തോടും, സ്ത്രീ വർഗത്തോടും പുച്ഛം ഇതെല്ലാം ചേർന്നൊരു പ്രത്യേക സ്പീഷീസായിരുന്നു. അയാളുടെ സ്ത്രീ വിരുദ്ധത കണ്ട് ഏക സഹോദരി, വിവാഹമേ വേണ്ടെന്നു വെച്ചു
“ആക്സിഡൻ്റായിരുന്നു അല്ലേ?”
” ങും, കേന്ദ്ര സർവ്വീസിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗിക യാത്രക്കിടയിലായിരുന്നു അപകടം നാലു ദിവസം കിടന്നു. പിന്നെ ഭാരിച്ച കുടുംബ സ്വത്തും സർവീസ് ആനുകൂല്യങ്ങളും തന്ന് കടന്നു പോയി. ആദ്യം അതൊന്നും സ്വീകരിക്കണ്ടെന്നു തോന്നി. പിന്നെ അയാളുടെ സിസ്റ്റർ പറഞ്ഞു, ചെയ്ത ജോലിക്കും, സഹിച്ച പീഡനങ്ങൾക്കും വേതനമായോ, കോമ്പൻസേഷനായോ കണ്ടാൽ മതിയെന്ന്. അല്ലെങ്കിൽ ഞാൻ സ്വന്തം വീട്ടുകാരെ ആശ്രയിക്കണം, ഒരു ജോലിയൊക്കെ തപ്പിയെടുക്കും വരെയെങ്കിലും. അവരും നല്ല പുള്ളികളൊന്നുമല്ല
ദേവൻ പതിയെ ചിരിച്ചു.
“കള്ളമല്ല. സ്വാതന്ത്യമേ തന്നിട്ടില്ല പഠിപ്പിച്ചു. അത്ര മാത്രം MA വരെ, ഏഴു കൊല്ലം ! ഒരു കോളേജ് ഡേ സെലിബ്രേഷൻ കണ്ടിട്ടില്ല. വൈകിട്ടുള്ള പരിപാടികൾക്ക് വിടില്ല. സുഹൃത്തുക്കളുടെ വീട്ടിൽ വിട്ടിട്ടില്ല. സിനിമയുടെ കാര്യം മിണ്ടുകേ വേണ്ട. ആർട്ട്സ് ഫെസ്റ്റിവൽ, സ്പോർട്ട്സ് ഡേ എല്ലാം വീട്ടീന്ന് അഴിച്ചു വിട്ടിരിക്കുന്നവർക്കുള്ളതാണ് എന്നാണ്, വിദ്യാസമ്പന്നരായ മാതാപിതാക്കൾ പറഞ്ഞിരുന്നത്. ഏക ആശ്വാസം വായിക്കാൻ പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആർമി ഓഫീസറാകാനായിരുന്നു ഇഷ്ടം. മരം കയറാനും, തൊട്ടടുത്തുള്ള പുഴയിൽ നീന്താനും പന്തു കളിക്കാനും വിടാത്തവരാണ് പട്ടാളത്തിൽ വിടുന്നത്!
ഇപ്പോൾ തന്നെ നോക്കൂ, ഇത്രയൊക്കെ 43 കൊല്ലം അനുഭവിച്ചവളാണ്. ഇഷ്ടത്തിനു ജീവിച്ചോട്ടേ, എന്നു വെക്കാൻ എൻ്റെ ഈ രണ്ടു സഹോദരന്മാർക്കോ കുടുംബത്തിനോ കഴിയുന്നുണ്ടോ? അവൾ നിരാശയോടെ തലകുലുക്കി.
ഇനിയെങ്കിലും അല്പം സാഹസികമായി ജീവിക്കണംദേവൻ എനിക്ക് 12 വയസ്സുള്ളപ്പോൾ അച്ഛൻ ജീപ്പ് മറിഞ്ഞ്, ഒടിവും ചതവുമായി 12 ദിവസം ആശുപത്രിയിലായി. അമ്മയും, ബന്ധുക്കളുമെല്ലാം അച്ഛനൊപ്പമായിരുന്നു. ആകെ ജീവിതത്തിൽ ഹിതത്തിനു ജീവിച്ച ദിവസങ്ങൾ അതാണ്. വീട്ടിലെ സഹായികളുടെ മക്കൾക്കൊപ്പം മരം കയറിയും, പട്ടം പറഞ്ഞിയും, പുഴയിൽ ചാടിയും… ആവേശം കൊണ്ടവൾക്കു ശ്വാസം മുട്ടി.
“പോയാലോ ഒന്നിച്ചൊരു adventure trip?” അയാൾ ചോദിച്ചു
“ഞാനേതായാലും വർക്കിൽ നിന്നൊരു break എടുത്തിരിക്കുകാണ് ട്രെക്കിങ്ങ്, ബങ്കീ ജമ്പിങ്ങ്, സ്കൂബാ ഡൈവിങ്ങ് സ്നോർക്കലിങ്ങ്, കയാക്കിങ്ങ്, പാരാസെയ്ലിങ്ങ്, പാരാ ഗ്ലൈഡിങ്ങ് എന്തു വേണം ശ്യാമക്ക്, ഏതു സ്പോട്ടിൽ വേണം പറയൂ, കൊണ്ടുപോകാം “അയാൾ ആവേശ ഭരിതനായി.
അല്പനേരം അയാളെത്തന്നെ നോക്കിയിരുന്നിട്ടവൾ പറഞ്ഞു,
“പോകാം. പക്ഷേ, നമ്മൾ ശ്യാമയും ദേവനുമെന്ന രണ്ടു സുഹൃത്തുക്കളായിട്ടാവും പോവുക. മറ്റൊന്നു കൂടി ഈ യാത്രയുടെ മുഴുവൻ എക്സ്പെൻസും മീറ്റ് ചെയ്യുന്നത് ഞാനായിരിക്കും”
ദേവൻ്റെ മുഖം പെട്ടന്നൊന്നു മങ്ങി.
“അങ്ങനെയെങ്കിൽ എക്സ്പെൻസ് ഷെയർ ചെയ്യുകയല്ലേ വേണ്ടത്. ?”
“അതെ. പക്ഷേ, ഇത് തീർത്തും എനിക്കു വേണ്ടിയാണ്. ദേവനും ഈ യാത്ര ആവശ്യമായിരുന്നു എന്നു പിന്നീട് തോന്നിയാൽ അതോലോ ചിക്കാം. പതിയെ അയാൾ വലതു കൈ അവൾക്കു നേരേ നീട്ടി. അയാളുടെ കൈവെള്ളയിൽ ശക്തിയോടെ അടിച്ചിട്ടവൾ പറഞ്ഞു.
“ഡീൽ ”
“മോഹനും ബാലുവും സമ്മതിക്കുമോ?”
“തീർച്ചയായും . സമ്മതം ഔദാര്യമാകുന്നത് ചോദിക്കുന്നവൻ ഭീരുവാകുമ്പോഴാണ്. ദേവനറിയാമോ, എൻ്റെ പങ്കാളി, എന്നെ ചവിട്ടിത്തേച്ചു കൊണ്ടിരുന്നപ്പോൾ, ഇവരുടെയൊക്കെ കാലു പിടിച്ചിട്ടുണ്ട്. ഇപ്പോ പാവം കളിച്ചിരിക്കുന്ന ഷൈലേച്ചിയുണ്ടല്ലോ, മോഹനേട്ടൻ്റെ ഭാര്യ! അവരുടെ ബന്ധുവായിരുന്നു അയാൾ. ആ ഒറ്റക്കാരണം കൊണ്ടാണ് മോഹനേട്ടൻ ബന്ധം പിരിയാൻ അനുവദിക്കാതിരുന്നത്. അത്യാവശ്യം കുടുംബ സ്വത്ത് എനിക്കുമുണ്ട്. പിടിച്ചു നിർത്താൻ ഒരു കുഞ്ഞു പോലും ആ ബന്ധത്തിലില്ല, എന്നിട്ടും. ഒടുവിൽ ഞാനതിൽ നിന്ന് ഇറങ്ങിപ്പോരാൻ കരുത്തു നേടി വന്നപ്പോഴേക്കും അയാൾ പോയി. എന്തായാലും ഇവരെ ഒന്നു ഞെട്ടിക്കണമെനിക്ക് “
” ഇപ്പോ തന്നെ ഒന്നു ഞെട്ടിച്ചാലോ? ഒരു കർട്ടൻ റെയ്സർ !”
അയാൾ പെട്ടന്ന് ചോദിച്ചു.
“എങ്ങനെ?”
“ആ പൂളിൻ്റെ മറുവശത്താണ് എൻ്റെ വണ്ടി പാർക്ക് ചെയ്തിരിക്കുന്നത്. നമ്മൾ പതിയെഎഴുന്നേറ്റ് റിസപ്ഷനു നേരേ നടക്കുന്നു. അവിടെത്തുമ്പോൾ, ഇടത്തേക്ക് കുതിച്ച്, വണ്ടിയിൽ കയറി just ഒരു drive പോയി മടങ്ങുന്നു. ശ്യാമക്ക് ഓടാനാവുമോ?
“പിന്നേ, ഞാനോടും”
അവൾ ആവേശഭരിതയായി. ദേവനൊപ്പം ഓടി വണ്ടിയിൽ കയറുമ്പോൾ, പിന്നിൽ ബാലുവിൻ്റ പരിഭ്രമിച്ച ശബ്ദം!
“ദേവൻ, എന്തായിത്? ശ്യാമേച്ചി എവിടെ പോകുന്നു?”
വണ്ടി കുതിക്കുമ്പോൾ, അവൾ ശ്വാസം കിട്ടാതെ കുനിഞ്ഞിരുന്നു ചിരിച്ചു.
“മോഹനേട്ടനേം ഷൈലേച്ചിയേം ഇപ്പോ ഒന്നു കാണണം ! ശ്ശോ, രണ്ടും ഓടിയിരച്ചു വന്നപ്പോ നമ്മളില്ല ”
“തന്നെ തട്ടിക്കൊണ്ടു പോയതിന് അകത്താകുമോ? “
“ആയാൽ കുറച്ചു ദിവസം കിടക്കണം. നമ്മുടെ യാത്ര കുറച്ചൊന്നു നീട്ടിവെക്കണമെന്നല്ലേയുള്ളൂ. ”
അയാൾക്കു ചിരി വന്നു.
വണ്ടി റിസോർട്ടിൻ്റ വന്യ പ്രകൃതിയിൽ നിന്നിറങ്ങി സമതലങ്ങൾ താണ്ടി ഓടിക്കൊണ്ടിരുന്നു. പെട്ടന്നവൾ വണ്ടി നിർത്ത്, നിർത്ത് ! എന്ന് ഒച്ചയിട്ടു. കാര്യമറിയാതെ അയാൾ ബ്രേക്കമർത്തി. അവൾ, ഇറങ്ങിയൊരോട്ടം. മൂന്നാലു കുട്ടികൾ ചുറ്റിലും നിൽക്കുന്ന ഒരൂഞ്ഞാലിനു മുന്നിൽ ചെന്നവൾ കിതച്ചു നിന്നു. ദേവൻ നടന്നെത്തുമ്പോഴേക്കും, ആള് ഊഞ്ഞാലിലായിക്കഴിഞ്ഞു. കുട്ടികൾ ആഹ്ലാദത്തോടെ ഉണ്ടലിടുന്നു. ദേവൻ പതിയെ വന്ന് കുട്ടികളുടെ ജോലി ഏറ്റെടുത്തു. ഊഞ്ഞാലിൻ്റെ ആയമൊന്നിടിഞ്ഞയുടൻ ഞെട്ടിച്ചു കൊണ്ട് ശ്യാമ അതിലെഴുന്നേറ്റു നിന്നു. ദേവൻ ഭയന്നു പോയി. ആയം കൂട്ടാൻ, കൊച്ചു കുട്ടിയെ പോലവൾ ബഹളം കൂട്ടി. മുന്നിലെ കിളിച്ചുണ്ടൻ മാവിൻ്റെ താഴ്ന്ന കൊമ്പിൽ നിന്നൊരില കടിച്ചെടുത്ത് വിജിഗീഷുവിനെപ്പോലെ നിൽക്കുന്ന അവളെ കണ്ടയാൾക്ക് ചിരി പൊട്ടി. പെട്ടന്നയാൾ കേതകിയെ ഓർത്തു. നെഞ്ചിലൊരു വിലക്കം! അവൾക്കുള്ളിലും ഉണ്ടായിരുന്നിരിക്കില്ലേ കലപില കൂട്ടിച്ചിരിക്കാൻ കൊതിച്ചൊരു കുഞ്ഞുപെണ്ണ് !
ശ്യാമയുടെ തീരുമാനം എന്തായാലും ഒന്നയാൾക്കുറപ്പായി. താനൊരു പങ്കാളിക്കൊപ്പം നടക്കാൻ പ്രാപ്തനായിരിക്കുന്നു !
ടയറുകൾ ഉരഞ്ഞു നിൽക്കുന്ന ശബ്ദം കേട്ടയാൾ തിരിഞ്ഞു നോക്കി. ഓടിയിറങ്ങി വരുന്ന ബാലുവിനെയും മോഹനെയും നേരിടാനായി ചിരിയോടെ അയാൾ മുന്നോട്ടു നടന്നു.
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


24 Comments
വളരെ നന്നായിട്ടുണ്ട് 👌
സമ്മതം ഔദാര്യമാകുന്നത് ചോദിക്കുന്നവൻ ഭീരുവാകുമ്പോഴാണ്. ഇതാണ് ഹൈലൈറ്റ്. ഒരുപാട് കാര്യങ്ങൾ ലളിതമായി പറഞ്ഞിരിക്കുന്നു. കേതകിക്ക് കൊടുക്കാൻ പറ്റാതെ പോയ സന്തോഷങ്ങൾ ശ്യാമക്ക് കൊടുക്കാൻ ദേവന് കഴിയട്ടെ.
സ്നേഹം ഹരി.❤️❤️
വളരെ നന്നായിട്ടുണ്ട് 👍
“സമ്മതം ഔദാര്യമാകുന്നത് ചോദിക്കുന്നവൻ ഭീരുവാകുമ്പോഴാണ്.” Wow ! Excellent chechi.
Thanks Remya❤️❤️ Hugs.❤️❤️
നമ്മൾ കടന്നു പോകുന്ന കാലഘട്ടത്തിന്റെ വരാൻ പോകുന്ന നാളുകളുടെ നേർക്കാഴ്ച!!!! തന്റെ തെറ്റുകൾ മനസിലാക്കുന്നവർക്ക് ഒരു നല്ല പുലരി കാത്തിരിക്കുന്നുമുണ്ട്…നല്ല കൈയൊതുക്കം ….ഒന്നും പറയാനില്ല ചേച്ചീ …മനോഹരം 💖💖💖💖👌👌👌👌👌
സ്നേഹം ജിനു❤️❤️ വായനക്കും കമൻ്റിനും❤️❤️
കടിഞ്ഞാണില്ലാത്ത കുതിര മോഹിപ്പിക്കുന്ന ഐഡിയ ആണ്. Bold writing. Luv you ചേച്ചീ ❤️❤️❤️
സ്നേഹം സിൽവി❤️❤️ സന്തോഷം❤️❤️🥰
ആദ്യമായി ചേച്ചീടെ ഒരു കഥ വായിച്ചിട്ട് എൻ്റെ കണ്ണു നിറഞ്ഞു. ഒരു പാട് മുഖങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു പോയി, കൂട്ടത്തിൽ എൻ്റെയും… ഇതൊരു വെറും കഥയായിട്ട് തോന്നിയില്ല. നമ്മൾ കടന്നു പോകുന്ന ഈ കാലഘട്ടത്തിൻ്റെ, ഇനി വരാൻ പോകുന്ന നാളുകളുടെ ഒരു നേർക്കാഴ്ചയാണ്. ബന്ധങ്ങളുടെ ഒരു പുനർ വ്യാഖ്യാനം. അങ്ങനെ മാത്രമേ ഇനിയുള്ള കാലത്ത് മുന്നോട്ട് പോകാൻ സാധിക്കൂ..
സ്നേഹം ഇലക്ട. വായനക്കും വിലയിരുത്തലിനും നന്ദി.
🥰 നല്ല എഴുത്ത് ചേച്ചി 👌👌
അവർ സന്തോഷത്തോടെ അടിച്ചു പൊളിച്ചു ജീവിക്കട്ടെ ❤️
സ്നേഹം മോളെ.❤️❤️🥰🥰🥰
സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീയുടെ വിജയം അത് അംഗീകരിക്കുന്ന പങ്കാളിയെ കിട്ടുകയെന്നതാണ്. തന്റെ past-ലെ ന്യൂനതകൾ മനസ്സിലാക്കിയ പുരുഷനുമൊത്തുള്ള രണ്ടാമൂഴം സാഹസികമാക്കിയ നായിക. വായനയിൽ ചോദ്യങ്ങൾ അവശേഷിപ്പിക്കാത്ത പഴുതടച്ച എഴുത്തും ഭാഷയുടെ ഒഴുക്കും തെളിഞ്ഞ പെൺമയുടെ കഥ ഗംഭീരമാക്കി.
Superb 👏
❤️🫂
അവരങ്ങ് പറന്നു നടക്കട്ടെ……. താരേ…… ഗംഭീരം❤️👍
സ്നേഹം ജോയ്സ്. വായിച്ച് എല്ലാവരുടെയും Post കൾക്ക് കമൻ്റ് ചെയ്യുന്ന ആ മനസ്സിന് പ്രത്യേകം നന്ദി.❤️❤️❤️🥰
എനിക്കൊത്തിരി ഇഷ്ട്ടായി ഈ എഴുത്ത്.
സമ്മതം ഔദാര്യമാകുന്നത് ചോദിക്കുന്നവൻ ഭീരുവാകുമ്പോഴാണ്… Excellent
സ്നേഹം നന്ദാ ! വായിക്കാനും കമൻ്റ് ചെയ്യാനും സമയം നീക്കി വെച്ചതിന് പ്രത്യേക സ്നേഹം❤️❤️
സ്നേഹം മിനീ❤️🥰 സന്തോഷം❤️🥰
സന്തോഷം സുമക്കുഞ്ഞേ! സ്നേഹം!❤️❤️🥰
ചില്ലാട്ടവും ബൈക്ക് റേസുമായി ശ്യാമയും ദേവനും അർമാദിക്കട്ടെ! ബാലുവും ഷൈലയുമൊക്കെ മൂക്കത്തു വിരൽ വച്ചങ്ങനെ നിൽക്കട്ടെ.
താരാ സൂപ്പർ👌❤️🥰
സ്നേഹം ഷേർലി.❤️❤️🥰
ഗംഭീരമായ എഴുത്ത്👌🌹
ഇഷ്ടമായിട്ടോ❤️
ദേവനും ശ്യാമയും സാഹസിക ജീവിതവുമായി മുന്നോട്ടു പോകട്ടെ❤️❤️