ആക്സിഡൻ്റ് സീനിലേക്ക് തിരിഞ്ഞ് നോക്കി കൊണ്ട് പോകുമ്പോൾ റോയീടെ മൊബൈൽ ശബ്ദിച്ചു. അല്പം മുന്നേ ബിനോയീടെ ഫോണിലേക്ക് വിളിച്ച അതേ സ്ത്രീ തന്നെയായിരുന്നു.
തീർന്നോടാ അവൻ? വളരെ പതിഞ്ഞ ശബ്ദം ആയിരുന്നെങ്കിലും വാക്കുകളിലെ പക ഭീകരമായിരുന്നു.
ഭയത്തോടേ ആയിരുന്നു റോയീടേ മറുപടി, ഇല്ല മിസ്സായി… മറുപുറത്ത് ഒരു ദീർഘനിശ്വാസം ഉതിർത്ത് കോൾ കട്ടായി.
വീണ്ടും അവൻ്റെ ഫോൺ റിംഗ് ചെയ്തു. റോയീ… എന്താ ഉണ്ടായത് കാര്യം തെളിച്ച് പറയൂ അത്യധികം ഉത്കണ്ഠയോടേ ബിനോയ് ചോദിച്ചു.
അയാളെ തീർക്കാൻ തന്നെയാ പോയത്… പക്ഷേ ജസ്റ്റ് മിസ്സ്!
എങ്ങനെ? കാര്യം തെളിച്ച് പറയ്
കാറ് എടുക്കാൻ വന്നത് കണ്ടാണ് ഞങ്ങൾ ടിപ്പറുമായ് ചെന്നത്, പക്ഷേ അതിനുള്ളിൽ അയാൾ ഉണ്ടായിരുന്നില്ല.
റോയീ… രഘു നിസ്സാരക്കാരനല്ല. അയാളുടെ പവറും സ്വാധീനവും ഒന്നും ഉപയോഗിക്കാതേ നേരിട്ട് എന്നെ തേടി വന്നെങ്കിൽ അയാളുടെ ഗട്സ് നമ്മളൊക്കെ ഊഹിക്കുന്നതിനും പതിന്മടങ്ങ് ഇരട്ടിയാണ്. അത് പറയുമ്പോൾ ബിനോയീടേ മുഖം വലിഞ്ഞ് മുറുകിയിരുന്നു. നമ്മളിനി ഇവിടെ നിൽക്കുന്നത് സെയ്ഫല്ല, കുറച്ച് ദിവസത്തേക്ക് മാറി നിൽക്കാൻ ഒരു സ്ഥലം കണ്ടെത്തണം.
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
കാറിനടുത്തേക്ക് പരിസരവാസികൾ ഓടി കൂടിയിരുന്നു. സൈഡ് ഗ്ലാസ്സ് തകർന്ന് പോയത് കൊണ്ട് തനിക്ക് അത്യാവശ്യമുള്ള സാധനങ്ങൾ തിടുക്കത്തിൽ ബാഗിലാക്കുകയായിരുന്നു രഘുനന്ദൻ. പിസ്റ്റോൾ മറ്റാരും കാണാതേ ബാഗിലൊളിപ്പിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.
സാറിന് വല്ലതും പറ്റിയോ? ഇവിടെ അടുത്ത് തന്നെ ഹോസ്പിറ്റലുണ്ട് ഞാൻ വണ്ടി എടുക്കാം. ഹോട്ടലുടമ രഘുവിൻ്റെ അടുത്ത് വന്ന് ചോദിച്ചു.
താക്കോൽ എടുക്കാൻ മറന്നത് കൊണ്ട് തല നാരിഴയ്ക്ക് രക്ഷപ്പെട്ടതാണ് ഒരു ദീർഘനിശ്വാസം വിട്ടോണ്ട് അയാൾ പറഞ്ഞു. ഹോട്ടലുടമ രഘുവിനേം കൂട്ടി ഫസ്റ്റ് ഫ്ലോറിലുള്ള തൻ്റെ റൂമിലേക്ക് പോയി.
ഒരു കുപ്പി തണുത്ത മിനറൽ വാട്ടർ വായിലേക്ക് ഒഴിച്ചിട്ട് രഘു ചോദിച്ചു ഇവിടെ അടുത്ത് എവിടെയെങ്കിലും റെൻ്റിന് വണ്ടി കിട്ടുമോ? സാറ് അല്പനേരം വിശ്രമിക്ക് ആശ്വസിപ്പിച്ചോണ്ട് അയാൾ പറഞ്ഞു.
രഘു മൊബൈലിലെ ഗ്യാലറിയിൽ നിന്ന് രണ്ട് ഫോട്ടോ എടുത്ത് അയാളുടെ നേരേ നീട്ടി. പരിചയമില്ലെങ്കിലും ആളെ എനിക്കറിയാം, ബൈക്ക് റേസറാണ്. ബിനോയീടെ ചിത്രത്തിൽ നോക്കിയാണ് അയാളത് പറഞ്ഞത്. കൂടുതൽ ഡീറ്റേൽസൊന്നും അറിയില്ല. സാറ് റെസ്റ്റ് എടുക്ക് ഞാനൊന്ന് താഴെ പോയിട്ട് വരാം ഹോട്ടലിൽ തിരക്കൊഴിയുമ്പോൾ ഞാൻ വരാം, അക്കൂടേ പറ്റുമെങ്കിൽ റെൻ്റ് എ കാറും തരപ്പെടുത്താം.
ബെഡ്ഡിൽ കിടന്ന് വേഗത്തിൽ കറങ്ങി കൊണ്ടിരിക്കുന്ന സീലിംഗ് ഫാനിലേക്കാണ് രഘു നോക്കിയതെങ്കിലും അവൻ്റെ മനസ്സ് പായുകയായിരുന്നു പിന്നിലേക്ക്. ബിനോയീയെ അന്വോഷിച്ച് താൻ വന്നതല്ല, വരുത്തിയതാണ് അവരുടെ വലയിലേക്ക്.
അവർ രണ്ട് പേരും വെറും കണ്ണികൾ മാത്രം. ഒരു നെറ്റ് വർക്കിനകത്താണ് താനിപ്പോൾ ചാടിയിരിക്കുന്നത്. എന്തായിരിക്കും അവരുടെ ഉദ്ദേശം? തൻ്റെ ജീവൻ അപായ പെടുത്തുന്നതിലൂടേ അവർ ലക്ഷ്യമെടുന്ന നിഗൂഢതയിലേക്ക് അയാൾ ഊളിയിട്ട് ഇറങ്ങുകയായിരുന്നു.
തിമിംഗലത്തിനെ വലയിട്ട് പിടിക്കാമെന്നത് വെറും വ്യാമോഹമാണ്. പക്ഷേ അത് തെളിയിക്കണമെങ്കിൽ വലയും വല നെയ്തവനേം തിരിച്ചറിയണം. അയാളത് തിരിച്ചറിഞ്ഞാൽ എതിരാളികളുടെ പേര് മാത്രമായിരിക്കും നാമാവശേഷമാവാൻ പോകുന്നത്. അതു കൊണ്ടാവാം അവർ ഇത് വരെ മറഞ്ഞിരുന്ന് കളിക്കുന്നത്!
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
റോയീം ബിനോയീം താമസിക്കുന്ന ആ പഴയ ഗസ്റ്റ് ഹൗസിലേക്ക് വന്ന കാറിൽ നിന്നും ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഇറങ്ങി വന്നു. അവർ വരുന്നതറിഞ്ഞ ബിനോയീം റോയീം കൂടി ഹാളിലേക്ക് ചെന്നു.
രണ്ടിൻ്റേയും മുഖം കണ്ടാലറിയാം പേടിച്ച് വിറളി പിടിച്ചിരിക്കുവാണല്ലേ… പുച്ഛഭാവത്തോടെയാണ് അവളത് ചോദിച്ചത്. ഈ ഗസ്റ്റ് ഹൗസ് കണ്ട് പിടിക്കാൻ രഘുനന്ദൻ തെല്ലൊന്ന് പ്രയാസപ്പെടും.
നിങ്ങൾ കരുതുന്നയാളല്ല രഘു, അയാളോട് കളിക്കാൻ ഇറങ്ങുന്നതിന് മുന്നേ ഒന്ന് കൂടി ആലോചിക്കേണ്ടതായിരുന്നു… റോയീടേ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു.
ചെലക്കാതെടാ നായേ…
അവനെ കൊല്ലാൻ കിട്ടിയ നല്ലൊരവസരം നശിപ്പിച്ച് വന്നേച്ച് ഡയലോഗ് അടിക്കുന്നോ… പറഞ്ഞ് തീർന്നതും അവൾ റോയിടേ കരണം പൊത്തി ആഞ്ഞടിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായ അടി കൊണ്ട റോയി ഒന്ന് വേച്ച് പോയി. വീഴാൻ പോയ റോയീയെ ബിനോയ് കയറിപ്പിടിച്ചു. അവൻ്റെ കൈ തട്ടി മാറ്റി കൊണ്ട് റോയി അവൾക്ക് നേരേ കുതിച്ചു.
പക്ഷേ ആ നീക്കം മുന്നിൽ കണ്ട അവൾ തൻ്റെ ഇടത്തേ കൈ കൊണ്ട് ഞൊടിയിടയിൽ റോയീടേ കഴുത്തിന് പിടി മുറുക്കി അവനെ ഭിത്തിയോട് ചേർത്ത് നിർത്തി.
ഇതിനിടയിൽ അവളുടെ വലത്തേ കൈകളിലേക്ക് കൂടേ വന്ന ഒരുവൻ റിവോൾവറും വെച്ച് നീട്ടിയിരുന്നു. ഞടുക്കത്തോടേ ഈ കാഴ്ചയെല്ലാം കണ്ട് സ്തബ്ധനായ് നിൽക്കാനേ ബിനോയിക്ക് ആയുള്ളൂ!
ഇനിയും നിന്നെയീ ഭൂമിയിൽ വെച്ചോണ്ടിരിക്കാനാവില്ല… പറഞ്ഞ് തീർന്നതും വെടി ഉതിർന്നതും ഒരുമിച്ചായിരുന്നു. അവളുടെ കൈ റോയീടേ കഴുത്തിൽ നിന്ന് അയഞ്ഞു, നിശ്ചലനായ റോയീടേ ശരീരം കീഴേക്ക് ഉതിരുന്നതിനോടൊപ്പം ഭിത്തിയിൽ നിന്ന് ചോര തുള്ളികളും താഴേക്ക് ഒലിച്ച് ഇറങ്ങിയിരുന്നു. കൃത്യം നെറ്റിയിലൂടെ തന്നെയായിരുന്നു ബുള്ളറ്റ് കയറിയത്, അതും പോയൻ്റ് ബ്ലാങ്കിൽ!
എന്ത് ചെയ്യണമെന്നറിയാതേ, നടുക്കം വിട്ട് മാറാതേ നിന്ന ബിനോയീടെ നേരേ തിരിഞ്ഞിട്ട് അവൾ പറഞ്ഞു ഇവൻ പണ്ടേ ചാകേണ്ടവനായിരുന്നു, അല്പം വൈകിപ്പോയി…
കുറേ നാൾക്ക് മുന്നേ രഘുനന്ദനെ കുടുക്കാൻ ഒരവസരത്തിന് കാത്ത് ദുബായ് എയർപോർട്ടിൽ നിൽക്കുമ്പോഴാണ് റോയീനെ കാണുന്നത്. അന്ന് രഘു റോയീടെ കൈയ്യിൽ ഒരു പാഴ്സൽ കൊടുത്ത് വിട്ടത് അറിഞ്ഞ ഞങ്ങൾ ആ അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു.
റോയി പിടിക്കപ്പെട്ടാൽ ഉടൻ രഘു നാട്ടിലെത്തുമായിരുന്നു. ഗോൾഡ് കടത്തുന്നതിൻ്റെ വിവരം അതീവ രഹസ്യമായാണ് ഞങ്ങൾ എയർപോർട്ട് അധികാരികളെ അറിയിച്ചത്. പക്ഷേ ഞങ്ങളെ ഞെട്ടിച്ചത് എമിഗ്രേഷൻ ഡസ്ക്കിൽ ഉൾപ്പെടെ രഘുവിൻ്റെ ആൾക്കാർ ഉണ്ടെന്ന തിരിച്ചറിവാണ്.
പ്രലോഭനങ്ങളിലും ഭീഷണികളിലും വഴങ്ങാത്ത എയർപ്പോർട്ട് അധികാരികൾ ഞങ്ങൾക്ക് നേരേ മുഖം തിരിച്ചപ്പഴേ രഘുവിൻ്റെ പവറ് ഞാൻ മനസ്സിലാക്കിയതാണ്. എന്നിട്ടും ഞങ്ങളാ ഉദ്യമത്തിൽ നിന്ന് പിൻ തിരിഞ്ഞില്ല.
ആ സെയിം ഫ്ലൈറ്റിലുണ്ടായ ഒരു പ്രമുഖ മന്ത്രിയുടെ ബാഗേജിൽ നിന്ന് റിവോൾ അടക്കം പിടിക്കപ്പെട്ടതിൻ്റെ പിന്നിലും ഞങ്ങളായിരുന്നു. അത് മുഖേനേ ബാഗ് ചെക്കിംഗ് കർശനമാക്കിയിരുന്നു.
എന്നിരുന്നാലും റോയീടേ ബാഗിൽ നിന്ന് ഒരു തരി പൊന്ന് പോലും കണ്ടെത്താനായില്ല എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനായില്ല. അതിനെ പറ്റി എത്ര തവണ ചോദിച്ചിട്ടും നാളിത് വരെ റോയി ഒരക്ഷരം പോലും ഞങ്ങളോട് പറഞ്ഞിട്ടുമില്ല. അന്നേ ഇവനെ കൊല്ലേണ്ടതായിരുന്നു. കലി അടങ്ങാതേ അവൾ കിതച്ച് കൊണ്ടിരുന്നു…
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
രഘുവിൻ്റെ ചിന്തകൾക്ക് തടസ്സമായി ഫോൺ ശബ്ദിച്ചു. റിംഗ് ചെയ്ത് ഫോണെടുത്ത് ചെവിയിൽ വെച്ചപ്പോൾ നേരത്തേ റോയിയുടെ ഫോണിലേക്ക് വന്ന അതേ പതിഞ്ഞ ശബ്ദമായിരുന്നു ഇതിലും.
ഇത്തവണയും നീ രക്ഷപ്പെട്ടല്ലേ?
ആരാണ് നീ? നിനക്കെന്താ വേണ്ടത്?
ഒരിക്കൽ നിൻ്റെ മുന്നിൽ വന്ന് ഞാൻ പറഞ്ഞതല്ലേ, എന്നിട്ടും നീ എന്നെ മനസ്സിലാക്കിയില്ല. രഘു നന്ദാ… നിൻ്റെ വരവും നോക്കി ഞാൻ കാത്ത് ഇരിക്കുകയായിരുന്നു.
മുമ്പ് എങ്ങോ കേട്ടിട്ടുള്ള ആ സ്ത്രീ ശബ്ദം, രഘു ഓർക്കാനുള്ള ശ്രമത്തിലായിരുന്നു. യേസ് ആയിഷാ ബീഗം, ആ പേര് രഘു ചുണ്ടിൽ മന്ത്രിച്ചു.
അപ്പോ നീ എന്നെ മറന്നിട്ടില്ലാല്ലേ… ചിരിച്ച് കൊണ്ടവൾ കോൾ കട്ട് ചെയ്തു.
സ്മഗ്ളിംഗിൻ്റെ തുടക്കകാലങ്ങളിൽ രഘു തന്നെയായിരുന്നു എല്ലാത്തിനും മുന്നിട്ടിറങ്ങിയിരുന്നത്. ഒരിക്കൽ സീപോർട്ട് എയർപോർട്ട് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ രഘുനന്ദൻ ആരെയോ വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു.
പൊടുന്നനേ ഒരു ആഢംബരക്കാർ സഡൻ ബ്രേക്കിട്ട് നിർത്തുന്ന ശബ്ദം കേട്ടാണ് അയാൾ തിരിഞ്ഞ് നോക്കിയത്. കാറോടിച്ച് വന്നത് ഒരു സ്ത്രീ ആണെന്ന് മനസ്സിലായി.
ഡോറ് തുറന്നവൾ പുറത്തേക്ക് ഇറങ്ങി. വെട്ടി തിളങ്ങുന്ന ബ്ലൂ നിറത്തിലെ സാരിയിലായിരുന്നു അവൾ. അഴിച്ചിട്ട മുടി അവളുടെ നിതംബവും താണ്ടിയിരുന്നു.
അവൾ നേരേ വന്ന് ഒപ്പോസിറ്റ് വിൻഡോയിൽ തട്ടി വിളിച്ചു. താഴ്ത്തിയ മിററിലൂടെ അവളുടെ ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ പതുക്കെ ചലിച്ചു ക്യാൻ യൂ ഓപ്പൺ?
അകത്ത് കയറിയ അവൾ സ്പെക്സ് എടുത്ത് നെറ്റിത്തടത്തിലേക്ക് ഉയർത്തിയിട്ട് ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു, ആം ആയിഷാ… ആയിഷാ ബീഗം! അവളുടെ കൈകളിൽ മൈലാഞ്ചി ഇട്ടിരുന്നു. ഉള്ളം കൈ മുഴുവനല്ല, ഒരല്പം നീളത്തിൽ മോതിരവിരലേക്ക് നീണ്ട് നിന്ന ആ മൈലാഞ്ചിക്ക് ആലിലയുടെ ആകൃതി തോന്നിച്ചിരുന്നു. ചുണ്ടുകളേക്കാൾ വിരലുകൾ സംസാരിച്ചിരുന്നതായ് അയാൾക്ക് തോന്നി…
ആ ഓർമ്മകൾ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു രഘു നന്ദനിൽ!
തുടരും
ഷെർബിൻ ആന്റണി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
ആകാംക്ഷയുണർത്തുന്ന എഴുത്ത്👌🌹
Thanks
Pingback: സ്മഗ്ളിംഗ് - 04 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ