കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്. ലോകത്തു എവിടെയും അങ്ങനെ തന്നെ. പക്ഷെ ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുന്ന കാര്യത്തിൽ പാശ്ചാത്യനാടുകളിൽ ഉള്ളവർ നമ്മളേക്കാൾ വളരെ മുന്നിലാണ്. നവംബർ മുതൽ ഷോപ്പിംഗ് മാളുകളിൽ സെപ്ഷ്യൽ ഓഫറുകളും സമ്മാനങ്ങളുടെ പുതിയ സ്റ്റോക്കുകളും എത്തിയിരിക്കും. ഒരു വർഷത്തെ സമ്പാദ്യത്തിലെ ഒരു ഭാഗം സമ്മാനങ്ങൾ വാങ്ങാൻ പലരും ഉപയോഗിക്കും. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകും. വിവിധയിനം ചോക്ലേറ്റ്, കേക്ക്, വൈൻ, മേപ്പിൾ സിറപ്പ് ഇതെല്ലാം ധാരാളമായി കാനഡയിൽ സമ്മാനപ്പൊതികളിൽ കാണാറുണ്ട്. കളിപ്പാട്ടങ്ങളും ഫാഷൻ വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഗാഡ്ജെറ്റ്സും അലങ്കാരവസ്തുക്കളും ക്രിസ്റ്റൽ സെറ്റുകളും ആഭരണങ്ങളും എന്നു വേണ്ട എന്തിനും ഏതിനും ഏറ്റവും കൂടുതൽ മാർക്കറ്റുള്ള സമയമാണ് ക്രിസ്തുമസ് കാലം.
ക്രിസ്തുമസിനു സമ്മാനം കിട്ടാത്ത ഒരു കുഞ്ഞും ഇവിടെ ഉണ്ടാകരുത് എന്ന വാശിയിലാണ് ഇവിടെ ഗവണ്മെന്റ്, വോളന്ററി സംഘടനകൾ, മീഡിയ എന്നിവർ. കാനഡയിലെ ടോരൊന്റോയിൽ Toy mountain എന്ന പരിപാടിയുണ്ട്. കളിപ്പാട്ടങ്ങളും പണവും ഇതിനു വേണ്ടി സമാഹരിക്കുന്നു. സമ്മാനപ്പൊതികൾ കുന്നുപോലെ കൂട്ടിവെച്ചു മീഡിയ പെൺകൊടി, ടോയ് കളക്ഷൻ വാർത്തകൾ കാച്ചിപ്പൊരിക്കും. സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ, ബിസിനസ്സ് മേധാവികൾ, നിറമുള്ള ഉടുപ്പുകളും ചുവന്ന തൊപ്പികളും അണിഞ്ഞ ചെറിയ കുട്ടികൾ എന്നിവരെ കൂടെ നിർത്തി ടിവിയിൽ വാർത്ത വിതറും. നല്ല ഉശിരൻ ചുവപ്പും പച്ചയും പിങ്കും സ്വർണ്ണ നിറവുമുള്ള തിളങ്ങുന്ന പൊതികളിൽ നല്ലൊരു റിബ്ബൺ പൂവും നെഞ്ചത്ത് കുത്തി സമ്മാനങ്ങൾ, ഈ കുന്നിൽ തിളങ്ങി കിടക്കും. ഈ കാഴ്ചയും വാചകവും ഒരു കളിപ്പാട്ടമെങ്കിലും ഇതിലേക്ക് സംഭാവന ചെയ്യാൻ ആർക്കും തോന്നിപ്പിക്കും. ഇതെല്ലാം പാവപ്പെട്ട കുട്ടികളുടെ കൈയിൽ ക്രിസ്തുമസ് ആഴ്ചയിൽ വോളന്റിയേഴ്സ് എത്തിക്കും. ക്രിസ്തുമസിന്റെ സന്ദേശമായ സ്നേഹം സമ്മാനങ്ങളിലൂടെ പങ്കുവെയ്ക്കും.
ഈ സീസണിൽ, സ്വന്തം പോക്കറ്റുമണിയിൽ നിന്നും താനറിയാത്ത ഒരു കുഞ്ഞിനു വേണ്ടി ഗിഫ്റ്റ് വാങ്ങി കൊടുത്ത് ഷെയറിംഗ് മക്കളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന മതാപിതാക്കളുമുണ്ട്. എത്ര നല്ല പാഠമാണ് അവർ മക്കൾക്ക് പകർന്നുകൊടുക്കുന്നത്.
ഓരോ പൊതി തുറക്കുമ്പോഴും കുഞ്ഞു മുഖങ്ങളിൽ വിരിയുന്ന പുഞ്ചിരി ! അത്രയും മധുരമുള്ള ഒന്നുണ്ടോ ഈ ആഘോഷസീസണിൽ !
ക്രിസ്തുമസ് ഓർമ്മകൾ ചികയുമ്പോൾ ഞാൻ ഓർക്കുന്നത് സമ്മാനം കാത്തിരുന്ന എന്റെ കുട്ടിക്കാലമാണ്. ഇതുപോലെ വമ്പൻ സമ്മാനങ്ങൾ അന്ന് കുട്ടികൾക്ക് കിട്ടിയിരുന്നില്ല. ചുവന്ന അങ്കിയും വെള്ളത്താടിയും കൂർത്ത തൊപ്പിയുമായി കരോൾ സംഘത്തിലെ സാന്റാക്ലോസ്, ഒറ്റ ബലൂണോ കല്ലുമിഠായിയോ തന്നെങ്കിലായി. പക്ഷെ അതിലൊന്നും ഞങ്ങൾ കുട്ടികൾക്ക് അശേഷം പരിഭവമില്ല. എന്തു കിട്ടിയില്ല എന്നു വ്യാകുലപ്പെടുന്ന ബാല്യം അന്നില്ലായിരുന്നു പകരം ചെറുതെങ്കിലും ഒരു സമ്മാനം ലഭിച്ചല്ലോ എന്നു കരുതി സന്തോഷിച്ചിരുന്ന തലമുറയായിരുന്നു.
ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം തന്നെ വീട്ടിൽ വില്പനെക്കെത്തുന്ന, വില കുറഞ്ഞ പേപ്പറിൽ അച്ചടിച്ച ഭാഗ്യക്കുറിയാണ്. പള്ളിസംഘടനയിലെ മുതിർന്ന അംഗങ്ങൾ വില്പനക്ക് ടിക്കറ്റുമായിവരും.
ഒന്നാം സമ്മാനം എല്ലാ വർഷവും ഒരു സൈക്കിൾ. പിന്നെ എല്ലാ കുറിക്കും പ്രോത്സാഹന സമ്മാനങ്ങൾ. ഈ നമ്പർ ഒന്നിൽ എത്താൻ എത്ര കടമ്പ കടക്കണം, ഒന്നാം സമ്മാനത്തിന്റെ പ്രോബബിലിറ്റി എത്രയാണ് എന്നൊന്നും ഞങ്ങൾ കണക്കെടുക്കാറില്ല. ഒന്നാം സമ്മാനം എനിക്കു തന്നെ എന്ന് ഞങ്ങൾ എല്ലാവരും ഉറപ്പിക്കും. അതു കൈയിൽ വന്നാൽ ഹാൻഡിൽ ബാറിൽ കൈ പിടിച്ച് മുററത്തും റോഡിലും കുതിച്ചു പായുന്നതും ണിം, ണിം മുഴങ്ങുന്ന മണിയൊച്ചയിൽ കൂട്ടുകാരെ കൊതിപ്പിക്കുന്നതും പകൽകിനാവ് കാണും. കൂട്ടുകാരിൽ ആർക്കാണ് സൈക്കിൾ ഓടിക്കാൻ കൊടുക്കേണ്ടത്, ആരെ കൈ കൊണ്ടു തൊടീക്കില്ല എന്നൊക്കെ പരമരഹസ്യമായി സോൾ മേറ്റ്സിനോടു ചർച്ച ചെയ്യും.
“ഉം… അവൻ കുശുമ്പനാണ്, അവനു കൊടുക്കേണ്ട, കളിക്കുമ്പോൾ എന്നെ തള്ളിയിട്ടു”, ന്യായങ്ങൾ നിരത്തി ഒന്നാം സമ്മാനത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കും.
അമ്പതു പൈസയുടെ ടിക്കറ്റ് വാങ്ങിത്തരുന്ന അച്ഛനുമമ്മയും ഉള്ളവരന്ന് ഭാഗ്യശാലികളായിരുന്നു. ദിവസകൂലികാർക്ക് വേതനം കുറവായതിനാലും ഓരോ വീട്ടിലും കുട്ടികളുടെ എണ്ണം കൂടുതലായതിനാലും പട്ടിണിയും പരിവട്ടവുമായി കുറെ കുട്ടികൾ ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നു.
ഞങ്ങളുടെ കളിക്കൂട്ടത്തിലും അങ്ങനെയുള്ള കുട്ടികൾ ഉണ്ടായിരുന്നു. ആ വർഷവും പതിവുപോലെ ഒരു രണ്ടു ടിക്കറ്റിനു ഞാനും അവകാശിയായി. വൈകുന്നേരത്തെ കളി നേരത്ത് ഞാൻ എല്ലാവരേയും ടിക്കറ്റ് കാണിച്ച് എന്റെ മഹാഭാഗ്യം പരസ്യമാക്കി.
പിങ്ക് നിറത്തിലുള്ള കടലാസ്സിൽ കറുത്ത അക്ഷരങ്ങളിൽ, ക്രിസ്തുമസ് ലോട്ടറി
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം നമ്പർ*** ഇത്രയൊക്കെ അതിൽ അച്ചടിച്ചിട്ടുണ്ട്. കൂട്ടത്തിൽ സമാധാന സന്ദേശമെഴുതിയ പലക കൈയിൽ പിടിച്ചു ചിറകു വിരിച്ച് പറന്ന് എയറിൽ നിൽക്കുന്ന ഒരു മാലാഖയുടെ പടം കൂടിയുണ്ട്. നാലു വശവും രണ്ടു കറുത്തവര ബോർഡറുമായി ഭാഗ്യക്കുറിമാനം എന്റെ ആശകൾക്ക് നിറം കൊടുത്തു മേശവലിപ്പിൽ ക്രിസ്തുമസ് പുലരിക്ക് കാത്തിരുന്നു.
കളിക്കാൻ വന്ന ജോസഫിന് ടിക്കറ്റു കണ്ടപ്പോൾ ഒന്നു കൂടി നോക്കണം എന്നൊരു പൂതി. അവന് ആരും ഒരിക്കലും ഈ ലോട്ടറി ടിക്കറ്റ് വാങ്ങിക്കൊടുക്കാറില്ല. അവന്റെ അച്ഛനും അമ്മയും കൂലിവേലക്കാരാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർ. ചില ദിവസങ്ങളിൽ അവർ കുടുംബത്തോടെ പട്ടിണി കിടക്കും. നാലു മക്കളുള്ള കുടുംബത്തിൽ ലോട്ടറി ടിക്കറ്റ് അവന് അപ്രാപ്യമാണ്.
ജോസഫ് നന്നായി തോറ്റു പഠിച്ച് ഇപ്പോൾ ഞങ്ങളെക്കാൾ രണ്ടു ക്ലാസ് പിറകിലാണ്. ശരീരവളർച്ചക്ക് ക്ലാസ്സും പഠിപ്പും അളവുകോൽ അല്ലല്ലോ. നന്നെ മെലിഞ്ഞ ജോസഫിന് നല്ല നിറവും പൊക്കവും ഉണ്ടായിരുന്നു. ഈ വെളുവെളുമ്പൻ തുടർച്ചയായി കളികളിൽ ഞങ്ങളെ തോല്പിക്കുമ്പോൾ അരിശം മൂത്ത്, ചുണ്ണാമ്പുക്കോല് എന്നവനെ വട്ടപേര് വിളിച്ച് തൃപ്തിയടയുന്ന കുത്സിതകൃത്യവും ഞങ്ങൾക്കുണ്ട്. ഞങ്ങളെ നോക്കി കൊഞ്ഞനം കാണിച്ച് പോയാലും പിറ്റേന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ കളിക്കാനെത്തുപ്പോൾ അവന്റെ മുഖത്ത് പരിഭവം ലവലേശം കാണില്ല എന്ന് ഞങ്ങൾക്കറിയാം. അവന്റെ പൊക്കം പേരക്ക പറിക്കാനും പച്ചമാങ്ങാക്കുല കൈയെത്തി പിടിക്കാനും ഞങ്ങൾ പിള്ളേർ സെറ്റ് ഉപയോഗപ്പെടുത്തി.
‘നീയൊരു മിടുക്കനാടാ’, എന്ന് അവന്റെ വീടിന്റെ മുന്നിലൂടെ നടന്നു പോകുന്ന ഞങ്ങൾ അടക്കം പറയും. അതിന്റെ പിന്നിലൊരു രഹസ്യമുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോസഫ് എല്ലാ ദിവസവും രാവിലെ രണ്ടാം ക്ലാസ്സിലെ മാറി വന്ന മലയാള പാഠപുസ്തകം വായിക്കും. നാലിലെ പുസ്തകം ആരുമവന് വാങ്ങി കൊടുത്തിട്ടില്ല. കിട്ടിയാലും അവനത് വായിക്കാനും അറിയില്ല. രണ്ടാം ക്ലാസ്സിലെ മലയാള പുസ്തത്തിലെ രണ്ടാം പാഠം, ‘ക്ലാ, ക്ലി, ക്ലി, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന, കണ്ണിനു ചുറ്റും മഞ്ഞ നിറം. ‘ എന്നും രാവിലെ അവന്റെ പഠനപ്രക്രിയ പരമാവധി ഉച്ചത്തിലുള്ള ഈ വായനയാണ്.
‘ഇവന്റെ മുററത്തു നിന്നു ഈ മൈന ഒരിക്കലും പൂവില്യാ ട്ടോ…’, ഞങ്ങൾ കൂട്ടുകാർ അമർത്തി ചിരിക്കും.
ഇത്രയൊക്കെ മകൻ ഉത്സാഹത്തോടെ തൊണ്ടപൊട്ടി വായിക്കുന്നത് കേൾക്കുമ്പോൾ അവന്റെ അമ്മയ്ക്ക് സന്തോഷം. മകൻ മിടുക്കനായി പഠിക്കുന്നതുകൊണ്ട് അവന് ഭാവിയുണ്ട് എന്ന പ്രതീക്ഷയാണത്. അവർക്ക് അക്ഷരം കൂട്ടിവായിക്കാൻ അറിയില്ല. സ്ക്കൂളിന്റെ പടി കയറിയിട്ടുമില്ല. അമ്മയെ ഇങ്ങനെ നൈസായി പറ്റിക്കുന്ന ജോസഫിനെ ഞങ്ങൾ മറ്റെന്തു വിളിക്കാൻ, മിടുക്കൻ ജോസഫ് !
ക്രിസ്തുമസ് തലേന്ന് ഏദൻ തോട്ടത്തിലെ അറിവിന്റെ വൃക്ഷം പോലെ വലിയ ഒരു ക്രിസ്തുമസ് മരം, പള്ളി മുററത്ത് ഉയരും. പടർന്ന് പന്തലിച്ചു നിൽക്കുന്ന മരം, വലിയ മരത്തടിയും ചില്ലകളും വെച്ചു പണിതുയർത്തും. അതിലാണ് ലോട്ടറി സമ്മാനങ്ങൾ ചെറിയ പൊതികളായി കെട്ടിത്തൂക്കുന്നത്. മിക്കവാറും ബലൂൺ തലപ്പത്തുള്ള ഓടപീപ്പി, പ്ലാസ്റ്റിക് വിസിൽ, കളിത്തോക്ക്, ചെറിയ പാവകൾ, ഗോലികൾ ഇതൊക്കെയാവും സമ്മാനപ്പൊതികളിൽ. മുന്തിയ ഒന്നാം സമ്മാനം മാത്രം അലങ്കരിച്ചു മുന്നിൽ വെയ്ക്കും.
പുൽക്കൂടും ക്രിസ്തുമസ്സ് ട്രീയും മുളം തണ്ടിൽ കടുത്ത നിറമുള്ള ചൈനാപേപ്പറൊട്ടിച്ച കൂറ്റൻ നക്ഷത്രവും വിളക്കുകളും തെളിയിക്കലുമായി സംഭവബഹുലമായ വൈകുന്നേരത്തിന്റെ ക്ഷീണത്തിൽ
പാതിരാകുർബാന പകുതി ഉറക്കം തൂങ്ങി കണ്ടു തീർന്നു.
എന്റെ കൈയിൽ ലോട്ടറി ടിക്കറ്റ് ചുരട്ടി പിടിച്ചിട്ടുണ്ട്. തിരുപ്പിറവി കുർബാന കഴിഞ്ഞയുടനെ ഞങ്ങൾ ക്രിസ്തുമസ് മരത്തിന്റെ അടുത്തെക്കോടും. തൂങ്ങിക്കിടക്കുന്ന സമ്മാനപ്പൊതികൾ പൊട്ടിക്കാൻ ഊഴം കാത്ത് നിൽക്കും. സി. എൽ. സി എന്ന സംഘടനയിലെ ചേട്ടന്മാർ മരത്തിന് ചുററും കാവൽനിൽക്കും. ഒരു ടിക്കറ്റ് കൊടുത്താൽ ഒരു പാക്കറ്റ് പൊട്ടിക്കാം.
വരിയിൽ നിൽക്കുന്ന എന്റെയടുത്തേക്ക് അന്ന് ജോസഫ് ഓടിയെത്തി. പൊതി പൊട്ടിച്ചവർ വിസിലൂതിയും കളിത്തോക്ക് പൊട്ടിച്ചും കളിക്കുന്നുണ്ട്.
‘ഞാൻ പാക്കറ്റ് പൊട്ടിച്ചു തരണോ?’, അവൻ ചോദിച്ചു.
‘വേണ്ട’, ഞാൻ നിഷ്ക്കരുണം മറുപടി പറഞ്ഞു.
“മുകളിലാവും നല്ല സമ്മാനങ്ങൾ കെട്ടിത്തൂക്കാ…നിനക്ക് എത്തില്ലല്ലോ “, എന്നെ അനുനയിപ്പിക്കാൻ ജോസഫ് നോക്കി. സംശയത്തിന്റെ വിത്ത് എന്റെ തലയിൽ പകുതി പൊട്ടിമുളച്ചെങ്കിലും എത്ര നാളായി സ്വപ്നം കാണുന്നതാണ് ഒന്നാം സമ്മാനത്തിന്റെ പൊതി ഞാൻ വലിച്ചു പൊട്ടിക്കുന്നത്. അതുകൊണ്ട് ഞാൻ വിട്ടുകൊടുത്തില്ല. ഞങ്ങൾ കൂട്ടുകാർക്കിടയിൽ ബഡായിയടിക്കാൻ ജോസഫിനോളം മിടുക്കുള്ളവർ വേറെയില്ല. അതുകൊണ്ട് ഇതിവന്റെ സ്ഥിരം പുളുവടിയാണോ എന്ന ന്യായമായ സംശയവും ഉണ്ടായിരുന്നു.
“അതേയ്… ഒന്നാം സമ്മാനത്തിന്റെ പൊതി ചെറുതാവും അതിലൊരു നമ്പർ മാത്രമെ കാണുള്ളൂ ട്ടോ “, വീണ്ടും ജോസഫിന്റെ ബുദ്ധി പ്രവർത്തിച്ചു തുടങ്ങി.
‘അതു ശര്യാണല്ലോ, സൈക്കിൾ അലങ്കരിച്ചു വെച്ചിരിക്കുകയാണല്ലോ ‘, അവന്റെ കണ്ടെത്തലിൽ ന്യായമുണ്ടെന്ന് ഞാൻ എന്നെ സമ്മതിപ്പിച്ചു. അവനെ വിശ്വസിച്ച് ഞാനൊരു ചെറിയ പൊതി വലിച്ചു പൊട്ടിച്ച് തുറന്നു നോക്കി.
ഒരു ചെറിയ പ്ളാസ്റ്റിക് വിസിൽ !
‘സാരല്യ, ഒരുവിധം പിള്ളേർക്ക് അതൊക്കെ തന്നെയാണ് കിട്ടിയിരിക്കുന്നത് ‘, ഞാൻ സ്വയം സമാധാനിച്ചു.
‘എന്നാലും അവന്റെയൊരു ബുദ്ധി പറച്ചില് ‘, ഞാൻ പിറുപിറുത്തു.
‘കുറ്റം ആരാന്റെ മെക്കിട്ടിടാൻ ആരാണ് മോശം?’, ഞാനും മോശമല്ല. വിസിലെടുത്ത് ജോസഫ് ശക്തിയിൽ ഊതി, വിസിൽ ഉച്ചത്തിൽ കൂക്കിവിളിച്ചു. എന്റെ ചെവി തുളച്ചുകയറി കർണ്ണപ്പുടം വിറപ്പിച്ചു. എന്തോ, എനിക്ക് അവനോടപ്പോൾ അലിവു തോന്നി. അതോ ഇനിയൊരു വിസിൽ കൂടി എനിക്ക് വേണ്ടെന്ന് തോന്നിയതോ ആകാം.
‘ഈ ടിക്കറ്റ് നീയെടുത്തോ’, ഞാൻ അവന് രണ്ടായി മടക്കിയ രണ്ടാമത്തെ ടിക്കറ്റ് കൈയിൽ വെച്ചു കൊടുത്തു. വിശ്വസിക്കാനാവാതെ
അവന്റെ കണ്ണുകൾ പുലരിയുടെ ഇത്തിരി വെട്ടത്തിലും തിളങ്ങി.
അവൻ ടിക്കറ്റ്, സി.എൽ. സി ചേട്ടനെ ഏൽപ്പിച്ചു. മരത്തിനു ചുറ്റും അതിർത്തി തീർത്ത ബെഞ്ചുകൾ ശരവേഗത്തിൽ ചാടിക്കടന്നു. മരത്തിൽ ഏറ്റവും മുകളിലായി കെട്ടിയ ചെറിയ കടലാസുപ്പൊതി ലക്ഷ്യമാക്കി മരച്ചില്ലയിൽ ചാടിക്കയറി. മണ്ണിലുറപ്പിച്ച വലിയ മരക്കൊമ്പ് ഉലയാൻ തുടങ്ങി. എല്ലാം കൂടി നിലംപൊത്തുമെന്ന് പേടിച്ച് ചേട്ടന്മാർ ഉച്ചത്തിൽ ചീത്തവിളിച്ച് അവനെ പിന്തിരിപ്പിക്കുന്നുണ്ട്. അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. മരത്തിന്റെ ഉച്ചിയിൽ കെട്ടിയ ചെറിയ സമ്മാനപ്പൊതി വെള്ളനൂലിൽ വൃശ്ചിക കാററിലാടി. നൂല് ഊക്കിൽ വലിച്ചു പൊട്ടിച്ച് ജോസഫ് ബെഞ്ചുകൾ ചാടിക്കടന്നു. ഒരു നിമിഷം കൊണ്ട് പാക്കറ്റ് വലിച്ചു കീറി.
‘ഓടപീപ്പിയുടെ അററത്ത് ചുവപ്പിൽ വെള്ളക്കുത്തുകളുള്ള ബലൂൺ മയങ്ങിക്കിടന്നു.’
ജോസഫ് ഉത്സാഹത്തോടെ പീപ്പിയൂതി, വായു കയറിയ ബലൂൺ തല ഉയർത്തി വീർത്തുരുണ്ടു.വെള്ളപ്പൊട്ടുകൾ കടുംചുവപ്പിൽ പെരുത്തു വളർന്നു. നന്നെ വെളുത്ത ജോസഫിന്റെ മുഖം സന്തോഷം കൊണ്ടു ചുവന്നു. അവൻ പീപ്പി അല്പം നീക്കി പിടിച്ചു.
‘പേ… പേ…’, പീപ്പി കരഞ്ഞു. പള്ളിപറമ്പിലെ തിക്കിലും തിരക്കിലും ഇടതടവില്ലാതെ ചുണ്ണാമ്പുക്കോലിന്റെ ഓടപീപ്പിയുടെ ആഹ്ലാദകാഹളം മുഴങ്ങി.
അവൻ ഒന്നാം സമ്മാനത്തെ മറന്നു കഴിഞ്ഞിരുന്നു. കൈയിൽ കിട്ടിയ ചെറിയ സമ്മാനം അവന് അമൂല്യമായിരുന്നു.
‘അത് അവന്റെ ജീവിതത്തിലെ ആദ്യത്തെ സമ്മാനമായിരുന്നിരിക്കണം. ചെറുതെങ്കിലും ക്രിസ്തുമസിന്റെ സന്തോഷം ആശംസിക്കുന്ന സമ്മാനം. ‘
Merry X’mas!
#ക്രിസ്തുമസ് ഓർമ്മകൾ


12 Comments
കിടു 👌
🙏
നല്ല എഴുത്ത് ജോയ്സ്.പാവം ജോസഫ്.ചെറിയ സമ്മാനം പോലും അന്ന് എത്ര വലുതിയിരുന്നു അല്ലെ.
Thank you Sreekumari.
🙏❤️
ഒട്ടും lag അടിക്കാതെ മനോഹരമായ എഴുത്ത്.
ദൃശ്യങ്ങൾ മുന്നിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്നു… 👌
കഥയിലൂടെ നല്ലൊരു മെസ്സേജും തന്നൂ എന്നത് എടുത്തു പറയേണ്ട കാര്യമാണ് ❤️
വായനക്കും വാക്കുകൾക്കും ഏറെ നന്ദി, താര.
❤️🙏
അച്ചോടാ. ജോസഫ് ! എനിക്കീ എഴുത്ത് നല്ലിഷ്ടമായി. ചുണ്ണാമ്പു കോലിനേം അവൻ്റെ കുഞ്ഞു സന്തോഷത്തെയും , കുഞ്ഞു സ്വപ്നങ്ങളും കുഞ്ഞു കാര്യങ്ങളും മാത്രമുണ്ടായിരുന്ന ആ കാലത്തെയും നന്നായി വരച്ചിട്ടു. ഞങ്ങൾക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം തന്ന ജോയ്സിനോട് സ്നേഹം.👌👌👏👏❤️❤️🥰
സുനന്ദ, നന്ദി, സ്നേഹം ഡിയർ.🙏❤️🫂
Joyce varghese മനോഹരമായി എഴുതി ചുണ്ണാമ്പുകോൽ ഇരട്ടപ്പേര് ‘നന്നായിരുന്നു അഭിനന്ദmങ്ങൾ👍👌❤️💯🔥🙏🙏🙏
ജോയ്സിനും family ക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.❤️💯🙏🔥🙏💯🙏🔥💯💯🔥🙏🙏🙏🙏
Suresh, thank you. താങ്കൾക്കും ഈ ഡിസംബർ സന്തോഷമുള്ള സമയമാകട്ടെ.🙏
ഇന്ന് എല്ലാവരും കൈ നിറയെ സമ്മാനങ്ങളും വിഭവസമൃദ്ധമായ ആഹാരവുമായി ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഇതൊന്നുമില്ലാത്ത ഒരുപാടു കൂട്ടുകാർ നമ്മുടെ കാലത്തുണ്ടായിരുന്നു അല്ലേ ജോയ്സ്. ഏറ്റവും നല്ലൊരു പൂവനെ വിൽക്കാൻ സമ്മതിയ്ക്കാതെ ക്രിസ്മസിനു കറി വെയ്ക്കണമെന്നു വാശി പിടിക്കുന്നൊരു കളിക്കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു❤️
ജോസഫിൻ്റെ സന്തോഷം മനസ്സു നിറച്ചു ♥️
സ്നേഹം ജോയ്സ്♥️
ക്രിസ്മസ് ആശംസകൾ🌲☃️♥️
അതെ, നമുക്കു ചുറ്റും വളരെ പാവപ്പെട്ടവർ ഉണ്ടായിരുന്നു. ദാരിദ്രത്തിന്റെ ദുഃഖം അവരിലൂടെ നാം കണ്ടിരുന്നു. അതുകൊണ്ടാകാം അധികം പരാതികൾ ഇല്ലാതെ നമ്മൾ വളർന്നതെന്ന് തോന്നാറുണ്ട്.
സ്നേഹം സുമ❤️