വലിയ മാറ്റങ്ങൾ വേണ്ടിടത്ത് തനിച്ച് എന്തു ചെയ്യാനാകും എന്നത് പലരുടെയും സംശയമാണ്.
ഒരു കുഞ്ഞു കഥ ഓർക്കാം. ജപ്പാനിലെ ഒരു കടൽത്തീരത്ത് തിരകളിലേക്ക് അടിക്കടി കുനിഞ്ഞ് ഒരാൾ എന്തോ ചെയ്യുന്നതായി സഞ്ചാരിയുടെ ശ്രദ്ധയിൽ പെടുന്നു തീരത്തടിയുന്ന നക്ഷത്ര മത്സ്യങ്ങളെ തിരിച്ച് കടലിലേക്ക് എറിയുകയാണെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അല്പനേരം നോക്കി നിന്നപ്പോൾ തന്നെ ഇതെന്ത് പാഴ്‌വേലയെന്ന് സഞ്ചാരിക്കു തോന്നി. ഓരോ തിരക്കുമൊപ്പം ആയിരക്കണക്കിന് നക്ഷത്ര മത്സ്യങ്ങൾ കരക്കടിയുന്നു. അടുത്ത തിര എത്തുംവരെ ഓടി നടന്ന് പെറുക്കി എറിഞ്ഞാലും 10 -12 എണ്ണമാണ് അങ്ങേയറ്റം. കൗതുകം അടക്കാനാവാതെ സഞ്ചാരി സംശയം ചോദിച്ചു. അഞ്ചു മിനിറ്റിൽ കൂടുതൽ കടലിനു പുറത്ത് അവയ്ക്ക് ജീവിക്കാനാവില്ല എന്നായിരുന്നു മറുപടി. ഇത്രയേറെ തീരത്ത് അടിയുന്നതിൽ നിന്ന് പത്തോ അമ്പതോ എണ്ണത്തെ രക്ഷിക്കുന്നത് എന്ത് വ്യത്യാസമാണ്, അല്ലെങ്കിൽ ഗുണമാണ് ഉണ്ടാക്കുന്നത് എന്നായിരുന്നു സഞ്ചാരിക്ക് അറിയേണ്ടത്. കുനിഞ്ഞെടുത്ത നക്ഷത്രക്കുഞ്ഞിനെ കടലിലേക്കെറിഞ്ഞ് അയാൾ പറഞ്ഞ മറുപടി, അതൊന്നുമറിയില്ല. പക്ഷേ ഈ ഒരെണ്ണത്തിൻ്റെ കാര്യത്തിൽ വ്യത്യാസം വരുത്താനെനിക്ക് കഴിഞ്ഞു എന്നാണ്.
നമുക്കും ആ മനുഷ്യനെപ്പോലെ ഗുണപരമായ മാറ്റങ്ങൾക്കായി തന്നാലായതു ചെയ്യാം.
