പണ്ട് പണ്ടാണ്, ഒന്നല്ല തുടരെത്തുടരെ മൂന്ന് കുരുക്കിട്ടു.
കുരുക്കിനറ്റം ഒരു മിന്ന്, കുരുക്കിട്ട കൈ കൊണ്ടൊരു പൊട്ട്
കുരുക്കിട്ടതവനും കുരുക്ക് വീണതവൾക്കും.
തമ്പുരാനേ താലി കാത്തോണേ എന്നവൾ കണ്ണിൽ വെച്ചു പ്രാർത്ഥിച്ചു.
പിന്നെപ്പിന്നെ അവൻ മറ്റു കുരുക്കുകളിൽ ഇടക്കൊക്കെ ചാടി
പെട്ടെന്നു ഊരിപ്പോരാൻ പാകത്തിന് താത്കാലികം, ക്ഷണികം.
അന്നവൾക്കു മനസിലായി താലി കാക്കണേ എന്ന അപേക്ഷക്കു
അതു കെട്ടിയവൻ ജീവനോടെ ഇരിക്കണേ, അല്ലലില്ലാതെ
മൂന്നു നേരം പോറ്റണേ എന്ന് മാത്രമേ അർത്ഥമുള്ളുവെന്ന് !
കുരുക്കിട്ടവൻ വിശ്വസ്തനാവാണേ, കരുതലുണ്ടാവണേ
അതിലേറെ പ്രണയമുണ്ടാവണേ കുടിച്ചിട്ടു കുനിച്ചു നിർത്തി
ഇടിക്കരുതേ എന്നൊക്കെ പ്രത്യേകം പറയാൻ അവൾ മറന്നു.
പോകെ പോകെ അവൾക്കു തോന്നി മാറിലെ മിന്നും
നെറ്റിമേൽ ചുവന്ന പൊട്ടും അവനില്ലെങ്കിൽ പിന്നെ എനിക്കെന്തിന് ?
കാലം പോയി, കുരുക്കിനറ്റത്തെ മിന്നവൾ പൂട്ടിവെച്ചു
നെറ്റിയിലെ ചുവപ്പവൾ സൗകര്യപൂർവം മറന്നു
അവനപ്പുറം മറ്റു കുരുക്കുകളെ അവളും ഇഷ്ടപ്പെട്ടു തുടങ്ങി.

2 Comments
നന്നായെഴുതി❤️👍
👍👏