തെറ്റിപ്പോയൊരു തീരുമാനമെൻ
ഉച്ചിപ്പൊട്ടായി ചുവന്നു നിന്നു…
കരണക്കുറ്റിയ്ക്ക് താഴെ
തിണർത്തു നീറി..
കെട്ടിയോൻ പൊട്ടിച്ച തലയിൽ തുന്നലും വെച്ചു
ഞാൻ വട്ടത്തിലോടി പണികൾ ചെയ്യാൻ…
ഉച്ചത്തിൽ കീറുന്ന കുട്ടികൾ രണ്ടും
കണ്ഠത്തിൽ ചുറ്റിയാ
അഴിയാ കുരുക്കിനെ
പൊട്ടിച്ചെറിയാൻ തടസ്സമായി….
നാട്ടിൻപുറത്തെ ഏഷണി പാട്ടുകാർ
വട്ടാണിവൾക്കെന്ന് കൊട്ടിപ്പാടി…
ചിട്ടവട്ടങ്ങളിൽ വട്ടംകറങ്ങി ഞാൻ
ഒട്ടൊരു നേരവും നട്ടം തിരിഞ്ഞു…
പെട്ടെന്നൊരു നാളിൽ തലയ്ക്കിത്തിരി വെട്ടം
വെച്ചൊരു നേരം വട്ടത്തരങ്ങളും പൊട്ടത്തരങ്ങളും
തട്ടിൻ പുറത്തേക്ക് വലിച്ചെറിഞ്ഞാ
മുട്ടൻ കുരുക്കു ഞാൻ പൊട്ടിച്ചെറിഞ്ഞിട്ടെൻ
കുട്ടികൾക്കൊപ്പം തിരിച്ചിറങ്ങി….
