വേനലവധിക്കാലം തുടങ്ങുന്നതിനു മുൻപേ പറമ്പിൽ നന കൂട്ടിയിട്ടുണ്ടാകും. കടുത്ത വേനലിലും പിശറൻ കാറ്റ് വീശുന്ന മേടമാസം. പരീക്ഷചൂടിൽ പറമ്പിലിറങ്ങി ഉലാത്തി നടന്നുള്ള പഠിപ്പിനിടയിൽ തെങ്ങിൻ തടത്തിലേക്കും വാഴച്ചുവടുകളിലേക്കും ഒഴുകി വരുന്ന തെക്കേ കിണറിലെ തണുത്ത വെള്ളം കാല് കൊണ്ട് തട്ടി തെറിപ്പിക്കുമ്പോൾ ദൂരെ നിന്ന് അച്ഛന്റെ ശാസന, ആ ചാല് പൊട്ടിക്കല്ലേടീ..
അഞ്ചോ ആറോ ദിവസം കൊണ്ട് തീരുന്ന പരീക്ഷകൾക്കൊടുവിൽ രണ്ടുമാസത്തെ അവധിക്കാലം വരവായി. അവധി തുടങ്ങി രണ്ടാഴ്ച ആകുമ്പോഴേക്കും വരുന്നത് വിഷു. വിഷുവിന് മുൻപ് ആ വർഷത്തെ വിഷുവിനും ഓണത്തിനും വേണ്ടിയുള്ള പുളിഞ്ചി ഉണ്ടാക്കലായിരിക്കും അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ പണി. ധാരാളംപുളി ഉപ്പിട്ട് ഒരുക്കി ചാണ ആക്കി വെച്ചിരിക്കുന്ന കറുത്ത കൽഭരണിയിൽ നിന്ന് ഏറ്റവും കറുത്ത ചാണകൾ ആണ് പുളിഞ്ചി ഉണ്ടാക്കാനായി എടുക്കുന്നത്.
അമ്പലത്തിൽ പോകുമ്പോഴൊക്കെ കാണാം വഴിയിലൊക്കെ കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്നത്. ഇത്രയും വിശാലമായ പറമ്പ് ഉണ്ടായിട്ടും സ്കൂൾ ജോലിക്കൊപ്പം കൃഷിയും നടത്തിക്കൊണ്ട് പോകുന്ന അച്ഛൻ ഒരു കണിക്കൊന്ന വെച്ചു പിടിപ്പിക്കാഞ്ഞതെന്തേ എന്ന് ഓരോ വിഷുക്കാലത്തും ഞാൻ സംശയിക്കാറുണ്ട്. മാനം മുട്ടെ നിൽക്കുന്ന പാരിജാതവും ആർച്ച്‌പോലെ വളരുന്ന കട്ടചെമ്പരത്തിയും പരമു അമ്മാവന്റെ അവിടന്ന് കൊണ്ട് വന്ന് പിടിപ്പിച്ച ലാങ്കി ലാങ്കിയും ഒക്കെയുള്ള ഉമ്മറത്ത് ഒരു കണിക്കൊന്നയും വെച്ച് പിടിപ്പിച്ചിരുന്നെങ്കിൽ വിഷുവിന്റെ തലേന്ന് കണിക്കൊന്നയ്ക്കായി നടക്കണ്ടല്ലോ.
വീട്ടിൽ ഇല്ലെങ്കിൽ എന്താ, വിഷുവിന്റെ തലേന്ന് തന്നെ കണിക്കൊന്ന ഇഷ്ടം പോലെ വീട്ടിലെത്തിക്കാണും. അമ്മയും അച്ഛനും കണി ഒരുക്കുന്നത് കുട്ടിക്കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. എല്ലാരും ഉറങ്ങിക്കഴിഞ്ഞ് ഉമ്മറത്തെ തളത്തിൽ ഒരുക്കി വെച്ചിരിക്കുന്ന കണി കാണുന്നത് കാലത്ത് ഉറക്കപ്പിച്ചിൽ അച്ഛൻ വിളിച്ചെണീപ്പിച്ച് കണ്ണ് പൊത്തി കൊണ്ട് വന്ന് ഇരുത്തി കണ്ണ് തുറക്കാൻ പറയുമ്പോൾ ആണ്. കൈയെത്താത്ത പൊക്കത്തിൽ ഇരിക്കുന്ന നീലാകാർവർണ്ണൻ അന്നേ ദിവസമാണ് താഴെയിറങ്ങി കാണുന്നത്. അമ്മയുടെ സ്വർണ്ണമാല ആൾ കഴുത്തിൽ ഇട്ടിട്ടുണ്ടാകും. പുതിയ സെറ്റ് മുണ്ടിൽ അമ്മയുടെ വളയും തൊട്ടടുത്ത് കാശും കൊളുത്തി വെച്ച നിലവിളക്കിന്റെ വെളിച്ചത്തിൽ കാണും. സ്വർണ്ണവർണ്ണമുള്ള കണി വെള്ളരിയ്ക്കൊപ്പം മാങ്ങയും പഴങ്ങളും നെല്ലും ധാരാളം കണിക്കൊന്നപ്പൂക്കളും.. കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച്ചയിൽ ഉറക്കം പമ്പ കടന്നിട്ടുണ്ടാകും. അച്ഛൻ കൈയിൽ വെച്ചു തരുന്ന നാണയത്തുട്ടുകൾ ആ വർഷത്തെ ഐശ്വര്യമാണ്. വിട്ടീലെ അവസാനസന്തതി ആയത് കൊണ്ട് ഏറ്റവും അവസാനത്തെ കണി കാണൽ ആയിരിക്കും എന്റേത്. വീണ്ടും ഉറങ്ങാൻ അനുവാദമുള്ളതും എനിക്ക് തന്നെ. ഉറങ്ങി എണീയ്ക്കുമ്പോളും കൈക്കുള്ളിൽ മുറുകെ പിടിച്ചിട്ടുണ്ടാകും ആ നാണയങ്ങൾ.
അതിരാവിലെ എണീറ്റ് കുളിച്ച് വരുമ്പോളേക്കും അച്ഛൻ തൊഴുത്തിലേക്ക് പോയിട്ടുണ്ടാകും. പശുക്കളെയും കണി കാണിച്ചിട്ടേ കണി വെച്ചത് മാറ്റു. പ്രഭാതഭക്ഷണം കഴിഞ്ഞാണ് അച്ഛൻ വിഷുക്കൈനീട്ടം തരിക. അച്ഛൻ തരുന്ന നോട്ടുകൾ ചെലവാക്കാതെ സൂക്ഷിച്ചു വെച്ച് കൊണ്ടായിരുന്നു എന്റെ സമ്പാദ്യശീലത്തിന്റെ തുടക്കം.
വിഷുക്കാലം മാമ്പഴക്കാലം കൂടിയാണ്. ഞങ്ങളുടെ പറമ്പിലെ കൂടാതെ പടിഞ്ഞാറെ പറമ്പിൽ മൂന്ന് മാവാണ് ഉള്ളത്. പടിഞ്ഞാറെ പറമ്പ് അച്ഛന്റെ തറവാട്ട് പറമ്പാണ്. ചപ്പിക്കുടിയൻ മാങ്ങകളെ കൊണ്ട് നിറഞ്ഞ മൂന്ന് മുത്തശ്ശൻ മാവുകൾ. ഒരു കാറ്റ് വീശുമ്പോഴേക്കും നാല് ചുറ്റുമുള്ള പിള്ളേര് സംഘം ആ മാഞ്ചുവട്ടിൽ എത്തിക്കാണും. തൊട്ടടുത്ത് ഞാവൽ മരവും. നിലത്ത് വീണു കിടക്കുന്ന ഞാവൽപഴം തിന്നാലൊന്നും നിപ്പ വരാത്ത കാലമായിരുന്നു അത്. സ്വന്തം വീട്ട്പറമ്പിലെ മാവുകൾക്ക് പുറമെ ആയിരുന്നു ഈ മാവുകൾ. മൂവാണ്ടനും പ്രീയൂരും മയിൽപ്പീലിയും ഗോമാവും.. ഹാ ഒരു മാമ്പഴക്കാലം തന്നെ.
പറമ്പിനോട് ചേർന്ന് കിടക്കുന്ന പാടത്ത് വേനലിൽ ചെയ്യുന്ന മത്തൻ കുമ്പളം പാവൽ കൃഷികൾക്ക് വെള്ളം നനയ്ക്കൽ പരിപാടിയും ഉണ്ട് ഈ അവധിക്കാലത്ത്. ചിറയുടെ അപ്പുറത്തായതിനാൽ അവിടേക്ക് വെള്ളം കൊണ്ട് പോയി നനയ്ക്കണം. മധുരക്കിഴങ്ങ് വരെ അവിടെ കൃഷി ചെയ്യാറുണ്ടായിരുന്നു ഒരു കാലത്ത്.
മെയ് മാസത്തിനോടുവിൽ മാനം കറുക്കുന്നതോടെ മഴക്കാലം വരവായി, സ്‌കൂളും തുറക്കാറായി. പിറ്റേ കൊല്ലത്തേക്കുള്ള ടെക്സ്റ്റ് ബുക്കുകൾ ഒക്കെ നേരത്തേകിട്ടും അന്നൊക്കെ. ആ പുസ്തകങ്ങളൊക്കെ വായിച്ചു വെക്കാനും ചട്ടയിട്ട് സൂക്ഷിച്ച് എടുത്ത് വെക്കാനും തലേക്കൊല്ലത്തെ നോട്ട്ബുക്കിലെ ബാക്കിയുള്ള പേജുകൾ ഒക്കെ കീറിയെടുത്ത് അച്ഛന്റെ കൈയിൽ കൊടുത്തയച്ച് പ്രസ്സിൽ കൊടുത്ത് ബൈൻഡ് ചെയ്ത് റഫ് ബുക്കായി റെഡി ആക്കി വെക്കാനും എന്തുത്സാഹമായിരുന്നു. അത് പോലെ കുടയുടെയും ബാഗിന്റെയുമൊക്കെ കേട് പാടുകൾ തീർത്തു വെക്കാനും.
ജൂൺ ഒന്നാം തിയതിയിലെ മഴയിലേക്ക് കുടയും ബാഗുമായി ഇറങ്ങുമ്പോൾ ഉള്ളൊരു സന്തോഷം.. പുതിയ കൊല്ലം, പുതിയ ക്ലാസ്സ്, പുതിയൊരകാശം..


10 Comments
വീണ്ടും വീണ്ടും ഓർമ്മിക്കാൻ എന്തു രസമാണ് അല്ലേ. ഇതിനെല്ലാമൊപ്പം ആറ്റിൽച്ചാടിത്തിമിർത്തുള്ള കുളിയും ഞങ്ങളുടെ അവധിക്കാലങ്ങളെ കുളിരണിയിപ്പിച്ചിരുന്നു♥️♥️♥️
സത്യം
മനോഹരമായ ഓർമ്മകൾ ❤️
നനുത്ത ഓർമകൾ മനോഹരമായി എഴുതി.. പ്രിയൂരും, മൂവണ്ടനും, ചപ്പിക്കുടിയനുമൊക്കെ എൻ്റെയും മാമ്പഴ ഓർമകളാണ്. കാറ്റ് വീശുമ്പോഴുള്ള ഓട്ടമൽസരങ്ങളും.
ഹൃദ്യം.❣️❣️❣️
താങ്ക്യൂ ❤️❤️
വീണ്ടും ഒരു അവധിക്കാലം ഓർമ്മയിൽ വിരുന്നെത്തി. ഹൃദ്യമായ എഴുത്ത്.❤️👍
❤️❤️❤️
നല്ല ഓർമ്മകൾ ❤️❤️
❤️❤️❤️
രസമുള്ള അവധിക്കാല ഓർമ്മകൾ! ഇത്ര സുന്ദരവും വൈവിധ്യമാർന്നതുമായ ബാല്യം ലോകത്ത് മറ്റേതെങ്കിലും ജനതക്ക് കിട്ടിയിട്ടുണ്ടാവുമോ എന്നു ഞാനെപ്പോഴും ഓർക്കും. മഞ്ജു എഴുതിയതിൻ്റെ ഓരോരോ version നമ്മുടെയെല്ലാം ഉള്ളിലുണ്ട്. പ്രതിസന്ധികൾക്കും ആശങ്കകൾക്കുമെല്ലാം നടുവിൽ എത്ര രസമാണല്ലേ, ഈ ഓർമ്മകൾ ! സ്നേഹം . 👌👏❤️
സത്യം ❤️
നമ്മുടെയൊക്കെ ഓർമ്മകൾ ഏതാണ്ട് സമാനം