ശരിക്കും ആത്മാവ് എന്നൊന്നുണ്ടോ. എനിക്കറിയില്ല. എനിക്കുണ്ടായ രണ്ട് മൂന്ന് അനുഭവങ്ങൾ എഴുത്തണമെന്ന് എനിക്ക് തോന്നാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. തിരക്കുകൾ കഴിയട്ടെ എന്നോർത്തിട്ട് കഴിയുന്നില്ല. എന്നാൽ പിന്നെ ഇന്ന് എഴുതാൻ തുടങ്ങാമെന്നോർത്തു.
എന്റെ അമ്മ എന്ന തണൽ മാഞ്ഞത് 2016 ലാണ്. അമ്മ തണൽ മാത്രമല്ലായിരുന്നു, ഒരു ധൈര്യമായിരുന്നു. എല്ലാമായിരുന്നു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല പറയാൻ. അമ്മ പോയി കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നാൻ തുടങ്ങി. ഞാൻ നോക്കിയില്ലേ. ഞാൻ നോക്കിയത് പോരാഞ്ഞിട്ടാണോ അമ്മ പോയത്. ഞാൻ കാരണമാണോ പോയത് എന്നൊക്കെ. എന്റെ കൂട്ടുകാരും എന്നെ അറിയാവുന്നവരും ഒക്കെ എന്നെ ആശ്വസിപ്പിച്ചു. അങ്ങനെ ഒന്നും ചിന്തിക്കേണ്ട, പോകേണ്ട സമയമാവുമ്പോൾ പോകണം എന്നൊക്കെ. കുറച്ച് നേരം ആശ്വാസം തോന്നും. പിന്നെയും കുറ്റബോധം. ഒരു ദിവസം ഉച്ചയ്ക്ക് ഞാനുറങ്ങിപ്പോയി. വല്ലാതെ ആഴത്തിൽ ഉറങ്ങി പോയെന്ന് തോന്നുന്നു. എന്റെ സ്വപ്നത്തിൽ അമ്മ വന്നു. എന്റെ തോളിൽ പിടിച്ചിട്ട് പറഞ്ഞു: “എന്തിനാടീ ഇങ്ങനെ വിഷമിക്കുന്നത്. ഞാൻ നിന്റെ കൂടിയില്ലേ” എന്ന്. അന്നേരം തന്നെ ഞാൻ എണീറ്റു. വല്ലാത്ത ഒരാശ്വാസം അനുഭവപ്പെട്ടു. ഇപ്പോഴും ആ ഒരാശ്വാസമുണ്ട് മനസ്സിൽ.
അത് പോലെ ഒരു ദിവസം ഞാൻ സ്കൂട്ടറിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ വല്ലാത്ത ഒരു സങ്കടം മനസ്സിൽ ഉണ്ടായിരുന്നു. എന്താ ഏതാ എന്ന് മനസ്സിലാവുന്നില്ല. ഒരു പാലം കേറി വരുമ്പോൾ മനസ്സ് ശൂന്യമായതു പോലെ മുൻപിലെ ബസ് കണ്ടില്ല. ബ്രേക്ക് ഇട്ടപ്പോഴേക്കും സ്കൂട്ടർ പോയിടിച്ചു. ഞാൻ സ്കൂട്ടറിൽ നിന്നു മുന്നോട്ട് പോയി ബസിൽ ഇടിച്ചു വീണു എന്നാ കരുതിയത്. പെട്ടെന്ന് പുറകിൽ നിന്ന് എന്നെ ആരോ അരയിൽ പിടിച്ചു സീറ്റിൽ ഇരുത്തി. എങ്ങനെ ആര്? – അറിയില്ല. ഞാൻ സ്കൂട്ടർ എടുത്തു കൊണ്ട് എങ്ങനെ വീട്ടിൽ എത്തി എന്ന് ഇന്നും എനിക്കറിയില്ല.
ഇനി പറയുന്നത് June 28 2026 ന് നടന്നതാ. അന്നൊരു ഞായറാഴ്ച. ഉച്ചയ്ക്ക് സംസാരിച്ചിരുന്നു ഞാനൊരു അര മണിക്കൂർ ഉറങ്ങിപ്പോയി. അന്നേരം ഇത് പോലെ ഞാനൊരു സ്വപ്നം കണ്ടു. എന്റെ ഭർത്താവ് ഷാജിയുടെ മമ്മി എന്റെ അടുത്ത് വന്നിരുന്ന് എന്റെ രണ്ട് കൈയുമെടുത്ത് പിടിച്ചു ഭയങ്കര സ്നേഹത്തോടെ ഒരുപാട് സംസാരിച്ചു. പിന്നെ ഞാൻ എണീറ്റു. ഷാജിയോടും പിള്ളേരോടും ഈ സ്വപ്നം പറഞ്ഞു. അന്ന് രാത്രി അറിയുവാണ് മമ്മിക്ക് സുഖമില്ല എന്ന്. പിറ്റേന്ന് മമ്മി മരിച്ചു. എന്താ പറയുക.
ഇതിനൊക്കെ എന്തെങ്കിലും ഒരു വിശദീകരണം ഉണ്ടാവുമല്ലേ. അതൊന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

