രാവിലെ എണീക്കുമ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു. ദിവസവും അഞ്ചരക്ക് ഉണരുന്നതാണ്. ഇപ്പോൾ കുറെ ദിവസമായി നല്ല ക്ഷീണം. രാത്രി കിടന്നാൽ ഉറക്കവും ശരിക്കു കിട്ടുന്നില്ല. എപ്പോഴും ശരീരം മുഴുവൻ ചുട്ടുപൊള്ളുന്നതു പോലെ.
മുഖമൊക്കെ കഴുകി ഫ്രഷായി കിച്ചണിൽ എത്തുമ്പോൾ സമയം ആറേ കാൽ ആയി. ഇനി ഇപ്പോൾ ഒന്നിനും നേരമില്ല ഏഴു മണിക്ക് ദേവൂന്റെ ബസ് വരും. എട്ടേ ഇരുപതു ആവുമ്പോൾ മിന്നുനും പോണം. ഇനി കുട്ടികൾക്ക് ഉച്ചക്കേക്കുള്ള ലഞ്ച് ഒന്നും ഉണ്ടാക്കാനുള്ള സമയം ഇല്ല. ബ്രേക്ക്‌ഫാസ്റ്റ് പെട്ടന്ന് ഉണ്ടാക്കാം എന്നോർത്തു കൊണ്ട് വേഗം തലേദിവസം അരച്ചു വെച്ച ഇഡ്ഡലി മാവ്, ഇഡലി തട്ടിൽ കോരിയൊഴിച്ചു. ഒരു തക്കാളിചട്ട്ണി ഉണ്ടാക്കാം. വേണമെങ്കിൽ ഫ്രിഡ്‌ജിൽ കുറച്ചു സാമ്പാർ ഇന്നലെത്തേത് ബാക്കി ഉണ്ട്.
തക്കാളി ചട്ട്ണി അരക്കുന്നതിനിടയിൽ ദേവു ഉച്ചത്തിൽ വിളിച്ചു “അമ്മാ, എന്റെ മുടി ഒന്നു കെട്ടി ത്താ. ബസ് വരാറായി.”
“സുജേ ചായ വെച്ചില്ലേ”. ഒപ്പം നന്ദേട്ടന്റെ ശബ്ദവും കേട്ടു.
ഉറക്കം ശരിയാവാത്തത് ആവും തല വെട്ടിപൊളിക്കുന്ന വേദന.
ദേവു വീണ്ടും വിളിച്ചു “അമ്മാ ഒന്നു വേഗം.”
കൈയിൽ ഉള്ള പാത്രം സിങ്കിലേക്ക് ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. പിന്നെ നേരെ ദേവൂന്റെ അടുത്തേക്ക് നടന്നു.
അവളുടെ കൈയിൽ നിന്നു ചീപ്പ് വാങ്ങിക്കൊണ്ട് പറഞ്ഞു. ” വയസ്സ് പതിനാലു ആയി. ഇപ്പോഴും മുടി ചീവികെട്ടാൻ ഒരാള് വേണം. അമ്മ പിന്നെ മെഷീൻ ആണല്ലോ ഒരു അസുഖവും വരില്ലല്ലോ. ”
മുടി ശക്തിയിൽ വലിച്ച ദേഷ്യത്തിൽ ദേവു തിരിഞ്ഞു നിന്നു.”ഞാൻ കെട്ടിക്കോളാം എന്റെ മുടി. ആരും സഹായിക്കണ്ട ” അവൾ ചീപ്പ് കൈയിൽ നിന്നു വലിച്ചെടുത്തു കൊണ്ട് റൂമിലേക്ക് നടന്നു.
തല രണ്ടു കൈ കൊണ്ട്പിടിച്ചു സോഫയിൽ കുനിഞ്ഞിരുന്നു.
“അമ്മാ, ബ്രേക്ഫാസ്റ് എടുത്തു താ. കോളേജിലേക്കു ഇറങ്ങുന്ന മിന്നു അടുത്തെത്തി.
“എന്താ സുജേ ഒരു കപ്പ് ചായക്ക് എത്ര താമസം?” പിന്നാലെ നന്ദേട്ടനും.
എന്തോ അപ്പോൾ പൊട്ടിക്കരയനാണ് തോന്നിയത്. എല്ലാവരും ഒന്നു പേടിച്ചു എന്ന് തോന്നുന്നു.
“എന്താടോ എന്തു പറ്റി?” നന്ദേട്ടന്റെ ശബ്ദം.
“അമ്മയ്ക്ക് സുഖമില്ലേ?” മിന്നുവിന്റെ സ്വരത്തിൽ അമ്പരപ്പ്.
ബെഡ്‌റൂമിൽ നിന്നു അപ്പോൾ ദേവൂവും ഓടിയെത്തിയിരുന്നു. എന്തിനു എന്ന് അറിയാതെ മനസ്സ് പെട്ടെന്നു അസ്വസ്ഥമാവുന്നു.
“മക്കൾ രണ്ടുപേരും വരൂ അച്ഛൻ എടുത്തു തരാം ബ്രേക്ഫാസ്റ്റ്. ഇന്നു ലഞ്ച്കാന്റീനിൽ നിന്നു കഴിച്ചാൽ മതി. സുജേ നീ കുറച്ചു നേരം കിടക്കു” നന്ദേട്ടൻ കുട്ടികളെയും കൂട്ടി കിച്ചണിലേക്ക് നടന്നു.
സോഫയിൽ തന്നെ കണ്ണുകൾ അടച്ചു കിടന്നു.
എന്താണ് എനിക്കു പറ്റിയത്. കുറെ ദിവസങ്ങൾ ആയി ആകെ ഒരു അസ്വസ്ഥത. കാരണമില്ലാതെ എല്ലാവരോടും ദേഷ്യം വരിക. പെട്ടെന്ന് കരയാൻ തോന്നുക. ഫുൾസ്പീഡിൽ ഫാൻ ഇട്ടാലും വിയർത്തു ഒഴുകുക. അഞ്ചാറു മാസമായിട്ട് ഒരു തവണയാണ് പിരിയ്ഡ്സ് വന്നത്. ഇനി ഇപ്പോൾ യൂട്രസിൽ എന്തെങ്കിലും മുഴയോ മറ്റോ. ഒരുപാടു ആലോചിച്ചപ്പോൾ തലകറങ്ങുന്നതുപോലെ തോന്നി.
വീട്ടിനുള്ളിൽ ഇപ്പോൾ ബഹളമൊന്നും കേൾക്കാനില്ല. കുട്ടികൾ രണ്ടുപേരും പോയെന്നു തോനുന്നു.
കണ്ണുകൾ അടച്ചു കിടന്നപ്പോൾ നന്ദേട്ടൻ അടുത്തു സോഫയിൽ വന്നിരുന്നു. തലയിൽ പതുക്കെ തലോടിക്കൊണ്ട് ചോദിച്ചു.
“എന്തു പറ്റിയെടോ തനിക്കു കുറെ ദിവസമയല്ലോ ഈ ദേഷ്യവും കരച്ചിലും ഒക്കെ തുടങ്ങിയിട്ട്. ഞാൻ എന്തായാലും എന്നു ഓഫീസിൽ ലീവ് പറയാൻ പോവുകയാ. നമുക്ക് ശ്യാമ ഡോക്ടറെ ഒന്നു പോയി കാണാം. ഞാൻ പോയി നമുക്കു രണ്ടുപേർക്കും ഓരോ ചായ ഇട്ടിട്ടു വരാം. എന്നിട്ട് ഒരു പത്തുമണി ആവുമ്പോഴേക്കും താൻ റെഡി ആവ്.”
നന്ദേട്ടൻ കിച്ചണിലേക്ക് പോയപ്പോൾ മനസ്സ് വീണ്ടും പിടച്ചു. ഈശ്വരാ ഇനി ഡോക്ടർ എന്തൊക്കെയാവും പറയുക.
ഹോസ്പിറ്റലിൽ പോവാനായി കാറിൽ ഇരുന്നപ്പോഴും ആകെ പേടിച്ച അവസ്ഥ ആയിരുന്നു. ശ്യാമഡോക്ടർ അപരിചിത ഒന്നുമല്ല. എന്തിനും ഏതിനും പോവുന്നതു ഡോക്ടറുടെ അടുത്തേക്ക് തന്നെയാണ്. പക്ഷേ, ഇതിപ്പോ ഡോക്ടർ എന്തായിരിക്കും പറയുക.
റൂമിലേക്ക് കടന്ന ഉടനെ ഡോക്ടർ ഒരു പുഞ്ചിരിയോടെ അന്വേഷിച്ചു. “കുറച്ചു ആയല്ലോ നന്ദനെയും സുജയെയും കണ്ടിട്ട്? കുട്ടികളൊക്കെ സുഖായിട്ട് ഇരിക്കുന്നോ? ഇപ്പോ എന്തു പറ്റി സുജേ?”
വിവരങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഡോക്ടർ ഒന്നു ബി പി ഒക്കെ ചെക്ക് ചെയ്തു പരിശോധിച്ച് എന്നിട്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു. “രണ്ടുപേരും ഇരിക്കു ഞാൻ കുറച്ചുകാര്യങ്ങൾ പറയാം.”
സുജക്ക് ഇപ്പോൾ എത്രയായി വയസ്സ്?”
“നാൽപതി എട്ട്” എന്റെ മറുപടി പതുക്കെയായിരുന്നു.
എന്റെ കണ്ണുകളിലേക്ക് നോക്കി ഒരു ചെറു ചിരിയോടെ ഡോക്ടർ പറഞ്ഞു തുടങ്ങി. “സുജേ നീ പറഞ്ഞപ്പോൾ തന്നെ എനിക്കു കാര്യം പിടി കിട്ടി. പിന്നെ നിന്റെ ഒരാശ്വാസത്തിനു വേണ്ടി ഒന്നു പരിശോധിച്ചു എന്നു മാത്രം.”
എന്റെ മുഖത്തു ഒരു അമ്പരപ്പായിരുന്നു. പക്ഷേ അതു ശ്രദ്ധിക്കാതെ ഡോക്ടർ തുടർന്നു
“സുജേ ഇതു മേനോപോസ് ആണ്. ഒരു നാൽപത്തിഅഞ്ചിന് ശേഷം എല്ലാ സ്ത്രീകളിലും സംഭവിക്കാവുന്നത്. തന്നെ. പേടിക്കാൻ ഒന്നുമില്ല. ശരീരത്തിന്റെ ഒരു സ്വാഭാവികമാറ്റം. വളരുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങൾ പോലെ തന്നെ ജീവിതത്തിന്റെ ഈ ഘട്ടത്തിലും ശരീരം മാറുന്നു. അത്രേ ഉള്ളു.”
“പക്ഷേ ഡോക്ടർ, ഈ ദേഷ്യം ഈ സങ്കടം” ചോദ്യം നന്ദേട്ടന്റേത് ആയിരുന്നു.
ഡോക്ടർ തുടർന്നു “ദേഹത്തിലുള്ള ഹോർമോണുകൾ കുറയുമ്പോൾ മനസ്സും പ്രതികരിക്കും. ദേഷ്യവും സങ്കടവും മാത്രമല്ല, ചിലപ്പോൾ ഒറ്റപെടലുകളും തോന്നും. അപ്പോൾ ഇവളെ ഒരാശ്വാസമായി ചേർത്തു പിടിക്കാൻ നന്ദന്റെകൈകൾ ഉണ്ടാവണം ക്രമേണ ഒക്കെ ശരിയാവും. സുജ അവൾക്കു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യട്ടെ. പാട്ട്, ഡാൻസ്, വായന എന്തും ആവട്ടെ. നീ മറ്റുള്ള വർക്ക് വേണ്ടി കൊടുക്കുന്ന നിന്റെ സമയത്തിൽ നിന്ന് കുറച്ചു നിനക്കായി മാറ്റിവെയ്ക്കണം. അപ്പോൾ നിന്നെ നീ തന്നെ സ്നേഹിക്കും. എല്ലാവരും എന്നെ സ്നേഹിക്കുന്നു എന്നു എപ്പോഴും വിശ്വസി ക്കു. നീ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എപ്പോഴും സന്തോഷമായിട്ടിരിക്കു. എല്ലാം ശരിയാകും.”
ഡോക്ടർ ഉറപ്പുപറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരുടെയും മുഖം തെളിഞ്ഞു. ഡോക്ടർ എഴുതി തന്ന മൾട്ടിവിറ്റാമിൻ ടാബ്ലറ്റ് മെഡിക്കൽസ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു.
– ജലജ

