വളരെ ആകസ്മികമായി ഒരു മോഷണക്കേസിന്റെ കാര്യത്തിനു ഹൈകോർട്ടിൽ എത്തിയപ്പോഴാണ് വൈദേഹി മാഡത്തിനെ കണ്ടത്. കണ്ടപ്പോഴേ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരിയും സമ്മാനിച്ചു. ഒരു കേസിനു ഇപ്പോൾ അപ്പിയർ ചെയ്യണമെന്ന് പറഞ്ഞു തിരക്കിട്ടു പോയി.
എന്റെ കേസ് അറ്റൻഡ് ചെയ്യുന്ന ഗവണ്മെന്റ് പ്ലീഡർ രഘുറാം ചോദിച്ചു… “നിങ്ങൾ തമ്മിൽ പരിചയമുണ്ടോ? ”
ഞാൻ ഒന്നു മൂളിയതെ ഉള്ളു.
ഉണ്ടെന്നു പറഞ്ഞാൽ എങ്ങിനെയെന്നു ചോദിച്ചാലോ?
“വെങ്കി സാറിന്റെ ഏറ്റവും മിടുക്കിയായ ജൂനിയർ ആണ് വൈദേഹി. യങ് &ഡൈനമിക്.. ജുഡീഷ്യൽ ഓഫീസർമാരുടെ റാങ്ക് ലിസ്റ്റിൽ ഉണ്ട്. പക്ഷേ വൈദേഹിക്ക് അതിൽ വലിയ താല്പര്യമില്ല. വക്കീൽ പണി ആണ് പോലും ഇഷ്ടം. ”
രഘുറാം സാറിന്റെ വാക്കുകളിലെ ബഹുമാനം ഞാൻ ശ്രദ്ധിച്ചു.
അവിടത്തെ കാര്യങ്ങൾ പൂർത്തിയാക്കി തിരികെ വരുമ്പോൾ വൈദേഹിയുടെ മുഖം മനസ്സിൽ വന്നു.
എൺപതു എൺപത്തിരണ്ടു കാലഘട്ടത്തിൽ തലസ്ഥാനത്തിനടുത്തുള്ള ഒരു ചെറിയ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയി ജോലി നോക്കുന്ന സമയം. വലിയ തിരക്കുകളൊന്നുമില്ലാത്ത അലസമായ ഒരു പകൽ.
അടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുമ്പോൾ ഒരു പെൺകുട്ടി അടുത്ത് വന്നു.
“സാറെ.. ഒരു കംപ്ലയിന്റ് തരാനായി വന്നതാണ്.”
ഞാൻ ആളെ ഒന്നു നോക്കി. വില കുറഞ്ഞ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിലേ സാമ്പത്തികമായി താഴേ തട്ടിൽ ജീവിക്കുന്ന ഒരു സാധാരണക്കാരി എന്നു മനസ്സിലായി.
ഗൗരവം വിടാതെ തന്നെ സ്റ്റേഷനിലേക്ക് നടന്നു. മുറിയിലെത്തി അഞ്ചു മിനിറ്റിനു ശേഷം പരാതിക്കാരിയെ അകത്തേക്കു വിളിപ്പിച്ചു.
ഇതിനിടയിൽ തന്നെ ആ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ നാട്ടുകാരായ കോൺസ്റ്റബിൾമാരിൽ നിന്നും ശേഖരിച്ചിരുന്നു.
അവരിൽ നിന്നാണ് ആ കുട്ടിക്ക് അമ്മ മാത്രമേയുള്ളുവെന്നും അവർ പല വീടുകളിൽ പണിക്കു പോയി ആണ് കുട്ടിയെ വളർത്തുന്നതെന്നും അറിഞ്ഞത്. പഠിക്കാൻ മിടുക്കിയായതു കൊണ്ടു നല്ലവരായ ചില ആളുകളുടെ സഹായത്താൽ തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കയാണ് എന്നും മനസ്സിലാക്കി .
അകത്തേക്കു കടന്നപ്പോൾ തന്നെ അവൾ ഒരു പരാതി എന്റെ നേരെ നീട്ടി. ഒന്നു മടിച്ച ശേഷം ഞാൻ പരാതി വാങ്ങിച്ചു വായിച്ചു നോക്കി.
വൃത്തിയുള്ള കയ്യക്ഷരത്തിൽ നല്ല രീതിയിൽ എഴുതിയ ഒരു പരാതി. പരാതിയിൽ വൈദേഹിയെ ശാരീരികമായി ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചതായും അയാൾക്കെതിരെ നടപടി എടുക്കാൻ വൈകരുതെന്നു അപേക്ഷിക്കുന്നതായും എഴുതിയിരിക്കുന്നു.
അയാളുടെ പേരും കൃത്യമായമേൽവിലാസവും ഉണ്ട്.
അമ്മ ജോലിക്കായി പുറത്തു പോകുമ്പോൾ താൻ മാത്രമേ വീട്ടിൽ കാണുകയുള്ളുവെന്നും അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന തനിക്കു സംരക്ഷണം നൽകണമെന്നും എഴുതിയാണ് പരാതി അവസാനിപ്പിച്ചിരിക്കുന്നത്.
ഈ കുട്ടി തന്നെയാണ് ഇത്തരം ഒരു പരാതി തയ്യാറാക്കിതെങ്കിൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുവെന്നു മനസ്സിൽ കരുതി.
“കുട്ടി.. കുട്ടിയ്ക്കൊന്നും സംഭവിച്ചില്ലല്ലോ. ഈ നിസ്സാര കാര്യത്തിനൊക്കെ കേസ് എടുക്കാനാണെങ്കിൽ ഞങ്ങൾക്ക് വേറൊന്നിനും സമയം കാണില്ലല്ലോ. പിന്നെ ഈ സംരക്ഷണം എന്നൊക്ക പറഞ്ഞാൽ…”
ഞാൻ ഒന്നു നിർത്തിയിട്ട് തുടർന്നു.
“പറയാൻ എളുപ്പമാണ്. പക്ഷേ വി വി ഐ പി കൾക്ക് പോലും സംരക്ഷണം കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല…”
എന്റെ അവസാന വാചകത്തിലെ പരിഹാസം മനസ്സിലാക്കിയ വൈദേഹി എന്റെ നേരെ നോക്കി അംഗീകരിക്കുന്ന മട്ടിൽ തല കുലുക്കി.
“സാറെ.. എനിക്കൊന്നു ഫോൺ ചെയ്യണമായിരുന്നു. പ്ലീസ്..”
ഞാൻ ഒരു സൗജന്യം നൽകുന്ന മട്ടിൽ സമ്മതിച്ചു.
ഫോൺ ചെയ്യാൻ അനുവദിക്കാൻ ഒരു കോൺസ്റ്റബിളിന് നിർദ്ദേശം നൽകി. വൈദേഹി കോൺസ്റ്റബിളിന്റെ പുറകേ പോയി ഫോൺ ചെയ്തു.
കോൺസ്റ്റബിൾ സദാശിവന്റെ ശബ്ദം കേട്ടു ഞാൻ തലയുയർത്തി നോക്കി.
സാറെ… ആ കുട്ടി അവളുടെ അച്ഛനെ ആണ് വിളിക്കുന്നത്.. നമ്മൾ അറിയാത്ത അങ്ങനൊരു കഥാപാത്രം ഉണ്ടെങ്കിൽ…. അയാൾ വലിയ പിടിപാടുള്ള രാഷ്ട്രീയക്കാരനോ ഉയർന്ന ഉദ്യോഗസ്ഥനോ മറ്റോ ആണെങ്കിൽ..
സദാശിവൻ അർദ്ധോക്തിയിൽ നിറുത്തി എന്നെ നോക്കി.
“സാർ ഏതായാലും ആ ഫോൺ ഒന്നെടുത്തു ചെവിയിൽ വെച്ചു നോക്കിയാൽ അറിയാമല്ലോ.”
ഏതോ ഒരു ഉൾവിളി ഉണ്ടായ പോലെ ഞാൻ എക്സ്റ്റൻഷൻ എടുത്തു.
“അച്ഛാ..” വൈദേഹിയുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി.
മോളെ.. ഇനി …. ഞാൻ നോക്കിക്കോളാം.
അപ്പുറത്ത് നിന്നും ഒഴുകി വന്ന ശബ്ദം എനിക്കു വളരെ പരിചിതമായി തോന്നി.. രണ്ടു മിനിറ്റിലെ സംഭാഷണത്തിന് ശേഷം വൈദേഹി എന്റെ മുറിയിലേക്ക് വന്നു. “സാറിനാ ഫോൺ.” ഞാൻ ഞെട്ടി.
പെട്ടെന്നു ഞാൻ ഫോൺ എടുത്തു.
“ഹലോ ഇതു ഞാനാ.. ഐ. ജി. രാജഗോപാൽ.. ”
പിന്നെ ഞാനൊന്നും കേട്ടില്ല.
“യെസ് സാർ… യെസ് സാർ… “എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
ഈശ്വരാ… സംസ്ഥാനത്തെ പോലീസ് മേധാവി ഈ കുട്ടിയുടെ അച്ഛനോ… എന്റെ ചിന്തയിൽ ആയിരം കടന്നലുകൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു..
എല്ലാ നിർദ്ദേശങ്ങളും നൽകിയ ശേഷം ഐ ജി ചോദിച്ചു..
“എത്ര വർഷമായി സെർവീസിൽ കയറിയിട്ട്?”
“മൂന്നു വർഷം..”. ഞാൻ വിക്കി.
“ഇതു രണ്ടാമത്തെ പോസ്റ്റിങ്ങ് ആണ്..” ഭവ്യത ഒട്ടും വിടാതെ ഞാൻ..
“ഉം.. “ഒരു കനത്ത മൂളൽ..
“വൈകുന്നേരം വൈദേഹിയുടെ പരാതിയും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുമായി എന്നെ വന്നു കാണണം.”
“യെസ് സാർ.”
ഫോൺ വെച്ച ഉടൻ വൈദേഹി തിരിഞ്ഞു പുഞ്ചിരിയോടെ പുറത്തിറങ്ങി.
ഞാൻ പുറകേ ചെന്നു പറഞ്ഞു… “അയാളുടെ കാര്യം ഞാൻ നോക്കിക്കോളാം.”
“പിന്നെ വളരെ നന്ദിയുണ്ട്.. ”
“എന്തിന്?” വൈദേഹി ചോദിച്ചു.. “രാജഗോപാൽ സാറിനോട് എനിക്കെതിരെ ഒന്നും പറയാഞ്ഞതിന്…”
“അതെങ്ങെനെ മനസ്സിലായി? ”
“ഞാൻ എക്സ്റ്റൻഷൻ ഫോൺ കയ്യിൽ എടുത്തിരുന്നു.”
അവൾ ഒന്നു പുഞ്ചിരിച്ചിട്ട് കടന്നു പോയി..
ഞാൻ വെറുതെ ഒന്നെറിഞ്ഞു നോക്കിയതാണ്. പകുതി സംഭാഷണം മാത്രമേ ഞാൻ കേട്ടുള്ളു. എനിക്കെതിരെ എന്തെങ്കിലും പറഞ്ഞെങ്കിൽ അവളുടെ വായിൽ നിന്നും പുറത്തു വരുമെന്നു കരുതി. പക്ഷേ അവൾ ബഹു മിടുക്കി തന്നെ. എനിക്കു പിടി തരാതെ പൊയ്ക്കളഞ്ഞു.
പിന്നീടാണ് അറിഞ്ഞത്….. രാജഗോപാൽ സാറിന്റെ മകളുടെ കൂട്ടുകാരിയാണ് വൈദേഹിയെന്ന്. കൂട്ടുകാരിയുടെ വീട്ടിലെ നിത്യ സന്ദർശകയായതിനാൽ സാറിനും കുടുംബത്തിനും വൈദേഹിയെ അടുത്തറിയാം. മോൾ വിളിക്കുന്നപോലെ ‘അച്ഛാ’ എന്നാണു വൈദേഹിയും സാറിനെ വിളിക്കുന്നത്.
ഡിഗ്രി കഴിഞ്ഞു ലോ കോളേജിൽ ചേർന്നു പഠിച്ച വൈദേഹി സന്നതെടുത്തു ഹൈ കോടതിയിൽ അഭിഭാഷകയായി. ഇപ്പോൾ സമർത്ഥനായ ക്രിമിനൽ വക്കീലിന്റെ ജൂനിയർ ആയി പ്രവർത്തിക്കുന്നു ..
“സാർ.. സ്റ്റേഷൻ എത്തി..”.
ഡ്രൈവർ വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.
വൈകിട്ട് വീട്ടിൽ വന്നു കുളി കഴിഞ്ഞ് ചില കേസുകൾ വായിച്ചു നോക്കുന്നതിനിടയിലാണ് രഘുറാം സാറിന്റെ ഫോൺ വന്നത്.
“എടോ നമ്മുടെ കേസിന്റെ ഡിഫെൻസ് വക്കീൽ ആരാണെന്നറിയോ? വൈദേഹി… ”
“കേസ് നന്നായി പഠിച്ചു വരണം. തന്നെ ഒക്കെ എടുത്തിട്ടു കുടഞ്ഞു കളയും..”
“പിന്നെ നിങ്ങൾ പരിചയക്കാരാണല്ലോ അല്ലേ?” രഘുറാം സാർ ചിരിക്കുന്നു.
‘പരിചയമാണ് പ്രശ്നം’ എന്നു ഞാൻ മനസ്സിലോർക്കേ..
അപ്പറത്തുനിന്നും വക്കീൽ.. “പരിചയത്തിലൊന്നും ഒരു കാര്യവുമില്ല… വൈദേഹിയിൽ നിന്നും ഒരു പരിഗണനയും പ്രതീക്ഷിക്കേണ്ട.”
അപ്പുറത്തു ഫോൺ വെച്ചിട്ടും അവിടുന്നനങ്ങാൻ തോന്നിയില്ല.
“പക അതു വീട്ടാനുള്ളതാണ്” എന്നൊരു അശരീരി കേട്ടോ ആവോ.

