എഴുപത് എൺപത് കാലഘട്ടത്തിൽ ജനിച്ചവർ ആഗോള വലയിലും ( ഇൻ്റർനെറ്റ്) അല്ലാതെയും ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ ആണ്. ആ ഒരു ഭാഗ്യം ലഭിച്ച ഒരാളാണ് ഞാനും.
പത്ത് വയസ്സ് മുതൽ പത്ര വായന തുടങ്ങിയ എനിക്ക് ലോകത്തിൽ നടക്കുന്ന മാറ്റങ്ങൾ മുഴുവൻ അറിയാൻ സാധിച്ചതും പത്ര വായനയിൽ കൂടി തന്നെ ആയിരുന്നു. അന്ന് വായിച്ചൊരു വാർത്ത ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. വയർലെസ്സ് ഫോണിനെ പറ്റി ആയിരുന്നു. എൻ്റെ കുഞ്ഞു മനസ്സിൽ അതെങ്ങിനെ സാധ്യമാകും എന്നതിനെ കുറിച്ച് ആകാംക്ഷ ഉണ്ടായിരുന്നു.
മൊബൈൽ ഫോൺ ഇല്ലാതെയുള്ള അവസ്ഥയിൽ എൻ്റെ മാതാപിതാക്കൾ അനുഭവിച്ച മാനസിക സമ്മർദത്തെ കുറിച്ചുള്ള ഒരു അനുഭവം പങ്കു വെക്കാം..
ഞാൻ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുന്ന സമയം. എങ്ങനെയെങ്കിലും ഒരു ജോലി നേടാനുള്ള ശ്രമത്തിൽ ആയിരുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ ഒരു പരീക്ഷ എഴുതാൻ വേണ്ടി എറണാകുളം പോകേണ്ടി വന്നു. തനിച്ചാണ് പോയത്.വടകര നിന്ന് രാത്രി ട്രെയിൻ കയറി എറണാകുളത്തേക്ക്. ഇത്രയും ദൂരം ഞാൻ ഒറ്റക്ക് അതുവരെ യാത്ര ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അഛനും അമ്മയ്ക്കും മനസ്സിൽ നന്നായ് പേടി ഉണ്ടായിരുന്നു. സുഹൃത്തുക്കളെ ആരെയെങ്കിലും കൂട്ടി പോകാൻ വേണ്ടി നിർബന്ധിച്ചെങ്കിലും ഞാൻ അത് നിരസിച്ചു. തനിയെ യാത്ര ചെയ്യാനുള്ള ത്രില്ലിൽ ആയിരുന്നു ഞാനും.
റിസർവ് ചെയ്യാതെയുള്ള ട്രെയിൻ യാത്ര ശരിക്കും ദുരിതം തന്നെ ആയിരുന്നു. സീറ്റ് കിട്ടിയെങ്കിലും ഇരുന്ന് ഉറങ്ങിയുള്ള ശീലം ഇല്ലാത്തതിനാൽ ഉറക്കമൊഴിഞ്ഞു പുറത്തെ കാഴ്ചകൾ കണ്ട് സമയം തള്ളി നീക്കി.ഒ രു പുലർച്ചെ നാലരയോടെ എറണാകുളം ട്രെയിൻ എത്തിച്ചേർന്നു. ഞാൻ സ്റ്റേഷനിൽ തന്നെ ഫ്രഷ് ആയി പുറത്തിറങ്ങി. അടുത്തുള്ള ഹോട്ടലിൽ കയറി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. പരീക്ഷ എറണാകുളം മഹാരാജാസ് കോളേജിൽ വെച്ചാണ്. ഒരു ഓട്ടോ വിളിച്ച് അവിടേക്ക് പോയി.
രാത്രി വണ്ടിക്ക് തിരിച്ച് വടകരക്ക് പോകാനുള്ള തീരുമാനത്തിൽ ഉച്ചയോടെ പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി.
റോഡിലേക്ക് ഇറങ്ങുന്ന ഗേറ്റിൽ വെച്ചാണ് ഡിഗ്രിക്ക് കൂടെ പഠിച്ച ശ്രീജിത്തിനെ കാണുന്നത്. കൂടെ അവൻ്റെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു. അവർ തലേ ദിവസം തന്നെ റൂം എടുത്ത് അവിടെ കൂടിയിരുന്നു. അവർ എന്നെ അവരുടെ റൂമിലേക്ക് ക്ഷണിച്ചു. അവരുടെ റൂമിൽ പോയി ഞാൻ കുളിച്ച് ഫ്രഷ് ആയി. റൂം വെക്കേറ്റ് ചെയ്യാനുള്ള സമയം അടുത്തപ്പോൾ ഞങൾ അവിടെ നിന്ന് ഇറങ്ങി. തിരിച്ച് നാട്ടിലേക്കുള്ള വണ്ടി രാത്രി പത്തരയ്ക്ക് ആണ്. അതുവരെ എന്ത് ചെയ്യും എന്നുള്ള ആലോചനയിൽ ഞങ്ങളും. ഗുരുവായൂർ പോയാലോ എന്ന് ശ്രീജിത്ത് പറഞ്ഞപ്പോ ഞാനും ഓകെ പറഞ്ഞു. അതോടെ വീടും വീട്ട് കാരെയും മറന്നു.
ഞങ്ങൾ നേരെ പോയത് എറണാകുളം KSRTC സ്റ്റാൻഡിൽ ആണ്. അവിടെ നിന്ന് ഗുരുവായൂരിലേക്കുള്ള ബസിൽ കയറി. ഒരു ആറ് മണിയോട് കൂടി ഗുരുവായൂരിൽ എത്തി. കുറഞ്ഞ ചിലവിൽ താമസിക്കാനുള്ള ലോഡ്ജ് തപ്പി ഞങ്ങൾ കുറെ നടന്നു. അവസാനം ഒരു റൂം കിട്ടി. ഞാൻ ആണെങ്കിൽ മാറി ഉടുക്കാനുള്ള ഡ്രസ് ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല. അച്ഛൻ കണ്ടറിഞ്ഞു കുറച്ച് പൈസ കൂടുതൽ തന്നു വിട്ടത് തുണയായി. അവിടെയുള്ള ഒരു തുണിക്കടയിൽ കയറി.
മാറി ഉടുക്കാനുള്ള മുണ്ട് ഷർട്ട് വാങ്ങിച്ചു. ഞങ്ങൾ മൂന്ന് പേരും കുളിച്ച് ഫ്രഷ് ആയി കണ്ണൻ്റെ സന്നിധി പൂകി. അമ്പലത്തിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കണ്ണനെ മനസ്സ് നിറഞ്ഞു തൊഴുതു. ആ സമയം ഒന്നും വീട്ടുകാരെ പറ്റി ഒരു തരത്തിലുള്ള ചിന്തയും വന്നില്ല എന്നുള്ളതാണ് സത്യം.
രാവിലെ നേരത്തെ ഉണർന്നു വാകചാർത്തും കണ്ട് ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് വരെ അവർ കൂടെ ഉണ്ടായിരുന്നു. ഞാൻ കോഴിക്കോട് നിന്ന് കുറ്റ്യാടി ബസ് കയറി നാട്ടിലേക്കും. ഒരു നാല് മണിയോടെ നാട്ടിൽ എത്തി.
ഗുരുവായൂരിൽ പോകാൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിൽ ആയിരുന്നു ഞാൻ. എന്നാൽ വീട്ടിലുള്ള അവസ്ഥ മറ്റൊന്നായിരുന്നു. എറണാകുളത്ത് നിന്ന് രാത്രി വണ്ടി കയറി പിറ്റേന്ന് ഒരു 10 മണി ആകുമ്പോഴേക്കും വീട്ടിൽ എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു വീട്ടുകാർ. ഞാൻ തിരിച്ചെത്താത്തതിൻ്റെ വിഷമത്തിൽ അഛനും അമ്മയും ആകെ വിഷമിച്ചു. എവിടെ പോയി അന്വേഷിക്കും എന്നവർക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. അമ്മ ഒന്നും കഴിക്കാതെ തളർന്നു കിടന്നു. അച്ഛൻ ആണെങ്കിൽ വഴി കണ്ണുമായി എൻ്റെ വരവും കാത്തിരുന്നു.
ജോലിക്ക് പോകാതെ വഴിയരികിൽ കാത്തുനിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി. എന്നെ കണ്ട ഉടൻ വഴക്കൊന്നും പറയാതെ വേഗം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. വീട്ടിൽ എത്തി തളർന്നു കിടക്കുന്ന അമ്മയെ കണ്ടപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി. ചെയ്ത തെറ്റിന് എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുഴങ്ങി.
അന്ന് ഞാൻ ഒരു വയർലെസ്സ് ഫോൺ കയ്യിൽ വരുന്ന കാലഘട്ടത്തെ കുറിച്ച് വീണ്ടും ഓർത്തു.
ഇന്ന് ഞാൻ ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിൽ ആണ്.
ഞാനൊരു യാത്രയിൽ ആണ്. ഗൾഫിൽ നല്ലൊരു ജോലി ശരിയായിട്ടുണ്ട്. ഭാര്യയും മക്കളും എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത് മടങ്ങി. അവർ വീട്ടിൽ എത്തി ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ഞാനും അബുദാബിയിൽ എത്തിച്ചേർന്നു. ഫോൺ എടുത്തു വീഡിയോ കോൾ ചെയ്ത് എത്തിയ സ്ഥലം കാണിച്ച് കൊടുത്ത് കൊണ്ട് സംസാരിച്ചു. ദൂരവും സമയവും ഒരുപാട് കുറഞ്ഞ ഒരു കാലഘട്ടം.. അതെത്ര സുന്ദരം…..
രാജേഷ് സി സി

