മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം
ഞാനെൻ മൗനത്തിൽ മൂടുപടമഴിച്ചുവെന്നാൽ പണ്ഡിതനല്ല പാണ്ഡിത്യം പ്രസംഗിച്ചിടാനായ്. സുഭാഷിതമോതുവാൻ ഞാൻ പ്രവാചകനുമല്ല. ഒരുപക്ഷേ ഞാനൊരു വിമതനായേയ്ക്കാം. ആർത്തലച്ചു വരും തിരമാലകൾ പാറക്കൂട്ടത്തിലിടിച്ചു ചിതറുന്നതുപോലെൻ വാചാലത കാതുകളെ പ്രഹരിച്ചേയ്ക്കാം. ചില്ലുപാത്രം തറയിലെറിഞ്ഞുടയ്ക്കുന്നയൊച്ചപോലെയതു കാതുകളെ തുളച്ചേയ്ക്കാം.
ഉരുകിത്തിളയ്ക്കുന്നയീയം കാതുകളിലൊഴിക്കും പോലെയസ്വസ്ഥമായേക്കാം. കുപ്പിവളകിലുക്കം പോലെയതിനു മാധുര്യമുണ്ടാകില്ല. മൂർച്ചയേറിയ ഈർച്ചവാളിനാലെന്റെ നാവരിഞ്ഞുവീഴ്ത്താനായിരം കൈകൾ മുന്നോട്ടു വന്നേക്കാം. അതിനാൽ ഞാനെന്റെ മൗനത്തിൻ വാല്മീകത്തിൽ തന്നെ അഭിരമിച്ചിടട്ടെ.

1 Comment
💫💫✨✨❤️❤️