നിലാവിൻെറ വെളിച്ചത്തിൽ
കാണുന്ന കാഴ്ചപോൽ
മങ്ങിയതെങ്കിലും
ഓർമ്മകൾ ഓടിക്കളിച്ചിടുന്നൂ
മധുര സ്മരണകൾ
മനസ്സിൽ തെളിയുമ്പോൾ
ചുണ്ടിൽ തെളിയുന്നു
മധുരസ്മിതം
കയ്പ്പുള്ളൊരോർമ്മകൾ
തെളിയുമ്പോഴൊക്കെയും
കണ്ണുകൾ ഈറനണിഞ്ഞിടുന്നൂ
മറന്നെങ്കിലെന്ന് കൊതിച്ചിടുന്നൂ
പൊള്ളുന്ന ഓർമ്മകൾ
കെട്ടുപോകാതെന്നും
ഹൃദയത്തിൻ അറകളെ
കനലുപോൽ മെല്ലെ ഉരുക്കിടുന്നു
എങ്കിലും ഓർമ്മകൾ
ഓമൽ കിടാവുപോൽ
മാനസവാടിയിൽ കളിച്ചിടുന്നൂ
കുസൃതികൾ കാട്ടി ചിരിച്ചിടുന്നൂ
ഓർമ്മകൾ ഓടിക്കളിക്കാത്ത മാനസം
മലരുകളില്ലാത്ത മലർവാടി പോൽ
ഓർമ്മകൾ ഇല്ലെങ്കിൽ ജീവനുണ്ടെങ്കിലും
മരണത്തെ പുൽകിയപോലെയല്ലോ…
