രാവിലെ തന്നെ കുളിയും കഴിഞ്ഞ് കണ്ണെഴുതി പൊട്ടും തൊട്ട് നല്ല സുന്ദരിയായി ഇരിക്കുകയായിരുന്നു ആ ആറ് വയസ്സുകാരി. അവൾ ഇന്ന് നല്ല സന്തോഷത്തിലാണ്. സ്കൂൾ തുറക്കുന്ന ദിവസമാണിന്ന്. പുതിയ ഉടുപ്പ് ചെരുപ്പ് കുട പല നിറത്തിലുള്ള പ്ലാസ്റ്റിക് കണ്ണികൾ കൊണ്ട് നെയ്ത് എടുത്ത പുസ്തക കൊട്ട, ചോറ്റുപാത്രം അങ്ങനെയുള്ള കാര്യങ്ങളൊന്നും അല്ല അവളൂടെ സന്തോഷത്തിന് കാരണം. സ്കൂളിൽ നിന്ന് കിട്ടുന്ന മഞ്ഞ നിറത്തിലുള്ള ഉപ്പുമാവിലായിരുന്നു അവളുടെ കണ്ണ്. അവിടുന്ന് കഴിച്ചതിൻ്റെ ബാക്കി ഏട്ടൻ വീട്ടിലേക്ക് കൊണ്ടുവരാറുണ്ടായിരുന്നു. വല്ലാത്തൊരു കൊതിയായിരുന്നു അവൾക്കതിനോട്. എന്തായാലും സ്കൂളിൽ നിന്നും ഉപ്പുമാവ് കഴിക്കാനുള്ള ഭാഗ്യം അവളെന്ന എനിക്കുണ്ടായില്ല. ഞാൻ ചേർന്ന വർഷം മുതലാണ് ഉപ്പുമാവ് മാറ്റി ഉച്ചക്കഞ്ഞി ആയത്.
ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് അച്ഛൻ പോകാൻ തയ്യാറായി വരുന്നതും നോക്കി ഇരിപ്പാണ് ഞാൻ. സ്കൂളിനടുത്ത് തന്നെയാണ് വീട്. ഒരു പത്ത് മിനിറ്റ് ദൂരം. കൂടെ ഏട്ടനും വരുന്നുണ്ട്. അവനും അതേ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. സ്കൂളിൽ ചേർക്കുക എന്ന് കേട്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഈ “ചേർക്കൽ പരിപാടി” എന്ന് വെറുതെ ഒരാവശ്യവും ഇല്ലാത്ത ഒരു സംശയം എൻ്റെ മനസ്സിൽ തോന്നി. എന്നെക്കാൾ ഒരുവർഷം മുൻപ് സ്കൂളിൽ ചേർക്കപ്പെട്ട അനുഭവസമ്പത്ത് ഉള്ള ഏട്ടനോട് തന്നെ സംശയം ചോദിക്കാൻ പോയി.
മുഖം കണ്ടാലറിയാം എൻ്റെ ചോദ്യം അവനത്ര പിടിച്ചിട്ടില്ല. പുസ്തകകെട്ട് എടുത്തുവെക്കുന്നതിനിടയിൽ തറപ്പിച്ച് എന്നെയൊരു നോട്ടം. ഇനി മുതൽ എന്നെയും സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം തലയിലായത് കൊണ്ടാവാം ഒരു വല്ല്യേട്ടൻ ഭാവം മുഖത്ത്.
എൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടാതായപ്പോൾ ഒന്നുകൂടി ആവർത്തിച്ചു. “എങ്ങനെയാ ഏട്ടാ സ്കൂളില് ചേർക്കുക”. അവൻ അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
അത് നമ്മളെ പിടിച്ചുകെട്ടി ചൂട് വെള്ളത്തിൽ മുക്കി എടുക്കുകയാണെന്ന്. ” പകച്ചുപോയ ബാല്യം ! കണ്ണ് തള്ളി വാ പൊളിച്ചു നിന്ന എന്നെ എനിക്കിന്നും നല്ല ഓർമ്മയുണ്ട്. കരച്ചിലിൻ്റെ പടിവാതിൽക്കൽ എത്തിയ എന്നെ നോക്കി അവൻ പറഞ്ഞു, “അത്രയ്ക് ചൂടൊന്നും ഉണ്ടാവില്ല. നമ്മൾ കുളിക്കാനെടുക്കുന്ന ചൂട് അത്രയേ ഉള്ളുന്ന്. “.
ഞാൻ ചിണുങ്ങി കരയാൻ തുടങ്ങിയപ്പോൾ സംഗതി പന്തികേടായി എന്ന് അവന് മനസ്സിലായി. അച്ഛനോട് പറഞ്ഞുകൊടുത്താൽ ഉണ്ടല്ലോ… എന്ന് കണ്ണുരുട്ടി കൈ ചൂണ്ടി ഒരു താക്കീതും. അച്ഛനോട് പറഞ്ഞുകൊടുത്താൽ പിന്നെ ഒരു കളിക്കും എന്നെ കൂട്ടില്ലെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.
കളിക്കൂട്ടത്തിലെ നേതാവ് ആണവൻ. ചെറിയൊരു ഗുണ്ടയും. അവൻ തീരുമാനിക്കുന്നതിനപ്പുറത്തേക്ക് ആരും അനങ്ങില്ല. ഒരിക്കൽ കളികൾക്കിടയിലെ എന്തോ ഒരു കാര്യത്തിന് അച്ഛനോട് പരാതി പറഞ്ഞതിന് അവൻ എന്നെ കളിക്ക് കൂട്ടിയില്ല. പിന്നീട് അമ്മ ഇടപെട്ടാണ് പ്രശ്നം തീർപ്പാക്കിയത്. അന്ന് നടന്ന രസകരമായ ഒരു സംഭവം അമ്മ ഇന്നും ഓർത്തു പറയാറുണ്ട്.
ആ പ്രദേശത്തുള്ള കുട്ടികളെല്ലാവരും ഒന്നിച്ചാണ് കളിക്കുക. വീടിനോട് ചേർന്നുള്ള പറമ്പിൽ രാജകൊട്ടാരം കെട്ടി കളിക്കുകയാണ്. രാജാവ് നേതാവായ ഏട്ടൻ തന്നെ. റാണി, തോഴി രാജകുമാരികൾ അങ്ങനെ എല്ലാ കുട്ടികൾക്കും ഓരോ കഥാപാത്രം ഏട്ടൻ തന്നെ ചാർത്തി കൊടുത്തു. അവസാനം അമ്മയുടെ ശുപാർശ ഉള്ളതുകൊണ്ട് എനിക്ക് എന്തെങ്കിലും റോൾ തരണമല്ലോ. കൊട്ടാരം കാവൽക്കാരന്റെ റോൾ എനിക്കും തന്നു. ഒരു കവുങ്ങിൻ പാളയുടെ തൊപ്പിയും, മരച്ചീനി തണ്ടും കൈയിൽ പിടിപ്പിച്ച് കൊട്ടാരത്തിനു പുറത്തു എന്നെ നിർത്തി. ആരെങ്കിലും കൊട്ടാരത്തിലേക്ക് രാജാവിനെ കാണാൻ വരുമ്പോൾ അകത്തേക്ക് സ്വീകരിച്ചു കൊണ്ടുപോകലാണ് എൻറെ ജോലി. നാട്ടിലുള്ള കുട്ടികളെല്ലാം കൊട്ടാരത്തിനകത്ത് തന്നെയുണ്ട്. പുറത്തുനിന്ന് ഇനി ആരും വരാൻ ഒരു സാധ്യതയുമില്ല. അന്യ രാജ്യത്ത് എങ്ങാനും വന്നാൽ ആയി…
കൊട്ടാരത്തിനകത്ത് ഗംഭീര സംഗീത സദസ്സ് അരങ്ങേറുകയാണ്. രാജാവ് സിംഹാസനത്തിൽ ഇരിക്കുന്നു. എനിക്കും അകത്തു പോയി അവരുടെ കൂടെ നിൽക്കണമെന്നുണ്ട്. പറ്റില്ലല്ലോ… കൊട്ടാരം മുഴുവൻ എൻറെ ഉത്തരവാദിത്വത്തിൽ അല്ലേ ഉള്ളത്.
കുറെ നേരം വെയിലുകൊണ്ട് ഒരേ നിൽപ്പ് നിൽക്കുന്നത് കണ്ടിട്ടായിരിക്കണം അമ്മ അങ്ങോട്ട് വന്നത്. ഓ.. എനിക്ക് ആശ്വാസമായി. അമ്മ മഹാറാണിയെയും കൂട്ടി വലിയ ഗമയിൽ ഞാൻ മഹാരാജാവിന്റെ അടുത്തേക്ക് പോയി..
അമ്മയ്ക്ക് എന്ത് രാജാവ്…
എന്നെ പുറത്തു വെയിൽ കൊള്ളിച്ചു നിർത്തിയതിന് രാജാവിന് നല്ല വഴക്ക് കേട്ടു..
അപ്പോഴും ഏട്ടൻ എന്നെ മനപ്പൂർവ്വം കളിയിൽ നിന്ന് ഒഴിവാക്കി നിർത്തിയതാണ് എന്ന കാര്യം എനിക്ക് മനസ്സിലായില്ല. കൊട്ടാരം കാവൽക്കാരിയുടെ ജോലി നഷ്ടപ്പെടുത്തിയതിന് അമ്മയോട് എനിക്ക് ദേഷ്യം പിടിച്ചു.
ചെറുപ്പത്തിൽ ഞാനും അത്ര മോശമായിരുന്നില്ല. എന്തോ ഒരുതരം വാശി…. എല്ലാവരോടും അടി കൂടുക… അങ്ങനെ ഒരു പ്രകൃതം ആയിരുന്നു.
വെറും ഒന്നര വയസ്സിന്റെ വ്യത്യാസത്തിൽ മൂത്തവൾ എന്ന സ്ഥാനം നൽകി ബാല്യത്തിന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട ഒരു നടുക്കഷണമാണ് ഞാൻ. മൂത്ത ആൾക്ക് ആൺകുട്ടി എന്ന പരിഗണന, ഇളയവർക്ക് ചെറിയ കുട്ടി എന്ന സ്നേഹവും പരിഗണനയും. ഇതിനിടയിൽ നടുക്കഷണത്തിന് വേണ്ടത്ര സ്നേഹവും പരിഗണനയും കൊടുക്കാൻ മറന്നു പോകുന്നതാണോ എന്തോ…
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആയിരുന്നു ഏറ്റവും കൂടുതൽ അടി നടക്കുന്നത്. അമ്മയുടെ ഒരു വശത്ത് ഏട്ടനും മറുവശത്ത് അനിയത്തിയും. എനിക്കൊരിക്കലും അമ്മയുടെ അടുത്ത് കിടക്കാൻ പറ്റിയിരുന്നില്ല. അവൾ ഉറങ്ങുന്നതും കാത്ത് ഞാനും ഇരിക്കും.
അമ്മ മൂന്നു പ്രസവിച്ചതായിരുന്നു കുട്ടിക്കാലത്തെ എൻ്റെ ഏറ്റവും വലിയ സങ്കടം. എന്നാൽ ഇന്ന് അവർ രണ്ടുമാണ് എൻറെ എല്ലാം…
ആ കുരുട്ടിൻ്റെ വായിൽനിന്ന് എവിടുന്നാ അങ്ങനെയൊരു ഉത്തരം വന്നതെന്ന് എനിക്കിന്നും അറിയില്ല. അതുവരെ സന്തോഷത്തോടെ ഇരുന്നവള് സ്കൂളിലേക്ക് ഇറങ്ങാൻ നേരം തുടങ്ങിയ കരച്ചിലിൻ്റെ കാര്യമറിയാതെ എല്ലാരും വിഷമിച്ചു. പിന്നെ ആദ്യ ദിവസത്തെ ചടങ്ങിൻ്റെ ഭാഗമാണെന്ന് വിചാരിച്ചു സമാധാനിച്ചിട്ടുണ്ടാകും.
സ്കൂളിലേക്കുള്ള യാത്രയിലുടനീളം ചൂടുവെള്ളത്തിൽ പിടിച്ച് മുക്കുന്നതോർത്ത് ഭയപ്പെട്ടു.
അച്ഛൻ്റെ കൈയും പിടിച്ച് ചിണുങ്ങി ചിണുങ്ങി ഓഫീസ് റൂമിലേക്ക് കയറി ചെന്നു… എന്നെപോലെ വേറെയും കുട്ടികളും രക്ഷിതാക്കളും അവിടെയുണ്ടായിരുന്നു. കുട്ടികൾ ചൂടുവെള്ളത്തിൽ പിടിച്ച് മുക്കുന്നത് ഓർത്ത് കരയുകയാണെന്നാണ് ഞാൻ കരുതിയത്. ആ സമയത്താണ് അവിടുത്തെ പ്യൂൺ ഭാസ്‌കാരേട്ടൻ അങ്ങോട്ട് വന്നത്. ഞങ്ങൾ കുട്ടികൾ അദ്ദേഹത്തെ ശിപായി മാഷ് എന്നായിരുന്നു വിളിക്കാറ്. ഒരു അലുമിനിയം ബക്കറ്റിൽ വെള്ളം തൂക്കി വരുന്ന അദ്ദേഹത്തെ കണ്ടതും ഞാൻ അലറിക്കരഞ്ഞു പുറത്തേക്ക് ഓടി. വീട്ടിൽ അച്ഛമ്മ കുളിക്കാനുള്ള ചൂട് വെള്ളം എടുക്കുന്നത് അത് പോലൊരു അലുമിനിയം ബക്കറ്റിലാണ്. സ്കൂൾ മുറ്റത്തെ കിണറിൽ നിന്നും സ്റ്റാഫ് റൂമിലേക്ക് വെള്ളം കൊണ്ട് വെക്കുന്നത് ശിപായിമാഷിൻ്റെ പണിയാണെന്ന് എനിക്ക് മനസ്സിലായത് പിന്നെയാണ്.
കരഞ്ഞുകൊണ്ട് ഓടിയ എന്നെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന മുതിർന്ന കുട്ടികൾ പിടിച്ച് നിർത്തി. അച്ഛൻ എന്നെയും എടുത്ത് വരാന്തയിൽ കയറി. ഒരു തുടക്കം കിട്ടിയത് പോലെ നവാഗതരിൽ ചിലർ ഉച്ചത്തിൽ കരയാൻ തുടങ്ങി.
എൻ്റെ കരച്ചിലും ബഹളവും കേട്ട് ക്ലാസ്സിൽ ഇരുന്ന കുട്ടികളെല്ലാം വരാന്തയിലേക്ക് വന്നു. കൂട്ടത്തിൽ ഏട്ടനും ഉണ്ടായിരുന്നു. ഇന്നൊരു ദിവസം അവൻ്റെ കൂടെ ഇരിക്കട്ടെ. നാളെ മുതൽ ഒന്നാം ക്ലാസ്സിൽ ഇരുത്താ മെന്നു ഓഫീസിൽ ഉള്ള ഏതോ ഒരു മാഷ് പറഞ്ഞു. അങ്ങനെ സ്കൂൾ ആദ്യദിനം ഒന്നാം ക്ലാസിൽ ഇരിക്കേണ്ട ഞാൻ രണ്ടാം ക്ലാസ്സിൽ ആയി.
സ്കൂളിൻ്റെ മുന്നിലുള്ള കടയിൽനിന്ന് മിഠായീ വാങ്ങി വരാമെന്ന് പറഞ്ഞു അച്ഛനും പോയി. ചീവീട് പോലെ കരഞ്ഞുകൊണ്ടിരുന്ന എന്നെ രൂക്ഷമായൊന്നു നോക്കി ഏട്ടൻ മിണ്ടാതിരിക്കാൻ പറഞ്ഞു. കൂട്ടുകാർക്കിടയിൽ ആ രണ്ടാം ക്ലാസുകാരൻ്റെ അഭിമാനത്തിന് ക്ഷതം സംഭവിച്ചിരിക്കുന്നു. കരഞ്ഞു കരഞ്ഞു ഞാൻ ബെഞ്ചിൽ കിടന്ന് ഉറങ്ങിപ്പോയി. കുട്ടികൾ സ്റ്റീൽ പാത്രത്തിൽ താളം പിടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഉച്ചഭക്ഷണത്തിന് സമയമായിരിക്കുന്നു. എല്ലാരും വരിവരിയായി വരാന്തയിലേക്ക് പോയി. അതുവരെ എന്നെ കൊതിപ്പിച്ച മഞ്ഞ നിറത്തിലുള്ള ഉപ്പ്മാവല്ല പകരം വെള്ള നിറത്തിലുള്ള കഞ്ഞിയും ചെറുപയറും. എനിക്ക് പിന്നെയും കരച്ചിൽ വന്നു.
ഉച്ചഭക്ഷണത്തിന് ശേഷം അച്ഛൻ വന്നു. വീട്ടിലേക്ക് നടക്കുന്നതിനിടയിൽ സങ്കടത്തോടെ ഞാൻ അച്ഛനോട് പറഞ്ഞു. സ്കൂളിൽ നിന്ന് ഉപ്പുമാവ് തന്നില്ല. കഞ്ഞിയും, പറയുമാണ് തന്നതെന്ന്. അന്ന് അച്ഛനിൽ നിന്നാണ് ഞാനാ വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കിയത്. ഇനി ഉപ്പുമാവ് ഉണ്ടാവില്ല. ഉച്ച കഞ്ഞി ആണെന്ന്.
വീട്ടിലെത്തി അമ്മയെ കണ്ടപ്പോൾ സമാധാനമായി. ആദ്യദിന സ്കൂൾ വിശേഷം പറയുന്നതിനിടയിൽ ഞാൻ എല്ലാരും കേൾക്കെ പറഞ്ഞു ഏട്ടൻ പറഞ്ഞത് പോലെ ഒന്നും അല്ലാലോ സ്കൂളിൽ ചേർത്തത്… ചൂടുവെള്ളത്തിൽ പിടിച്ച് മുക്കി എടുത്തൊന്നും ഇല്ലാലോ എന്ന്.
സ്കൂളിൽ ഞാൻ ഉണ്ടാക്കിയ പരാ ക്രമത്തിൻ്റെ കാരണം അപ്പോഴാണ് അച്ഛന് പിടികിട്ടിയത്.
കുറച്ച് കഴിഞ്ഞ് ഒരു ചീവീടിൻ്റെ കരച്ചിൽ കേട്ട് തുടങ്ങി..
ഞാൻ പിന്നെയും കളിക്കളത്തിന് പുറത്തായി..
തുഷാര രാജേഷ്.

