ഭൂമിയിലെ ഏറ്റവും വലിയ വേദന സ്നേഹനിരാസമായിരിക്കും
ചേർത്തു പിടിക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടാവുക എന്നതിലുപരി എന്ത് ആഗ്രഹമാണ് ഒരാൾക്കുണ്ടാവുക. .
എല്ലാവരുടേയും മുന്നിൽ ചേർത്ത് പിടിക്കാൻ കഴിയാതിരിക്കുന്ന രഹസ്യസ്നേഹങ്ങൾ മൂല്യമില്ലാതെ തോന്നും. . പിശുക്കന്റെ ധനം പോലെ തുരുമ്പെടത്ത് പോകുമത്. .
എന്റെ വേദനകളെ ചിലപ്പോൾ ഞാൻ സ്നേഹിക്കാറുണ്ട് എപ്പോഴുമല്ലെങ്കിലും
അവയെന്റെ മനസിലേക്ക് പെയ്തിറങ്ങുമ്പോൾ ഞാൻ മരുഭൂമിയുടെ ചൂടും നരകത്തിന്റെ പൊള്ളലും അനുഭവിക്കാറുണ്ട്. .
മനസ് ഒരായിരമായി കീറിമുറിക്കുകയും മുറിവുകളിൽ മുളകരച്ചത് പോലെ നീറി പിടഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. .
എങ്ങനെ അതിജീവിക്കുമെന്ന് എനിക്ക് തന്നെ അത്ഭുതമായ നാളുകൾ. .
ദുഖത്തിന്റെ വഴികൾ വിചിത്രമാണ്
പിന്നെയും എന്റെ മുറിവുകളിൽ ഞാൻ മരുന്ന് പുരട്ടുകയും ആശ്വസിക്കുകയും ചെയ്യാറുണ്ട്
അടുത്ത മുറിവുകൾ ഉണ്ടാകുന്നത് വരെ പ്രതീക്ഷയുടെ കുഞ്ഞു നാമ്പുകൾ മുളച്ചു വരികയും മനസ്സാകെ പച്ച പിടിക്കുകയും ചെയ്യും
ഒരു തീക്കാറ്റു പോലൊരു വാക്കിനോ ഓർമ്മകൾക്കോ വാടി പോകുകയോ കരിഞ്ഞു പോകുകയോ ചെയ്യുന്ന കുഞ്ഞു നാമ്പുകൾ. .
ജീവിതം ജീവിക്കുക ഒരു യത്നമാണ്
കുഞ്ഞുങ്ങൾ ഒരു പ്രതീക്ഷയാണ്
മുന്നിലേക്ക് നോക്കുമ്പോൾ ഇരുട്ട് മാത്രമുള്ളവർക്ക് ജീവിതം ജീവിച്ചു തീർക്കാനേ അവകാശമുള്ളൂ
ഭൂമിയിലെ നരകവും സ്വർഗ്ഗവും നമ്മളുണ്ടാക്കുന്നതാണ് ..
മനസ്സൊരു അത്ഭുതമായി തോന്നുന്നതവിടെയാണ്
ഒരു നൊടിയിൽ മരുഭൂമിയും അടുത്ത നൊടിയിൽ പൂക്കാലവും തീർക്കുന്ന ആശ്ചര്യമാണ്