ചെറിയ ചെറിയ പോറലുകൾ കൊണ്ട് ഹൃദയം നിറയെ മുറിവുകളാണ്! ചെറുതായൊന്ന് തട്ടിയാൽ പോലും വല്ലാതെ നോവും! ഓർമകൾ കൊണ്ട് നിറഞ്ഞ ഇടങ്ങളിൽ ഇരിക്കാൻ പോലുമാവാതെ സ്നേഹവും സന്തോഷവും പടിയിറങ്ങി പോയ മനസ്സാണ്! ഇനിയും കുത്തി വേദനിപ്പിക്കരുത്!
Author: Anju Ranjima
വിശ്വസിച്ചു പോയ ചിലരെ കണ്ടിട്ട് നമ്മളെടുത്ത തീരുമാനങ്ങളാണ് വിഷമങ്ങൾ നൽകുന്നതെങ്കിൽ.. ഇനിയും സമയമുണ്ടെങ്കിൽ അവ തിരുത്താം! ഇല്ലെങ്കിൽ ഹൃദയം കൊടുത്ത് സങ്കടങ്ങളെ വിലയ്ക്ക് വാങ്ങിച്ചുകൊണ്ടേ ഇരിക്കും!!
ചില ഓർമകളെയും ചില മനുഷ്യരെയും വീണ്ടും മനസ്സിൽ ചുമന്ന് നടക്കരുത്! കഴുത്തിൽ ചുറ്റിയ പാമ്പ് പോലെ അവ നമ്മളെയും വരിഞ്ഞു മുറുക്കി ശ്വാസം വിടാൻ പോലും കഴിയാതെ കൊന്നു കളയും!
പലരുടെയും നേരംപോക്ക് ആയിരുന്നു ഞാൻ. പലർക്കും പൊട്ടിപ്പോയ ഹൃദയം ചേർത്ത് വച്ച് കൊടുക്കുന്ന തിരക്കിൽ സ്വന്തം ഹൃദയം ശരിയാക്കാൻ മറന്ന് പോയി.
വരികളിൽ സ്നേഹം പുരട്ടി നീ പ്രണയം പറഞ്ഞപ്പോൾ മനസ് നിറഞ്ഞ് ഞാൻ ചിരിച്ചു. വിരലുകളിൽ രാഗം മീട്ടി എന്റെ മേനിയിൽ തഴുകി പ്രണയിച്ചപ്പോൾ മനസറിഞ്ഞു ഞാൻ വീണ്ടും ചിരിച്ചു. ചുണ്ടിൽ അമൃതം പുരട്ടി നീ ചുംബിച്ചപ്പോൾ ഹൃദയം കവിഞ്ഞൊഴുകിയ സ്നേഹം കൊണ്ട് ഞാൻ ചിരിച്ചു. ഓരോ നിമിഷവും പ്രണയമാണിതെന്ന് വിശ്വസിച്ചു കൊണ്ട് ഞാൻ പൊട്ടിപ്പൊട്ടി ചിരിച്ചു. ഇന്നും ചിരിക്കുന്നുണ്ട്..! പക്ഷേ.. ചിരിക്കൊടുവിൽ കണ്ണുകൾ നിറയുന്നതെന്തിനാവോ? മനസ് വിങ്ങുന്നതെന്തിനോ?
ഉള്ളിലെത്ര കനലെരിഞ്ഞാലും പുറമേ പുഞ്ചിരിക്കുന്ന ചില മനുഷ്യരുണ്ട്! വെറുതെ ഒന്ന് ചേർത്ത് നിർത്തി താലോടിയാൽ പോലും അലതല്ലി കരയാൻ പാകത്തിന് സങ്കടക്കടലുണ്ടാവും അവരുടെ ഉള്ളില്…!
ഓർമ്മകൾ ഒരുപാട് കൂട്ടിനുള്ളവർക്കാണ് രാത്രി കൂട്ടിനിരിക്കുന്നതത്രേ!
ജീവിതത്തിന്റെ ഒരു പകുതിയിൽ ഇരുട്ട് കാണുമ്പോൾ അവിടം വെളിച്ചമാക്കാൻ ശ്രമിക്കുമ്പോഴാണ് പലരും പരാജയപ്പെട്ട് പോകുന്നത്. മറുപകുതിയിൽ നമുക്ക് വേണ്ട വെളിച്ചം നിറച്ച് സന്തോഷം കണ്ടെത്തി നോക്കിയാൽ ജീവിതം ബാലൻസ് ആയി മുന്നോട്ട് പോകും!
ഒരുവനിലെ നന്മ കണ്ട് മാത്രമല്ല അവന്റെ ഉള്ളിലെ തിന്മ കൂടി മനസിലാക്കി അതിനെ ഇല്ലായ്മ ചെയ്ത് കൂടെ നിൽക്കുമ്പോഴാണ് ശരിക്കും ആ മനുഷ്യനെ നിങ്ങൾ സ്നേഹിക്കുന്നത്!
തളർന്നിരുന്നപ്പോൾ ആശ്വസിപ്പിക്കാനെത്തിയവർ തന്നെയാണ് പൂർണമായും അവളെ തകർത്ത് കളഞ്ഞത്!
