ഈ കഥ ഓഡിയോ രൂപത്തിൽ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ, ഇവിടെ കേൾക്കാം. https://youtu.be/5FaD3tb4WHA?feature=shared “എന്തൊരു നശിച്ച മഴയാ!” പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് ആരോടെന്നില്ലാതെ ദീപ പറഞ്ഞു. ആരോടോ ഉള്ള വാശി പോലെ മഴ തകർത്തു പെയ്യുകയാണ്. അതിരിൽ നട്ടേക്കുന്ന കപ്പയും ചേമ്പും ചേനയുമൊക്കെ മഴവെള്ള പാച്ചിലിൽ പിഴുത് പോകുമോ എന്ന ഭയമുണ്ട് ദീപയ്ക്ക്. രവി പലചരക്ക് കടയിലേക്കും അമ്മൂട്ടി സ്കൂളിലേക്കും പോയി കഴിഞ്ഞാൽ ഇതൊക്കെയാണ് ദീപയുടെ വിനോദങ്ങൾ. അവളുടെ കൈ പൊന്നിൻ കൈ ആണെന്നാണ് രവി പറയുന്നത്. പടുംവിത്ത് നട്ടാലും കുരുക്കുകയും വളരുകയും ചെയ്യുമെന്ന്. പത്ത് സെന്റിൽ ഒരു കൊച്ചു വീട്. അതിനു ചുറ്റും അവൾക്ക് ആകുന്നത് പോലെ പച്ചക്കറിയും പൂക്കളും മഞ്ഞളും ഇഞ്ചിയും എന്ന് വേണ്ട ഒരുവിധം സകല ഫല വൃക്ഷാദികളും അവിടെ വളർത്തിയിട്ടുണ്ട്. മഴയെ ശകാരിച്ചിട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് രവിയും മോളും കൂടെ ഉമ്മറത്ത് പായിൽ കിടക്കുന്നത് ദീപ കണ്ടത്. മഴ പെയ്യുമ്പോൾ ഉള്ളതാണ് അച്ഛനും മോൾക്കും ഈ കളി.…
Author: Anju Ranjima
ചില കൂടിച്ചേരലുകൾ ഉണങ്ങിയ മുറിവിന്റെ പൊറ്റവലിച്ചിളക്കും പോലെയാണ്. അന്നേരമൊരു സുഖം തോന്നുമെങ്കിലും കിനിഞ്ഞിറങ്ങുന്ന ചോര തുള്ളികളിലെ നീറ്റൽ പോലെ ഉള്ളം കുത്തി വലിക്കും. പിന്നീടെപ്പോഴെങ്കിലും.
അയാളോട് എനിക്കെന്നും പ്രണയമായിരുന്നു.. പക്ഷെ അയാൾക്ക് എന്നോട് വെറുപ്പും.. അതു കൊണ്ടാണല്ലോ എനിക്ക് ഇഷ്ടമാകുന്നില്ലെന്നറിഞ്ഞിട്ടും അയാൾ എന്നിലേക്ക് ഇഴഞ്ഞു കേറുന്നത്.. എന്റെ വേദനകളെ വകവയ്ക്കാതെ എന്റെ ലോലസ്ഥാനങ്ങളെ ഞെരിച്ചുടയ്ക്കുന്നത്.. പ്രേമമല്ലാത്ത വികാരം കൊണ്ടെന്റെ ചുണ്ടുകളിൽ ചെഞ്ചോര കിനിയിപ്പിക്കുന്നത്.. കിതയ്ക്കുന്ന ഹൃദയത്തോടെയെന്റെ ജീവന്റെ ശേഷനാളത്തിൽ ആരോഹണ അവരോഹണ ക്രമത്തിൽ വേദനയുടെ കൂരമ്പുകൾ പതിപ്പിക്കുന്നത്… ഒടുവിൽ ഒരു സഹതാപത്തിന്റെ കണിക പോലും കാണിക്കാതെ.. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനെ ഉമ്മവച്ചു തഴുകിതലോടാതെ നെടുവീർപ്പുമിട്ട് ഉറങ്ങി തീർക്കുമ്പോൾ ബാക്കിയായ സ്വപ്നങ്ങളെ നെഞ്ചിൽ താലോലിച്ചു ഞാനും മയങ്ങുന്നത്…. ഞാനായാളെ സ്നേഹിച്ചുകൊണ്ടേയിരുന്നു.. അയാൾക്ക് വെച്ചുവിളമ്പി, വിഴുപ്പലക്കി,കിടക്കാനും നിൽക്കാനും ഇരിക്കാനുമുള്ള ഇടമെല്ലാം തൂത്തു തുടച്ചു വൃത്തിയാക്കി അയാളെ ഞാൻ പ്രേമിക്കാൻ ശ്രമിച്ചു.. നിനക്ക് ഞാനും എനിക്ക് നീയും നമുക്ക് കൂട്ടായി ഒരു കുഞ്ഞൂട്ടനും എന്നു ഓരോ രാവിലും എന്റെ കാതിൽ അയാൾ മന്ത്രിച്ചുകൊണ്ടേയിരുന്നു.. പക്ഷെ അയാളിൽ പ്രണയമുണ്ടായിരുന്നോ എന്നെനിക്കറിയില്ല… എങ്കിലും ഞാനായാളെ പ്രേമിച്ചു കൊണ്ടേയിരുന്നു…
മഴ പെയ്യുന്നുണ്ടായിരുന്നില്ല.. ഹൃദയം ചുട്ട് പൊള്ളുന്നുണ്ടായിരുന്നു.. എന്നിട്ടും…., നെറുക മുതൽ ഉള്ളംകാൽ വരെ ഞാൻ കുളിരിൽ വിറച്ചു! നീ സ്പർശിച്ച ഇടങ്ങളിലൊക്കെയും മൊട്ടുകൾ വിടർന്ന്, സുഗന്ധം നിറഞ്ഞ് പൂക്കൾ പുഞ്ചിരിച്ചു! നിന്റെ ഓരോ ചുംബനത്തിലും ഞാനെന്നെ മറന്നു! നിന്റെ കൈവിരൽത്തുമ്പുകളിൽ ഉടൽ ഞെരുങ്ങിയമരുമ്പോൾ സ്നേഹം കൊണ്ട് ഞാൻ വീണ്ടും ജനിച്ചു. മുടിതുമ്പിൽ പോലും നിന്റെ ഗന്ധം… ഞാനും നീയും ഒഴുകുകയായിരുന്നു!! പ്രണയമെന്ന കടലിലേക്കൊഴുകിയെത്താൻ ഇരുവരും മത്സരം… തോൽവികളില്ലാതെ.. ഞാൻ നീയായി മാറി.. നീ എന്നിൽ മഴ പോലെ അലിഞ്ഞിറങ്ങി രക്തം പോലുമൊന്നായി!! ശേഷം.. നമ്മളൊന്നായി..🍂🍂
ആഗ്രഹങ്ങൾക്ക് മേൽ മൂന്ന് പിടി മണ്ണിട്ട് മൂടിയപ്പോൾ ഒരിക്കലും കരുതിയില്ല.. ആ നോവ് എന്നും ഹൃദയത്തിൽ കുത്തിയിറങ്ങിയ കത്തി പോലെ വേദനിപ്പിക്കുമെന്ന്.. സ്നേഹം കൊടുത്ത് തോറ്റ് തുടങ്ങിയപ്പോൾ മുതലാണ് ജീവിതവും കളിപ്പിക്കുകയാണെന്ന് മനസ്സിലായത്!! പനിനീർ പൂവ് പോലെ സ്നേഹമെന്ന് പറഞ്ഞപ്പോഴും കടലിലെ തിരകൾ പോലെയാണ് പ്രണയമെന്ന് പറഞ്ഞപ്പോഴും കണ്ണടച്ച് വിശ്വസിച്ചവൾക്കിപ്പോ സ്വന്തം മനസിനെ പോലും സംശയം!! മരിക്കാനും കഴിയാതെ മുന്നോട്ട് നടക്കാനും കഴിയാതെ ചിതല് തിന്ന കാൽപ്പാദങ്ങളിൽ കൊരുത്തിട്ട കടമയുടെ ചങ്ങല വ്രണത്തിൽ പോറി രക്തം കിനിയുന്നു!! വിഗ്രഹങ്ങളോ അൾത്താരയോ പടച്ചോനേ എന്ന നിലവിളിയോ ആരും കേട്ടില്ല…! തനിച്ചായി പോയെന്ന് തോന്നിയ നിമിഷങ്ങളിലൊക്കെയും തീരുമാനങ്ങൾ വെറും വാക്കായ് മാറുന്ന നേരങ്ങളിലൊക്കെയും രക്തമൊഴുകി പരക്കുന്ന നീല ഞരമ്പുകൾ സ്വപ്നം കണ്ടവൾ ഭയന്ന് വിറയ്ക്കും!! പുതപ്പ് വലിച്ച് മൂടി മരണത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കും. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകുമെന്ന്…
ഓർമ്മകൾ എന്നും നോവാണ്. ആ നോവിലാണ് ഒരുമിച്ച് പങ്കിട്ട നല്ല നിമിഷങ്ങളുടെ ബാക്കിപത്രം പോലെ ഹൃദയം തുടിക്കുന്നത്. അവരെ വീണ്ടും വീണ്ടും ഓർക്കുന്നത്!💜
ഒരിത്തിരി സ്നേഹത്തിനായി കൊതിക്കുന്നവരും.. ഒറ്റപ്പെടലിനു ഇടയിലെ ആ വലിയ വേദന മറക്കാൻ ശ്രമിക്കുന്നവരും ഏറ്റവും കൂടുതൽ ഉള്ള സ്ഥലം ഏതാണെന്ന് അറിയ്യോ? 😌 മെസ്സെഞ്ചർ
തിരക്കുകൾക്കിടയിൽ നമ്മളെ മറന്ന് വച്ചവരുണ്ടാകും!! എപ്പോഴെങ്കിലും തിരിച്ച് വന്നെടുക്കാം എന്ന് കരുതി മനഃപൂർവം മറന്നിട്ട് പോകുന്നവർ! അത് നമുക്ക് അവരിലുള്ള വിശ്വാസം അറിയുന്നത് കൊണ്ടല്ല.. കളഞ്ഞിട്ട് പോകുന്നത് അവിടെ തന്നെ കാണും എന്നുള്ള പാഴ്ചിന്ത കൊണ്ടാണ്! ഒരു സ്നേഹവും അവഗണനയ്ക്ക് മേൽ നിലനിൽക്കില്ല! ഒരു ബന്ധവും പരിഗണനയില്ലാതെ ബാക്കിയാകില്ല..!
ഇരുൾ മായും മുന്നേ തന്നെ താമരയിതളുകൾ കൂമ്പിയടഞ്ഞ് ചേലറ്റ് വാടി തളർന്നത് കണ്ടൊരു കരിവണ്ട് മെല്ലെയവളോട് ചോദിച്ചു “എന്തിനായീ വിഷാദമീ കണ്ണുകളിൽ..?” “പ്രണയമെനിക്ക് മാത്രമായിരുന്നാ സൂര്യന് മേൽ… വെയിലേറ്റ് തളിർക്കാനായി ഞാൻ കാത്ത് നിൽക്കുമ്പോൾ.. എന്നെ കണ്ട് ചിരിക്കുമ്പോലെയവൻ സൂര്യകാന്തിയെ നോക്കിയും പുഞ്ചിരിക്കാറുണ്ട്..” മൂളലൊതുക്കി താമരതണ്ടിന്മേൽ തഴുകി കരിവണ്ട് മെല്ലെ പറഞ്ഞു. “തകരരുതോമനെ, നീ ഉപാധികൾ ഇല്ലാത്ത പ്രണയമെന്ന് ലോകം വാഴ്ത്തുന്ന സൂര്യനും താമരയും കേവലം പ്രപഞ്ചസത്യം മാത്രം.. ഒന്നിന് പകരം മറ്റൊന്നെന്ന് പകരം വയ്ക്കുന്ന ജീവിതമിത്.. ലോകമിത്.. ഇന്നിൽ ജീവിച്ച് നാളയെ ഓർക്കാതെ ഇന്നലയെ മറന്ന് ഓരോ നിമിഷവും ആസ്വദിക്കൂ നീ.. പൂവിൽ നിന്ന് പൂവിലേക്ക് മാറി പ്രയാണം നടത്തുന്ന എന്നെ പോലെ..” വണ്ട് സ്നേഹത്തോടെ അവളെ നോക്കി. “എല്ലാവർക്കും എല്ലാവരെയും പോലെ ആകാനാവില്ലല്ലോ …” നേർത്ത നൂലിഴ പോലെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചവൾ കണ്ണുകളടച്ചു!!
എന്നെ നോക്കി ആദ്യമായി കണ്ണിറുക്കിയത്(നമ്മുടെ ഭാഷയിൽ സൈറ്റടി)മേലെതിലെ ബിന്ദു മാമിയുടെ മോൻ ബിജുവണ്ണൻ ആണ്. ഞാൻ ചാമ്പയ്‌ക്ക പറിക്കാൻ ചാമ്പ മരത്തിന്റെ മുകളിലോട്ട് വെള്ളം ഇറക്കി നോക്കി നിൽക്കുവാ. ചെറിയ ചാമ്പ ആണ്. വലിഞ്ഞു കേറിയാൽ ചിലപ്പോ മൂടും കുത്തി വീഴാൻ ചാൻസുണ്ട്. പത്തു പതിനഞ്ച് വയസ്സ് ആയെങ്കിലും അതിന്റെ പക്വത ഒന്നുമില്ലായിരുന്നു. അപ്പോഴാണ് ബിജുവണ്ണൻ അത് വഴി പോയത്. “എന്താ മോളെ,ചാമ്പയും വായി നോക്കി നിൽക്കുന്നത്?” ഞാൻ ചിരിച്ചു. ഉദാരമനസ്കനായ അണ്ണൻ എനിക്ക് വേണ്ടി ചാമ്പ മരത്തിൽ കയറി ചാമ്പയ്ക്ക പറിച്ചു താഴേക്ക് ഇട്ടു തന്നു. മുകളിൽ നിന്നു ഇട്ടു തരുന്ന ചാമ്പയ്ക്ക ചതയാതെയും വീഴാതെയും ബാലൻസ് ചെയ്തു പിടിച്ചു ഞാൻ കട്ടയ്ക്ക് നിൽപ്പുണ്ട്. ചാമ്പയ്ക്ക ഒന്നും വീഴാതെ ആയപ്പോൾ ഞാൻ മുകളിലേക്ക് നോക്കി. അണ്ണൻ വെറുതെ ഇരിക്കുകയാണ്. ഞാൻ അങ്ങേരെ നോക്കുന്നത് കണ്ട് മേലച്ചുണ്ടും കീഴ്ച്ചുണ്ടും ഒരു സൈഡിലേക്ക് വലിച്ച് ഇടതു കണ്ണു കൊണ്ടൊരു സൈറ്റടി. അതേ രീതിയിൽ…
