മനസ്സിന്റെ ഉള്ളറകളിലൊന്നിലെ ചിതലരിക്കാത്ത ചുവരലമാരയിൽ,ഇന്നോളം ആർക്ക് മുന്നിലും തുറന്ന് വയ്ക്കാതെ ഭദ്രമായി സൂക്ഷിച്ച് വച്ച ഒരു ജീവിതപുസ്തകമുണ്ട്! ഒരിക്കലും മായ്ച്ചു കളയാനോ,താനേ മാഞ്ഞു പോകാനോ ആവാത്ത വിധം ഹൃദയാന്തർഭാഗത്ത് പലപ്പോഴായി ആലേഖനം ചെയ്ത് വച്ച പ്രിയഗാനശേഖരവുമുണ്ട് ! വിരസമായ ഏകാന്തനിമിഷങ്ങളിൽ, എപ്പോഴും കൂട്ടായ് ഓടിയെത്തുന്ന പ്രിയഗീതങ്ങൾക്കായി ചാരിയിരുന്ന് കണ്ണുകൾ പൂട്ടി കാതോർത്തിരിക്കവേ, ഇളം തെന്നലിന്റെ കുളിർമ്മ പകരുന്ന പാട്ടുകളുടെ താളത്തിനൊപ്പം മനസ്സിലെ ആ പുസ്തകത്തിന്റെ ഓർമ്മത്താളുകൾ താനേ മറിഞ്ഞുകൊണ്ടേയിരിക്കും! പാട്ടിന്റെ താളക്കൈ തട്ടി,നിറഞ്ഞ് പെയ്യുന്ന നൊമ്പരമേഘങ്ങളുടെ ഓർമ്മപ്പെയ്ത്തിനൊപ്പം കണ്ണുകളും നിറഞ്ഞ് പെയ്യാൻ തുടങ്ങും! ഒടുവിൽ,മഴയിൽ അടിമുടി നനഞ്ഞ സുഖത്തിൽ തനുവും, പെയ്തൊഴിഞ്ഞ വാനം പോലെ മനവും.. (>സുജാത നായർ<)
Author: Sujatha Surendran
മനസ്സെന്ന മഹാപുസ്തകത്തിന്റെ ഒരിക്കലും തീർന്ന് പോകാത്ത,ചിതലരിക്കാത്ത ഏടുകളിൽ ചിലതിൽ പ്രിയപ്പെട്ട ചിലർക്ക് മാത്രം വായിക്കാനാവുന്ന വർണ്ണലിപികളാൽ എഴുതി വച്ച വരികളുണ്ട്.മറ്റ് ചില ഏടുകളിൽ തനിക്ക് മാത്രം വായിക്കാനറിയാവുന്ന ലിപിയിൽ എഴുതി വച്ച ഏതാനും അദ്ധ്യായങ്ങളുണ്ട്. പരാതികളുടെ, സങ്കടങ്ങളുടെ, കിനാവുകളുടെ, കണക്കുകളുടെ, കുറ്റബോധങ്ങളുടെ, നഷ്ടബോധങ്ങളുടെ,പ്രതീക്ഷകളുടെ കുഞ്ഞ് കുഞ്ഞ് അദ്ധ്യായങ്ങൾ! (>സുജാത നായർ<)
ഹേ..മനുഷ്യാ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. വീട്ടുമുറ്റത്ത് പനമ്പിൽ നീ ഉണക്കാനിട്ട നെന്മണികളിൽ കുറച്ച്, വിശപ്പിന്റെ വിളിയാൽ ഞാൻ കൊത്തി തിന്നപ്പോൾ നീയെന്നെ നിഷ്ക്കരുണം കല്ലെറിഞ്ഞും കൈക്കൊട്ടിയും തുരത്തി ഓടിച്ചു. എന്നിട്ട് നെല്ല് കുത്തി അരിയാക്കിട്ട് ആ ചോറുരുളകൾ മുറ്റത്ത് വച്ച നാക്കിലയിൽ എള്ള് തൂവി വിളമ്പി നിന്റെ ആരുടെ ഒക്കെയോ ശ്രാദ്ധദിനത്തിൽ എന്നെ കൈകൊട്ടി വിളിച്ചു.ഞാൻ വന്ന് അത് കൊത്തി തിന്നുന്നതും കാത്ത് നീ അക്ഷമയോടെ ഈറനുടുത്ത് നിന്നു! നിന്റെ സ്വാർത്ഥമനസ്സിനോളം കറുപ്പ് എനിക്കുണ്ടോ? മുറ്റത്തെ മരക്കൊമ്പിലിരുന്ന് ഞാനൊന്ന് കരഞ്ഞാൽ നീ പറയും വിരുന്ന് വിളിച്ചെന്ന്, കുറുകിയാൽ നീ പറയും കലഹം ഉണ്ടാവുമെന്ന്. അവനവന്റെ കയ്യിലിരുപ്പിനെ പഴിക്കാതെ കുറ്റം എന്നിലേക്ക് ചാരുന്ന നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ അന്യന്റെ കുഞ്ഞിനെ പറക്കമുറ്റുവോളം സ്വന്തം കുഞ്ഞായി തീറ്റി പോറ്റി വളർത്തുന്ന എനിക്ക് ചേരുന്നതല്ല നിന്റെ ഈ വക പഴി പറച്ചിലെന്ന്? (>സുജാത നായർ<)
കാണാൻ അഴകില്ലെങ്കിലും, എണ്ണക്കറുപ്പാണെങ്കിലും, ശബ്ദം ശ്രവണമനോഹരമല്ലെങ്കിലും, നമ്മെ പാടി മയക്കുന്ന കുയിലിന്റെ കുഞ്ഞുങ്ങളെ പറക്കമുറ്റുവോളം പോറ്റി വളർത്തുന്ന കാക്കയുടെ മനഃശുദ്ധിയോളം വരുമോ കുയിലിന്റെ പാട്ടിന്റെ ശ്രുതിശുദ്ധി? (>സുജാത നായർ<)
വെയിലത്ത് മിന്നിനീങ്ങുന്ന ആ കൊച്ചുജീവിയെ ചൂണ്ടി പണ്ട് അമ്മൂമ്മ പറഞ്ഞു,”അരണ കടിച്ചാൽ ഉടനെ മരണം” നിരുപദ്രവി പരിവേഷമുള്ള അരണ ഒരു മരണകാരണം ആകുകയോ? എന്റെ സംശയം ”ഒരു പാവമല്ലേ അത് കടിക്കുമോ?അമ്മൂമ്മയുടെ സാന്ത്വനം, “പേടിക്കേണ്ട,അത് കടിക്കാൻ വന്നാലും അരികിൽ എത്തുമ്പോഴേക്കും കടിക്കാൻ മറക്കുമത്രേ.പണ്ടുള്ളവർ പറയുന്നതാണ്. പരമാർത്ഥം അറിഞ്ഞുകൂടാ..”മരണത്തിന്റെയും മറവിയുടെയും ചാർത്തുകൾ ഒന്നിച്ച് മനുഷ്യരാൽ എഴുതി തന്നിൽ ചേർക്കപ്പെട്ടിട്ടുള്ളത് അറിയാതെ അതിഴഞ്ഞ് നീങ്ങുന്നത് അകലം പാലിച്ച് കൊണ്ട് ഞാൻ സാകൂതം നോക്കി നിന്നു. ഒരുനാൾ എന്റെ വികസിച്ച ബുദ്ധി എന്നോട് തന്നെ ചോദിച്ചു, “ബുദ്ധിശൂന്യനും, മറവിക്കാരനുമായ വിഷജീവിയെന്ന് പൊതുവേ അറിയപ്പെടുന്ന അരണയ്ക്ക്, ജീവൻ നിലനിർത്താനുള്ള ഭക്ഷണം കഴിക്കാനും വംശം നിലനിർത്താനുള്ള പ്രക്രിയകൾക്കും മറവി ഇല്ലേ?” ആ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചു. ഈ അടുത്ത ഇടയ്ക്ക് വീട്ടുമുറ്റത്ത് അരണയെ കണ്ടപ്പോൾ ആ ചോദ്യം മനസ്സിൽ വീണ്ടും ഊറിക്കൂടി. എന്തിനും ഏതിനും ഉത്തരമായി ഗൂഗിൾ വിരൽത്തുമ്പിൽ ഉള്ളപ്പോൾ പിന്നെയെന്ത് വേണം? ഉത്തരം ഉടനെ..’അരണ ഒരു…
പഴയ തറവാടിന്റെ പടിഞ്ഞാറേ മുറ്റത്ത്, പണ്ട് ആരോ ഒരാൾ നട്ട് പരിപാലിച്ച തേന്മാവ് ഒരു പടുകൂറ്റൻ മരമായി ഇന്നും തലയെടുപ്പോടെ! ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന്, ഇന്ന് ഭൂമുഖത്തില്ലാത്ത ആ ആരോ ഒരാൾക്ക് വേണ്ടി ഉറക്കെ പാടും പോലെ ആ തേന്മാവ് തളിർത്തും പൂത്തും കായ്ച്ചും തേൻ തോൽക്കും മാമ്പഴങ്ങൾ ഉതിർത്ത് ജീവജാലങ്ങൾക്ക് വിരുന്നേകിയും,തണലേകിയും തന്റെ ദൃഢമായ കൊമ്പുകൾ കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലിനായി നീട്ടിപ്പിടിച്ചും നിവർന്നങ്ങനെ നിൽക്കുന്നുണ്ട്.. (>സുജാത നായർ<)
എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ നൂറും തറക്കുമ്പോൾ ആയിരവും ആയി മാറുന്ന പരിഹാസമെന്ന കൂരമ്പുകൾ!തൊടുക്കുന്നവന്റെ ഏകാഗ്രതയെ ഉലയ്ക്കാൻ,അതിവേഗം അവന്റെ ആവനാഴി ഒഴിക്കാൻ,അവന്റെ സർവ്വ ഊർജ്ജത്തെയും നിർവീര്യമാക്കാൻ കെല്പുള്ള ബ്രഹ്മാസ്ത്രമാണ് അവന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള ഒരു മന്ദഹാസം. (>സുജാതസുരേന്ദ്രൻ <)
