ആന കലക്കിയ കുളത്തിലെ കലക്കവെള്ളം കണ്ട് രാമപുരത്ത് വാര്യർ “കരി കലക്കിയ കുളം” എന്ന് വർണ്ണിച്ചപ്പോൾ “അല്ലല്ല… കളഭം കലക്കിയ കുളം”എന്ന് വിശേഷിപ്പിച്ചു കുഞ്ചൻ നമ്പ്യാർ. പറയുന്നത് ഒരേ കാര്യത്തെക്കുറിച്ചാണെങ്കിലും അവനവൻ്റെ ഭാവനയ്ക്കനുസരിച്ച് ആ കാര്യത്തെ വർണ്ണിക്കാം. അതുപോലെ, മഴയുടെ ഭാവനാതലങ്ങളും, അനുഭവങ്ങളും പലരിലും പലതാണ്. മഴ എന്ന പ്രതിഭാസം ഓരോരുത്തരിലും പെയ്തിറങ്ങുന്നത് ഓരോ തരത്തിലാണ്. സന്തോഷത്തേയും സങ്കടത്തേയും വിരഹത്തേയും പ്രണയത്തേയും ഭയത്തേയും ഒക്കെ ഇരട്ടിയാക്കാനുള്ള കഴിവുണ്ട് മഴയ്ക്ക്! അദ്ധ്യയന വർഷാരംഭ ഓർമ്മകൾക്കെപ്പോഴും മഴയുടെ നനവും, കുളിരുമാണ്. ജൂൺ മഴയുടെ ഒരു നൊസ്റ്റാൾജിയ….! ഇന്നും പുതുമണ്ണിൻ്റെ മണമുള്ള ഓർമ്മകൾ. ബാല്യത്തിന് മഴ ഉറ്റസുഹൃത്തായിരുന്നതിനാൽ ആവാം ഇന്നലേകളിലെ മഴക്കേറേ ചാരുത..! പ്രകൃതിയുടെ കനിവായ മഴ..! വികൃതിയായ മഴയുടെ തോളുരുമ്മി കുസൃതി കാട്ടി നടന്ന ബാല്യം.. നനയാനായി കുടപിടിക്കുക എന്നതായിരുന്നു നയം… മഴയുടെ ലാവണ്യവും, ശക്തിയും കൂടുംതോറും കുടപിടുത്തത്തിൻ്റെ ചരിവും കൂടും.. വിദ്യാലയം വിട്ട് നനഞ്ഞു കുതിർന്ന് വീട്ടിലെത്തുന്ന എന്നെ, തന്നിലേക്ക്…
Author: Sujatha Surendran
വർത്തമാനകാലത്തിൻ്റെ പിൻമതിലിനപ്പുറത്തെ വിശാലമായ ഭൂതകാലത്തിലേക്ക് ഞാനൊന്നെത്തി നോക്കാൻ ശ്രമിച്ചു. ആ ശ്രമം ഇടയ്ക്കൊക്കെ ഉണ്ടാകാറുള്ളതാണെങ്കിലും, മതിൽക്കെട്ടിനപ്പുറത്തെ എൻ്റെ ഇന്നലെ വരെ ഞാൻ കടന്നു പോന്ന നിമിഷങ്ങളും, മണിക്കൂറുകളും, ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും, ദശവർഷങ്ങളും, ശതവർഷങ്ങളും, സഹസ്രാബ്ദങ്ങളും, യുഗങ്ങളും ഒന്നിനു പുറകിൽ ഒന്നായി നിൽക്കുന്ന ഭൂതകാലത്തിൻ്റെ ആ ദൈർഘ്യമേറിയ വഴി എന്നെ ഒരു പാട് അമ്പരപ്പിച്ച് കൊണ്ടിരുന്നു. ഇന്നിൻ്റെ പിൻമതിൽക്കെട്ടിന് മുകളിൽ കയറി നിന്നാൽ മാത്രമേ ദൃഷ്ടിക്ക് ഗോചരമായ അത്രയെങ്കിലും ദൂരക്കാഴ്ച സാധ്യമാവൂ! ഞാനെൻ്റെ ഓർമ്മകളുടേയും, ഭാവനകളുടേയും, ദിവാസ്വപ്നങ്ങളുടേയും ഏണി ആ മതിലിനോട് ചേർത്ത് ചാരിവച്ചു. അതിലൂടെ മതിൽക്കെട്ടിന് മുകളിൽ കയറി നിന്ന് ഞാൻ ആ വഴിയുടെ വിദൂരതയിലേക്ക് കണ്ണും നട്ട് തെല്ലിട നിന്നു. ഉടുമുണ്ടിൻ്റെ കോന്തലയെടുത്ത് ഉയർത്തിപ്പിടിച്ച് കണ്ണീർപൂവിൻ്റെ കവിളിൽ തലോടിയ നായകൻ ചിന്താമഗ്നനായി നടന്ന് നീങ്ങുന്ന അനന്തമായ വഴിത്താരയെ അനുസ്മരിപ്പിച്ച് കൊണ്ട് വളവും, തിരിവുമില്ലാത്ത ആ നെടുനീളൻ വഴി. ആ വഴികൾ എന്നെ മാടി വിളിക്കുന്നുണ്ട്. ഇത്തവണ അതിലൂടെ…
നമ്മുടെയൊക്കെ ജീവിതത്തിൽ നമുക്ക് ഏറെ പ്രിയമുള്ള നമ്മെ ഏറെ പ്രിയമുള്ള ചിലരുണ്ട്, അവരുടെ ജീവിതത്തിന്റെ ഏതൊരേടും എപ്പോൾ വേണമെങ്കിലും എടുത്ത് വായിക്കാവുന്ന രീതിയിൽ നമുക്ക് മുന്നിൽ തുറന്ന പുസ്തകമാക്കി വച്ചവർ. അത്രമേൽ പ്രിയപ്പെട്ടവർക്ക് മുന്നിൽ മാത്രം അവർ വച്ച് പോകുന്നതാണത്. നമ്മെ മൊത്തമായി, ആത്മാർത്ഥമായി അറിയുന്ന ആരെങ്കിലും നമുക്കായി ഉണ്ടെന്നാൽ അതൊരു ഭാഗ്യമാണല്ലോ? ആ പരസ്പര സ്നേഹത്തിലൂടെ, പങ്ക് വയ്ക്കലിലൂടെ ഇരട്ടിയാകുന്ന സന്തോഷങ്ങളും ഭാരം കുറയുന്ന സങ്കടങ്ങളും.. അത് എല്ലാവർക്കും ലഭ്യമാകുന്ന ഒരു ഭാഗ്യമല്ല താനും! ഒഴിച്ച് കൂടാനാവാത്ത ജീവിത കനൽ വഴികൾ ചവിട്ടി നീങ്ങുമ്പോൾ പൊള്ളിപ്പോകുന്ന കാൽവെള്ളയിലെ വേവും നീറ്റലും അകറ്റാൻ പരസ്പരം ഔഷധക്കൂട്ടായി മാറുന്നവർ. ചില ഉരുക്ക് മനുഷ്യരുണ്ട്. യാതനകളുടേയും ദുരവസ്ഥകളുടെയും തീക്കാറ്റ് ആഞ്ഞടിക്കുമ്പോൾ കരിഞ്ഞ് പോയെന്നാലും, കടപുഴകാതെയും തോറ്റ് കൊടുക്കാതെയും പിടിച്ച് നിന്നവർ, അങ്ങനെ ചങ്കൂറ്റത്തോടെ നിൽക്കാൻ, കരിഞ്ഞ ചില്ലകൾ പിന്നെയും തളിർക്കാൻ, ആശ്രയിക്കുന്നവർക്ക് തണലേകാൻ അഹോരാത്രം വെയിൽ ഏറ്റവർ, തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് തെളിയിച്ചവർ,…
”കരിയുമ്പോ ഇളക്കാനുള്ളതാ ചട്ടുകം” പൂമുഖത്തെ ചാരുകസേരയിൽ ഇരുന്ന് അപ്പുട്ടൻനായരുടെ കനത്ത ശബ്ദം. ആ അഹങ്കാരത്തിന്റെ അലയടികൾ അടുക്കള വരെ എത്തി. അടുക്കളയിലെ പഴയ മേശവലിപ്പിൽ അന്നത്തെ പണിച്ചൂടിന്റെ കാഠിന്യത്തിൽ തളർന്ന് മയങ്ങിയിരുന്ന ഇരുമ്പ് ചട്ടുകവും സ്റ്റീൽ ചട്ടുകവും അത് കേട്ട് ഞെട്ടി ഉണർന്ന് പരസ്പരം നോക്കി. അയാൾ എന്തിനാണിപ്പോൾ ഞങ്ങളെക്കുറിച്ച് പരാമർശിച്ചത് എന്ന സംശയം, അവരുടെ ചതുരൻ മുഖങ്ങളിൽ തെളിഞ്ഞ് നിന്നു. ദിവസത്തിന്റെ ഭൂരിഭാഗവും വീടിന്റെ പൂമുഖത്തും തളത്തിലും മാത്രം വിഹരിക്കുന്ന ആ ഗൃഹനാഥന്റെ ശബ്ദം ഒരു അശരീരി കണക്കെ ഇടയ്ക്കിടെ ഉയർന്ന് കേൾക്കാം. തമ്മിൽ കാണൽ കുറവാണ് കാരണം, അടുക്കളയിലേക്ക് കാലെടുത്ത് വയ്ക്കാത്ത ആഢ്യനാണ് അയാൾ. വീട്ടിലെ വളയിട്ട കൈകൾക്ക് മാത്രം അയാളുടെ സൗകര്യപൂർവ്വം തീറെഴുതി കൊടുത്തിരിക്കുകയാണ് അടുക്കളയെന്ന വീടിന്റെ ആ ഹൃദയഭാഗം. എന്നിട്ട്, എന്തിനും ഏതിനും ഇരുന്നിടത്ത് ഇരുന്നുള്ള ഹൃദയമില്ലാത്ത കല്പനയാണ്. “വെള്ളം കൊണ്ടുവാ.. ചായയിട്.. ഇതുവരെ ഊണ് കാലായില്ലേ..? ഈ കറിയിൽ ഉപ്പ് ഏറിയല്ലോ? മുളകില്ലല്ലോ?” തുടങ്ങി…
നമ്മൾ സ്നേഹിക്കുന്നവരേക്കാൾ, പ്രണയിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ പ്രണയിക്കുന്നവരുടെ ആ പ്രണയവും, സ്നേഹവും യഥാസമയം അറിയാൻ സാധിക്കുന്നതൊരു സൗഭാഗ്യമാണ്. അറിയാതെപ്പോയാൽ അത് ദൗർഭാഗ്യകരവും. എങ്കിലും അറിയാതെപ്പോയ ചില മൗനപ്രണയങ്ങൾ വളരെ വൈകി മറ നീക്കി മുന്നിൽ വരുമ്പോൾ ആർക്കും തോന്നുന്ന ഒരു നഷ്ടബോധമുണ്ട്. ആ അറിയാ പ്രണയം, പ്രണയിച്ചിട്ടും ഒരിക്കലും ഒന്നാകാതെ നഷ്ടപ്പെട്ടു പോയ പ്രണയത്തോളം തന്നെ ഒരു ചെറുനൊമ്പരം മനസ്സിൽ ബാക്കിയാക്കും. ആ മൗനപ്രണയത്തെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും അതിന്റെ സൂചന പോലും തരാതിരുന്ന അഥവാ തരാൻ ധൈര്യപ്പെടാതിരുന്ന സുഹൃത്തിൽ നിന്നും ഏതാനും വർഷങ്ങൾക്ക് ശേഷം അതറിയുമ്പോൾ, അത് യവനിക നീക്കി പുറത്തു വരുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിനിടയിലും, ആ പ്രണയത്തെക്കുറിച്ച് ഒന്ന് ആഴത്തിലറിയാൻ, വീണ്ടും ആ വഴിത്താരകളിലൂടെ ഒന്ന് വെറുതേ നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനുഷ്യസഹജമായ ചിന്തയാൽ ആരും ഒന്ന് തിരിഞ്ഞു നോക്കി നിന്ന് പോകില്ലേ? കണ്ണെത്തും ദൂരത്തേക്ക് കണ്ണും നട്ട് നോക്കി നിന്നിട്ട്, ബാക്കിയുള്ള ദൂരമത്രയും താണ്ടുവാൻ, ആ ഇന്നലെകളിലൂടെ പോയി…
എനിക്കന്ന് അഞ്ചോ ആറോ വയസ്സ് മാത്രം. എനിക്കിന്നും ഓർമ്മയുണ്ട്, അച്ഛനടക്കം കുറേ പേർ ചേർന്ന് അമ്മയെ എടുത്ത് പൂമുഖത്തെ മുറ്റത്ത് നടക്കല്ലിനോട് ചേർത്ത് നിർത്തിയ ആംബുലൻസിൽ കയറ്റുന്നത്. അമ്മയുടെ നട്ടെല്ലിലെ ഡിസ്ക് തകരാറിലായി, പകുതി ശരീരത്തിൻ്റെ പ്രവർത്തനവും തകരാറിലായി, പിന്നെപ്പിന്നെ ശരീരത്തിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടമായി…! വിട്ടുമാറാത്ത അമ്മയുടെ തലവേദനയുടെ കാരണം കണ്ടെത്താൻ നട്ടെല്ലിൽ നിന്നും ഫ്ലൂയിഡ് കുത്തിയെടുത്തതാണ് കാരണമായി പറയുന്നത്. അത് കുത്തിയെടുക്കാൻ അവർ രോഗിയെ ‘റ’ എന്ന അക്ഷരത്തിന്റെ ആകൃതിയിൽ വളച്ചു നിർത്തും. എന്നിട്ടാണത്രെ പരിശോധനക്കുള്ള ആ ഫ്ളൂയിഡ് എടുക്കുക. അപ്പോൾ എന്തോ സംഭവിച്ചതാണത്രേ! വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ. തലവേദനയുടെ കാരണം കണ്ടുപിടിക്കാൻ നോക്കിയത് വലിയൊരു തലവേദനയായി മാറി. എന്തു തന്നെയായാലും അന്ന് ഏകദേശം മുപ്പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ആരോഗ്യവതിയായിരുന്ന, ചുറുചുറുക്കോടെ ഓടി നടന്നിരുന്ന, അദ്ധ്യാപികയായിരുന്ന എന്റെയമ്മ ഒരു വെജിറ്റബിൾ പോലെ കിടപ്പിലായി. ജോലിക്ക് പോകാൻ ആവാതെ ശമ്പളം ഇല്ലാത്ത അവധി എടുത്ത് കൂട്ടി…
കുറച്ച് കൊല്ലങ്ങൾക്ക് മുൻപുണ്ടായ ഒരു അനുഭവമാണ്. ചില അനുഭവങ്ങൾ പ്രിയതരമാകുമ്പോൾ അവ ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് ഓടിയെത്തും. അതുകൊണ്ട് തന്നെ അവക്ക് കാലപ്പഴക്കം എന്നൊന്ന് ഇല്ലാതാവുകയും ഇന്നലെയോ മിനിഞ്ഞാന്നോ നടന്ന ഒരു സംഭവമെന്ന പോലെ നിറമേറുകയും ചെയ്യും. ഞാൻ മുംബൈയിൽ താമസിക്കുന്ന കാലം. ഒരു അവധിക്കാലത്ത് നാട്ടിൽ വന്ന് തിരികെ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫ്ലൈറ്റ് എല്ലാം ഫുൾ. വെക്കേഷന് ശേഷം മടങ്ങി പോകുന്നവരുടെ തിരക്ക്. പ്രാണനാഥന് പണി എയർലൈനിൽ ആയിരുന്നത് കൊണ്ട് എല്ലായ്പ്പോഴും ആകാശമാർഗ്ഗേയാണ് എന്റെ പതിവ് പ്രയാണം. സ്റ്റാഫ് ടിക്കറ്റ് ആയതുകൊണ്ട് തിരക്കുള്ള സമയങ്ങളിൽ എല്ലായ്പ്പോഴും അത് സബ്‌ജെക്ട് ടു ലോഡ് ടിക്കറ്റ് ആവുന്നതുകൊണ്ട്, ഭാഗ്യം ഉണ്ടെങ്കിൽ മാത്രം ഏതെങ്കിലും ക്യാൻസലേഷൻ വന്ന സീറ്റിൽ കയറിപ്പറ്റാൻ ഊഴം കാത്ത് നിൽക്കണം. അങ്ങനെ ഉള്ള ഊഴം ഒന്നും ഒത്ത് വരാഞ്ഞത് കൊണ്ട് എയർപോർട്ടിൽ നിന്നും മടങ്ങിപ്പോന്ന എനിക്ക് മൂന്നാല് ദിവസത്തിനകം ട്രെയിനിൽ പോകേണ്ട ഒരു സന്ദർഭം വന്ന് ചേർന്നു.…
ഇന്നലെ രാത്രി അവൾ വന്നു… Dr. പ്രിയങ്കാ റെഡ്‌ഡി.. “പ്രതികാരമില്ലാതെ പ്രതികരിക്കൂ… പകരത്തിനു പകരം എന്ന പകയേറും ചിന്തയില്ലാതെ” എന്നെഴുതി അവസാനിപ്പിച്ച, ഞാനെഴുതുന്നു എന്ന ലേഖനത്തിന് മുകളിൽ പേനയും, ഗ്ലാസ് പേപ്പർ വെയ്റ്റും കയറ്റി വച്ച് ഞാൻ കിടന്നു. വീട്ടിൽ തനിച്ചാവുന്ന ദിവസങ്ങളിൽ ഈ എഴുതാൻ ഇരിക്കൽ പതിവാണ്.നേരം ഏറെ വൈകിയിരുന്നു, പെട്ടെന്ന് ഉറങ്ങിപ്പോയി. മേശമേൽ വച്ച് എഴുതിക്കൂട്ടിയ കടലാസ്സുകൾക്ക് മുകളിൽ പേനയും പേപ്പർ വെയ്റ്റും ഇടം പിടിച്ചിട്ടും ജനാലയിലൂടെ വന്ന ഇളംകാറ്റ് നിർബന്ധബുദ്ധിയോടെ, ശബ്ദത്തോടെ ഒരു പ്രത്യേക താളത്തിൽ, ആ താളുകൾ മറിച്ചു നോക്കുന്നു. ആ ഇളം കാറ്റിനൊപ്പമാണോ അവൾ വന്നത്? ആയിരിക്കാം. കാരണം ഇന്നവൾക്ക് ഒരു തൂവൽ കനം പോലുമില്ലല്ലോ? അവളുടെ ശ്രദ്ധ, ഞാനെഴുതി വച്ച ആ ഏടുകളിലേക്ക് തന്നെയെന്നത് ചെറുതായെന്നെയൊന്ന് അലോസരപ്പെടുത്തി. അതോ ഇവൾ ഏറേ നേരമായിക്കാണുമോ വന്നിട്ട്? ഞാൻ എഴുതിയത് മുഴുവനും വായിച്ച് കാണുമോ? അവൾ സ്വയം പരിചയപ്പെടുത്തി, “ഞാൻ പ്രിയങ്ക റെഡ്ഡി Dr.…
പണ്ട് നാലാം ക്ലാസ്സ് വരെ പഠിച്ച സരസ്വതീ ക്ഷേത്രത്തിന്റെ ചരൽ വിരിച്ചിട്ട, അമ്മ മനസ്സ് പോലെ വിശാലമായ തിരുമുറ്റത്തേക്കുള്ള ഓർമ്മകളുടെ ഓരോ കാൽവയ്പ്പുകളും സമ്മാനിക്കുന്നത് വർണ്ണനക്ക് അതീതമായ തേൻ മധുരമാണ്. കൂടാതെ ചെറു നൊമ്പരങ്ങളും.. ഓരോ കാൽവയ്പ്പിലും ചരൽ അമരുന്ന ശബ്ദം അന്നത്തെ പോലെത്തന്നെ ഇന്നും വ്യക്തമായി കേൾക്കാം, കാരണം ആ ഓർമ്മകൾക്ക് ഇന്നും ബാല്യം, നിറവും മണവും കൂടുന്നതല്ലാതെ കുറയുന്നില്ല എന്നത് തന്നെ. ആ സർക്കാർ സ്ക്കൂളിന്റെ മുറ്റത്തെ തലയുയർത്തിപ്പിടിച്ച് തണൽ വിരിച്ച് നിൽക്കുന്ന നിറയെ കായ്ക്കുന്ന വലിയ തേന്മാവും, ഞാവൽ മരവും, കാര മരവും, കശുമാവും, സപ്പോട്ട മരവും.. കാറ്റിന്റെ കൈകൾ പൊഴിച്ചിട്ട് തരുന്ന അതിലെ മിക്ക പഴങ്ങളും ഞങ്ങൾ കുഞ്ഞുങ്ങൾക്ക് ഉള്ളതായിരുന്നു.മാങ്ങയുടെ തേൻ മധുരവും, ഞാവൽപ്പഴത്തിന്റെ ചവർപ്പ് കലർന്ന മധുരവും, കുഞ്ഞുകുഞ്ഞ് കാരപ്പഴങ്ങളും പഴുത്ത് തുടുത്ത കശുമാങ്ങയും തൊണ്ടയിൽ ബാക്കിയാക്കുന്ന കരകരപ്പും, മൂത്ത് പഴുത്ത സപ്പോട്ടകളുടെ വേറിട്ട മണവും മധുരവും എല്ലാം ഞങ്ങൾക്ക് സ്വന്തം. കൂടാതെ, കുഞ്ഞ് …
എഴുതുന്നത് ഇഷ്ടഭക്ഷണത്തെക്കുറിച്ച് ആവുമ്പോൾ സ്വഭവനത്തിലെ അതുണ്ടാക്കുന്ന പാചകശാല എന്ന ഇടത്തെക്കുറിച്ചും, എന്റെ സഹജമായ ഭക്ഷണപ്രിയം മൂലം ഉണ്ടാകുന്ന നല്ലതും അല്ലാത്തതുമായ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടിവരും. പ്രത്യേകിച്ച്, നമ്മുടെ കഥ ഭക്ഷണപ്രിയത്തിന്റെ കുഞ്ഞമ്മയുടെ കുഞ്ഞായ പ്രിയഭക്ഷണത്തെപ്പറ്റി ആയതുകൊണ്ട്.. സ്വന്തം ഇഷ്ടഭക്ഷണം സാമ്പാർ ആയതിന്റെ പേരിൽ, പേരിനൊപ്പം സാമ്പാർ ചേർന്നവരും, പുട്ട് ആയതിനാൽ പുട്ട് ചെല്ലപ്പേര് ആയവരും, ഇഡ്ഡലിയോടുള്ള ആരാധന മൂത്ത് ‘ഇഡ്ഡലിപൊത്തൻ’ എന്ന വിളിപ്പേരാൽ കേളി കേട്ടവരുമുള്ള ഒരു കൊച്ച് ഗ്രാമമാണ് എന്റേത്. ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ പോലെ കയ്യിലിരിപ്പിന്റെ പേരിലും, അഹങ്കാരത്തിന്റെ പേരിലും ആഹാരത്തിന്റെ പേരിലും ആകാരത്തിന്റെ പേരിലും ഒക്കെ നാട്ടുകാരാൽ നാമകരണം ചെയ്യപ്പെട്ടവരുള്ള എന്റെ നാട്ടിൽ, വീട്ടുകാരാൽ ഇരട്ടപ്പേരുകൾ സംഭാവന ചെയ്യപ്പെട്ട് കിട്ടിയ വ്യക്തി എന്ന നിലയിൽ ഞാൻ വേറിട്ട് നിൽക്കുന്നു. നമ്മുടെ ദൈവങ്ങൾക്ക് പോലും ലോകം മുഴുവൻ അറിയുന്ന ഉരുവിടുന്ന സഹസ്രനാമങ്ങൾ ഉണ്ടല്ലോ, അപ്പോൾ പിന്നെ വീട്ടുകാരുടെ ഇടയിൽ മാത്രം തങ്ങിനിൽക്കുന്ന സ്വന്തം വീട്ടിലെ വിവിധ തുറകളുമായി…
