Author: Rameshan

ഞാൻ രമേശൻ പൊയിൽത്താഴത്ത് കോഴിക്കോട് സ്വദേശി പൂക്കാത്ത കരിമ്പിൻ പാടങ്ങൾ ആദ്യ ചെറുകഥ സമാഹാരം,, കോരപ്പുഴയുടെ തീരത്തെ സാമൂഹിക ചരിത്രവും വർത്തമാന കഥകൾ പറയുന്ന തിറക്കൊട്ട് ആദ്യ നോവൽ.

എൻ്റെ ഒടുങ്ങാത്ത പ്രണയ കഥകൾ! ആദ്യപ്രണയം കിളിർത്തത്, കഴിഞ്ഞ യുഗത്തിൽ. അവളൊരു നിയാണ്ടർതാൾ സുന്ദരിയായിരുന്നു! എന്നിലെ സ്നേഹം കൊണ്ടവൾ ആമോദത്തോടെ പെറ്റുപെരുകി. കൂട്ടിലിട്ട കിളിയെപ്പോലെ അബ്ഭൂവിൽ ചുറ്റിക്കറങ്ങിയ ഞാൻ സഹസ്രാബ്ദങ്ങൾക്കപ്പുറം, നീണ്ട യാത്രകൾക്കൊടുവിൽ, വേറൊരു പ്രണയിനിയെ കണ്ടെത്തി, വേറൊരു ഭൂഖണ്ഡത്തിൽ വെച്ച്, അവൾ പെറ്റുപെരുകിയതും വളർന്നതുമിവിടെ. നിറവും ഗുണവും ഭാവവും മാറിയ ഞാൻ പിന്നെ ചെടി നട്ട്, കായ് പറിച്ച്, തീയിൽ വേവിച്ച്, രുചിച്ച് പ്രണയം തുടർന്നു. പെറ്റുപെരുകിയ മക്കളിൽ ഘടോൽക്കചനും പോറസ്സുമുണ്ടായി, കറുത്ത സാമൂതിരിയും വെളുത്ത രാജാവുമുണ്ടായി. ഇപ്പോൾ എൻ്റെ മക്കൾ ഇനം തിരിഞ്ഞ്, മതം പറഞ്ഞ് വേലികൾ പണിത് വെറുപ്പിൻ്റെ അഗ്നികുണ്ഠം വിതറി തമ്മിൽ കലഹിക്കുന്നു. മൂത്ത മകൻ ശ്രേഷ്ഠൻ കനിഷ്ഠൻ്റെ ഹൃദയം കാണാതെ നിറവും മണവും നോക്കി വിഷം പുരട്ടിയ വാളുമായി അപരൻ്റെ രക്തം തേടി തെരുവുകളിൽ നിറയുകയാണ്. നേർവരകളും നിയമങ്ങളും നിറഞ്ഞതിനാൽ, മക്കളുടെ പോരിൽ പക്ഷം പിടിക്കാൻ നിവൃത്തിയില്ലാതെ, കണ്ണ് കെട്ടാനാളില്ലാത്തതിനാൽ, കുരുക്ഷേത്രത്തിൽ ഞാൻ നിന്നുരുകുന്നു.…

Read More

ചില വരികളെഴുതിത്തുടങ്ങി പിന്നെ കുറിപ്പും, ചെറുകഥകളും, നോവലുമൊടുവിൽ കവിതയും. വായിച്ചവർ കൈയടിച്ചു ഇഷ്ടങ്ങൾ വിതറി. ആവേശം മൂത്ത് ഞാൻ വീണ്ടുമെഴുതി. പ്രണയവും വിരഹവും മഴയും വെയിലും ഋതു ഭേദങ്ങളും കഥയായി, കവിതയായി. വായിച്ചവർ പൊന്നാട തന്നു പണവും ഫലകവും ആസ്ഥാന പദവിയും നൽകി. കസേരയിലിരുന്നു പിന്നെയുമെഴുതി. പൊരുതലും തേരോട്ടവും മരണവുമൊടുവിലപരൻ്റെ നോവും കഥയായി, കവിതയായി. അന്ന് തൊട്ടവർക്കെന്നെ വേണ്ടാതായി. ഇഷ്ടം കുറഞ്ഞ വരികൾ വെറുതെ നിന്നു തേങ്ങി ഗാസയിലകപ്പെട്ട കുരുന്നു പോൽ. ഒരിടക്കാലം എഴുത്ത് നിർത്തിയ ഞാൻ വീണ്ടും ഹരിശ്രീ കുറിച്ചു. തുലാവർഷപ്പെയ്ത്തിനെന്തൊരു ചേല്? നിലച്ചെരിവിൽ കുതിർന്നൊലിച്ച മണ്ണിനതിലേറെയഴക്? വരികളനുസ്യൂതമൊഴുകി പിന്നെ, ഭാരതാംബ സ്തുതിഗീതവും രാജനും രാജാധിരാജനുമനവധി മംഗളഗീതവും എഴുതി പേരും പ്രശസ്തിയും പെറ്റു വിനീതദാസനായി. ഒടുവിൽ തെരുവിലിറങ്ങിയ ജെൻസി കുട്ടികൾ ചോദ്യങ്ങളെറിഞ്ഞപ്പോൾ ഞാൻ മറവിയനുഭവിച്ചു. പിടിച്ചു നിൽക്കാനാവാതെ വന്നപ്പോൾ അറസ്റ്റിലായ നേതാവിനെ പോൽ ആശുപത്രിയിലേക്കോടി, ഇന്നെൻ്റെ രണ്ടാം മരണമാണ്, അമേരിക്കയിലെ മികച്ച ആശുപത്രിയിൽ വെച്ച്.

Read More

അവൾ അവനെ വിളിക്കാറുണ്ടായിരുന്നു അവനവളെയും. ആരും അറിഞ്ഞിരുന്നില്ല. അറിഞ്ഞ അവളുടെ കൂട്ടുകാരി വിലക്കിയതുമാണ്. എന്നിട്ടും അവർ സംസാരിച്ചു മണിക്കൂറുകളോളം, ഒന്നുമാരും അറിയാതെ. ഒടുവിൽ അവർക്കിടയിൽ ഒന്നും പറയാനില്ലാതായി. നീണ്ട മൗനങ്ങൾ തൊണ്ടയിൽ നിറഞ്ഞു, കൈയിലിരുന്ന ഫോൺ പോലും ഗതിയറിയാതെ വെറുതെ ആശങ്കപ്പെട്ടു. ഒരു നീണ്ട മൗനം നിറഞ്ഞ ഇടവേളയ്ക്കപ്പുറം ഇരുവരും ഒരേ സമയം ചോദിച്ചു. “വേറെന്താ…?” ചിരിച്ചു കൊണ്ട് പരസ്പരം നേർത്ത ചിരിയിൽ അവർ പ്രതിവചിച്ചു. “വേറെന്ത്? ഒന്നുല്ല്യ” ഇതുപോലാന്നും പറയാനില്ലാതൊരു നാൾ ആ പുഴയുടെ സാന്ധ്യ ശോഭയെക്കുറിച്ചവർ പരസ്പരം പറഞ്ഞു, ജീവിതത്തിൻ്റെ സായാഹ്നത്തെ കുറിച്ചും. പിന്നൊരു നാൾ ആ വഴി കൈ കോർത്തു നടന്നയവരെ ചിലർ കണ്ടു എന്നല്ലാതെ ദൂരെ ദിക്കിലവർ പാലിയേറ്റിവ് കെയർ നടത്തുന്നുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല, അവരൊട്ടും ആരോടുമത് പറഞ്ഞതുമില്ല. ചില വൈകി വന്ന പ്രണയങ്ങൾ അങ്ങനെയാണ്. ✍️ രമേശൻ പൊയിൽത്താഴത്ത്

Read More