Author: SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

അരക്കൊപ്പം വളർന്ന മുടി കഴുത്തറ്റം മുറിച്ചപ്പോൾ… കൂടെയിരുന്ന കൂട്ടുകാരി ചെവി രണ്ടിലും ചെമ്പരത്തി ചൂടിത്തന്നു വിളിച്ചു….. “ഭ്രാന്തി” മുറ്റമടിക്കാത്തതെന്തെടീന്ന്… കൂടെ പിറന്ന ആണൊരുത്തൻ ചോദിച്ചപ്പോൾ… നിനക്കെന്താ അടിച്ചാലെന്ന്… ചിറി കോട്ടിയപ്പോൾ… ചൂലെടുത്തു വീടിനു ചുറ്റും ഓടിച്ചു.. അമ്മയും വിളിച്ചു….. “ഭ്രാന്തി ” പഠിപ്പു നിർത്തി കല്യാണം കഴിക്കാൻ വെമ്പിനിന്ന കൂടെപ്പിറന്നോളോട്…. എന്താടി ഭ്രാന്തായോന്നു ചോദിച്ചപ്പോൾ… അവളും വിളിച്ചു…… “നീയാടി…. ഭ്രാന്തി” ആകാശത്തിനറ്റം വരെ ചിറകണിഞ്ഞു പറപറക്കണ സ്വപ്നം പിറുപിറുത്തപ്പോൾ…. കൂടെ പണിയടുക്കണ കൂട്ടാരിയും പറഞ്ഞു… “ഭ്രാന്ത്…… അല്ലാതെന്ത്?”

Read More

കുളിച്ചൊരുങ്ങി യൂണിഫോമിട്ട് സ്കൂളിലേക്ക് പോകാനിറങ്ങിയ അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും പെയ്തുകൊണ്ടിരുന്ന നീർകണങ്ങൾ കണ്ട് അച്ഛമ്മ വിലപിച്ചുകൊണ്ടിരുന്നു. “മുടീന്ന് വെള്ളം തോരാത്ത പെണ്ണിന്റെ കണ്ണീര് തോരില്ലെന്നാണല്ലോ ഭാഗവാനേ….” അച്ഛമ്മ മരിച്ചു പതിനഞ്ചു വർഷങ്ങൾക്ക്ശേഷവും ഉറക്കമില്ലാത്ത ഓരോ രാത്രികളിലും പെയ്തു തോരാത്ത കണ്ണുകൾ തിരുമ്മി തുടച്ചും മൂക്ക് പിഴിഞ്ഞും പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളെ നെഞ്ചത്തടുക്കി അവൾ അച്ഛമ്മയുടെ വിലാപം ഓർത്തു കൊണ്ടിരുന്നു.

Read More

മൗനത്തിന്റെ വാല്മീകത്തിൽ അവൾ തനിയെ ഘനീഭവിച്ചു കിടന്നു. മൗനം തുരന്നവൾ കിതച്ചപ്പോൾ കറുത്തകൈകൾ വീണ്ടുമാ ചെങ്കവിളിൽ ചുവന്നുപടർന്നു. കണ്ണീർ പുതച്ചവൾ വീണ്ടും മൗനിയായ നേരമതു ധിക്കാര- ഭാഷയെന്നുചൊല്ലി, കോപം മിനുക്കി- പണിയിച്ചൊരുറുമിതൻ വാകൊണ്ടരിഞ്ഞുതള്ളിയാ മൗനഗാഥയെന്നേക്കുമായ്.. ചങ്കിൽ തടഞ്ഞ മൗനം ചുവപ്പേന്തി.. ചുവപ്പുചിന്തി.. പിടഞ്ഞകന്നു പ്രാണനായ്..

Read More

ഇന്നലെയെന്റെ സ്വപ്നത്തിൽഅവൾ വന്നിരുന്നു… യശോധ…. സിദ്ധാർഥന്റെ യാശോധ… അവളുടെ കയ്യിലെ കടിഞ്ഞാണിനറ്റത്തു ഒരു നരച്ച കുതിരയുമുണ്ടായിരുന്നു. കഴുത്തിൽ മണിയും കുഞ്ചലവും കെട്ടിയലങ്കരിച്ച നരച്ച കുതിര… യശോധ  ഭിക്ഷുകിയായിരുന്നു. സ്നേഹത്തിന്റെ… പ്രണയത്തിന്റെ… പരിത്യജിക്കപ്പെട്ടവളായിരുന്നു… ഉറ്റവരാൽ… ഉടയവരാൽ… ഞാനവൾക്ക് കൊടുക്കാനായി തുട്ടുകൾ തിരഞ്ഞു. എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു… വേവ് നിറഞ്ഞ ഹൃദയത്തോടെ എന്റെ കൈകൾ ഞാനവൾക്ക് നേരെ നീട്ടി… കാരണം,… അവൾ ഞാൻ തന്നെയായിരുന്നു. തൽക്ഷണം, ആ വയസ്സൻ കുതിര അവളെ വിട്ട് എവിടെയോ പോയി മറഞ്ഞു. യാശോധയും ഞാനും പിന്നെയും ഏകരായി…

Read More

അഞ്ച് കിലോമീറ്റർ അകലെയുള്ള സിബിഎസ്ഇ സ്കൂളിലെ ഭാരിച്ച പണികളെല്ലാം തീർത്ത് വീട്ടിലെത്തിയ അവളെ ഉമ്മറത്തെ കസേരയിലിരുന്ന് തീ പാറുന്ന മുഖത്തോടെയാണ് വല്യേട്ടൻ വരവേറ്റത്. ഇന്നിനി എന്താണാവോ കോപിക്കാൻ എന്ന് ചിന്തിക്കുമ്പോളേക്കും ചോദ്യമെത്തി. “ആരാ… ഈ വിനു?” അവളും ആലോചിച്ചു.. “ഏത് വിനു? “ഈ കത്തയച്ച വിനു ആരാന്ന്.?””ഏട്ടൻ അമറുന്നുണ്ട്. ഒപ്പം ഒരു ഇൻലാൻഡ് ലെറ്റർ നീട്ടി. അവളാ ലെറ്റർ വിറക്കുന്ന കയ്യോടെ വാങ്ങി. ഇന്നത്തെ തപാലിൽ വന്നതായിരിക്കണം. അവളൂഹിച്ചു. പൊട്ടിക്കേണ്ടി വന്നില്ല. ഏട്ടൻ തന്നെ കത്ത് പൊട്ടിച്ചിരിക്കുന്നു. അവൾക്കാകെ അങ്കലാപ്പായി. അവളുടെ കണ്ണുകൾ വരികളിലൂടെ ഉഴറിനടന്നു. “എത്രയും പ്രിയപ്പെട്ട സന്ധ്യയ്ക്ക്, ഓർക്കുന്നുണ്ടോ എന്നെ?വിനുവാണ്. ബി എഡ്ന് ഒപ്പം പഠിച്ച വിനോദ്. ഓർക്കാൻ ഇഷ്ടമുണ്ടാവില്ല. എനിക്ക് മറക്കാനും… ” “അതുപോട്ടെ… ജോലിക്ക് ശ്രമിക്കുന്നുണ്ടോ? ഞാൻ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട്.പ്രതീക്ഷയിലാണ്. അമ്മ നിന്നെ അന്വേഷിക്കാറുണ്ട്. നിനക്കൊരു കത്തെഴുതണമെന്ന് വിചാരിക്കുമ്പോഴെല്ലാം ഒരു മറുപടിക്കായി യുഗങ്ങൾ കാത്തിരിക്കേണ്ടി വരുമല്ലോ എന്ന ശങ്കയിൽ എറിഞ്ഞു കളഞ്ഞ…

Read More

വേലിവക്കത്തും മുറ്റത്തും തടിച്ചുകൂടിയ നാട്ടുകാരുടെ മുന്നിൽ അമ്പതുകാരിയായ മാലതി കുറ്റവാളിയെപോലെ തലകുനിച്ചു നിന്നു. ഒപ്പം കോലായിൽ നിന്നിറങ്ങുന്ന പടികൾക്ക് താഴെ മാലതിയുടെ കൂടെ അച്ചാർ കമ്പനിയിൽ പണിയെടുക്കണ ചന്ദ്രനും നാട്ടുകാരുടെ ചവിട്ട്കൊണ്ട് ചുരുണ്ടു കിടന്നു. നാട്ടുകാരാണ് കുറ്റം വിധിച്ചത്. കുറ്റം ഇതായിരുന്നു… അകാലത്തിൽ വിധവയായ മാലതി രണ്ടു പെൺകുഞ്ഞുങ്ങളെ ഒറ്റക്ക് കഷ്ടപ്പെട്ട് വളർത്തി, കെട്ടിച്ചുകൊടുത്തു. സ്വന്തം കുടുംബവും കുഞ്ഞുങ്ങളുമായപ്പോൾ മക്കൾ വല്ലപ്പോഴുമുള്ള വിളിയിൽ അമ്മയോടുള്ള സ്നേഹമൊതുക്കുകയും തിരക്കൊഴിയാത്തതിനാൽ ഓണത്തിനും വിഷുവിനും മാത്രം തല കാണിച്ചു സ്നേഹം പുതുക്കുകയും ചെയ്തു. മക്കളെ ആശ്രയിക്കാതെ അച്ചാർ കമ്പനിയിൽ ദിവസക്കൂലിക്ക് പോയ മാലതിയും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ചന്ദ്രനും എപ്പോഴൊക്കെയോ ഒറ്റപ്പെടലിനെ അതിജീവിക്കാൻ പരസ്പരം ശ്രമിച്ചുകൊണ്ടിരുന്നു. പനിപിടിച്ച് കിടന്ന മാലതിയെ തേടി ചന്ദ്രന്റെ ചൂടുകഞ്ഞിയും ചമ്മന്തിയും എത്തി. പനി ദിവസങ്ങളിൽ മാലതിക്ക് കൂട്ടിരുന്ന ചന്ദ്രൻ ആരെന്നതായിരുന്നു പെൺമക്കളും നാട്ടുകാരും കൂടി ചേർന്നുന്നയിച്ച ചോദ്യം. ആ ചോദ്യത്തിൽ ആടിയുലഞ്ഞ മാലതിയുടെ കഴുത്ത് പാദത്തോളം നീളുകയും അടിവയറ്റിൽ ചവിട്ടുകൊണ്ട് ചന്ദ്രൻ…

Read More

തടിച്ചി ആയതുകൊണ്ട് സ്ഥലം തികയില്ലെന്ന കാരണത്താൽ ക്ലാസിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ബസ്സിലെ സീറ്റിൽ കൂട്ടിന് അവൾക്കാരും ഉണ്ടായിരുന്നില്ല. കുന്നിന് മുകളിലേക്ക് പ്രകൃതി ഭംഗി കാണാൻ എല്ലാവരും ഓടിക്കയറിയപ്പോൾ പാതിവഴിയിൽ അവൾ തളർന്നിരുന്നു. ഹോട്ടലിൽ എതിരെ ഇരുന്ന കൂട്ടുകാർ പ്ലേറ്റിലേക്കു ഇടം കണ്ണിട്ട് നോക്കി അവൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവെടുത്തുകൊണ്ടിരുന്നു കൂട്ടുകാർ എല്ലാവരും ജീൻസും ടോപ്പുമിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ വാങ്ങിയ തുണിയിൽ തയ്ച്ച ചുരിദാറുമിട്ട് അവൾ ഒരരികിൽ ഫോട്ടോയിൽ പാതി പുറത്തായി പതുങ്ങി നിന്നു. തിരിച്ചുള്ള യാത്രയിൽ ഒറ്റയ്ക്കിരുന്ന് അവൾ ചില കണക്ക് കൂട്ടലുകൾ നടത്തി. “വരുമെടി… വരും. നിങ്ങൾ മാത്രമല്ല… ക്യാമ്പസ് മുഴുവൻ എന്നെ തേടി വരുന്ന ഒരു ദിവസം ഉണ്ട്. ഓണത്തിന് മാവേലിയാകാനും.. ക്രിസ്തുമസിന് സാന്താക്ലോസ് ആകാനും. ശേഷം കാഴ്ചയിൽ…” അവൾ ഉള്ളിൽ ആർത്തലച്ച് ചിരിച്ചുകൊണ്ടിരുന്നു. ബസ്സിൽ വച്ച ഡിജെ യിൽ അവളുടെ ചിരി ആരും കണ്ടില്ല.

Read More

സഞ്ചയനം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും പിണ്ഡചോറുണ്ണാൻ വന്നിരുന്ന കാക്ക തൊടിയിൽ നിന്ന് പോയില്ല. വീട്ടിലെ എഴുവയസ്സുകാരൻ മിണ്ടാനാരുമില്ലാതെ തൊടിയിൽ കറങ്ങിനടക്കുമ്പോഴും ആ കാക്ക അവന്റെ ചുറ്റും ചിക്കി ചികഞ്ഞു നടന്നു. അച്ഛമ്മ കാണാതെ അവൻ എറിഞ്ഞുകൊടുത്ത ചോറുരുളകൾ കാക്ക കൊത്തിപെറുക്കി, അവനെ ഇടം കണ്ണാൽ ചരിഞ്ഞു നോക്കി. മൂന്നുമാസത്തിനുള്ളിലെ അവന്റെ ശൂന്യതയിലെല്ലാം കാക്ക കരഞ്ഞും കുറുകിയും അവന്റെ ചുറ്റും നടന്നു. അച്ഛൻ പുതിയ അമ്മയുടെ കൈപിടിച്ച് കയറിവന്ന ദിവസം കാക്ക തല തല്ലി കരഞ്ഞുകൊണ്ടിരുന്നത് അവൻ മാത്രമേ കേട്ടുള്ളു. അവന്റെ ഉള്ളും കാക്കയുടെ കണ്ണുകളും അന്ന് പതിവിലേറെ കലങ്ങിയിരുന്നു. രാത്രിയിൽ ജനൽപടിയിൽ കാക്ക അവനു കൂട്ടിരിക്കുകയും കുറുകി കുറുകി ഉറക്കുകയും ചെയ്തു.. രാവിലെ തൊടിയിൽ കാക്കയെ കാണാഞ്ഞു അവൻ വിമ്മിഷ്ടപ്പെട്ടു. അമ്മാവന്റെ കൂടെ അമ്മവീട്ടിലേക്ക് ഇറങ്ങിയപ്പോൾ വഴിയിലെ കറന്റ്‌ കമ്പിയിൽ കാക്ക വിറങ്ങലിച്ചു കിടക്കുന്നത് പെയ്തിരമ്പുന്ന കണ്ണുകൾക്കിടയിലൂടെ കണ്ട് അവൻ വീണ്ടും ശൂന്യനായി.

Read More

എന്തിനെന്നറിയാതെ കലമ്പി കൊണ്ടിരുന്ന എന്നെ, കണ്ണുകളിൽ സഹതാപവും അധരങ്ങളിൽ പുഞ്ചിരിയും നിറച്ച് അവൾ കേട്ടുകൊണ്ടിരുന്നു. കലമ്പലും പിറുപിറുക്കലും കഴിഞ്ഞ് ഉയർന്ന എന്റെ ഗദ്ഗദങ്ങളിൽ അവൾ എന്നെ തിരഞ്ഞു. തിരച്ചിലിനൊടുവിൽ അവളെന്നെ കണ്ടെത്തുമ്പോൾ….. രാവിലെ കറിചട്ടി അടിയിൽ പിടിച്ചതിനും, ഒരുമിച്ച് കഴുകിയ തുണികളുടെ കൂട്ടത്തിൽ അടിപ്പാവാടയുടെ നിറം ഷർട്ടിൽ പറ്റിയതിനും, ഫാനിട്ടപ്പോൾ കട്ടിലിനടിയിൽനിന്ന് മുടി ചുരുളുകൾ പറന്നുവന്നതിനും , ടേം പരീക്ഷയിൽ മകൾക്ക് മാർക്ക് കുറഞ്ഞതിനും, മരുന്നും ഭക്ഷണവും കൃത്യ സമയത്തിന് കൊടുത്തിട്ടും അവളെനിക്കൊന്നും തന്നില്ലെന്ന് അമ്മായിയമ്മയുടെ പരാതി കേട്ടതിനും മേലുദ്യോഗസ്ഥന്റെ പക്കൽ നിന്നും ശകാരം കേട്ടതിനും പകരമായി പല്ലുകടിച്ചു, മുഷ്ടി ചുരുട്ടി, എനിക്ക് നേരെ പാഞ്ഞുവന്ന അയാളുടെ കാൽപത്തിയിൽ ഞെരിഞ്ഞമർന്ന അടിമയായിരുന്നു ഞാൻ. അടക്കിപ്പിടിച്ച കരച്ചിൽ ചീളുകൾക്കുള്ളിൽ കുടുങ്ങിപ്പോയ എന്നെ അവൾ കണ്ടെത്തി പുറത്തേക്ക് വലിച്ചെടുക്കുമ്പോഴും എന്തിനെന്നറിയാതെ ഞാൻ തേങ്ങിക്കൊണ്ടേയിരുന്നു.

Read More

തടിച്ചി ആയതുകൊണ്ട് സ്ഥലം തികയില്ലെന്ന കാരണത്താൽ ക്ലാസിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ബസ്സിലെ സീറ്റിൽ കൂട്ടിന് അവൾക്കാരും ഉണ്ടായിരുന്നില്ല. കുന്നിന് മുകളിലേക്ക് പ്രകൃതി ഭംഗി കാണാൻ എല്ലാവരും ഓടിക്കയറിയപ്പോൾ പാതിവഴിയിൽ അവൾ തളർന്നിരുന്നു. ഹോട്ടലിൽ എതിരെ ഇരുന്ന കൂട്ടുകാർ പ്ലേറ്റിലേക്കു ഇടം കണ്ണിട്ട് നോക്കി അവൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവെടുത്തുകൊണ്ടിരുന്നു. കൂട്ടുകാർ എല്ലാവരും ജീൻസും ടോപ്പുമിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ വാങ്ങിയ തുണിയിൽ തയ്ച്ച ചുരിദാറുമിട്ട് അവൾ ഒരരികിൽ ഫോട്ടോയിൽ പാതി പുറത്തായി പതുങ്ങി നിന്നു. തിരിച്ചുള്ള യാത്രയിൽ ഒറ്റയ്ക്കിരുന്ന് അവൾ ചില കണക്ക് കൂട്ടലുകൾ നടത്തി. “വരുമെടി…വരും. നിങ്ങൾ മാത്രമല്ല… ക്യാമ്പസ് മുഴുവൻ എന്നെ തേടി വരുന്ന ഒരു ദിവസം ഉണ്ട്. ഓണത്തിന് മാവേലിയാകാനും.. ക്രിസ്തുമസിന് സാന്താക്ലോസ് ആകാനും. ശേഷം കാഴ്ചയിൽ…” അവൾ ഉള്ളിൽ ആർത്തലച്ച് ചിരിച്ചുകൊണ്ടിരുന്നു. ബസ്സിൽ വച്ച ഡിജെ യിൽ അവളുടെ ചിരി ആരും കണ്ടില്ല.

Read More