“അമ്മേ… അമ്മേ… “
ഉച്ചത്തിൽ കാർത്തു അലറി വിളിച്ചത് കേട്ട് കയ്യിലിരുന്ന വാഴപിണ്ടിയും കത്തിയും താഴെ വച്ച് നളിനി വേഗം ഓടി ഉമ്മറത്തേക്ക് ചെന്നു.
“അമ്മേ പ്രതിഭ… പ്രതിഭ ജയിച്ച്… “
വീടിന്റെ ഒതുക്കുകൾ കയറി വന്ന് നിന്ന് കാർത്തു കിതച്ചു.
“ദേ പെണ്ണെ ഒറ്റ അടി വച്ച് തന്നാലുണ്ടല്ലോ? മനുഷ്യൻ പേടിച്ചു പോയ് “
നളിനി കൈ ഓങ്ങി
” ന്റെ അമ്മക്കുട്ടി പേടിച്ചു പോയോ” കാർത്തു നളിനിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്ത് ” പേടിക്കണ്ടാ ട്ടോ ” ന്ന് പറഞ്ഞ് ചിരിച്ചു.
“പെണ്ണിന്റെ തുള്ളൽ ഇത്തിരി കൂടണുണ്ട് “
ഉമ്മ കിട്ടിയ നളിനിയും പുഞ്ചിരിച്ചു
ന്നിട്ട് നെന്റെ രവിയേട്ടന് ട്രോഫി കിട്ടിയോ?”
“പിന്നെ കിട്ടാതെ കഴിഞ്ഞ കൊല്ലത്തെ പോലെ പഞ്ചായത്ത് പ്രസിഡന്റല്ല കൊടുത്തെ ഇപ്രാവശ്യം കലക്ടറാ നാളെ പേപ്പറില് ഫോട്ടോയും ഉണ്ടാവും ” കാർത്തു സ്വയം ഞെളിഞ്ഞ് പറഞ്ഞു.
” നേരോ “
കലക്ടറെന്നും ഫോട്ടോയെന്നും കേട്ടപ്പോൾ നളിനിയുടെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു.
“ഹൊ അമ്മയൊന്ന് കാണണ്ടതായിരുന്നു പഞ്ചായത്തിലെ ജനങ്ങള് മൊത്തം ആടെ ഇണ്ടായിരുന്നു. “
” നീയ് നാളെ പാലും കൊണ്ടോവുമ്പോ ജോണീന്റെ കയ്യീന്ന് ഒരു പേപ്പറ് വാങ്ങണെ ! “
നാട്ടിലെ ഏക പത്രക്കാരനാണ് ജോണി. പുതയണ്ണന്റെ ചായക്കടയിൽ മാത്രമെ ദിവസവും പത്രമിടാറുള്ളു. എന്തെങ്കിലും ഇതു പോലെ അത്യാവശ്യമുണ്ടാവുന്ന ദിവസങ്ങളിൽ മാത്രം ആൾക്കാർ കോപ്പികൾ ചോദിച്ചു വാങ്ങും. ഇതറിയാവുന്ന ജോണി ഞായറാഴ്ച്ചയും മറ്റു അവധി വരുന്ന ദിവസങ്ങിലും കൂടുതൽ കോപ്പികൾ കയ്യിൽ കരുതാറുമുണ്ട്.
“നാളെ ഞായാറാഴ്ച്ചയല്ലെ ജോണിചേട്ടന്റെ കയ്യില് പേപ്പറുണ്ടാവും ഞാൻ വാങ്ങാം മ്മെ ! “
കാർത്തു ലളിതയെ കടന്ന് ഒരു മൂളിപാട്ടും പാടി അടുക്കള വാതിൽ കടന്ന് പുറത്തേക്കിറങ്ങി.
“ഈ തൃസന്ധ്യ നേരത്ത് നീയെവിടെ പോവാ പെണ്ണെ?” കാർത്തു പുറത്തേക്കിറങ്ങുന്നത് കണ്ട് ലളിത ആരാഞ്ഞു.
“കല്യാണി വെല്ലിമ്മക്ക് പൊകല കൊടുത്തിട്ട് വരാ “
കാർത്തു വിളിച്ചു പറഞ്ഞു.
“ഉം.. ”
ലളിത മൂളി.
കല്യാണി വെല്ലിമ്മക്ക് സമയത്തിന് പൊകല എത്തിച്ചു കൊടുക്കുന്ന ജോലി കാർത്തുവിനാണ്
” ടീ കാത്തോ “എന്ന വെല്ലിമ്മയുടെ നീട്ടിയുള്ള വിളി പുറത്ത് നിന്ന് എവിടെയെങ്കിലും കേട്ടാൽ മനസിലാക്കിക്കോ വെല്ലിമ്മയുടെ പുകല തീരാറായന്ന്. ഇന്ന് രാവിലെയും കേട്ടിരുന്നു അത്തരത്തിൽ ഒരു വിളി,
ലളിത ഓർത്തു. കല്യാണി വെല്ലിമ്മക്ക് ചില പ്രത്യേകതകൾ ഉണ്ട് പുളിയുടെ ചോട്ടിലെ ഗുരുതിത്തറയിൽ കള്ളും നേദ്യവും വെയ്ക്കുന്ന ദിവസം അവർക്ക് സിദ്ധി കൂടും കയ്യിൽ തറവാട്ട് വീട്ടിൽ പുജിച്ച് വച്ചിരിക്കുന്ന വാളും എടുത്ത് അവർ ഉറഞ്ഞു തുള്ളും. തുള്ളി തുള്ളി ഒരോരുത്തരുടെയും അടുത്ത് വന്ന് ഒരോരോ കാര്യങ്ങൾ വിളിച്ചു പറയും. അവിടെ കൂടിയിരിക്കുന്ന പലർക്കും അറിയാത്ത ചില രഹസ്യങ്ങളും അതിലുണ്ടാവും. കഴിഞ്ഞ പ്രാവശ്യം ജാനുവേച്ചിൻ്റെ അടുത്ത് ചെന്ന് വിളിച്ച് പറഞ്ഞ കേട്ട് എല്ലാരും ഞെട്ടി “അൻ്റെ ചെക്കന് മേത്തച്ചി പ്പെണ്ണു മത്യോ ജാനു?” “കുരുക്കൻമാര് എല്ലാം കാണണുണ്ട് ചെക്കൻ നല്ല നടക്ക് പോവൂലാ… ‘ എന്ന് അലറി പിന്നെ കൊയഞ്ഞ് വീണ്. എന്താ ഏതാന്ന് ജാനുവേച്ചീനോട് ചോദിച്ചപ്പോ ആ പാവം കൈമലർത്തി കാണിച്ചു. ജാനുവേച്ചിക്ക് ഒരു ചെക്കനാണ് മണി നല്ലോണം പണിയെടുക്കും രാത്രി അദ്രുമാൻ്റെ വാഴ തോട്ടത്തില് പാറാവിനും പോവും കല്യാണി വല്ലിമ്മ സിദ്ധി കൂടിയതിൻ്റെ കൃത്യം ഒരു മാസം കഴിഞ്ഞപ്പോ മണീൻ്റെ ശവം ഡാമില് പൊന്തി! കാലില് കയറ് കെട്ടി പള്ള വീർത്ത് ഡാമിൻ്റെ കരയില് എടുത്ത് കെടത്തിയ മണി !അത് കണ്ടിട്ടെന്ന പോലെ ലളിത ഞെട്ടി “ഹൊ ” എന്ന് പറഞ്ഞു. ഒടുക്കം ചെക്കൻ ചത്തത് എന്തിനാന്ന വിവരം അന്വേഷിച്ച് അറിഞ്ഞപ്പോ എല്ലാരും മൂക്കത്ത് വിരൽ വച്ച് കല്യാണി വല്ലിമ്മയെ പേടിയോടെ നോക്കി. ചെക്കന് അസൈനാറിൻ്റെ വീട്ടില് അട്ട മലേന്ന് വന്ന് താമസിക്കണ ജമീലാന്ന് പേരുള്ള ഒരു പെണ്ണുമായിട്ട് ബന്ധമുണ്ടാർന്ന് പോലും, ഓര് രാത്രീം പകലും ഒക്കെ വാഴ തൊടീല് കാണലുമുണ്ടായിന്ന് വേലായുധേട്ടൻ പറഞ്ഞാണ് അറിഞ്ഞത്. ചെക്കൻ ചത്തതിൻ്റെ പിറ്റേന്നാരുന്നു ഓൾടെ കല്യാണം! കല്യാണത്തെ പറ്റി ഓർത്തപ്പോൾ ലളിതക്ക് കാർത്തുവിൻ്റെയും രവിയുടെയും കാര്യം ഓർമ വന്നു അവൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു ” എൻ്റെ പരദേവതകളെ, കുല ദൈവങ്ങളെ ൻ്റെ കുട്ടികളെ കാത്തോളണെ “
കോലായിൽ കാലും നീട്ടിയിരുന്ന് മുറുക്കാൻ ചവക്കുന്ന കല്യാണി വല്ലിമ്മയുടെ പുറകിൽ ചെന്ന് നിന്ന് കാർത്തു ശബ്ദം മാറ്റി
” ഈടെ ആരുമില്ലെ”
“പൊകല കിട്ടിയോ കാത്തോ?” വല്ലിമ്മ തിരിഞ്ഞു നോക്കാതെ തന്നെ ചോദിക്കണ കേട്ട് കാർത്തു ചമ്മി പിന്നെ മുന്നിൽ ചെന്ന് നിന്നു “ദേ വല്ലിമ്മെ ഞാൻ കാത്തുവല്ല കാർത്തിക P V ” കാർത്തിക എന്ന പേര് ലോപിച്ച് കാർത്തുവും കാത്തുവും ഒക്കെ ആകുന്നതിൽ അവൾക്ക് തെല്ല് പരിഭവമുണ്ട്.
“ന്നാ പൊകല ” അവൾ കയ്യിലിരുന്ന പൊതി നീട്ടി.
” നീയ്യ് അവിടെ ഇരിക്കടി പെണ്ണെ ഞാം പറയട്ടെ “‘
വല്ലിമ്മക്ക് എന്തോ കാര്യമായി പറയാനുണ്ട്.
കാർത്തു പരിഭവം മാറ്റി വെച്ച് ചമ്രം പടിഞ്ഞ് കല്യാണി വല്ലിമ്മയുടെ അടുത്തിരുന്നു. പുറത്ത് ചെമ്പോത്തറ പാടം പൂർണ ചന്ദ്രൻ്റെ പ്രഭയിൽ നനഞ്ഞു തുടങ്ങിയിരുന്നു.
“കാത്തോ” വല്ലിമ്മ പറഞ്ഞു തുടങ്ങിയപ്പോൾ കാർത്തു മൂളി
“ടീ നീയ്യ് ബോളുകളി കാണാൻ പോയിനോ?”
“മ്മ് മ്മളെ ടീം ജയിച്ച് രവിയേട്ടന് ട്രോഫിം കിട്ടി “
” ഓൻ നല്ലോനാ, ന്തായിങ്ങടെ മംഗല കാര്യം?”
മംഗലമെന്ന് കേട്ടപ്പോൾ കാർത്തുവിൻ്റെ മുഖം അരുണാഭമായി
” കോട്ടയില് ഉത്സവം കഴിഞ്ഞിട്ട് നടത്താന്നാ പറഞ്ഞേക്കണെ “
കാർത്തു തൊല്ലു നാണത്തോടെ പറഞ്ഞു.
” കുംഭമാസത്തില് തേയതി പറ്റൂല അതിന് മീനം പെറക്കണം അല്ല കോട്ടയില് ഉത്സവം കയിഞ്ഞാ മീനമായിലോ?”
കല്യാണി വെല്ലിമ്മ മുറുക്കാൻ നീട്ടി പുറത്തേക്ക് തുപ്പി ചിറി തൊടച്ച് കണക്കുകൂട്ടി !
കാർത്തുവിൻ്റെ മുഖത്ത് എന്തോ ആലോചിച്ചിട്ടെന്ന പോലെ ആശങ്ക നിറഞ്ഞു അവൾ വെല്ലിമ്മയോട് കുറച്ചുകൂടി ചേർന്നിരുന്ന് ചോദിച്ചു.
“അല്ല വെല്ലിമ്മെ ഇങ്ങള് കണക്ക് കൂട്ടി ഒരോ മനുഷ്യൻമാരുടെ കാര്യങ്ങള് വിളിച്ച് പറയലുണ്ടല്ലോ? “
” അത് ഭഗോതി കൂടുമ്പല് അല്ലെ അയിനിപ്പോ എന്താ കാത്തോ?”
വല്ലിമ്മ കാർത്തു പറഞ്ഞു വരുന്നത് എന്താണെന്ന് മനസിലാവാതെ ചോദിച്ചു.
” അല്ല വല്ലിമ്മെ ൻ്റെ മംഗലം നേരത്ത് നടക്കോ?”
കാർത്തു ആശങ്കപ്പെട്ടു.
വെല്ലിമ്മ മെലിഞ്ഞുണങ്ങിയ തൻ്റെ കയ്യെടുത്ത് കാർത്തുവിൻ്റെ കവിളിൽ തലോടി പിന്നെ ചോദിച്ചു.
” ന്താ ൻ്റെ കുട്ടിക്ക് ഇങ്ങനെ തോന്നാൻ? ന്തേലും കൊയപ്പ ണ്ടോ?”
കാർത്തുവിന് സതീഷിനെയും വഷളൻ ചിരിയും ബീഡിപ്പുകയും അവൻ പറഞ്ഞ വാക്കുകളും ഓർമ വന്നു.
” ഓനെ കൊണ്ട് ഞാൻ തീറ്റിക്കൂലടി “
എങ്കിലും അവൾ വിക്കി വിക്കി ഇങ്ങനെയാണ് പറഞ്ഞത് “ഏയ് കുഴപ്പോ?… അങ്ങനെന്നുമില്ല വെല്ലിമ്മേ “
അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു കാർത്തു പെട്ടെന്ന് മുട്ടുകുത്തി നിന്ന് കല്യാണി വല്ലിമ്മയെ കെട്ടിപിടിച്ചു.
” ഭഗവതീൻ്റെ ശക്തി ള്ള വെല്ലിമ്മ എൻ്റെ കൂടെ ഉണ്ടല്ലോ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അപ്പോ എനക്കും രവിയേട്ടനും ഒരു കൊഴപ്പോം വരൂല”
പിന്നെ വല്ലിമ്മയുടെ തോളിൽ തല ചായ്ച്ചു.
വെല്ലിമ്മ കണ്ണുകൾ അടച്ചു അസ്പഷ്ടമായ ഭാഷയിൽ എന്തോ പ്രാർത്ഥിച്ചുകൊണ്ട് കണ്ണു തുറന്ന് തീക്ഷ്ണമായി പാടത്തേക്ക് നോക്കി അവിടെ നിലാവിനെ കാർമേഘ കൂട്ടം മറച്ചുപിടിച്ചിരുന്നു. പാടത്ത് നിന്ന് ഒരു തീ ഗോളമുയർന്ന് അന്തരീക്ഷത്തിൽ ചിത്രം വരച്ചു പിന്നെ കനാലിൻ്റെ കര വരെ മിന്നി മിന്നി കത്തി ഡാമിലെ വെള്ളത്തിലേക്ക് കൂപ്പുകുത്തി.
കല്യാണി വെല്ലിമ്മ ഒന്ന് ദീർഘ നിശ്വാസം വിട്ട് പുഞ്ചിരിച്ചു പിന്നെ കൈയെടുത്ത് കാർത്തുവിൻ്റെ നെറുകയിൽ തഴുകി കാർത്തുവാകട്ടെ നനഞ്ഞ മിഴികൾ അടച്ചു പിടിച്ച് വെല്ലിമ്മയോട് കൂടുതൽ ഒട്ടി ചേർന്ന് ഒരു കുഞ്ഞിനെ പോലെ ആയി.
തുടരും…
ജീസ് കൈതാരം


2 Comments
👍❤️👌💯
Pingback: കാർത്തു - 4 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ