മിഖായേല്‍,
അറിയാലോ, എന്‍റെ ഓര്‍മ്മ, ശ്ശി കമ്മിയാണ്.
പക്ഷേ, ഇന്ന് എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ദൂരദര്‍ശന്‍ കാലത്തുനിന്നൊരു പഴയ സിനിമയോര്‍മ്മ മനസ്സില്‍ നിറഞ്ഞു വന്നു. ഞായറാഴ്ച ഉച്ച നേരത്ത് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഗിരീഷ് കര്‍വാഡിന്‍റെ “ചെല്‍വി”. പരിസ്ഥിതി സംരക്ഷണം വിഷയമായി എടുത്ത ആ കന്നഡ സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡൊക്കെ കിട്ടുകയുണ്ടായി ട്ടോ. ഭാഷയൊന്നും മനസിലാവാതെ കണ്ട അതിമനോഹരമായ ചിത്രമായിരുന്നു അന്നത്. പക്ഷേ ഭാഷയ്ക്കതില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. അത്ര മനോഹരമായി ദൃശ്യാവിഷ്കാരം ചെയ്ത ചലച്ചിത്രമായിരുന്നു അത്. വര്ങ്ങഷള്‍ കഴിഞ്ഞിട്ടും, മനസ്സില്‍ ചെല്‍വി അതേ നിറങ്ങളോടെ അതേ സുഗന്ധത്തോടെ മായാതെ നില്‍ക്കുന്നു.
മരമായി മാറാന്‍ കഴിവുള്ള ഒരു പെണ്ണിന്‍റെ, ചെല്‍വിയുടെ കഥയാണ് സിനിമ. മരമായി മാറുമ്പോളുണ്ടല്ലോ, അവളുടെ ദേഹം നിറയെ പൂക്കള്‍ വിടരും. അതിനാണേല്‍ ആരെയും മയക്കുന്ന സുഗന്ധവും. ഗന്ധം നമുക്ക് സിനിമയില്‍ കാണാന്‍ പറ്റില്ലെങ്കിലും, മിഖായേല്‍, നീയതൊന്നു കണ്ടു നോക്കണം. നിന്‍റെ ചുറ്റും ആ മണം പരക്കും. ആരെയും മനം മയക്കുന്ന ആ ഗന്ധത്തില്‍ നീ വീണ് പോകും.
ഒരീസം ഗ്രാമത്തലവന്‍റെ മകന്‍, കുമാര്‍ ചെലുവിയെ കാണുകയും ഇഷ്ടപ്പെടുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നു. അവരുടെ മധുവിധുവിനിടയില്‍, ചെല്‍വി അതുവരെ രഹസ്യമായി സൂക്ഷിച്ച അവളുടെ കഴിവ് കുമാറിന് കാണിച്ചു കൊടുക്കുന്നുണ്ട്. ആ പൂക്കള്‍ വിടരുന്നതും കൊഴിയുന്നതും അതില്‍ അയാള്‍ അനുരക്തനാകുന്നതും പിന്നീടതൊരു ഉണ്മാദമായ പ്രണയത്തിലേക്കു പോകുന്നതും, എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
മിഖായേല്‍ ,
അത്രയും സുന്ദരമായൊരനുരാഗം ഞാന്‍ സ്കീനില്‍ വേറെ കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഒരിക്കല്‍ അവരുടെ ഒരു ബന്ധു പെണ്‍കുട്ടി ഇത് കാണുകയും പിന്നീടത് ചെലുവിയെ വലിയ പ്രശ്നങ്ങളിലാക്കുന്നതുമാണ് കഥ.
ഈ സിനിമാക്കഥ പറയാന്‍ എന്തിനാണ് ഞാന്‍ കത്തെഴുതുന്നതെന്ന് തോന്നുന്നുണ്ടോ? ഇന്നലെ നീയെന്നെ കയ്ക്കുള്ളില്‍ ചേര്‍ത്തുപിടിച്ച്, എന്‍റെ മണം ഒറ്റശ്വാസത്തില്‍ നിന്നോളം നിറയ്ക്കാന്‍ ശ്രമിച്ചപ്പോളുണ്ടല്ലോ, ചെല്‍വിയെപോലെ പൂത്തുലഞ്ഞപോലെ തോന്നിച്ചു എനിക്ക്. എന്‍റെ ശരീരം ശിഖരങ്ങളായി പിരിഞ്ഞ് ഇലകള്‍ മുളച്ച് പൂക്കള്‍ വിടര്‍ന്ന് നിന്നിലേക്ക് വേരുകള്‍ പടര്‍ത്തി നിന്നില്‍ പിണഞ്ഞ് നിന്നിലേക്ക് ചേര്‍ന്നുപോയൊരു മരമായി മാറിയത് പോലെ. രണ്ടു മനുഷ്യര്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ എത്ര വേഗത്തിലാണ് സ്നേഹം പടരുന്നത്.
മിഖായേല്‍,
എത്ര സുന്ദരമാണ് നിന്‍റെയീ പ്രണയം. നിന്‍റെ വിരല്‍തുമ്പിന് പ്രത്യേക താളമുണ്ടെന്നു ആദ്യം നമ്മള്‍ കണ്ടപ്പോള്‍ മുതല്‍ എനിക്ക് തോന്നിയിട്ടുണ്ടെന്ന് ഞാന്‍ ഇതിനു മുന്‍പ് പറഞ്ഞിട്ടുണ്ടോ? പ്രണയം നിനക്ക് വഴങ്ങുന്നൊരു കലയാണ് കേട്ടോ. എന്‍റെ ഏറ്റവും പ്രിയപ്പെട്ട കലാകാരാ, നീയൊരു ഭയങ്കര കാമുകനുമാണ്. നിന്‍റെ വിരല്‍തുമ്പില്‍ ഇനിയും മനോഹരമായ കഥകള്‍ വിരിയട്ടെ. എന്നെ പോലെ പൂത്തു തളിര്‍ക്കട്ടെ.
സ്വന്തം
ഗൌരി.


4 Comments
Manoharam❤️
ഹാ 👌
മനോഹരമായ എഴുത്ത് 👌👌👌
മനോഹരം.
Pingback: മിഖായേലിനുള്ള കത്തുകള്‍ - By Kalyani Raveendran - കൂട്ടക്ഷരങ്ങൾ