സുമതിയുമായി ഒട്ടും പൊരുത്തപ്പെട്ടു പോകാൻ ദേവിയ്ക്ക് ആയിട്ടില്ല. വർഷങ്ങൾ പലതു കഴിഞ്ഞു ദേവി ഇപ്പോഴും അവരെ തൻ്റെ മുറിയിൽ പ്രവേശിപ്പിക്കില്ല.
അമ്മയ്ക്ക് വേണ്ടിയുള്ള ചാരപ്പണിയായിരുന്നു സുമതിയ്ക്കു ഇഷ്ടം. സദാസമയവും ദേവിയുടെ പിറകിൽ തന്നെ അവർ കാണും. അവളെപ്പോൾ എഴുന്നേൽക്കുന്നു, ആരെയൊക്കെ കാണുന്നു, ആരെയൊക്കെ ഫോൺ ചെയ്യുന്നു, എപ്പോൾ ഉറങ്ങുന്നു എന്നിങ്ങനെ അവളുടെ മുഴുവൻ വിവരവും അവർ അമ്മയെ അറിയിക്കും. അമ്മയുടെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ അമ്മ അവളിൽ നിന്നും എന്തോ മറയ്ക്കാനായ് ശ്രമിക്കുന്നത് പോലെ അവൾക്കു തോന്നിയിട്ടുണ്ട്. ഈ ലോകത്തു നിന്നും അവളെ അകറ്റി നിർത്താനായി ശ്രമിക്കുന്ന അമ്മ.
ഒരേ വീട്ടിൽ ഒന്നിച്ചു താമസിക്കുന്നുവെങ്കിലും അവൾക്കു അമ്മയുമായും മാത്യൂ ആയിട്ടും ഒരു ആത്മ ബന്ധം ഉണ്ടായില്ല. വിവാഹം വരെ അല്ലെങ്കിൽ തൻ്റെ കരിയറിൽ മുന്നേറുന്നത് വരെയുള്ള ഒരു ഇടത്താവളം, അതായിരുന്നു അവൾക്ക് ആ വീട്.
കൈലാസനോടൊത്തുള്ള തലേന്നത്തെ മനോഹരമായ സായാഹ്നം അവൾക്കു അത്ഭുതമായി തോന്നി. അവൾ തന്റെ വലതു കൈയ്യിലെ വിരലുകളെ ചുംബിച്ചു. ഈ വിരലുകളിൽ ആണ് അവന്റെ വിരലുകൾ കോർത്ത് പിടിച്ചത്. അവൾ ഉറങ്ങാൻ കിടന്നപ്പോൾ ആലോചിച്ചു പാവം ടീച്ചറമ്മയെ ഒന്ന് വിളിച്ചില്ലല്ലോയെന്ന്, ഇന്നലെ പിണങ്ങി വഴക്കിട്ടു വന്നതല്ലേ.
അവൾ ടീച്ചറമ്മയെ വിളിച്ചപ്പോൾ ടീച്ചറമ്മയ്ക്കു സന്തോഷമായി. ടീച്ചറമ്മയുടെ പരിഭവം മുഴുവൻ അവൾ കേട്ടു. മനഃപൂർവം കൈലാസനെ കുറിച്ചൊന്നും അവൾ ചോദിച്ചില്ല. അവൾക്കു എന്തോ ആ കാര്യം ടീച്ചറിൽ നിന്നും മറയ്ക്കണമെന്നു തോന്നി.
അന്നവൾക്കു ഉറക്കം വന്നതേയില്ല. മനസ്സിനൊരു ഭാരം പോലെ, പക്ഷെ അത് വിഷമം മൂലമല്ല. എന്തോ ഒരു സുഖമുള്ള നോവാണ്. ആരോടും പറയാൻ കഴിയാത്ത എന്തോ ഒരു സുഖമുള്ള നോവ്. ആർക്കും മനസിലാക്കാൻ കഴിയാത്ത ഹൃദയ നൊമ്പരം.
രാവിലെ ഉണർന്നതും അവൾ കൈലാസന് ഒരു മെസ്സേജ് അയച്ചു, എനിക്ക് അത്യാവശ്യമായി ഒന്ന് കാണണം. ഉടൻ മറുപടി ഉടനെ വന്നു. ഇന്ന് തിരക്കാണ്, അമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോകണം. വൈകിട്ട് നൈറ്റ് ഡ്യൂട്ടിക്ക് കയറണം. നാളെ കണ്ടാൽ മതിയോ?. അവൾക്കു പെട്ടെന്ന് സങ്കടവും ദേഷ്യവും വന്നു. മറുപടി അയച്ചില്ല. അവന്റെ തിരക്ക് മനസിലായി എന്നിട്ടും… ടീച്ചറമ്മയ്ക്കു അവനല്ലാതെ വേറെയാരുമില്ല. താൻ എന്ത് സെൽഫിഷാണ്, സ്വന്തം അമ്മയെ നോക്കാൻ മകനല്ലാതെ പിന്നെയാരുണ്ട്.?
ദേഷ്യം തണുത്തപ്പോൾ വീണ്ടും അവൾ മറുപടി മെസേജിട്ടു ഏത് ഹോസ്പിറ്റലാണ്, അവളുടെ മറുപടി കാത്തിരുന്ന പോലെ ഉടൻ അവന്റെ മറുപടി വന്നു, കോടതിയുടെ അടുത്തുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ്. സന്ദേശങ്ങൾ അവിടെ മുറിഞ്ഞു എങ്കിലും, ഉച്ചക്ക് അവളുടെ ഓഫീസിൽ ഒരു വിസിറ്റർ ഉണ്ടായി. കൈലാസൻ ടീച്ചറമ്മയെ കാറിൽ ഇരുത്തി അവളെ കാണാൻ വന്നു.
“എന്താ കാണണം നീ എന്ന് പറഞ്ഞേ. “
“നീ എന്തിനാ വിളിക്കാതെ വന്നത്. “
“എന്നാൽ ഞാൻ പോകുവാണ്, വെട്ടാനും നിൽക്കില്ല വളർത്താനും നിൽക്കില്ല, തനി പോത്താണ്. “
“അതല്ല ഇവിടെ മൊത്തം ആ മാത്യുവിന്റെ ചാരന്മാരാണ്. ഞാൻ ഊണ് കഴിഞ്ഞു വീട്ടിൽ വരാം. ടീച്ചറമ്മയോടു ക്ഷമ പറയണം. “
“എന്തിന് ക്ഷമ. ഓക്കേ അവിടെ വച്ച് കാണാം. “
അന്ന് ലഞ്ച് കഴിഞ്ഞു അവൾ ഓഫീസിൽ മടങ്ങി പോയില്ല, പകരം കൈലാസന്റെ വീട്ടിൽ പോയി. ചെന്നപ്പോൾ കൈലാസൻ വാതിൽ തുറന്നു. അവൾ വരുന്നത് കാര്യം ടീച്ചറമ്മയോടു പറയാഞ്ഞത് കൊണ്ടാകും അവർ ഉച്ചയുറക്കത്തിലായിരുന്നു. അവൾ അവനൊപ്പം കൈലാസന്റെ മുറിയിലേയ്ക്കു നടന്നു.
അവൻ കട്ടിലിലും ദേവി അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. നല്ല പോലെ സംസാരിക്കുന്ന സ്വഭാവമുള്ള ദേവിയുടെ നിശബ്ദത അവനെ അമ്പരപെടുത്തി. അവൻ കിടക്കയിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേയ്ക്കു നടന്നു ചെന്നു. അവൾ മുഖം കുനിച്ചു. അവൻ അവളുടെ കുനിഞ്ഞ മുഖം കൈകൾ കൊണ്ടുയർത്തി. കണ്ണുകൾ കണ്ണുകളുമായി ഇടഞ്ഞു. അവനവളെ മെല്ലെ പിടിച്ച് എഴുന്നേൽപ്പിച്ചു. അവളെ തന്റെ ദേഹത്തേയ്ക്ക് ചേർത്ത് പിടിച്ചു, അവളുടെ നനുത്ത ചുണ്ടുകളിൽ അവനാദ്യമായി സ്നേഹമുദ്രകൾ അർപ്പിച്ചു. എത്രനേരം അവരങ്ങനെ നിന്നുവെന്നു മറന്നു പോയി.
ടീച്ചറമ്മയുടെ ചുമയുടെ ശബ്ദം കേട്ടപ്പോൾ ദേവി അവനിൽ നിന്നും അകന്നു മാറി. കൈലാസൻ വീണ്ടും അവളെ ബലമായി ചേർത്ത് പിടിച്ചു. അവർ ഒന്നിച്ചു ടീച്ചറമ്മയെ കാണാൻ പോയി.
“അമ്മേ എനിക്കെന്റെ ദേവിയെ തിരിച്ചു കിട്ടി. “
കൈലാസൻ അമ്മയോട് പറഞ്ഞു. ടീച്ചറമ്മ ദേവിയെ സ്നേഹത്തോടെ നോക്കി.
“യഥാർത്ഥ സ്നേഹം വെറുതെയാകില്ല, ഇത്രയും കാലം ദൈവം നിങ്ങളെ പരീക്ഷിച്ചതാണ്, ഇനിയെല്ലാം ശരിയാകും. “
അന്നത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം പിന്നെ അവർ എല്ലാ ദിവസവും കാണാൻ തുടങ്ങി. ദേവിയുടെ സുഹൃത്തുക്കളുടെ വീട്ടിലോ, കഫേയിലോ, കൈലാസൻ ജോലി ചെയ്യുന്ന ആശുപത്രിയിലോ, ചിലപ്പോൾ കാറിലോ അല്ലെങ്കിൽ ബീച്ചിലോ. അങ്ങനെ അവരുടെ പ്രണയം പുഷ്പിച്ചു തുടങ്ങി. ഒരിക്കലും കൂടിക്കാഴ്ചയ്ക്കു ദേവിയുടെ വീടോ ഓഫീസോ അവർ തെരെഞ്ഞെടുത്തില്ല. എന്നിട്ടും ദേവിയുടെ രണ്ടാനച്ഛന്റെ ചെവിയിൽ അവരുടെ പ്രണയ വാർത്ത എത്തപ്പെട്ടു.
അമ്മയുടെ വക വികാര പ്രകടനവും മാത്യുവിന്റെ വക ബ്ലാക്ക് മെയിലിങ്ങും ഉണ്ടായി. കൈലാസന്റേയും ടീച്ചറമ്മയുടെയും ജീവനപായപെടുത്തുമെന്ന് ഫോണിലൂടെ ഉണ്ടായ ഭീഷണിയെ അവൾ പോലീസിൽ പരാതി നൽകി പരിഹരിച്ചു. തന്റെ ജീവിതത്തിൽ കൈലാസനല്ലാതെ മറ്റൊരു പുരുഷനില്ലായെന്നും താൻ വേറെ കല്യാണം കഴിക്കില്ലായെന്നും ദേവി വാശി പിടിച്ചു. അവളുടെ വക്കീൽ സുഹൃത്തുക്കൾ വഴിയും കൈലാസന്റെ ഡോക്ടർ സുഹൃത്തുക്കൾ വഴിയും അവർക്കു നല്ല പിന്തുണ കിട്ടി. ഒടുവിൽ ദേവിയുടെ വാശി തന്നെ ജയിച്ചു.
പ്രശസ്തനായ വക്കീൽ ബ്രഹ്മദത്തന്റെ മകൾക്കു ചേർന്നതല്ല കൈലാസന്റെ ഫാമിലി. എന്നാലും വരൻ പ്രശസ്തനായ ഒരു ഡോക്ടറായതു കുറച്ചൊരു നേട്ടമായി. ദേവിയുടെ അച്ഛന്റെ ബന്ധുക്കളുടെ എതിർപ്പുകളൊക്കെ പതിയെ പതിയെ ഇല്ലാതായി. അമ്മയുടെ സമ്മതത്തോടെ അവളുടെ വിവാഹം തീരുമാനിക്കപ്പെട്ടു. എല്ലാവരുടെയും സമ്മതത്തോടെ അവർ മൂന്നാലു മാസം പ്രണയിച്ചു നടന്നു.
അവർ രണ്ടു പേരും പരസ്പരം ഒന്നിക്കാൻ വേണ്ടി ജനിച്ചതാണെന്ന് മറ്റുള്ളവർക്ക് തോന്നും വിധം അവർ സ്നേഹിച്ചു.
ജാതക പൊരുത്തമൊന്നും നോക്കാതെ ആയിരുന്നു വിവാഹം. അതിന്റെ ആവശ്യം ആർക്കും തോന്നിയിരുന്നില്ല. വളരെ ആർഭാടത്തോടെ ആയിരുന്നു വിവാഹം. രണ്ടു വീടുകളിലെയും ആദ്യത്തെ വിവാഹം. ഒന്നിനും ഒരു കുറവില്ലാതെ, സമൂഹത്തിലെ അറിയപ്പെടുന്ന എല്ലാവരുടെയും സാന്നിധ്യത്തിൽ മനോഹരമായൊരു കല്യാണം.
വിവാഹശേഷം രണ്ടാഴ്ചത്തെ ഹണി മൂൺ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. വിയറ്റ്നാം, മലേഷ്യ എന്നീ നാടുകളിലേയ്ക്കായിരുന്നു യാത്ര. അതിൻ്റെ ഏർപ്പാടൊക്കെ ടീച്ചറമ്മയുടെ വകയായിരുന്നു. കല്യാണത്തിന്റെ മൂന്നാം ദിവസം മൂന്നാറിലേയ്ക്കൊരു ട്രിപ്പ് മാത്യൂ ഏർപ്പാടാക്കി കൊടുത്തു. മാത്യുവിന്റെ മക്കളുടെ പുതിയൊരു റിസോർട്ടിലാണ് താമസം. മൂന്നാറിൽ നിന്നും മടങ്ങി വന്നിട്ട് ഒരു ദിവസം ടീച്ചറമ്മയുടെ കൂടെ നിൽക്കണം, പിറ്റേ ദിവസം വിയറ്റ്നാമിലേയ്ക്ക് പോകുന്നു. അങ്ങനെ യാത്ര പ്ലാൻ ചെയ്തു.
അങ്ങനെ മൂന്നാം ദിവസം രാവിലെ ഒരു ടാക്സി ക്യാബിൽ അവർ മൂന്നാറിലേക്ക് തിരിച്ചു. കല്യാണത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഒന്നിച്ചു അവർക്ക് മാത്രമായി കുറച്ചു സമയം. പ്രണയിക്കാനും പരസ്പരം പരിചരിക്കാനും അവർ മത്സരിച്ചു. നഷ്ടപ്പെട്ട് പോയ പഴയ പ്രണയകാലം തിരികെ കൊണ്ട് വരാൻ അവർക്കു സാധിച്ചു.
രണ്ടാം ദിവസം രാത്രിയിൽ ദേവിക്ക് ജലദോഷവും മൂക്കടപ്പും തുടങ്ങി. ടൗണിൽ പോയി മരുന്ന് വാങ്ങാനായി കാറിന്റെ ഡ്രൈവറെ വിളിച്ചെങ്കിലും അയാളെ കിട്ടിയില്ല. ഓട്ടോ വിളിച്ചു മെഡിക്കൽ സ്റ്റോറിൽ പോകാനായി ഇറങ്ങിയതാണ് കൈലാസൻ. രാത്രി വളരെ വൈകിയിട്ടും അയാൾ ഹോട്ടലിൽ മടങ്ങിയെത്തിയില്ല.
രാത്രിയിൽ കനത്ത മഴ തുടങ്ങി. റിസോർട്ടിലും വീട്ടിലുമൊക്കെ ദേവി കാര്യം അറിയിച്ചു. അവൾ ഡ്രൈവറെ വിളിച്ച് വരുത്തി. അയാളേയും കൂട്ടി ടൗണിലൊക്കെ അന്വേഷിച്ചു. പോലീസിൽ മാൻ മിസ്സിംഗ് അറിയിച്ചു. രാത്രി മുഴുവൻ പോലീസ് ടൗൺ മുഴുവൻ കൈലാസനെ കണ്ടെത്താൻ അരിച്ചു പെറുക്കി.
ദേവിയാകട്ടെ രാത്രി മുഴുവൻ മുറിയിലിരുന്ന് കരഞ്ഞു തീർത്തു. ഇടയ്ക്കു അമ്മയും ടീച്ചറമ്മയും അവളെ വിളിച്ചു ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
“അവനിങ്ങു വരും മോളെ. മഴയത്തു വഴി തെറ്റി കാണും, അല്ലേൽ ഓട്ടോ കിട്ടി കാണില്ല. പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ. നീ സമാധാനപ്പെടൂ. “
നേരം വെളുത്തിട്ടും ഡോക്ടർ കൈലാസനെക്കുറിച്ചു ഒരു വിവരവും ലഭിച്ചില്ല. അമ്മയും മാത്യൂസും രാവിലെ എത്തിച്ചേർന്നു. പോലീസ് വന്നു ദേവിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരുന്നു.
കരഞ്ഞു തളർന്ന ദേവി ടോയ്‌ലറ്റിൽ പോയി മടങ്ങിയെത്തിപ്പോഴാണ് കൈലാസന്റെ മൊബൈൽ കബോർഡിൽ ഇരിക്കുന്നത് ശ്രദ്ധിച്ചത്. ദേവിക്ക് ഉറപ്പായിരുന്നു മരുന്ന് വാങ്ങാൻ പോകുമ്പോൾ ഡോക്ടർ ഫോൺ കൊണ്ട് പോയിരുന്നുവെന്ന്. പിന്നെങ്ങിനെ ഇത് ഇവിടെയെത്തി.
ആ കാര്യം പോലീസിനോട് ദേവി പറയാനൊരുങ്ങിയതാണ്. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല. മോള് മറന്നതാകും, ഒരു പക്ഷെ അവനതു കൊണ്ട് പോകാൻ മറന്നതാകാം. ഇനിയിപ്പോൾ നീ ഇതവരോട് പറഞ്ഞാൽ തന്നെ അവർ നിന്നെയാകും സംശയിക്കുക. അവർ ടവർ പരിധി നോക്കി കണ്ടെത്തും. ഫോൺ കൂടെ കൊണ്ട് പോയോ എന്ന് ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞാൽ മതി.
പോലീസ് ചോദിച്ചപ്പോൾ അവൾ ഫോണിന്റെ കാര്യം മറച്ചു വച്ചു.
പോലീസ് കാണിച്ച സി സി ടി വി ദൃശ്യങ്ങളിൽ കൈലാസൻ ഹോട്ടലിന്റെ ലോബിയിൽ നിന്നും ആരോടോ കയർത്തു സംസാരിക്കുന്നു. അതിൽ ഡോക്ടറുടെ കയ്യിലൊരു ഫോൺ ഉണ്ട്. പക്ഷെ അത് കൈലാസന്റെ ഫോണല്ല എന്ന് ദൃശ്യങ്ങളിൽ വ്യക്തം.
കൈലാസൻ ആരോടാണ് സംസാരിച്ചത്? ഉപയോഗിച്ച ഫോൺ മറ്റാരുടേതെങ്കിലുമാണോ.?ആ ഫോൺ കൈലാസന്റേതു ആണെങ്കിൽ, അങ്ങനെയൊരു ഫോൺ ഉള്ള കാര്യം അവൻ ദേവിയിൽ നിന്നെന്തിനു മറച്ചു വച്ചു.
ടീച്ചറും ദേവിയും കൊടുത്ത മൊഴികളിൽ നിന്നും അങ്ങനെയൊരു ഫോൺ കൈലാസന് ഇല്ല. മറ്റാരുടെയോ ഫോൺ ആണ് കയ്യിലിരുന്നത്. ദൃശ്യങ്ങളിൽ പതിയാത്ത ആരോ കൂടെയുണ്ടായിരുന്നോ?
തട്ട് തട്ടായ പ്രദേശത്തു ലാൻഡ് സ്‌കേപ്പിന് യോജിച്ച വണ്ണം പണി കഴിപ്പിച്ച ആ റിസോർട്ടിന്റെ മലഞ്ചെരുവിൽ ടൂറിസ്റ്റുകൾക്കായി ഒരു തടയണയും ഒരു വെള്ളച്ചാട്ടവും കൃത്രിമമായി നിർമിച്ചിരുന്നു. അവിടെ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു ജോഡി ചെരിപ്പുകൾ കണ്ടെത്തി. അത് കൈലാസന്റെ ചെരിപ്പാണെന്നു ദേവി തിരിച്ചറിഞ്ഞു.
പിന്നീട് നടന്ന പരിശോധനയിൽ തടയണയിൽ നിന്നും കൈലാസന്റെ നീലിച്ച ശരീരം കിട്ടി. ജീവൻ നഷ്ടമായിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
ദേവിക്ക് മരുന്ന് വാങ്ങാനായി പോയ കൈലാസൻ മണിക്കൂറുകൾ ഫോണിൽ സംസാരിച്ചതാരോടാണ്. ടൗണിലേക്ക് പോകണ്ട ഡോക്ടർ എന്തിനാണ് പകൽ മാത്രം നീന്താൻ ഉപയോഗിക്കുന്ന, രാത്രിയിൽ വിലക്കുള്ള ആ തടയണയ്ക്കു അരികിലേക്കു പോയത്. നീന്താൻ നന്നായി പരിശീലിച്ച കൈലാസൻ എങ്ങനെ മുങ്ങി മരിച്ചു.?പോലീസ് നാലു വശത്തേക്കും അന്വേഷണം വ്യാപിച്ചു. ഹോട്ടലിലെ മുഴുവൻ ജോലിക്കാരെയും ടൂറിസ്റ്റുകളെയും ചോദ്യം ചെയ്തു.
പോലീസ് നായ ആ വെള്ളക്കെട്ടിനരികിൽ വന്നിട്ട് മടങ്ങി പോയി. സി സി ടി വി ദൃശ്യങ്ങളിൽ ഒറ്റയ്ക്ക് തടയണ ഭാഗത്തേയ്ക്ക് നടന്നു പോകുന്ന ഡോക്ടറുടെ ദൃശ്യമുണ്ട്. പിന്നെ ദുരൂഹമായി അയാളെ കാണാതെയാകുന്നു. പല പോലീസ് ഉദ്യോഗസ്ഥരും മാറി മാറി അന്വേഷിച്ചിട്ടും കൈലാസന്റെ മരണത്തിനു കാരണക്കാരെ കണ്ടെത്താൻ സാധിച്ചില്ല. അതൊരു ആത്മഹത്യ ആണെന്ന് നിഗമനത്തിലെത്താനും വയ്യ. കൈലാസന്റെ നീലിച്ച ശരീരവും ഡോക്ടർ കൈലാസൻ ഫോൺ ചെയ്യുന്ന ദൃശ്യങ്ങളിൽ തെളിഞ്ഞ ഒരു നിഴൽ ആണ് ആകെയുള്ള തെളിവ്.
മാസങ്ങളുടെ അന്വേഷണം വിഫലമായി. കേരള പോലീസിന് തെളിയിക്കാൻ കഴിയാതിരുന്ന അനേകം കേസുകളിൽ ഒന്നായി കൈലാസന്റെ മരണവും മാറി.
കൈലാസൻ എല്ലാവരിലും ഒരോർമ്മയായി മാറിയിട്ടും ദേവിയ്ക്ക് അവനെ മറക്കാൻ സാധിച്ചില്ല. ടീച്ചറമ്മയ്ക്കു മറ്റാരുമില്ല, ഏകമകൻ മരിച്ചു, ഇനി അവർക്ക് ആകെയുള്ള ആശ്രയം അവൾ മാത്രമാണ്. അവരോടൊപ്പമാണ് ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കേണ്ടത്.
ടീച്ചറമ്മയും അവളും മാത്രമുള്ള ആ വീട്ടിലെ താമസം കഠിനമായിരുന്നു. ദേവിയ്ക്ക് വേണ്ടി ടീച്ചറമ്മ ദുഃഖം മറക്കാൻ ശ്രമിച്ചു, സ്വയം മാറാൻ തുടങ്ങി. അവർ പാരലൽ കോളേജ് മറ്റൊരാളെ ഏൽപ്പിച്ചുവെങ്കിലും അദ്ധ്യാപനം നിർത്തിയില്ല. അമ്പലവും കോളേജുമായി അവർ സ്വയം തിരക്കിലായി. അമ്മയുടെ മാറ്റം ദേവിയെ അത്ഭുതപ്പെടുത്തി. എല്ലാം അമ്മയുടെ അഭിനയമാണെന്നു അവൾക്കറിയാം, അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ അവളും ശ്രമിച്ചു.
അവളും തന്റെ വക്കീൽ പണി ആരംഭിച്ചു. പഴയ പോലെ ഒരു ആവേശമൊന്നും അവൾക്കു ജോലിയിൽ തോന്നിയില്ല. പക്ഷെ ജീവിതം ജീവിച്ചു തീർക്കണം ഉറ്റവർക്കും ഉടയവർക്കും വേണ്ടി. മറ്റുള്ളവർക്ക് വേണ്ടി അവൾ ജോലിക്കു പോയി. അവരെ കാണിയ്ക്കാൻ വേണ്ടി മാത്രം സന്തോഷവതിയായി. ഒരേ വീട്ടിൽ രണ്ടു സമാന്തര ലോകത്തു അവർ ജീവിച്ചു. വൈകുന്നേരം കണ്ടു മുട്ടുന്ന വേളയിൽ അവർ പരസ്പരം സംസാരിച്ചു.
ഒരു ഉച്ച നേരത്താണ് ഒരു പുതിയ ക്ലൈന്റ് അവളെ കാണാൻ വന്നത്, നല്ല പ്രായമുള്ളൊരു പിതാവ്. അയാളുടെ മകളുടെ മരണമായിരുന്നു വിഷയം. മരുമകൻ കൊന്നതാണെന്നു അയാളുടെ സംശയം. പോലീസ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയിരുന്നു. മകളുടെ കൈകാലുകളിൽ കണ്ട നീലിച്ച പാടുകൾ, ചുണ്ടിൽ നിന്നും ഒഴുകിയ രക്തപ്പാടുകൾ അയാൾ തന്റെ സംശയങ്ങൾ ഓരോന്ന് അവളോട് വെളിപ്പെടുത്തി. അവൾക്കയാളോട് ദയ തോന്നി.
പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള മരണം ഏല്പിക്കുന്ന ആഘാതം അവൾക്കിപ്പോൾ നന്നായി മനസിലാകും. ആത്മഹത്യയല്ല എന്ന് പൂർണമായും ഉറപ്പണ്ടായിട്ടും, കൈലാസന്റെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാൻ പോലീസ് കാണിച്ച ഉത്സാഹം, അതെന്തിന് വേണ്ടിയായിരുന്നു, ആർക്കു വേണ്ടിയായിരുന്നു. കൈലാസന് ശത്രുക്കളാരും ഉണ്ടായിരുന്നില്ല. പിന്നെയാരാണ്? ഇത് ചെയ്തത്.
അതെ അവസ്ഥ തന്നെയായിരുന്നു ആ പെൺകുട്ടിയുടെ അച്ഛനും. ഇരുപതുകാരിയായ മകളുടെ മരണം ഭർത്തൃ ഗൃഹത്തിൽ വച്ച് സംഭവിക്കുന്നു. ആത്മഹത്യയാണെന്ന് പോലീസും ഭർത്താവും നാട്ടുകാരും പറയുന്നു. അവളൊരിക്കലും ആത്മഹത്യാ ചെയ്യില്ലായെന്നു വിശ്വസിച്ച അച്ഛന്റെ മുൻപിലേക്ക് അവളുടെ ശരീരത്തിൽ കണ്ട നീലിച്ച പാടുകൾ കടന്നു വരുന്നു. അയാളത് രഹസ്യമായി അന്വേഷിക്കുന്നു, അങ്ങനെ മരുമകനെതിരെ കേസിനു പോകാൻ തീരുമാനിക്കുന്നു. കേട്ടറിഞ്ഞാണ് സ്ത്രീകൾക്ക് വേണ്ടി സൗജന്യമായി വാദിക്കുന്ന അഡ്വക്കേറ്റ് ദേവിയുടെ അടുത്തേയ്ക്കു വരുന്നത്.
“അച്ഛൻ ഇപ്പോൾ പൊയ്ക്കോളൂ, ഞാൻ ഈ കേസ് ഒന്ന് പഠിയ്ക്കട്ടെ, ഈ കേസ് ഞാൻ ഏറ്റെടുത്തിരിക്കുന്നു. ഞാൻ അച്ഛനെ രണ്ടു ദിവസത്തിനുള്ളിൽ വിളിക്കാം. “
“മോളെ എന്റെ കയ്യിൽ അധികം പണമൊന്നുമില്ല. എന്നാലും എന്റെ മകളുടെ കേസ് ഉണ്ണിത്താൻ വക്കീലിന്റെ മോള് തന്നെ വാദിക്കണം. ഈ കേസിനു വേണ്ടി ഞാനെന്റെ വീട് പോലും വിൽക്കാൻ തയാറാണ്. “
“ഞാൻ അതിനു ഫീസ് ഒന്നും ചോദിച്ചില്ലല്ലോ. ആദ്യം നമുക്ക് ജയിക്കണം. പിന്നെയാണ് സാമ്പത്തികം. അത് നമ്മൾക്ക് നോക്കാം. “
ആ അച്ഛൻ ഇറങ്ങിയതിനു ശേഷമാണു അവളുടെ മേശപ്പുറത്തു പ്യൂൺ ഒരു കൊറിയർ കൊണ്ട് വയ്ക്കുന്നത്. കൈലാസന്റെ മരണശേഷം അങ്ങനെ കൊറിയർ ഒന്നും വരാറില്ലായിരുന്നു. എന്താണെന്നു തുറന്നു നോക്കാനൊരു ആകാംക്ഷയൊന്നും തോന്നിയില്ല. അവളതു മേശയുടെ ഒരു മൂലയിലേയ്ക്ക് നീക്കി വച്ചു. അവൾ ഫോണെടുത്തു ഫോർട്ട് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. ആ പെൺകുട്ടിയുടെ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തണം.
(തുടരും… )
✍️✍️നിഷ പിള്ള

