പിറ്റേ ദിവസം നേരിട്ട് വരാൻ പരിചയക്കാരനായ ഒരു പോലീസുകാരൻ അവളോട് ആവശ്യപ്പെട്ടു.അവൾക്കാവശ്യമുള്ള വിവരങ്ങൾ അയാൾ ശേഖരിച്ചു വയ്ക്കും.ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ ആ കൊറിയർ കവറിൽ ഉടക്കി.കവറിന്റെ ഒരു വശത്തു ചെറിയ അക്ഷരത്തിൽ ഇംഗ്ലീഷിലെഴുതിയിരിക്കുന്ന ആ വാക്കുകൾ.
“മിസ്റ്റി മെഡോസ് .”
മുന്നാറിലെ ആ റിസോർട്ടിന്റെ പേര്,അത് ആരോ മനഃപൂർവം എഴുതിയതാകും.അത് ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരുന്നു.അവൾ ആ കവർ പൊട്ടിച്ചു നോക്കി.ഒരു ഫോട്ടോഗ്രാഫ്,ഇരുട്ടിൽ, ആരോ എടുത്ത ഒരു ഫോട്ടോ,കൈലാസന്റെ ദേഷ്യപ്പെട്ട മുഖം കാണാം.കൈ ചൂണ്ടി അവനാരോടോ കയർത്തു സംസാരിക്കുന്നു.എതിർ വശത്തു നിൽക്കുന്ന ആളുടെ പിൻഭാഗം വ്യക്തമായി കാണാം.
ഷോർട്സും ടീഷർട്ടും ധരിച്ച അയാളുടെ തലയുടെ പിൻഭാഗം കഷണ്ടിയാണ്.സാമാന്യം പൊക്കവും വണ്ണവുമുള്ള ഒരാൾ.അയാളുടെ ടീഷർട്ടിനെ പിൻഭാഗത്ത് ഏതൻസ് എന്നെഴുതിയിട്ടുണ്ട്.
കൈലാസനെ അങ്ങനെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.ആരാണയാൾ ? എന്തിനാണ് കൈലാസൻ അയാളോട് കയർക്കുന്നത് .അവർ തമ്മിൽ വഴക്കുണ്ടായി കാണുമോ.അയാൾ കൈലാസനെ കൊന്നതാകുമോ.
എന്താകും,ഇത് അയച്ചു തന്നയാളുടെ ഉദ്ദേശ്യം .പോലീസിലറിയിക്കാനാണോ?അതാകില്ല ലക്‌ഷ്യം,അങ്ങനെയാണെങ്കിൽ അയാൾക്കതു നേരിട്ട് ചെയ്യാമല്ലോ.അയാൾക്കെങ്ങനെ ദേവിയെ അറിയാം.തിരിച്ചു എങ്ങനെ അയാളെ കോൺടാക്ട് ചെയ്യും.?ഇതൊക്കെയായി അവളുടെ ചിന്തകൾ.പെൺകുട്ടിയുടെ കേസ് അവളുടെ മനസ്സിൽ നിന്നും തൽക്കാലം അപ്രത്യക്ഷമായി.
അവൾ ഫോട്ടോയിലും കവറിലും മാറി മാറി നോക്കി.വേറെ എന്തെങ്കിലും ഒരു തെളിവ്.വിളിക്കാനൊരു നമ്പർ എന്തെങ്കിലും ഉണ്ടോയെന്നറിയാൻ അവൾ അത് മുഴുവൻ പരിശോധിച്ചു.കവറിന്റെ അകത്ത് റൂം നമ്പർ 301 എന്ന് പെൻസിൽ കൊണ്ട് എഴുതി കണ്ടു.മിസ്റ്റി മെഡോസിലെ റൂം നമ്പർ 301 ൽ അയാളുണ്ടാകുമോ.
അവൾ തന്റെ റിവോൾവിങ്ങ് ചെയറിൽ ഇരുന്നു ആലോചിച്ചു.
ടീച്ചറമ്മ ലൗകിക ജീവിതം അവസാനിപ്പിച്ചു സന്യാസം സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്.അതിനായി ഒരു ഗുരുവിനെ കണ്ടെത്തിയിട്ടുണ്ട്.ഇപ്പോൾ മുന്നിലുള്ള തടസ്സം ദേവിയാണ്, അവളുടെ ഭാവിയാണ്.ഇടയ്ക്കിടയ്ക്ക് ഒരാഴ്ച ആശ്രമത്തിൽ പോയി തങ്ങാറുണ്ട്.ദേവിയെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചിട്ട് ടീച്ചർ പൂർണ്ണമായും ആശ്രമത്തിലെ അന്തേവാസിയാകും.
ടീച്ചറമ്മ ആശ്രമത്തിൽ പോയ ആ രാത്രിയിൽ ആരുമറിയാതെ മൂന്നാറിലേയ്ക്ക് പോകാൻ ദേവി തീരുമാനിച്ചു.അമ്മയും മാത്യുവും ഒരു പാർട്ടിക്ക് പുറത്തു പോയ ദിവസം അവിടെ ചെന്ന് അച്ഛന്റെ അലമാരയിൽ പണ്ട് ഉണ്ടായിരുന്ന ഒരു പഴയ റിവോൾവർ മുൻകരുതലിനായി കയ്യിൽ കരുതി.ആരും പിന്തുടർന്ന് ചെല്ലാതിരിക്കാനായി മൊബൈൽ തൻ്റെ മുറിയിലെ അലമാരയിൽ പൂട്ടി വച്ചു.വീടിനടുത്ത് നിന്നും ഒരു കിലോമീറ്റർ നടന്ന്, ശേഷം ടാക്സിയിലാണ് യാത്ര തിരിച്ചത്.
ഏഴ് മണിക്കൂർ യാത്രയ്ക്ക് ശേഷം അവൾ ടൗണിലിറങ്ങി ടാക്സി പറഞ്ഞയച്ചു.അവിടെയൊക്കെ കറങ്ങി നടന്നു തന്നെ ആരും പിന്തുടരുന്നില്ലയെന്നു ഉറപ്പു വരുത്തി.ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ മറ്റൊരു ടാക്സിയിൽ ഹോട്ടൽ മിസ്റ്റി മെഡോസിന്റെ മുന്നിലിറങ്ങി.
ആർക്കും ഒരു സംശയവും വരാത്ത രീതിയിൽ വളരെ തന്റേടത്തോടെ അവളെല്ലാവരോടും പെരുമാറി.അവളുടെ ഓരോ ചലനങ്ങളും അവൾക്കു തന്നെ പുതുമയുള്ളതായി തോന്നി.ആദ്യമായിട്ടാണ് അവളിത്രയും ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്.ആദ്യമായിട്ടാണ് ഒരു ഹോട്ടലിൽ തനിയെ മുറിയെടുത്ത് താമസിക്കാനൊരുങ്ങുന്നത്.തന്റെ ഉള്ളിലെ ഭയം മറ്റാരും അറിയാതിരിക്കാൻ ,പുറത്തു കാട്ടാതിരിക്കാൻ അവൾ ആവോളം ശ്രമിച്ചു.
ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നല്ല തിരക്കിലായിരുന്നു.മൂന്നാംനിലയിൽ തന്നെ മുറി വേണമെന്ന് ദേവി പറഞ്ഞത് റിസപ്ഷനിസ്റ്റിനെ ചൊടിപ്പിച്ചു.
“മാം സീസൺ തുടങ്ങിയത് കൊണ്ട് എല്ലാ മുറികളും ഫുള്ളാണ്.ഒന്നാം നിലയിലെ റൂം നമ്പർ 100 ൽ ക്ലീനിങ് നടക്കുന്നു.മാമിനു ആ റൂം തരാമെന്നു വിചാരിക്കുന്നു.മനസില്ലാമനസോടെ ദേവി തലയാട്ടി.
“എപ്പോൾ മുറി കിട്ടും.”
“മാം ഒരു പത്തു മിനിറ്റ് ലോബിയിലിരിക്കൂ ,കുടിക്കാനെന്താ ചായയോ കോഫിയോ?”
“കടുപ്പത്തിൽ ഒരു കോഫീ .”
ഇളം ചൂടുള്ള ക്രീമി കോഫീ ആസ്വദിച്ച് കുടിക്കുമ്പോൾ അവൾ തന്റെ കറുത്ത കണ്ണടയിലൂടെ പരിസരമാകെ വീക്ഷിച്ചു.സംശയാസ്പദമായി ഒന്ന് കണ്ടില്ലായെങ്കിലും മാത്യുവിന്റെ മക്കളുടെ പങ്കാളിത്തം ആ ഹോട്ടലിൽ ഉണ്ടെന്നത് അവളെ ഭയപ്പെടുത്തി.
ഒഴിഞ്ഞ കോഫീ മഗ് അവൾ മുന്നിലെ ടീപ്പോയിൽ വച്ചപ്പോൾ അവിടെ നിരത്തിയിട്ടിരുന്ന മാഗസിനുകൾ അവളുടെ ശ്രദ്ധയിൽ പെട്ടു.തൻ്റെ മുന്നിലൂടെ ആരോ മാഗസിൻ കൊണ്ടിട്ടത് അവൾ ശ്രദ്ധിച്ചിരുന്നു. അവൾ മാഗസിനുകൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ചു
.ഏറ്റവും പുതിയ എഡിഷൻ ഫാഷൻ മാഗസിനിൽ വരുൺ ധവാനായിരുന്നു മുഖചിത്രം ,ഒരിക്കൽ കൂടി അതിൽ സൂക്ഷിച്ചു നോക്കുന്ന രീതിയിലാണ് അയാൾ ആ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.അവൾ ആ മാഗസിൻ കയ്യിലെടുത്ത് മറിച്ചു നോക്കി.അതിന്റെ രണ്ടാമത്തെ പേജിൽ കത്രീന കൈഫിന്റെ മനോഹരമായ ക്ലോസ് അപ്പ് ചിത്രം.ചിത്രത്തിന്റെ ഇടത്തെ കണ്ണിന്റെ അഭംഗിയാണ് ശ്രദ്ധിച്ചത്.കണ്ണുകളുടെ വെള്ളയിൽ നീല മഷി കൊണ്ട് മലയാളത്തിൽ ചെറിയ അക്ഷരത്തിൽ റൂം നം 103 എഴുതിയിരുന്നു.
ദേവി അത് വായിച്ചു ഞെട്ടി,ഇത് തനിക്കുള്ള സൂചനയായിരിക്കുമോ ,അപ്പോൾ കൊറിയർ പാക്കിൽ കണ്ട 301 ? ഇതിന്റെയർത്ഥം എന്താണ്.
“മാം റൂം റെഡി.”
മുന്നിൽ റിസപ്ഷനിസ്റ്റാണ് ,സ്വതവേ സുന്ദരിയായ അവൾ തൻ്റെ മാറിടം പ്രദർശിപ്പിക്കുന്ന രീതിയിൽ ടോപ്പിന്റെ മുകളിലെ കുടുക്ക് തുറന്നിട്ടിരുന്നു.
അവൾ താക്കോൽ മെലിഞ്ഞൊരു റൂം ബോയിയെ ഏൽപ്പിച്ചു.അവൻ ദേവിയുടെ ബാഗുകളുമെടുത്തു മുൻപിൽ നടന്നു.റൂം നമ്പർ 100 ന്റെ എതിർ വശത്തു റൂം നമ്പർ 105 ആയിരുന്നു.ആ ബ്ലോക്കിൽ 100 മുതൽ 105 വരെ ആറ് മുറികൾ മാത്രം.103 എന്ന മുറി അങ്ങേയറ്റത്തായിരുന്നു.
റൂം ബോയ് താക്കോൽ ഡോറിൽ ഇട്ട് തിരിച്ചപ്പോൾ മുറിയിലെ മുഴുവൻ ലൈറ്റുകളും തെളിഞ്ഞു.റൂം ബോയ് പോയപ്പോൾ അവൾ അകത്തു നിന്നും മുറി ലോക്കാക്കി.അവൾ നേരെ കിടക്കയിലേക്ക് ചാടി വീണു.ഏഴ് മണിക്കൂർ നീണ്ട യാത്രയുടെ ക്ഷീണവും തളർച്ചയും അറിഞ്ഞതേയില്ല.കാരണം ഈ യാത്രക്കൊരു ഉദ്ദേശമുണ്ടായിരുന്നു.ഉദ്വേഗം നിറഞ്ഞ യാത്ര.
ആരാണ് തന്നെ ഇങ്ങോട്ടു ആനയിച്ചത് ?അതൊരു ശത്രുവായിരിക്കുമോ അതോ മിത്രമോ?ആരാണെന്നറിയാനുള്ള ജിജ്ഞാസ അവളിൽ ശക്തമായി.തന്നെ സഹായിക്കാനാണോ വിളിച്ചു വരുത്തിയത്?ഈ യാത്രയിലൂടെ കൈലാസന്റെ കൊലപാതകിയെ കണ്ടെത്താൻ സാധിക്കുമോ?ആരായിരിക്കും ആ കൊലപാതകി.?
കൈലാസനെ പോലെ സൽസ്വഭാവിയെ ഒരാളെ ആര് കൊല്ലാനാണ്?കൊന്നവൻ എത്ര ക്രൂരനായിരിക്കും.ഒരു പൂവിനെ പോലും പറിച്ചെറിയാത്ത,ഒരു പുൽകൊടിയെ പോലും മനപ്പൂർവ്വം ചവിട്ടി മെതിക്കാത്ത കൈലാസൻ.
കുട്ടികളെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന കൈലാസന് വിദേശത്തു പോയി നിയോനേറ്റൽ കാർഡിയോളജിയിൽ ഉപരി പഠനം നടത്താൻ ആഗ്രഹിച്ചിരുന്നു.ജന്മനാ ഹൃദ്രോഗത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ,അകാലത്തിൽ മരണമടയുന്ന പൂമൊട്ടുകളെ തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ അവൻ ആഗ്രഹിച്ചിരുന്നു.ദേവിക്കും തനിക്കും ജനിക്കുന്ന ആദ്യത്തെ കണ്മണിക്ക് അഗസ്ത്യ എന്ന് പേരിടാൻ അവൻ ആഗ്രഹിച്ചിരുന്നു.
പക്ഷെ ടീച്ചറമ്മ ഇത് അറിഞ്ഞാൽ?കൈലാസൻ മരിച്ചിട്ടു മൂന്ന് മാസം കഴിഞ്ഞതേയുള്ളൂ.മരുമകളുടെ പുതിയ സാഹസങ്ങൾ അറിഞ്ഞാൽ ,ടീച്ചറമ്മയിൽ പുതിയ സംശയങ്ങൾ ജനിപ്പിക്കില്ലേ.ഒരു പക്ഷെ കൈലാസന്റെ മരണത്തിൽ പോലും ദേവിയ്ക്ക് പങ്കുണ്ടെന്നു കരുതില്ലേ .സ്വന്തം അമ്മ പോലും അവളെ ഇത്രത്തോളം സ്നേഹിച്ചിട്ടില്ല.അവരുടെ അപ്രീതിക്ക് കാരണമാകുന്നതൊന്നും ദേവി ചെയ്യില്ല .ആ സ്നേഹത്തിന്റെ തീവ്രതയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഓർത്തപ്പോൾ ദേവിയുടെ കണ്ണ് നിറഞ്ഞു.വെറും ഒരാഴ്ചത്തെ ദാമ്പത്യം.വിവാഹത്തിന് മുൻപേ തന്നെ ഗർഭ നിരോധനമാർഗ്ഗങ്ങൾ സ്വീകരിക്കുകയില്ലെന്ന് രണ്ടു പേരും ചേർന്ന് തീരുമാനമെടുത്തിരുന്നു.ആദ്യത്തെ കുഞ്ഞിനെ എത്രയും പെട്ടെന്ന് ലഭിക്കാൻ അവൾ ആഗ്രഹിച്ചു,രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ അവനും തയാറായി.
കൈലാസന്റെ മരണശേഷവും തനിക്ക് അമ്മയാകാൻ ചാൻസ് ഉണ്ടെന്ന് ദേവിക്ക് തോന്നി.ഓവുലേഷൻ ദിവസം നോക്കിയായിരുന്നു അവർ വിവാഹദിനം തെരഞ്ഞെടുത്തത്.പോസിറ്റീവ് എന്ന വാർത്തയ്ക്കായി ദേവി കാത്തിരുന്നു.ആർത്തവം വൈകിയ നാളുകളിൽ അവളിൽ ഒരു പ്രതീക്ഷയുടെ നാമ്പ് മുളച്ചിരുന്നു.
ഒരു പുലർകാലത്ത് അവളൊരു മനോഹരമായ സ്വപ്നം കണ്ടു.
ഒരു മഞ്ഞുമൂടിയ തടാകക്കരയിൽ നിറവയറുമായി നിൽക്കുന്ന ദേവി,അവളെ തടാകത്തിനു ചുറ്റും നടന്നു വരാൻ പ്രേരിപ്പിക്കുന്ന കൈലാസൻ തൊട്ട് മുന്നിൽ.തടാകത്തിനു ഒരു വലം വച്ച് കഴിഞ്ഞ് വീണ്ടും മുന്നോട്ടു നടന്നതും ദേവി കുഴഞ്ഞു വീണു.
അവളുടെ തളർന്ന ശരീരം കൈലാസൻ കൈകളിൽ കോരിയെടുത്തു.അവളുടെ വെളുത്ത പട്ടുസാരിയിൽ ചുവന്ന ചോര നിറം പടർന്നിരുന്നു.കാലുകളിലൂടെ ഒലിച്ചിറങ്ങുന്ന ചോര ചാലുകൾ .ദേവി ശ്വാസം കിട്ടാതെ ചുമയ്ക്കാൻ തുടങ്ങി.കണ്ണ് തുറന്നപ്പോൾ അവളുടെ കിതപ്പ് മാത്രം മതിയായി,കൈലാസൻ അടുത്തില്ല,മൂടൽ മഞ്ഞില്ല ,തടാകവുമില്ല.
അവളുടെ വെളുത്ത നിശാ വസ്ത്രവും വെളുത്ത കിടക്ക വരികളും ചുവപ്പിൽ കുളിച്ചു.ഇനിയൊരിക്കലും കൈലാസന്റെ കുഞ്ഞിന്റെ അമ്മയാകാൻ തനിക്കാവില്ല എന്നോർത്തവൾ പൊട്ടിക്കരഞ്ഞു.
പഴയതൊക്കെ ഓർത്ത് കിടന്നവൾ കരഞ്ഞു.കരഞ്ഞു കരഞ്ഞു കണ്ണുകൾ കലങ്ങിയപ്പോൾ ദേവി മുഖം കഴുകി.തലയിൽ ഒരു വലിയ സ്കാർഫ് കെട്ടി.കമ്പിളി ഷാൾ കൊണ്ട് ശരീരം മൂടി പുതച്ചും കൊണ്ടവൾ മുറിക്കു പുറത്തിറങ്ങി.മൂന്നാം നിലയിലെ റൂം നമ്പർ 301 ആയിരുന്നു അവളുടെ ലക്‌ഷ്യം.
ലിഫ്റ്റ് ഉപേക്ഷിച്ചു അവൾ മെല്ലെ പടിക്കെട്ടുകൾ ചാടി കയറി.മുറിയുടെ പരിസരത്തെങ്ങും ആരെയും കാണാത്തതിനാൽ അവൾ കോറിഡോറിൽ കുറെ നേരം നിന്നു,പരിസരം വീക്ഷിച്ചു.ആ വഴി പോയ ഹോട്ടൽ സ്റ്റാഫ് അവളെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവൾ ലിഫ്റ്റിനടുത്തേയ്ക്കു മാറി നിന്നു.ലിഫ്റ്റിൽ ആളുകൾ കയറി വരുന്നതും പോകുന്നതും അവൾ നോക്കി നിന്നു മടുത്തു.
മുറിയുടെ മുന്നിലും ലിഫ്റ്റിന്റെ അടുത്തുമായി,മുറി കാണാൻ കഴിയുന്ന രീതിയിൽ ദേവി നിന്നു.ഇടതു വശത്തുണ്ടായിരുന്നു സി സി ടി വി ക്യാമറയിൽ മുഖം പതിയാതിരിക്കാൻ അവൾ ശ്രദ്ധാലുവായി നിന്നു.ആ നിൽപ്പ് മടുത്തു തുടങ്ങിയപ്പോഴാണ് അവൾക്കു മടങ്ങാൻ തോന്നിയത്,
അപ്പോഴാണ് വലിയ കോലാഹലത്തോടെ ലിഫ്റ്റിൽ നിന്നും വന്നിറങ്ങിയ ഉത്തരേന്ത്യൻ കുടുംബത്തെ അവൾ ശ്രദ്ധിച്ചത്.ഷോർട്സും ടീ ഷർട്ടും ധരിച്ച വയറുന്തിയ ,കഷണ്ടിയുള്ള ഗൃഹ നാഥൻ.അയാളുടെ തലയുടെ പിൻഭാഗം ഫോട്ടോയിൽ കണ്ടയാളുടെ സമാനമായിരുന്നു.
സാരിയുടുത്ത മെലിഞ്ഞ സുന്ദരിയായ ഗൃഹനാഥ ,ഇരുപതും പതിനെട്ടും
വയസ്സ് തോന്നിക്കുന്ന രണ്ടാൺകുട്ടികൾ ,അതിലൊരാൾ മൊബൈലിൽ പാട്ടും കേട്ടാണ് നടക്കുന്നത്.മറ്റേ ആൺകുട്ടി ഏകദേശം ഏഴെട്ടു വയസ്സ് തോന്നിക്കുന്ന ,ഒരു ബാർബി പാവയെപോലെ മനോഹരിയായ ഒരു പെൺകുട്ടിയുമായി തമാശയിലേർപ്പെട്ടു കൊണ്ടാണ് നടത്തം.കളിചിരികൾക്കിടയിൽ ആ കുട്ടി അവന്റെ പോക്കറ്റിൽ നിന്നും റൂമിന്റെ താക്കോൽ തട്ടി പറിച്ചും കൊണ്ട് കോറിഡോറിലേയ്ക്ക് ഓടി.
താക്കോലിലെ 301 എന്ന് പതിച്ചിരിക്കുന്ന ലോഹത്തകിട് ദേവിയുടെ കണ്ണിൽ പെട്ടു.കുട്ടിയുടെ ഓട്ടത്തിനിടയിൽ ലോഹവളയം എതിർവശത്തു നിന്നിരുന്ന ദേവിയുടെ നെറ്റിയിൽ തട്ടുകയും ശക്തമായി മുറിയുകയും ചെയ്തു.വേദന കൊണ്ട് നെറ്റിയിൽ അമർത്തുമ്പോൾ പൊടിഞ്ഞു തുടങ്ങിയ ചോര കയ്യിൽ പറ്റുന്നു.
പെൺകുട്ടി അതൊന്നും ശ്രദ്ധിക്കാതെ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടിയപ്പോൾ ,ആ പയ്യൻ അവളോട് ക്ഷമാപണം ചെയ്തു.വേദനയോടെ ,നിരാശയോടെ ദേവി ലിഫ്റ്റ് വഴി താഴേക്ക് പോയി.ചോരയാണല്ലോ,അവൾ കൈലേസ് കൊണ്ട് മുഖം തുടച്ചു.
അരമണിക്കൂറിലേറെയുള്ള തൻ്റെ ആ കാത്ത് നിൽപ്പ് വേദന സമ്മാനിച്ച് അങ്ങനെ അവസാനിച്ചപ്പോൾ അവൾക്ക് നിരാശ തോന്നി.അവൾ ലിഫ്റ്റ് വഴി താഴത്തെ നിലയിലെ പൂളിനടുത്തുള്ള റെസ്റ്റോറന്റിലേയ്ക്ക് നടന്നു.
ചുറ്റും ഇരുട്ട് വീണു തുടങ്ങിയെങ്കിലും പൂളും പരിസരവും പ്രകാശ പൂരിതമായിരുന്നു.ചൈനീസ് ഭക്ഷണ പദാർത്ഥങ്ങളുടെ കൊതിയൂറും ഗന്ധം അവിടെ നിറഞ്ഞിരുന്നു.ഒരു വലിയ ബൗൾ നിറയെ മിക്സഡ് സൂപ്പും ഫ്രൈഡ് റൈസും മീൻമുട്ടകൾ മസാല ചേർത്ത് വറുത്തതും അവൾ ഓർഡർ ചെയ്തു.
യാത്രയിലെ അലച്ചിലും നിരാശയും മറക്കാൻ അവൾ വളരെ സമയമെടുത്ത് ആസ്വദിച്ച് ഭക്ഷണം കഴിച്ചു.ആ സന്തോഷത്തിലൂടെ മറ്റു ദുഃഖങ്ങൾ തൽക്കാലം അവൾ മറന്നു.പലതവണയായി സാധാരണയിലും ഇരട്ടി ഭക്ഷണം അകത്താക്കി.
ഒന്നര മണിക്കൂറോളം അവൾ ആ റസ്റ്റോറന്റിൽ ചെലവഴിച്ചു.ഗ്ലാസ് വിൻഡോയിലൂടെ പൂളും പരിസരവും കാണത്തക്ക വിധമായിരുന്നു അവളുടെ ഇരിപ്പിടം.അവിടെ ഇരുന്ന സമയത്തൊക്കെ അവളുടെ കണ്ണുകൾ പൂളിന്റെ ഒരു വശത്തു പരതുകയായിരുന്നു.കൊറിയറിൽ വന്ന ആ ഫോട്ടോ എടുത്തയാൾ ഒരു പക്ഷെ ആ സമയത്ത് റെസ്റ്റോറന്റിലായിരിക്കും ഇരുന്നിരുന്നത്.ഇരുട്ടിലെടുത്ത ആ ഫോട്ടോയ്ക്ക് ക്ലാരിറ്റി കുറവായിരുന്നു.എന്തെങ്കിലും തെളിവുകൾ,ദൈവത്തിന്റെ കയ്യൊപ്പുകൾ എന്നൊക്കെ വിളിക്കാൻ പറ്റുന്നത്,അതാണവൾ തെരെഞ്ഞത്.ഫോട്ടോയിലെ കൈലാസന്റെ രൂപത്തിന്റെ വലതു ഭാഗത്തു വെള്ളത്തിന്റെ പ്രതിഫലനം ,ഇടതു വശത്തു കണ്ട ചുവപ്പു വെളിച്ചമെന്താണ് ?
അവൾ റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങി.സമയം ഒൻപതു മണി കഴിഞ്ഞിരുന്നു.പൂളിന്റെ ഒരു വശത്തു കൂടെ നടന്നു അവൾ പൂളിനൊരു വലം വച്ചു.എതിർ വശത്തു കണ്ട ചുവന്ന നിയോൺ വെളിച്ചം,ഏതോ സ്റ്റുഡിയോയുടെ ഡാർക്ക് റൂം പോലെ തോന്നിച്ചു.അവൾ ഇരുട്ടിൽ തെളിഞ്ഞ ചുവന്ന വലിയ അക്ഷരങ്ങൾ വായിച്ചു.
“നോട്ടി ആൻഡ് നൈസ് “
“shop will be opened all the night “
അല്ല രാത്രിയിൽ മാത്രം തുറന്നിരിക്കുന്ന ഷോപ്പ് എന്നല്ലേ ,
“all imported toys will be available here”
രാത്രിയിൽ ആവശ്യമുള്ള കളിപ്പാട്ടങ്ങൾ അതും മൂന്നാർ പോലെ തണുപ്പ് ഉള്ളൊരു സ്ഥലത്ത്.
“നിങ്ങൾക്ക് സന്തോഷം സ്വയം തേടാം ,ഒരിക്കലും ഒരു അവിശ്വസ്തനായ പാർട്ണറിനെ തേടി പോകേണ്ടതില്ല .”
അവൾ ആ പരസ്യ വാചകങ്ങൾ ആവർത്തിച്ചാവർത്തിച്ചു മനസ്സിൽ വായിച്ചു.
“കല്യാണം കഴിക്കാത്തവർക്കും വിധവകൾക്കും വിഭാര്യന്മാർക്കും ഉത്തമ സഹായി.”
ആ ഷോപ്പിലേക്ക് കയറണമെന്നും തനിക്കാവശ്യമുള്ളത് വാങ്ങണമെന്നും ദേവിയ്ക്ക് തോന്നി പോയി.
ആരെങ്കിലും കണ്ടാലോ ?കുടുംബത്തിന്റെ അഭിമാനം എന്താകും.മറ്റുള്ളവരുടെ അഭിമാനത്തിനും സന്തോഷത്തിനും വേണ്ടി ജീവിച്ചു മടുത്തു.
അവളുടെ മുഖത്ത് വെള്ളം തെറിച്ചു.പുതുതായി വിവാഹം കഴിച്ചവരെന്നു തോന്നുന്ന ,വളരെയധികം വികാര ചേഷ്ടകൾ പ്രകടിപ്പിക്കുന്ന ദമ്പതികൾ പൂളിൽ നീന്തി തിമിർത്തു.തണുത്ത വെള്ളം ദേഹത്തു തെറിച്ചു വീണപ്പോൾ ദേവി വളരെ അസഹിഷ്ണുതയോടെ അവരെ നോക്കി.
ആ പെൺകുട്ടിയുടെ മുഖത്തു പുച്ഛഭാവം നിറഞ്ഞു,അവൾ ദേവിയെ നോക്കുകയും തന്റെ പങ്കാളിയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.അയാളും പരിഹാസ ഭാവത്തോടെ ദേവിയെ നോക്കി ചിരിച്ചു.
നനഞ്ഞ വസ്ത്രങ്ങൾ അവളുടെ തണുപ്പിനെ അധികരിപ്പിച്ചു ഈ തണുപ്പിലെന്തിനാണവർ വെള്ളത്തിൽ നീരാടുന്നത്.അതിനുള്ള അവകാശം അവർക്കുണ്ട്.മാസങ്ങൾക്കു മുൻപ് ഇതുപോലൊരു രാത്രിയിൽ ,ഇതേ പൂളിൽ താനും കൈലസനും നീന്തി തുടിച്ചത് അവൾക്കോർമ്മ വന്നു.
രാത്രിയിൽ ജലദോഷത്തിനും മരുന്ന് വാങ്ങാൻ പോയ കൈലാസൻ പിന്നീട് ജീവനോടെ മടങ്ങി വന്നില്ല.
ഹോട്ടലിനോട് ചേർന്ന് അത്യാധുനിക രീതിയിലുള്ള ബാറുണ്ട്.സെക്സ് ടോയ് ഷോപ്പുണ്ട്.പക്ഷെ ജീവൻ നിലനിർത്താനാവശ്യമായ മരുന്നുകൾക്ക് ഒരു മാർഗവുമില്ല.
അല്ലെങ്കിലും മനുഷ്യ ജീവന് എന്ത് ഗ്യാരന്റിയാണുള്ളത്.പുതിയ തലമുറയ്ക്ക് തോന്നുന്ന പോലെ ജീവിക്കുക സന്തോഷിക്കുക.അതിനു ബാറും സെക്സ് ഷോപ്പുമൊക്കെ മതിയാകും.
പെട്ടെന്ന്,ആ കൊടും തണുപ്പിൽ അവളുടെ വസ്ത്രങ്ങളെ നനയിച്ചു കൊണ്ട് പൂളിലെ വെള്ളം വീണ്ടും അവളുടെ ദേഹത്ത് തെറിച്ചു വീണു.
- അവൾ കൈലാസനെ ഓർമ്മ വന്നു.തങ്ങളുടെ പ്രണയത്തെ ഓർമ്മ വന്നു.തങ്ങളെ പോലെ ഈ ജോഡികളിലൊരാൾ നാളത്തെ ഉദയം കാണാൻ ഉണ്ടാകുമോയെന്നാർക്കറിയാം?
(തുടരും…..).
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-6 - By Nisha Pillai - കൂട്ടക്ഷരങ്ങൾ