ദേവിക അന്ന് രാവിലെ അഞ്ചരയായപ്പോൾ പതിവ് പോലെ കണ്ണ് തുറന്നു. ജീവിതത്തിൽ ആദ്യമായി വയ്യ എന്നൊരു തോന്നൽ മനസ്സിൽ പൊങ്ങി വന്നു. അവൾക്കിന്ന് തൊണ്ണൂറ് വയസ്സ് തികയുന്നു. തൻ്റെ ജീവിതം ഒന്നോർത്തെടുക്കാൻ അവൾ ശ്രമിച്ചു. അച്ഛന്റെ പൊന്നുമോൾ. തീരെ താല്പര്യം ഇല്ലാഞ്ഞിട്ടും അന്നത്തെ സാഹചര്യം കാരണം മനസ്സില്ലാ മനസ്സോടെ വീട്ടുകാർ നടത്തിയ തന്റെ കല്യാണം. തനിക്കന്ന് പതിനഞ്ച് വയസ്സ്. മണവാളന് മുപ്പത്തിരണ്ട്. സ്നേഹമുള്ള ആളായിരുന്നു. പക്ഷെ ആ സ്നേഹം അനുഭവിക്കാൻ അവൾക്ക് മൂന്ന് വർഷമേ യോഗമുണ്ടായിരുന്നുള്ളൂ. പെട്ടെന്നുള്ള പനി ചേട്ടനെയും കൊണ്ട് പോയി. അന്ന് മുതൽ അവൾ ഈ ഗ്രാമത്തിൽ എല്ലാവർക്കും വേണ്ടി ഓടി നടന്നു. കല്യാണങ്ങൾക്ക് സദ്യ ഒരുക്കുന്നിടത്തു, പ്രസവത്തിനു വയറ്റാട്ടിയുടെ കൂടെ എന്ന് വേണ്ട എന്തിനും ഏതിനും എല്ലാവർക്കും താല്പര്യവും വിശ്വാസവും അവളെ ആയിരുന്നു. അയലത്തുള്ള ഐശ്വര്യ മോളാണ് കുറേ നാളായി അവളുടെ കൂടെ നടക്കുന്നതും അവൾക്ക് എല്ലാം ചെയ്ത് കൊടുക്കുന്നതും. ഇന്ന് ഐശ്വര്യ വന്നു അവളെ വിളിക്കുന്നത് അവളറിഞ്ഞു. പക്ഷെ അവൾക്ക് മിണ്ടാൻ പറ്റുന്നില്ല. ഐശ്വര്യ പരിഭ്രമിച്ചു. ഫോൺ എടുത്ത് ആരെയോ വിളിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അഞ്ജലി ഡോക്ടർ എത്തി. അപ്പോഴേക്കും വീട് നിറയെ ആൾക്കാരായി. താൻ ഈ ലോകം വിടുകയാണെന്ന് അവൾക്ക് മനസ്സിലായി.
