പൂക്കളെയും പൂമ്പാറ്റകളെയും നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു അഫ്ര. അവളുടെ ചെറുപ്പകാലം ദുരിതപൂർണ്ണമായിരുന്നു. ക്രൂരനായ അവളുടെ അബ്ബയുടെയും അയാളുടെ കൂട്ടുകാരുടെയും നിഴൽ പോലും അവളിൽ പതിയാത്ത വിധം അവളുടെ ഉമ്മ ശ്രദ്ധിച്ചിരുന്നു. അബ്ബയുടെ വസൂരി കലകൾ നിറഞ്ഞ ക്രൂരമായ മുഖവും ചുവന്ന കണ്ണുകളും പല രാത്രികളിലും ബാലികയായ അഫ്രയുടെ ഉറക്കം കെടുത്തിയിരുന്നു. അബ്ബയും ശിങ്കിടികളും കുടിച്ച് ബോധം കെട്ട് വരുന്ന രാത്രികളിൽ ആ ഉമ്മ മകളെയും കൊണ്ട് സമീപത്തെ വീടുകളിൽ ഒളിക്കും.
നഗരത്തിലെ കുപ്രസിദ്ധമായ ഗ്യാങ്ങിലെ, ലഹരിക്കടിമകളായ ഗ്യാങ്ങ് മെമ്പേഴ്സിന് ബാലികയായാലും വയോധികയായാലും സമമാണ്. വികാരത്തിന്റെ ഉത്തുംഗാവസ്ഥയിൽ അമ്മ പെങ്ങന്മാരെ പോലും വേർതിരിച്ചറിയാൻ കഴിയാത്ത നീച ജന്മങ്ങളാണവർ.
അഫ്ര, അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാ ക്ലാസ്സുകളിലും അവൾ ഒന്നാമതായി പഠിച്ചു വന്നു. ആംഗലേയ സാഹിത്യത്തിൽ ഡോക്റേറ്റ് എടുത്ത് അദ്ധ്യാപികയാവാനായിരുന്നു അവളുടെ മോഹം. പ്ലസ് ടുവിന് അവൾ നേടിയ ഉയർന്ന റിസൽട്ടൊന്നും അവളുടെ അബ്ബ ഗൗനിച്ചില്ല. കൂട്ടുകാരികൾ കോളേജിൽ അഡ്മിഷൻ നേടി പോയപ്പോൾ രണ്ടു കയ്യിലും മെഹന്തിയണിച്ചു കല്യാണ പന്തലിൽ വരനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അഫ്രയുടെ കുടുംബവും.
പഠനം നിന്ന് പോയ സങ്കടവും ദേഷ്യവും കാരണം അവൾ മരിക്കാൻ ശ്രമിച്ചെങ്കിലും ഉമ്മയുടെ കണ്ണീരിന് മുൻപിൽ അവൾ നിസ്സഹായയായി. കണ്ണീരും പട്ടിണിയും മാത്രമായിരുന്നു അവളുടെ ആയുധങ്ങൾ. നാൽപതുകാരനായ വരനെ കണ്ട മാത്രയിൽ കല്യാണ പന്തലിലെ രാജകീയ പ്രൗഢിയുള്ള കസേരയിൽ ഇരുന്ന, ലോലമായ മൂടുപടത്താൽ അലംകൃതയായവൾ, പന്തലിൽ നിന്നും നേരെ ഇറങ്ങിയോടിയത്, ആജാനു ബാഹുവായ അലി ചാച്ചായുടെ മുന്നിലേക്കാണ്. കവിളിൽ ആഞ്ഞു പതിച്ച അഞ്ചു വിരലുകൾ, അടിയേറ്റു ബോധം നശിച്ച നവ വധു. രാത്രിയോളം നീണ്ടു നിന്ന വിരുന്നു സല്കാരങ്ങൾക്കു ശേഷം ഭർത്താവിന്റെ മണിയറയിലേക്ക് പ്രവേശിച്ച നിമിഷം അവൾ ജീവിതത്തെ വെറുത്തു പോയി.
രോഗിയും ദുർബലനും സ്ത്രീ ലമ്പടനുമായ ഒരാളിന്റെ രണ്ടാംഭാര്യ എന്ന പദവി മ്ലേച്ഛമായ ഒന്നാണെന്ന് തിരിച്ചറിയാൻ കേവലം നിമിഷങ്ങൾ മതിയായിരുന്നു. പണമാണ് ദൈവം എന്ന് കരുതി ജീവിച്ച അയാളെ മനുഷ്യൻ്റെ അജ്ഞത മൃതതുല്യമാണെന്നവൾക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ആ നാലു വർഷത്തെ ദാമ്പത്യത്തിന് അവൾക്ക് കിട്ടിയ ഏക സമ്മാനം അവളുടെ മകൻ അർമാൻ ആയിരുന്നു. ഭർത്താവിൻ്റെ മരണം അവൾക്ക്, ബന്ധനങ്ങളിൽ നിന്നൊരു രക്ഷപെടലായിരുന്നു.
ഇരുപത്തിനാലാം വയസ്സിലാണ് ആറു വയസ്സുള്ള മകൻ്റെ കൈ പിടിച്ചു അഫ്ര സുധീർ ബാബുവിന്റെ വസതിയിൽ എത്തുന്നത്. അബ്ബയെ നഷ്ടപ്പെട്ടപ്പോഴാണ് സാമ്പത്തിക ഞെരുക്കമുണ്ടായത്. മകൻ്റെ പഠനം, ഉമ്മയുടെ ചികിത്സ, ജീവിത ചെലവുകൾ എന്നിവയ്ക്ക് മാർഗം കാണാൻ ചെറിയ ചെറിയ ജോലികൾ ചെയ്തു. ഡിഗ്രി പഠനം പൂർത്തിയാക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ വേൾഡ് ടുഡേയിൽ ഒരു ജോലി നൽകിയത് സുധീർ സാബാണ്.
ക്ലറിക്കൽ സെക്ഷനിലായിരുന്നു ജോലിയെങ്കിലും പ്രൂഫ് റീഡറെ സഹായിക്കാനായിരുന്നു അഫ്രയ്ക്കു ഇഷ്ടം. കഥകളും കവിതകളും എഴുതുന്നതായിരുന്നു അഫ്രയുടെ ഹോബി. അസാമാന്യമായ ഭാഷ പരിജ്ഞാനവും വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന സിദ്ധിയും അവൾക്കു സ്വന്തമായിരുന്നു. ഊർജ്ജ്വസലതയോടെ ആത്മാർത്ഥമായി രാപകൽ കഷ്ടപ്പെടുന്ന ഒരാളായിരുന്നു അവൾ. വളരെ പെട്ടെന്ന് തന്നെ അവൾ ഓഫീസിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. അവളുടെ ജോലിയിലുള്ള കാര്യക്ഷമത കണ്ടു പല പത്രങ്ങളിൽ നിന്നും അവൾക്കു കൂടുതൽ ശമ്പളത്തിൽ ഓഫറുകൾ വന്നിട്ടും വേൾഡ് ടുഡേ വിട്ടു പോകാൻ അവൾ തയാറായില്ല.
അവൾ ജോലിയിൽ ചേർന്ന് നാലഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് ഒരു സൗത്ത് ഇന്ത്യക്കാരൻ ട്രെയിനിയായി കയറിയത്. ആറടി പൊക്കവും, വിരിഞ്ഞ മാറും, കട്ടിമീശയും തവിട്ടു നിറവുമുള്ള യുവാവിനെ കണ്ടാൽ ഒരു പട്ടാള ഓഫീസറിനെ പോലെ തോന്നുമായിരുന്നു. ജീവിതത്തിലെ യാതനകളാകും അയാളെ വല്ലാതെ പരുക്കനാക്കിയിരിക്കുന്നു. ആരോടും മിണ്ടാതെ, ആരുടെയും മുഖത്തു നോക്കാതെ എല്ലാവരിൽ നിന്നും ഒഴിഞ്ഞു നടക്കുന്ന ഒരു മലയാളി യുവാവ്. ആർക്കും അയാളെ ഇഷ്ടമായില്ല, പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ പുരുഷന്മാർക്ക് ആർക്കും അയാളെ ഇഷ്ടപ്പെട്ടിരുന്നില്ല. റിസപ്‌ഷനിൽ ഇരിക്കുന്ന പെൺകുട്ടി അയാളെ ആരാധനയോടെ നോക്കുന്നത് അഫ്ര കണ്ടിരുന്നു.
അവൾക്കു പുരുഷന്മാരെ പണ്ടേ ഇഷ്ടമല്ല. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു പുരുഷന്മാർ, അച്ഛനും ഭർത്താവും അവളെ എന്നും വേദനിപ്പിച്ചിട്ടേയുള്ളു. വളർന്നു വരുന്ന മകനിലായിരുന്നു അവളുടെ പ്രതീക്ഷ. അവനു വേണ്ടിയാണിപ്പോൾ അവളുടെ ജീവിതം.
ഒരു ദിവസം സുധീർ സാർ അവളെ ക്യാബിനിലിലേയ്ക്ക് വിളിപ്പിച്ചു. പുതുതായി വന്ന തെക്കേയിന്ത്യൻ ട്രെയിനിക്കുള്ള ഭാഷാ പ്രശ്നം, ഒന്ന് സഹായിക്കാൻ. അങ്ങനെയാണ് അഫ്ര അയാളുമായി പരിചയപ്പെട്ടത്. ആദ്യമൊക്കെ അവൾക്കയാളെ വെറുപ്പായിരുന്നു. ഒന്ന് ഭാഷ പ്രശ്നം തന്നെ, മറ്റൊന്ന് അയാളുടെ തലക്കനം. ആദ്യത്തെ ദിവസം വഴക്കിട്ടു പിരിഞ്ഞു. രണ്ടാമത്തെ ദിവസം അവളുടെ ബൈക്കിന്റെ ബാക്കിലിരുന്നാണ് അയാൾ ഫീൽഡിൽ പോയത്. അപ്പോഴൊക്കെ രണ്ടു പേരും മൗനത്തിലുമായിരുന്നു. പിന്നെ അയാളോട് ബഹുമാനമായി, ജോലിയോടുള്ള ആത്മാർത്ഥത, അയാളുടെ മിടുക്ക് അയാൾ ഫീൽഡിൽ തെളിയിച്ചു. അവളറിയാതെ അയാളോട് ആരാധന തോന്നി തുടങ്ങി. പരസ്പരം ഒഫീഷ്യൽ കാര്യങ്ങൾ മാത്രമേ സംസാരിക്കൂ. ജോലി കഴിഞ്ഞു അവൻ തിരിയുമ്പോഴേക്കും അവൾ വണ്ടിയെടുത്തു റെഡി ആയി നിൽക്കും.
അവരറിയാതെ അവരുടെ ഇടയിലൊരു രസതന്ത്രമുണ്ടായി. അയാൾ തയാറാക്കുന്ന വാർത്തകളും അയാളുടെ ശൈലിയുമൊക്കെ ബോസിന് ഇഷ്ടമായി, ഒരു മാസം കൊണ്ടയാൾ എല്ലാവരുടെയും പ്രിയങ്കരനായി മാറി. അയാളെ സ്ഥിരമായി നിയമിക്കാൻ ബോസ് തീരുമാനിച്ചു. സ്റ്റാഫ് മീറ്റിങ്ങിനിടയിൽ എല്ലാവരും അയാളെ പ്രകീർത്തിച്ചപ്പോൾ, മറുപടി പ്രസംഗത്തിൽ അയാൾ അവളെ വാനോളം പുകഴ്ത്തി. എല്ലാ കാര്യത്തിലുമുണ്ടായ അവളുടെ സഹായം അയാളെടുത്തു പറഞ്ഞു. രണ്ടാഴ്ച കൂടി ആ ചെറുപ്പക്കാരനെ അസിസ്റ്റ് ചെയ്യാനവളോട് ബോസ് ആവശ്യപ്പെട്ടു. അവൾക്കാണെങ്കിൽ അയാളോടൊപ്പമുള്ള ഫീൽഡ് യാത്രകൾ പ്രിയങ്കരമായി തുടങ്ങി. അന്നാദ്യമായി അവൾ അയാളോട് സ്വകാര്യമായി സംസാരിക്കാൻ തീരുമാനിച്ചു.
“നിങ്ങളുടെ കഴിവാണ് നിങ്ങൾ വിജയം, നിങ്ങളുടെ നേട്ടങ്ങൾക്ക് മീറ്റിംഗിൽ എന്നെ പുകഴ്ത്തിയതെന്തിന് ?”
ഇടയ്ക്കു ചായ കുടിക്കാനായി ക്യാന്റീനിൽ കയറിയപ്പോൾ അവൾ അവനോടു ചോദിച്ചു.
“അഫ്ര നിങ്ങൾ യഥാർത്ഥത്തിൽ എന്താണോ, ആരാണോ എന്നൊന്നുമറിയില്ല. പക്ഷെ ഈ കഴിഞ്ഞ കുറെ നാളുകൾ കൊണ്ട് നിങ്ങളെനിക്ക് തന്ന ഊർജ്ജം, അത് ഭയങ്കരമാണ്. നിങ്ങളുടെ പുഞ്ചിരി, എത്ര വേണേലും ക്ഷമയോടെ പറഞ്ഞു തരാനുള്ള കഴിവ്, എനിക്ക് വേണ്ടി മണിക്കൂറുകൾ കാത്തിരുന്ന ക്ഷമയോടെ കാത്തിരുന്നത്, ജോലിയിലെ നിങ്ങളുടെ ആത്മാർത്ഥത, അതൊക്കെ അഭിനന്ദനാർഹമാണ്. “
“അതെന്റെ ഡ്യൂട്ടി അല്ലേ? “
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
“രണ്ടാഴ്ച കഴിയുമ്പോൾ നിങ്ങളെ പിരിയും എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. എന്നാലും നിങ്ങൾ തന്ന ഊർജ്ജം എന്റെ കൂടെ ഉണ്ടാകും. നിങ്ങൾക്ക് നല്ല വൈബ് ആണ് “
അവനും പുഞ്ചിരിച്ചു.
“ഇപ്പോൾ നിങ്ങൾ ശരിക്കുമൊരു ആണായി. പെണ്ണുങ്ങളെ സുഖിപ്പിക്കാൻ നല്ല വിദഗ്ദനാണല്ലോ നിങ്ങൾ. “
“അയ്യോ! ഞാൻ ആത്മാർഥമായി പറഞ്ഞതാ. ആൺ പെൺ സൗഹൃദങ്ങളിൽ ഒന്നും എനിക്ക് വിശ്വാസമില്ല. എല്ലാം ഫേക്ക് ആണ്. പക്ഷെ എന്റെ ഈ വാക്കുകൾ നൂറു ശതമാനം സത്യമാണ്. “
അങ്ങനെ തുടങ്ങിയ സൗഹൃദം അവർ പോലും അറിയാതെ ആഴത്തിലുള്ള ബന്ധമായി മാറി.
അവനു പനിയായി ലീവെടുത്ത ദിവസങ്ങളിൽ അവന്റെ ഫ്ലാറ്റ് തേടി അവൾ ചെന്നു. പനിച്ചു വിറച്ച അവനെ അവൾ ഡോക്ടറെ കൊണ്ട് വന്നു പരിശോധിപ്പിച്ചു. മരുന്ന് കൊടുത്തു. അവന്റെ വിറയൽ മാറാൻ ഒരേ കമ്പിളി പുതപ്പിനിടയിൽ കെട്ടി പിടിച്ചു കിടന്ന അവൾ ആ നിമിഷം താനൊരു അമ്മയാണെന്നു പോലും മറന്നു പോയി.
ആ ദിവസങ്ങളിൽ അമ്മയുടെയും കാമുകിയുടെയും സ്നേഹവും പരിചരണവും അവനു ലഭിച്ചു. അവളുടെ നഗ്നതയെ പുണർന്നു കിടന്ന നിമിഷങ്ങളിൽ അവൻ അവളുടെ ചെവിയിൽ ചുണ്ടു ചേർത്ത് ചോദിച്ചു
“ഈ സ്നേഹത്തിനു ഞാൻ എന്താണ് നിനക്ക് തിരിച്ചു തരേണ്ടത് നീയില്ലാതെ ഇനി എനിക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല അഫ്ര. ഞാൻ നിന്നെ വിവാഹം കഴിക്കട്ടെ, എന്റെ പൊന്നേ “
“എന്റെ സ്നേഹത്തിനു സമമായി ഒന്നുമില്ല. അത് നിനക്ക് തിരിച്ചു തരാൻ പറ്റില്ല. നിനക്ക് പറ്റുമെങ്കിൽ ജീവിതകാലം മുഴുവൻ എന്നെ സ്നേഹിക്കൂ. എന്റെ മകന്റെ ജീവിതത്തെ ബാധിക്കാതെ നിനക്കെന്നെ സ്നേഹിക്കാൻ പറ്റുമോ. നീ എന്നെ സ്നേഹിക്കുന്നുവെന്ന ചിന്ത മാത്രം മതി, എന്റെ ഇനിയുള്ള ജീവിതത്തിന്. മരിക്കുന്ന വരെ നിന്നെ ഞാൻ സ്നേഹിക്കും.. “
അവളവനെ ഗാഢമായി കെട്ടി പിടിച്ചു. അവളുടെ നഗ്നതയിൽ അവന്റെ നഗ്നത ഒട്ടി ചേർന്നു. രണ്ടു പേരുടെയും ജീവിതത്തിനു അത്യാവശ്യമായ ഒരു ഉന്മേഷം പരസ്പരം പകർന്നു നല്കാൻ അവർക്കായി. പരസ്പരം കാണാതിരിക്കാൻ പറ്റില്ലെന്നായി, സംസാരിക്കാതിരിക്കാൻ പറ്റില്ലെന്നായി.
“ഞാൻ നിന്നെ ഫോൺ ചെയ്യുന്നതൊന്നും അവന് ഇഷ്ടപ്പെടുന്നില്ല. “
അവൾ മകനെക്കുറിച്ച് പരാതി പറഞ്ഞു.
“അത് സാരമില്ല, എപ്പോഴും വിളിക്കണ്ട. അവൻ വളർന്നു വരികയല്ലേ, അവന്റെ മാനസികാവസ്ഥ നമ്മൾ മനസിലാക്കണ്ടേ. അവനു നീ മാത്രമേ ഉള്ളു. നിന്റെ സ്നേഹം എനിക്ക് നിന്റെ കണ്ണിലൂടെ അറിയാമല്ലോ. ശരിക്കും നീ എന്റേതാണ്, ഞാൻ നിന്റേതും. തത്കാലം നിന്റെ മകന് വേണ്ടി നമ്മൾ അതൊന്നും പ്രകടിപ്പിക്കുന്നില്ല. “
“ശരിക്കും ഞാനൊരു നിസ്സഹായ ആണല്ലോ. “
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനോട് ചേർന്നു, അവൾ കണ്ണുകളടച്ചു ചേർന്നു നിന്നു. പ്രിയകരമായതെല്ലാം കണ്ടറിയേണ്ടതല്ല അനുഭവിച്ചറിയേണ്ടതാണ്. അവന്റെ സ്നേഹം അവൾക്കു അത്ര പ്രിയപ്പെട്ടതാണ്.
“എന്റെ പൊന്നേ, അഫ്രാ നീ ഒരു അമ്മയാണ്. അവനായിരിക്കണം നിന്റെ മുൻഗണന, ഞാൻ രണ്ടാമതേയുള്ളൂ. നീ ഒന്ന് മനസ്സിൽ വിചാരിച്ചാൽ മതി ഞാൻ നിന്നെ തേടിയെത്തും. “
അവൾ കണ്ട പുരുഷന്മാരൊക്കെ സ്ത്രീയെ കണ്ട രീതിയിലല്ല, അവൻ അവളെ കണ്ടത്. അവളുടെ ആത്മാവിലെ പ്രണയമാണവൻ.
(തുടരും )
✍️✍️നിഷ പിള്ള

