പണ്ടുകാലത്ത് റേഡിയോ മാത്രം ഉണ്ടായിരുന്ന ഒരു സമയത്ത് ഒരു പുത്തൻ വിസ്മയം പോലെ നാട്ടിൻപുറങ്ങളിലേക്ക് കടന്നുവന്ന ഒരു ചിത്രപ്പെട്ടി. അന്നുവരെ റേഡിയോയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ഒരു നാട്ടിൻപുറം മൊത്തം ദൂരദർശൻ വാർത്തയും, ചിത്രഗീതവും വല്ലപ്പോഴുമുള്ള സിനിമയുമൊക്കെ കാണുവാൻ വേണ്ടി ഈ പെട്ടിക്ക് മുമ്പിൽ എത്തുമായിരുന്നു. കുട്ടികളായിരുന്ന ഞങ്ങൾക്കും അത് വളരെ അത്ഭുതമായിരുന്നു. ഞങ്ങളുടെ നാട്ടിൻ പുറത്ത് ആകെ രണ്ട് സ്ഥലത്തായിരുന്നു ടെലിവിഷൻ ഉണ്ടായിരുന്നത്. ഒന്ന് ഒരു വീട്ടിലും,പിന്നെ കിലോമീറ്ററുകളോളം നടന്ന് ലൈബ്രറിയിലെത്തിയാൽ അവിടെയും. ലൈബ്രറിയിൽ എത്തി ഞങ്ങളും ചിത്രഗീതവും പരസ്യങ്ങളും എല്ലാം അത്ഭുതത്തോടെ കാണുമായിരുന്നു.
ഒന്നിച്ചിരുന്ന് തമാശകൾ ഒക്കെ പറഞ്ഞു ക്യാരംസ് കളിക്കുകയും ടിവി കാണുകയും ചെയ്യുക എന്നത് അന്ന് നാടിന്റെ ഒരു ആഘോഷത്തിന്റെ ഭാഗമായിരുന്നു.
ഇന്ന് കാലം മാറി ടെലിവിഷൻ എന്നത് ഓരോ വീട്ടിലും ഉള്ള ഒരു വസ്തുവായി മാറി. ഒരുമയും സൗഹൃദവും ഉണ്ടാക്കിയിരുന്ന ആ പഴയ പെട്ടി ഇന്ന് ആളാകെ മാറിയിരിക്കുന്നു. ഇന്ന് അതൊരു അണുകുടുംബ വക്താവാണ്. പണ്ടത്തെ
ദൂരദർശനും ചിത്രഗീതവും ഒക്കെ എന്നേ കാലഹരണപ്പെട്ടിരിക്കുന്നു.
അവയുടെ സ്ഥാനം സ്വകാര്യ ടിവി ചാനലുകളും, സീരിയലുകളും എന്നേ കയ്യടക്കി കഴിഞ്ഞു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് പറയുന്നതുപോലെ, ഇനിയും കാലചക്രം മുന്നോട്ടൊഴുകും. റേഡിയോ വഴിയൊഴിഞ്ഞത് പോലെ ഒരുപക്ഷേ ടെലിവിഷനും ഇനി വരുന്ന തലമുറയ്ക്ക് ഒരു ഓർമ്മ മാത്രമായി മാറിയേക്കാം. എന്നാലും ഓരോന്നും ഓരോ തലമുറയിലും മധുരമൂറുന്ന ഓർമ്മയായി എന്നും നിലനിൽക്കും.
