ഞങ്ങൾക്ക് ടെലിവിഷൻ എന്നാൽ വാതിലുകളില്ലാത്തയാ വീട്ടിലെ പുറത്തേക്കുള്ളൊരു ജനലായിരുന്നു. പുസ്തകങ്ങളെക്കാൾ ദൃശ്യമാധ്യമം ഉള്ളിലെ ഏകാന്തതയും മടുപ്പും ഒരളവ് വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന തന്റേടികളായ സ്ക്രീനിലെ പെണ്ണുങ്ങളെ കൊതിയോടെ കണ്ടിരുന്നിട്ടുണ്ട്. മിണ്ടാൻ ഒന്നുമില്ലാത്ത, തമാശകൾ ഏതുമില്ലാത്ത, ഒന്നിച്ചിരുന്നൊരുനേരത്തെ ഭക്ഷണം പോലും കഴിക്കാത്ത കുടുംബത്തിൽ ഞാറാഴ്ച മാത്രം ദൂർദർശനിൽ കാണുന്ന സിനിമകൾ ഒരു നോർമൽ കുടുംബം എങ്ങനെയാവണം എന്ന സങ്കല്പം ഉണ്ടാക്കി തന്നു.
അച്ഛൻ വീട്ടിലുള്ളപ്പോൾ ടിവി വെക്കുക എന്നത് ദുഷ്കരമായിരുന്നു. വെച്ചാൽ തന്നെ അച്ഛനിഷ്ടപ്പെട്ട ചാനലുകൾ മാത്രം. അച്ഛൻ പുറത്തേക്ക് പോകുമ്പോളോ ഇരുന്ന് പഠിക്ക്, ടിവി കാണേണ്ട എന്ന താക്കീതും.പക്ഷെ അതൊക്കെ കാറ്റിൽ പറത്തി ഞങ്ങൾ ഇഷ്ടമുള്ള ചാനലുകളെല്ലാം ഓടിച്ചു കാണും. തമിഴ് സിനിമകളിലെ പാസം കണ്ടെത്ര മിഴിനീർ പൂക്കൾ പൊഴിഞ്ഞിരിക്കുന്നു.അനിയന്റെ ഫേവറിറ്റ് ക്രിക്കറ്റ് ആണ്. അതും കുറെ നേരം കാണും.അച്ഛന്റെ കാറിന്റെ ശബ്ദം പുറത്ത് കേട്ടാൽ പിന്നെ ചാനലുകൾ മലയാളം സംസാരിച്ചു തുടങ്ങും. അവസാനം കണ്ട രണ്ട് ചാനലുകൾ പ്രീവിയസ് അടിച്ചു കണ്ടു പിടിക്കാൻ പറ്റുമായിരുന്നു അന്നത്തെയാ സോണി ടിവിയിൽ. വേഗം ടിവിയുടെ സ്വിച്ച് ഓഫാക്കി ഒന്നുമറിയാത്ത പോലെ പഠിക്കാനിരിക്കുന്ന ഞങ്ങളെ വിറ്റ കാശ് പോക്കറ്റിലുള്ള അച്ഛൻ ടിവി സ്‌ക്രീനിന്റെ മുന്നിൽ കൈ വെച്ച് നോക്കും. പഴയ ടിവികൾക്ക് ഓഫ് ചെയ്തു കുറച്ചു നേരം കഴിഞ്ഞാലും ചെറിയൊരു റേഡിയേഷൻ ഉണ്ടാകും. കൈ സ്ക്രീനിനു മുന്നിൽ വെക്കുമ്പോൾ ആ തരംഗം അറിയാനും കഴിയും. ഞങ്ങൾ പിടിക്കപ്പെടും. ടിവി എന്ന് കേൾക്കുമ്പോൾ ഇന്നും ഓർമയിലുള്ള പിക്ചർ ഇതൊക്കെയാണ്.
ഷിജു
