ചില മനുഷ്യരുണ്ട്, ജീവനോടെ
ശവങ്ങളാക്കപ്പെട്ടവർ,
നിലയില്ലാക്കായങ്ങളിൽ നിന്ന്
പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്
തേടുമ്പോൾ പ്രിയപ്പെട്ടവരാൽ
കഴുത്തിന് പിടിമുറുകി
തള്ളപ്പെട്ട് ആഴങ്ങളിലേക്ക്
മുക്കപ്പെട്ട് വീണ്ടും വീണ്ടും
ശവങ്ങളാക്കപ്പെടുന്നവർ…
അവരിൽ നിന്ന് നിങ്ങളൊ –
രിയ്ക്കലും അലിവും, ദയയും
സ്നേഹവും തേടരുത് കാരണ
മവരെന്നേ ഹൃദയം നിലച്ചു
പോയവരാകുന്നു.
അവരിലേക്ക് നിങ്ങൾ ‘കപട –
സഹതാപം’ ചൊരിയാൻ
ശ്രമിക്കരുത്, അവരത്
പുച്ഛത്താൽ ചുണ്ടുകോട്ടി
ചവച്ചു തുപ്പും കാരണമ –
വരിപ്പോൾ ശവങ്ങളാണല്ലോ,
ജീവനുറ്റ, ചലിയ്ക്കുന്ന
ചിലയ്ക്കുന്ന ശവങ്ങൾ.
അവർക്ക് നിങ്ങൾ
ഔദാര്യപൂർവ്വം വച്ചു
നീട്ടിയേക്കാവുന്ന സ്നേഹ –
ത്തിന്റെയും ലാളനയുടെയുമ-
പ്പക്കഷണങ്ങൾ പുറങ്കയ്യാൽ
തടുക്കപ്പെട്ടേക്കാം, കാരണമീ –
വക കനികളത്രയുമവർക്കെന്നേ
വിലക്കപ്പെട്ടതായിരുന്നല്ലോ.
അവരുടെ ദൃഷ്ടികൾ
ചലിയ്ക്കുന്നെന്ന് നിനച്ച്
നിങ്ങളൊരിയ്ക്കലും
അവർക്ക് മുന്നിൽ കണ്ണീർ
പൊഴിച്ചേക്കരുത്, കാരണം
തുറന്നു വെക്കപ്പെട്ടതായാലു-
മവിടം മുഴുവൻ കൂറ്റാക്കൂരിരുൾ
മാത്രമായിരിയ്ക്കും.
കഴിയുമെങ്കിൽ നിങ്ങളവരിൽ
നിന്നാകാവുന്നത്രയകലം പാലി –
ച്ചേക്കുക, കാരണമവർ
ശവങ്ങളാണ്, ഏതു നിമിഷവും
ദംഷ്ട്ര നീട്ടി കടിച്ചു കുടഞ്ഞേ-
ക്കാവുന്ന, കൂർത്ത നഖങ്ങളാൽ
മാംസം പിച്ചിയെടുത്തേക്കാവുന്ന
ക്രൂരരക്ഷസുകളായേക്കാവുന്ന
ജീവനുറ്റ ശവങ്ങൾ..!
