സത്യത്തിന്റെ കണ്ണുകൾ
മരവിച്ചിരിക്കുന്നു
നുണകൾ പൊട്ടിച്ചിരിക്കുന്നു.
മേഘത്തുണ്ടുകളിൽ നിന്നടർന്നു
വീണ ജലകണികക്കിന്നു
ചോരയുടെ നിറം കണ്ടു
കനവല്ലിതു പിടയുന്ന
വേദനകൾ മാത്രം
പല ജീവനുകൾ, പല വേഷങ്ങൾ..
പാതി നടന്ന കാൽപ്പാദങ്ങൾ..
പേടിച്ചരണ്ട മിഴികൾ,
സഞ്ചാര വീഥികളിൽ മറഞ്ഞിരിക്കുന്ന കപടത
മരണം തെറ്റിച്ച ജീവന്റെ ചൂട് പതറിടുമ്പോൾ
നീതിയിൻ ശ്വാസം കിട്ടാതെയലയുന്ന ജീവന്റെ രോദനം കേട്ടുവോ നിങ്ങൾ..?
മാനാഭിമാനങ്ങൾക്ക് മീതെ നുര പൊന്തുന്ന ജീർണ്ണത ബാധിച്ച കാലം.
പിടയുന്ന ജീവൻ, വീശുന്ന കാറ്റിൽ അലിയുന്ന ഗന്ധം
പേറ്റുന്നോവിൻ കണ്ണീർ കാണാത്തവർ,
അനാഥമാക്കിയ ബാല്യങ്ങളുടെ നിലവിളി കേൾക്കാത്തവർ
നിഷ്പ്രഭമാക്കിയ കുഞ്ഞിളം പുഞ്ചിരികൾ കാണാത്തവർ
പ്രണയിനിയുടെ പ്രണയം
തകർത്തെറിഞ്ഞവർ
വരൾച്ച ബാധിച്ച ഹൃദയശൂന്യർ
അങ്ങോട്ടുമിങ്ങോട്ടും
പഴി പറഞ്ഞും
കലപില കൂട്ടിയും
പ്രതികാര വാളുകൾ മിനുക്കി
ഊറ്റം കൊള്ളുന്നവർ
ആളിപടരുന്ന കോപാഗ്നിയിൽ
വെന്തു ചാവുന്നോർ
ദുരിതക്കയത്തിൽ
മുങ്ങിത്താഴുന്നോർ
എന്റെയും നിന്റെയും
ജീവൻ
പേറ്റുനോവിൽ ഉയിർകൊണ്ടതെന്ന സത്യം മറന്നവർ..
തിരികെ വരൂ
സ്നേഹത്തിൻ ജനിമൃതികൾക്കായി.
——————
ജെമിനി കെ രാജ്
