സാന്ദ്രമാം സന്ധ്യയിൽ നിൻ നേത്രങ്ങളിൽ
നിന്നടർന്നുവീണ കണ്ണുനീർത്തുള്ളികൾ
അന്ത:പ്പുരത്തിന്നിടനാഴികളിൽ തളം കെട്ടിനിന്ന
മൗനത്തിൽ ഒളിപ്പിച്ചുവോ
ഊർമിളേ നീ
വിരഹാഗ്നിയിൽ എരിഞ്ഞ
പതിനാലു വർഷം
ഉള്ളിലെ ഘനം തൂങ്ങും
മേഘത്തുണ്ടുകൾ
മഴച്ചാറ്റലായ് പെയ്തിറങ്ങിയോ
പരിഭവം പറയാത്ത
ത്രേതായുഗത്തിൻ ദുഃഖപുത്രി, ഊർമിളേ
നിന്റെ ഞെട്ടറ്റു വീണ സ്വപ്‌നങ്ങൾ
മൗനത്തിൻ നിഴലായ്
മാറിയ സത്യങ്ങളൊരു
കനലായ് തിളങ്ങുമ്പോൾ പരിത്യാഗിയായി നീ
സഹനത്തിൻ കെടാവിളക്കായ്
മാനവഹൃത്തിൽ തീരാനോവായ്
നീ ഊർമിളേ എന്നും..
ജെമിനി കെ രാജ്
