ആടിമാസത്തിൻ ദുരിതമൊഴിഞ്ഞല്ലോ
ആവണിമാസം വിരുന്നിനെത്തി
ഇനിയുള്ള നാളുകൾ ഈ മണ്ണിലെങ്ങും
ഓണ നിലാവ് ചിരിച്ചു നിൽക്കും
കൃഷ്ണകിരീടം പണിതുവെച്ചു
അത്തം ചെമ്പരത്തിയെ നോക്കിനിന്നു
ഇനിയുള്ള പത്തുനാൾ തുമ്പയെ തേടണം
പലജാതി പൂക്കളാൽ മുറ്റം നിറക്കണം
എള്ളിൻപൂ മുല്ലപ്പൂ കാക്കപ്പൂ തെച്ചിപ്പൂ
അരളിപ്പൂ പിന്നെയോ ചെണ്ടുമല്ലി
മല്ലിക പൂക്കൾ ചിരിക്കുന്നു ഞാനും
ഇന്ന് നിൻ മുറ്റത്തു ചന്തമേകാം
ഓണമെന്നും മലയാളമനസിന്
സുഖദമാം ഓർമ്മയും അനുഭൂതിയും
വള്ളം കളിയുണ്ട് കമ്പ വലിയുണ്ട്
പുത്തൻ ഉടുപ്പുണ്ട് ഇല സദ്യയും
കൈകൊട്ടി കളിയുടെ ഈണമുണ്ട്
പിന്നെ ആയത്തിൽ ആടുവാൻ ഊഞ്ഞാലുണ്ട്
പൂക്കൂടയേന്തി കൂട്ടുകാരോടൊത്ത്
പു തേടി അലഞ്ഞൊരു ബാല്യമുണ്ട്
മാലോകരെ മുഴുവൻ ഒരുപോലെ
കണ്ടൊരു മഹാനുഭാവൻ വാണ നാട്ടിൽ
അതിരുകൾ ഇല്ലാതെ മതിലുകൾ
ഇല്ലാതെ ആമോദമോടിനിയൊത്തുകൂടാം
മാനവ സ്നേഹത്തിൻ പൊന്നോല കുടയേന്തി
മാവേലി മന്നൻ വരുന്ന നേരം
പണ്ടത്തെ നാടിൻ്റെ കൂട്ടായ്മ വീണ്ടും
കണ്ടൊന്നു മനസ് നിറഞ്ഞിടട്ടെ!
