അടുക്കില്ല ചിട്ടയില്ല
ഉയിരും ഉശിരും ഇല്ല
വൃത്തിയാക്കാത്ത മുറിപോലുള്ള
ശരീരം മാത്രം സ്വന്തം!
ഒന്നിൽ തുടങ്ങി അവസാനമില്ലാതെ
യാത്ര ചെയ്ത് തളർന്നൊതുങ്ങിയ
മനസ്സ് ഇടയ്ക്കിടെ
ഉണരുന്നതും ഉറങ്ങുന്നതും
പോലും അറിയുന്നില്ല!
എന്തിനെന്നൊ ഏതിനെന്നൊ
അറിയാതെ കടന്നു പോകുന്നതിൻ്റെ
ഇടയിലെപ്പൊഴോ കിട്ടിയെന്നു കരുതിയ
തണലിടം നൽകിയത്
പോടുമരം ആയിരുന്നു!
അതെന്തു കൊണ്ടൊ അറിഞ്ഞതുമില്ല!
കാറ്റേകിയും തണലേകിയും
എന്നെ പൊതിഞ്ഞമർത്തിയ
മനസ്സിലെ ആ പടുമരം
കൊമ്പായും ചില്ലയായും
പിന്നീടതാ കടയോടെ
മറിഞ്ഞു വീണമർന്നത് എന്നിൽ
വെയിൽ പൊതിഞ്ഞു തുടങ്ങിയപ്പോൾ
മാത്രം അറിഞ്ഞു. ധന്യം!
ഇഴഞ്ഞു നീങ്ങിയ
ഞാനെന്ന പുഴുവിനെ
പാതിയരച്ചുടച്ച് പാതി ജീവനും നൽകി
ശിഷ്ടകാലം അയവിറക്കാൻ
പറഞ്ഞു വിട്ടല്ലോ നീയും!
യാത്ര പറയാൻ ശേഷിയില്ലാത്ത
അൽപ്പപ്രാണനെങ്കിലും തന്ന
നിന്നെ വെറുക്കാൻ എനിയ്ക്കാവുന്നില്ല!
മടക്കമിനി ഉണ്ടാവില്ല.
പോകുന്നു!
– ചഞ്ചൽ അനസൂയ
