നീ ഉൾനോവിന്റെ
ആഴങ്ങളിൽ
കരളുലയുന്ന
കദനങ്ങളിൽ
പറയാതെ വാക്കുകൾ
തൊണ്ടയിലുടക്കി
നിർത്തുമ്പോൾ
കനിവിനായി കേഴുമ്പോളുരുകി
വീഴുമ്പോളുള്ളിലെ സങ്കടങ്ങൾ
ജലകണികയായി പെയ്യുമ്പോൾ
പെണ്ണെ നിന്നെ വിളിക്കുന്നു അബല.
മുറ്റമടിച്ചും പാത്രം കഴുകിയും
കുഞ്ഞിക്കരങ്ങളിൽ
തുടങ്ങുന്ന ജോലികൾ
രാപകലായി മുത്തശ്ശിയോളം നീളുന്നു
നീ കൊണ്ട വെയിലും
നീ കൊണ്ട മഴയും
നീ നടന്നകന്ന പാതകളും
പശിയടക്കി നിന്നുടൽ ശുഷ്കിച്ചതും നിനക്കുവേണ്ടി മാത്രമോ.
പെണ്ണേ
നിന്നിലൂടെ മാത്രമേ പിറവിയുള്ളൂ
നിന്നിലെ വേഷങ്ങൾ
മകളായി പെങ്ങളായി ഭാര്യയായി , അമ്മയായി അമ്മായിയമ്മയായി ഒടുക്കം മുത്തശ്ശിയായി
മാറുന്ന യാത്രയിൽ
പെണ്ണേ നീ
പിറന്നതുരുകിത്തീരാനല്ല
നിന്നുടൽ
വിലപേശാനുള്ളതല്ല
നിസ്സഹായതയിൽ
പാദങ്ങളിടാറാതെ
ചുവടുറപ്പിക്ക നീ
വികലചിന്തകളിൽ
സ്വയം തളയ്ക്കാതെ
കൊടുങ്കാറ്റായിയുയരുക
അഴലിന്നാഴിയിൽ നിന്ന്.
———=–
-ജെമിനി കെ രാജ് –
