തകർന്ന് തരിപ്പണമായ പൊങ്കാല കലം അവളെ നോക്കി ചിരിച്ചു. ചുടുകണ്ണീർ ചാലു കീറി കവിളിലൂടെ ഒലിച്ചിറങ്ങി.
വേച്ചു വേച്ചു അയാൾ വീണ്ടും പുറത്തേക്കിറങ്ങി. ശാപവാക്കുകളും പുളിച്ച തെറികളും അയാളൊപ്പം പുറത്തെ വായുവിൽ കലർന്നു. മൂന്ന് വർഷത്തെ ദാമ്പത്യത്തിന്റെ ബാക്കിപത്രമായി കലങ്ങിയ ശരീരവും വറ്റിയ ബാങ്ക്‌ബാലൻസും മാത്രം.
പ്രൈവറ്റ് ബസ്സിലെ കോളേജ് യാത്രക്കിടയിലാണ് വിവേകിനെ പരിചയപ്പെട്ടത്.
വീട്ടിലെ കോലാഹലങ്ങളിൽ മനസ്സ് മടുത്തു തുടങ്ങിയ കാലത്താണ് വിവേക് ഒരാശ്വാസം ആയി തോന്നിയത്. അച്ഛന്റെ കുടിയും വഴക്കും ഓർത്തു കരയുമ്പോൾ വിവേക് ആശ്വസിപ്പിക്കും. വാഗ്ദാനം ചെയ്ത പുതിയ ജീവിതത്തെ കുറിച്ച് വാചാലനാകും!
ഒരു പൊങ്കാല ദിവസമാണ് പൊങ്കാല കലവുമായി വീട്ടിൽ നിന്നിറങ്ങിയത്. എത്തിയത് ദേവി സന്നിധിയിലല്ല, വിവേകിന്റെ വീട്ടിൽ!! വിവരിച്ച സൗഭാഗ്യങ്ങളൊക്കെ പാഴ്വാക്കാനെന്ന സത്യം മനസ്സിലാക്കിയപ്പോൾ ഏറെ വൈകി. ഒരു തിരിച്ചുപോക്ക് അസാധ്യമായി.
ഇത്തവണ വീണ്ടുമൊരു പൊങ്കാല ദിവസം എത്തിയപ്പോൾ വിവേകും പ്രോത്സാഹിപ്പിച്ചു, ‘ഞാനും മാറാൻ പോകുന്നെടോ ‘എന്ന സ്നേഹവാക്യം ആശ്വാസം ആയിരുന്നു. ജോലി കഴിഞ്ഞുവന്നപ്പോൾ മൺകലവും അരിയുമൊക്കയായി വന്നപ്പോൾ ഒത്തിരി സന്തോഷിച്ചുപോയി.
വൈകുന്നേരം കൂട്ടുകാരോത്തുകൂടിയപ്പോഴേ മനസ്സിടിഞ്ഞു. ഒടുവിൽ ആഘോഷത്തിന്റെ അവസാനം എറിഞ്ഞുടച്ച പൊങ്കാലകലവും അരിയും!
