“രക്ഷപ്പെടാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആകാതെ ഞാനിങ്ങനെ വഴിമുട്ടി നിൽക്കുകയാണ്”.
അയാൾ യാചനാരൂപത്തിൽഎൻറെ മുന്നിൽ നിന്നു.
തെല്ലിട ആലോചിച്ചു ഞാൻ ഒരു പോംവഴി കണ്ടെത്തി.
” നീ ഒരു എഴുത്തുകാരൻ ആണല്ലോ നിൻറെ പുസ്തകങ്ങൾ കൊണ്ടുവാ എന്തെങ്കിലും ഒരു വഴിയുണ്ടോ എന്ന് ഞാൻ നോക്കട്ടെ “.
ആകെ രണ്ടു പുസ്തകങ്ങൾ മാത്രം രചിച്ചിട്ടുള്ള അയാളെ എഴുത്തുകാരൻ എന്ന് നാട്ടുകാർ പോലും തിരിച്ചറിഞ്ഞിട്ടില്ല .
ഏറെ വൈകാതെ അയാൾ കൊണ്ടുവന്ന പുസ്തകം മാഷിയിട്ടുപരതി.
“വഴിയുണ്ട് ” അയാളെ ആശ്വസിപ്പിച്ചു .
“ഇതിൽ ഒരു വിവാദത്തിന് സാധ്യത കാണുന്നുണ്ട്. അന്യമതസ്ഥനായ നീ ഞങ്ങളുടെ മതത്തിലെ ദൈവത്തെ പരാമർശിച്ചിട്ടുണ്ട് ,അത് മതി.
ഇത് ഞാൻ വിവാദമാക്കാം”
“അതിന് ഞാൻ കുറ്റമൊന്നും എഴുതിട്ടില്ലല്ലോ!”
അയാൾ പരിഭ്രമിച്ചു
“കുറ്റമൊന്നും വേണമെന്നില്ല. വിവാദമായി കിട്ടിയാൽ മതി. പുസ്തകം ചൂടപ്പം പോലെ വിറ്റുപോകും. നിനക്ക് പണവും കിട്ടും.”
ഞാൻ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് എഴുതി .തെളിവിനായി ഫോട്ടോയും നൽകി.
അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രണ്ടു വഴിക്കായി.
വാക്കായി വഴക്കായി ചാനൽ ചർച്ചകളായി .
സാംസ്കാരിക നായകന്മാർ പോലും പല വഴിക്കായി .
ആദ്യമാദ്യം അഗ്നിക്കിരയാക്കാൻ വേണ്ടിയെങ്കിലും ആളുകൾ പുസ്തകം വാങ്ങി തുടങ്ങി.
കാര്യം എന്തെന്ന് അറിയാൻ കോപ്പികൾ വിറ്റുപോയി .പതിപ്പുകൾ എണ്ണം കൂടി കൂടി വന്നു.
ഇപ്പോൾ അയാൾ വഴിയിൽ കണ്ടാൽ പോലും എന്നോട് മിണ്ടാതായി.
✍️ സുഗന്ധി കളത്തേര
