‘രാത്രിയുടെ ആദ്യ യാമങ്ങളിലൊരു നാൾ…
നീണ്ട പകലിൻ്റെ പീഡനമേന്തി തെരുവീഥിയും ‘വിശ്രമിക്കാനൊരുങ്ങുന്ന വേള…
റോഡ് മര്യാദകൾ പാലിക്കാതെയുള്ള പാർക്കിങ്ങും.
ഡിം ചെയ്യാത്ത ഹെഡ് ലൈറ്റുകളുടെ കണ്ണിനെ ഇരുട്ടിൽ തപ്പിക്കുന്ന ചാട്ടുളികളും.
അങ്ങിനെയൊരു രാത്രി യാത്ര…
മഴപ്പെയ്ത്തുകൾ ഗർത്തങ്ങൾ സൃഷ്ടിച്ച നാട്ടുവഴിയിലൂടെ പിറുപിറുത്തു കൊണ്ട് കുറ്റിച്ചെടികൾക്ക് ഓരം ചാരി എതിരേ വന്നവർക്ക് വഴി കൊടുത്തു വണ്ടി മുന്നോട്ട് നീങ്ങുകയാണ്.
വീട്ടിലേക്കുള്ള നടപ്പാതയുടെ ഇരുവശത്തും തലയുയർത്തി നിൽക്കുന്ന തെങ്ങോലകളിൽ ‘ഊയലാടി വൃശ്ചികക്കാറ്റ് താഴെ താമരക്കുളത്തിൻ്റെ കുളിർമ്മ പറ്റി വളരുന്ന പുൽനാമ്പുകളെ തഴുകിയുറക്കാനൊരുങ്ങുന്നു.
ഇടതുവശത്തേക്ക് തിരിഞ്ഞു കയറിയ വണ്ടിയുടെ ഹെഡ് ലൈറ്റിൻ്റെ ഒളിമിന്നലിൽ ഉദിച്ചുയർന്ന് തലപൊക്കി നിൽക്കുന്നു ഒരാൾ…
ഒരു രാജകീയൻ!
ഫണമുയർത്തി അങ്ങിനെ നിൽക്കുന്നു!
അനങ്ങാതെ…
ഒരു വേള!
കണ്ണുകൾ ആശ്ചര്യചൂഡാമണിയണിഞ്ഞു..
നിർത്തിയിട്ട വണ്ടിയുടെ ലൈറ്റിനു മുൻപിൽ തലതാഴ്ത്തി പതിയിരിക്കാനൊരുങ്ങുകയാണ് കക്ഷി…
നാലുപാടും കണ്ണോടിച്ചു.
ആരെങ്കിലും വരുന്നുണ്ടോ?
ഇല്ല!
ചുറ്റിനും ഇരുട്ടിൻ്റെ കനത്ത നിശ്ശബ്ദത മാത്രം!!
“അടുത്ത നീക്കം എങ്ങിനെ?”
കാത്തിരിക്കുക തന്നെ.
വെറുതെയൊന്ന് ഹോൺ അടിച്ചു നോക്കി.
ഏറ്റില്ല..
ഭയത്തിൻ്റെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ
പിന്നെ
വേണോവേണ്ടയോ എന്ന മട്ടിൽ തല താഴ്ത്തി പതുക്കെ പുൽക്കൂട്ടത്തിലേക്ക് തിരിഞ്ഞു.
ചാരത്തുകൂടി പതുക്കെ മുന്നോട്ടു നീങ്ങവേ പുൽക്കൂട്ടങ്ങൾ ഞെരിഞ്ഞമരുന്നത് റിയർ വ്യൂ ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു…
താമരക്കുളവും തണുപ്പും തവളയും…
കുശാലായ അന്തരീക്ഷം🥰
രാജകീയ വാഴ്ചയിൽ പ്രജകളുടെ ക്ഷേമാന്വോഷണത്തിനിറങ്ങിയതാവാം😍😍
അസാധാരണമായ ഒരു വിസ്മയക്കാഴ്ചയിൽ മനം വലിഞ്ഞു മുറുകി കുടഞ്ഞെറിഞ്ഞ പ്രതീതിയിൽ ഒരു രാത്രി. 🥰
✍️ ഡോ. ഹേമലത. സി. കെ


1 Comment
❤️🌹