പടിഞ്ഞാറ് സൂര്യൻ താഴ്ന്നു തുടങ്ങി. പ്രകാശം ഇരുട്ടിന് വഴിമാറുന്ന സമയം. വേദനകൾ ഇരട്ടിക്കുന്നത് ആ സമയത്താണ്..
ഇവിടെ വേദന എന്ന് പറയാമോ? അല്ല.. ഒരു നീറ്റൽ. വേനലാവധി കാലമാണ്. അച്ഛൻവീട്ടിലേക്ക് അവധി ആഘോഷിക്കാൻ വരുമ്പോൾ ആദ്യ ദിവസം തന്നെ ഉത്സാഹം മങ്ങി തുടങ്ങും. ചെറിയച്ഛന്റെയും അമ്മായിയുടെയും ഒക്കെ മക്കളുമായി കളിച്ചു നടക്കാൻ വലിയ ആഗ്രഹം ആയിരിക്കും. പക്ഷെ..
നാട്ടുപുറത്തുകാരിയുടെ നാട്ടുവർത്തമാനങ്ങൾ, സർക്കാർ സ്കൂളിലെ വിശേഷങ്ങൾ.. ഇതൊക്കെ കേൾക്കുമ്പോൾ കോൺവെൻറ് സ്കൂൾ വിദ്യാർത്ഥികളായ അവർക്കൊക്കെ നേരിയ പുച്ഛം മാത്രം അല്ലെ എന്ന തോന്നൽ അതിശക്തമായി കടന്നുവരുമ്പോൾ ശ്രോതാവായി മാത്രം മാറാറാണ് പതിവ്..
ഹിന്ദി പാട്ടുകളും ഇംഗ്ലീഷ് പാട്ടുകളും ഇൻസ്റ്റ റീൽസ് മൊക്കെ നിറയുന്ന സംഭാഷണ ശകലങ്ങളിൽ ഒരു ബോയ്ഫ്രണ്ട് പോലുമില്ലാതെ പരിഹസിയ്ക്കപ്പെടുമ്പോൾ ഒരാശ്വാസം തേടി എത്തുന്നത് സ്റ്റോർ മുറിയിലാണ്. അവിടെ കാത്തിരിക്കുന്നത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന പുസ്‌തക കൂമ്പാരങ്ങളാണ്..
ആ പുസ്‌തകങ്ങളിലൂടെ പുതിയ ലോകങ്ങളിലേക്കെത്തി..
പുതിയ പുതിയ സംസ്കാരങ്ങൾ അറിഞ്ഞു. കാണാത്ത ജീവിതങ്ങൾ അറിഞ്ഞു.
മനസ്സിലെവിടെയോ അടിഞ്ഞു കൂടികിടന്ന അപകർഷത ബോധം പുറത്തേക്ക് ഒഴുകിപ്പോയി.
തലയുയർത്തി പിടിച്ചു നടക്കാനൊരു ആത്മവിശ്വാസം എംടിയും മുകുന്ദനും ഓ. വി വിജയനും സി. രാധാകൃഷ്ണനും തന്നു.
പിന്നീട് വായന മാർകേസും മരിയോ വർഗസ് ലോസയും നെരുദയും ഒക്കെ ആയി.
വർത്തമാനങ്ങളിൽ കഥകളും ഉപകഥകളും നിറഞ്ഞപ്പോൾ ശ്രോതാക്കളും കൂടി. അക്ഷരങ്ങൾ എന്ന വലിയ ശക്തിയുടെ പ്രഭ..
